Skip to main content

പശ്ചാത്താപത്തിന്റെ പൊരുള്‍

പൈശാചിക പ്രേരണകള്‍ക്ക് വശംവദനായി തിന്മകളിലഭിരമിച്ച് ജീവിച്ച മനുഷ്യന്‍ ദൈവനിന്ദയില്‍ നിന്നും അനുസരണത്തിന്റെയും സമര്‍പ്പണത്തിന്റെയും തെളിമയാര്‍ന്ന ജീവിതത്തിലേക്കുള്ള തിരിച്ചുപോക്കാണ് പശ്ചാത്താപം അഥവാ തൗബ. മടങ്ങുക, തിരിച്ചുപോകുക എന്നൊക്കെ ഭാഷാര്‍ഥമുള്ള 'തൗബ' എന്ന ക്രിയാപദത്തില്‍ നിന്നാണ് തൗബയുടെ നിഷ്പത്തി. ദുഷ്‌പ്രേരണക്ക് വഴിപ്പെട്ട് പിശാചിനോട് ചങ്ങാത്തം കൂടിയ പാപിയായ മനുഷ്യന്‍ പശ്ചാത്താപത്തിലൂടെ അല്ലാഹുവിലേക്ക് അടുക്കുന്നു. കൂട്ടം തെറ്റിയ ആട്ടിന്‍കുട്ടി തിരിച്ചെത്തുമ്പോള്‍ ഇടയന്‍ സ്വീകരിക്കുന്നതിലേറെ സംതൃപ്തിയോടെ അല്ലാഹു തന്റെ ദാസനെ സ്വീകരിക്കുന്നു. ചെയ്തുപോയ പാപങ്ങളില്‍ ഖേദം പ്രകടിപ്പിച്ച്, അതില്‍ നിന്ന്  പിന്തിരിയുകയും അതാവര്‍ത്തിക്കുകയില്ലെന്ന ദൃഢനിശ്ചയത്തോടെ സത്കര്‍മങ്ങളില്‍ നിരതനായും ദൈവപ്രീതിക്ക് തിരിച്ചെത്തുന്നവരെ കുറിച്ച് അല്ലാഹു പറയുന്നു. ''പാപത്തിലകപ്പെട്ടവന്‍ അവയില്‍ നിന്ന് പശ്ചാത്തപിക്കുകയും പിന്നെ സത്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അവന്‍ അല്ലാഹുവിങ്കലേക്ക് മഹത്തായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു''.

മനുഷ്യന്‍ മലക്കുകളെപ്പോലെ പാപത്തിനതീതരായ സൃഷ്ടികളോ പ്രവാചകന്മാരെപ്പോലെ പാപസുരക്ഷിതരോ അല്ലാത്തതിനാല്‍ പാപകൃത്യങ്ങളില്‍നിന്ന് മോചനം തേടി പശ്ചാത്തപിച്ച് മടങ്ങാനുള്ള കല്പനകളാണ് വിശുദ്ധഖുര്‍ആനിലുള്ളത്. പാപം ചെയ്യരുത് എന്ന് കല്പിച്ചതിനേക്കാള്‍ പശ്ചാത്തപത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച് സത്കര്‍മങ്ങളില്‍ മുന്നേറി സ്വര്‍ഗപ്രവേശം നേടിയെടുക്കാനാണ് അല്ലാഹു ഉണര്‍ത്തുന്നത്. മനസ്സാക്ഷിയുടെ കോടതിയില്‍ വിചാരണ നേരിടുന്ന പാപിയായ മനുഷ്യന്‍, ഏറെ പൊറുക്കുന്നവനും കരുണാവാരിധിയുമായ അല്ലാഹുവോട് ആത്മാര്‍ഥമായി പാപമോചനത്തിനായി കേഴുന്നു. മഹാദേവാലയങ്ങളോ പുണ്യതീര്‍ഥങ്ങളോ, കുമ്പസാരക്കൂടുകളോ പുരോഹിതന്മാരുടെ മധ്യസ്ഥതയോ അതിന് വേണ്ടതില്ല. നേര്‍ക്കുനേരെ അല്ലാഹുവിന്റെ മുന്നില്‍ എല്ലാം സമര്‍പ്പിക്കുക. ഇതാണ് ഇസ്‌ലാം പഠിപ്പിക്കുന്ന പശ്ചാത്താപം.

Feedback