Skip to main content

പ്രാര്‍ഥനയുടെ മഹത്വം

വിശ്വാസിയുടെ ജീവിതത്തില്‍ സദാ ഉണ്ടാവേണ്ട വിനയത്തിന്റെയും ആരാധനയുടെയും ഭാവമാണ് പ്രാര്‍ഥന. ദുര്‍ബലനായി സൃഷ്ടിക്കപ്പെട്ട മനുഷ്യന് സ്രഷ്ടാവിന്റെ കാരുണ്യവും സഹായവും ലഭിച്ചുകൊണ്ടേയിരിക്കണം. പ്രാര്‍ഥനയാകുന്ന ഈ സഹായാര്‍ഥനയാണ് പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിന്റെ പരിഗണനക്കും സ്‌നേഹത്തിനും അവനെ അര്‍ഹനാക്കുന്നത്. അല്ലാഹു പരിഗണക്കണമെങ്കില്‍ പ്രാര്‍ഥന കൂടിയേ തീരൂ എന്ന് ഓര്‍മിപ്പിക്കുന്നു. 'നബിയേ പറയുക,. നിങ്ങളുടെ പ്രാര്‍ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്തു പരിഗണന നല്‍കാനാണ്. എന്നാല്‍ നിങ്ങള്‍ നിഷേധിച്ചു തള്ളിയിരിക്കുകയാണ്. അതിനാല്‍ അതിനുള്ള ശിക്ഷ അനിവാര്യമത്രെ'' (25:77).

പ്രപഞ്ചത്തിലുള്ള സകലതും സ്രഷ്ടാവിനെ സദാ പ്രണമിച്ചുകൊണ്ടിരിക്കുന്നു എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. സ്രഷ്ടാവായ അല്ലാഹുവിനെ അവ പ്രകീര്‍ത്തിക്കുന്ന രീതി എവ്വിധമെന്ന് അല്ലാഹുവിന് മാത്രമേ നിശ്ചയമുള്ളൂ. പ്രകൃതി സഹജമായ ഭാഷയില്‍ എല്ലാ ജീവജാലങ്ങളും സ്രഷ്ടാവിനെ പ്രകീര്‍ത്തിക്കുന്നുണ്ട്. 

ദുര്‍ബലനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യന്‍ അദൃശ്യനും കരുണാമയനുമായ സ്രഷ്ടാവിനോട് പ്രാര്‍ഥനയിലൂടെ വിനയവും താഴ്മയും പ്രകടിപ്പിക്കുന്നു. തന്റെ രക്ഷിതാവിന്റെ മുമ്പില്‍ മനുഷ്യന്‍ വിനീതവിധേയനാവുന്ന പ്രാര്‍ഥനയിലൂടെ മനസ്സിന് ശാന്തിയും സുദൃഢതയും ലഭിക്കുന്നു. അഹന്തയുടെയും കാപട്യത്തിന്റെയും പൊയ്മുഖങ്ങളെല്ലാം മാറ്റിവെച്ച് നിര്‍മലമായ മനസ്സോട് കൂടി കൊച്ചുകുട്ടിയെപോലെ കണ്ണീര്‍ വാര്‍ത്ത് അല്ലാഹുവിന്റെ മുമ്പില്‍ കേഴുന്ന വിശ്വാസിയുടെ ജീവിതത്തില്‍ രക്ഷയുടെ തുരുത്ത് പ്രാര്‍ഥനയിലൂടെ ലഭിക്കുന്നു. ഗുഹാവാസികളുടെ സംഭവം വിവരിക്കവേ അല്ലാഹു പറഞ്ഞു. ''ഞങ്ങളുടെ രക്ഷിതാവ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവാകുന്നു. അവന്ന് പുറമെ യാതൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ഥിക്കുകയില്ല. അങ്ങനെ ഞങ്ങള്‍ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ അന്യായമായ വാക്കു പറഞ്ഞവരായിപ്പോകും എന്ന് ഗുഹാവാസികള്‍ എഴുന്നേറ്റു പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ അവരുടെ ഹൃദയങ്ങള്‍ക്ക് നാം കെട്ടുറപ്പു നല്‍കുകയും ചെയ്തു (18:14).

പ്രാര്‍ഥന മനുഷ്യജീവിതത്തില്‍ പ്രതീക്ഷ പകര്‍ന്നു തന്നിരുന്നുവെന്നതിന് പൂര്‍വ പ്രവാചകന്മാരുടെയും സജ്ജനങ്ങളുടെയും ജീവിതരേഖകള്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ നമ്മുടെ മുന്നില്‍ വെക്കുന്നു. അല്ലാഹുവിലുള്ള ആത്മാര്‍ഥമായ അര്‍പ്പണമാണ് പ്രാര്‍ഥനയെന്ന് പ്രവാചകന്മാരുടെ ജീവിതം പഠിപ്പിച്ചു തരുന്നു. ഒരു ഉദാഹരണം: പ്രായാധിക്യത്താല്‍ സന്താനലബ്ധി സാധ്യമല്ലാത്ത സാഹചര്യമായിട്ടും സകരിയ്യാനബി(അ)ക്ക് യഹ്‌യാ എന്ന പുത്രനെ അല്ലാഹു പ്രദാനം ചെയ്തത് പരമകാരുണികനില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ഥനയുടെ ഫലമായിട്ടായിരുന്നു (21:90).

പ്രാര്‍ഥന മനുഷ്യമനസ്സിനെ സംസ്‌കരണ പ്രക്രിയക്ക് വിധേയമാക്കുന്നു. വിനീത വിധേയനായി സ്രഷ്ടാവിന്റെ മുമ്പില്‍ ആവശ്യങ്ങളും ആവലാതികളും അവതരിപ്പിക്കുന്ന വിശ്വാസി സ്വയം ആ ശക്തിയെ അംഗീകരിക്കുന്നു. തന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെട്ട് രക്ഷാമാര്‍ഗത്തിനായി കേഴുമ്പോള്‍ പ്രാര്‍ഥനയിലൂടെ കൃതജ്ഞതാബോധം മനസ്സിലുണ്ടാകുന്നു. ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ച് വീണ്ടുവിചാരമുടലെടുക്കുകയും നന്മയുടെ നിര്‍വാഹകരാവാനുള്ള പ്രചോദനമുണ്ടായിത്തീരുകയും ചെയ്യുന്നു. പ്രാര്‍ഥന പതിവാക്കുന്നവരെ അവഗണിക്കരുതെന്ന് അല്ലാഹു നബി(സ്വ)ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് (6:52). പാപങ്ങള്‍ സ്വയം ഏറ്റുപറഞ്ഞ് സ്രഷ്ടാവിന്റെ കാരുണ്യത്തിന്റെ തണലില്‍ ജീവിക്കാനായുള്ള മനസ്സിന്റെ പാകപ്പെടല്‍ പ്രാര്‍ഥനയിലൂടെ വിശ്വാസിക്ക് കൈവരിക്കാനാവുന്നു.

Feedback