ഇണകളായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള സ്ത്രീയും പുരുഷനും വിവാഹമെന്ന ഉറച്ച കരാറിലൂടെ ഒന്നായിത്തീരുകയും പരസ്പര സ്‌നേഹത്തിലും കാരുണ്യത്തിലും അധിഷ്ഠിതമായ ദാമ്പത്യബന്ധം നിലനിര്‍ത്തുകയും വേണമെന്നാണ് ഇസ്‌ലാം താത്പര്യപ്പെടുന്നത്. ദാമ്പത്യബന്ധത്തിലൂടെ മാത്രമേ ലൈംഗിക സംതൃപ്തി നേടാന്‍ ഇസ്ലാം അനുവാദം നല്‍കുന്നുള്ളൂ. ലൈംഗിക സംതൃപ്തിക്ക് വേണ്ടിയുള്ള ദാമ്പത്യ ബാഹ്യമായ എല്ലാ മാര്‍ഗങ്ങളും അവിഹിതമാണ്. അവയെല്ലാം കര്‍ശനമായി ഇസ്‌ലാംനിരോധിക്കുന്നു. വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും മനുഷ്യരാശിക്ക് മുഴുവനായും ഗുരുതരമായ വിപത്തുകള്‍ വരുത്തിവെയ്ക്കുന്ന വളരെയേറെ മ്ലേച്ഛമായ ഒരു പാപമായിട്ടാണ് വ്യഭിചാരത്തെ ഇസ്‌ലാം കാണുന്നത്. ബഹുദൈവാരാധന (ശിര്‍ക്ക്), കൊലപാതകം എന്നിവ കഴിഞ്ഞാല്‍ ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ കൊടിയപാപം വ്യഭിചാരമാകുന്നു. കുടുംബശൈഥില്യം, ലൈംഗിക രോഗങ്ങള്‍, ദാരിദ്ര്യം, മാനസിക വൈകാരിക അസ്വസ്ഥതകള്‍ തുടങ്ങി ദൂരവ്യാപകമായ ദുരന്തഫലങ്ങളുളവാക്കുന്ന മ്ലേച്ഛ കൃത്യമായിട്ടാണ് നബി(സ്വ) അക്കാര്യം വിശദീകരിച്ചുതന്നത്.
'മനുഷ്യസമൂഹമേ, നിങ്ങള്‍ വ്യഭിചാരത്തെ സൂക്ഷിക്കു. കാരണം, അതില്‍ ആറ്(ചീത്ത) കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു. മൂന്നെണ്ണം ഇഹലോകത്തിലും മൂന്നെണ്ണം പരലോകത്തിലും ഉളളതാകുന്നു. ഇഹത്തില്‍ വെച്ചുള്ളവ; വ്യഭിചാരം മനുഷ്യന്റെ സൗന്ദര്യം നശിപ്പിക്കുകയും ദാരിദ്ര്യത്തിന് കാരണമാവുകയും ആയുസ്സ് ചുരുക്കിക്കളയുകയും ചെയ്യുന്നു. പരലോകത്തുവെച്ച് വെച്ചുണ്ടാകുന്നതാകട്ടെ, അത് അല്ലാഹുവിന്റെയും സൃഷ്ടികളുടെയും ക്രോധത്തെയും കഠിന വിചാരണയെയും നരകത്തിന്റെ ശാശ്വത വാസത്തെയും ഉണ്ടാക്കിത്തീര്‍ക്കുന്നു' (ബയ്ഹഖി).
വിശുദ്ധ ഖുര്‍ആന്‍ വ്യഭിചാരത്തെ നിരോധിക്കുന്ന രീതിയും അതിലടങ്ങിയ ഗൗരവവും പ്രത്യേകം ശ്രദ്ധേയമാണ്. അല്ലാഹു പറയുന്നു: 'നിങ്ങള്‍ വ്യഭിചാരത്തെ സമീപിക്കരുത്, നിശ്ചയം അത് ഒരു നീചകൃത്യമാണ്. ദുഷിച്ച മാര്‍ഗവുമാണ്' (17:32). സ്വയം തന്നെ അധാര്‍മികവും നികൃഷ്ടവുമായ ഒരുദുര്‍വൃത്തിയാണ് വ്യഭിചാരമെന്നിരിക്കെ, മറ്റനേകം അധാര്‍മികതകളിലേക്കും തിന്മകളിലേക്കും ഉള്ള വാതില്‍ അത് തുറന്നുവെക്കുന്നു. അതിനാല്‍ വ്യഭിചാരത്തിലേര്‍പ്പെടുന്നത് മാത്രമല്ല, അതിലേക്ക് നയിക്കാനിടയുള്ള എല്ലാചിന്തകളെയും ആഗ്രഹങ്ങളെയും പ്രലോഭനങ്ങളെയും സാഹചര്യങ്ങളെയുമെല്ലാം വര്‍ജിക്കണമെന്നാണ് അല്ലാഹു കല്പിക്കുന്നത് (17:32). കാമാര്‍ത്തിപൂണ്ട് ലൈംഗിക സംതൃപ്തി ആഗ്രഹിച്ച് വ്യഭിചാരത്തിലേര്‍പ്പെടുമ്പോള്‍ യഥാര്‍ഥത്തില്‍ അവന് ലൈംഗിക സംതൃപ്തി എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ കഴിയില്ല. കാരണം, അത് പ്രസ്തുത ലക്ഷ്യത്തിലേക്കുള്ള ദുഷിച്ച മാര്‍ഗമാണ്. ലൈംഗിക സദാചാരം കാത്തുസൂക്ഷിച്ചുകൊണ്ടുള്ള ജീവിതമാണ് യഥാര്‍ഥത്തില്‍ മനസ്സംതൃപ്തിയുള്ള ലൈംഗിക ജീവിതം പ്രദാനം ചെയ്യുന്നത്. പ്രസിദ്ധ ലൈംഗിക മനഃശാസ്ത്രജ്ഞനായ ഹാവ്‌ലോക്ക് എല്ലിസ് രേഖപ്പെടുത്തുന്നു. ചാരിത്ര്യ വിശുദ്ധി കൂടാതെ ലൈംഗിക പ്രേമത്തിന്റെ അന്തസ്സ് സംരക്ഷിക്കാന്‍ സാധ്യമല്ല. അതിനോടുള്ള ആദരവ്, ഏതൊരു സമൂഹത്തില്‍ ഏറ്റവും താഴ്ന്ന വിതാനത്തിലേക്ക് ചുരുങ്ങിപ്പോകുന്നുവോ, ആ സമൂഹം ജീര്‍ണതയുടെ അന്ത്യഘട്ടത്തിലെത്തുന്നു (ലൈംഗിക മനഃശാസ്ത്ര പഠനങ്ങള്‍ വാള്യം 2, പേജ് 143).
വ്യഭിചാരത്തെ നിഷിദ്ധമായ മ്ലേച്ഛ കാര്യമായി കണ്ട് വിലക്കിയ ഇസ്ലാം അതിലേക്ക് നയിക്കാനിടയുള്ള കാരണങ്ങളെ ഇല്ലാതാക്കുകയും മാര്‍ഗങ്ങളെ കൊട്ടിയടക്കുക കൂടി ചെയ്യുന്നുണ്ട്. അവിഹിത ലൈംഗിക ബന്ധങ്ങള്‍ക്ക് വഴിതെളിയിക്കുന്ന അനിയന്ത്രിതമായ സ്ത്രീപുരുഷ സങ്കലനം, കാമോദ്ദീപകമായ അംഗവിക്ഷേപങ്ങള്‍, നോട്ടം, സ്പര്‍ശം, സൗന്ദര്യപ്രകടനം, നഗ്നതാ പ്രദര്‍ശനം, വികാരോത്തേജകമായ വസ്ത്രധാരണം തുടങ്ങിയവയെല്ലാം ഇസ്‌ലാം നിരോധിക്കുന്നു. അല്ലാഹു പറയുന്നു: 'സത്യവിശ്വാസികളോട് പറയുക. അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്തുകയും തങ്ങളുടെ ഗുഹ്യസ്ഥാനങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അത് അവര്‍ക്ക് ഏറ്റവും വിശുദ്ധമായിട്ടുള്ളതാകുന്നു. നിശ്ചയം അല്ലാഹു പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്. സത്യവിശ്വാസിനികളോട് പറയുക. അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്തുകയും തങ്ങളുടെ ഗുഹ്യസ്ഥാനങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അവരുടെ സൗന്ദര്യം അതില്‍നിന്ന് പ്രത്യക്ഷമായതല്ലാതെ വെളിപ്പെടുത്താതിരിക്കുകയും ചെയ്യട്ടെ. അവര്‍ തങ്ങളുടെ മക്കനകള്‍ മാറിടങ്ങളിലേക്ക് താഴ്ത്തിയിടട്ടെ. സ്വന്തം ഭര്‍ത്താക്കള്‍, പിതാക്കള്‍, ഭര്‍തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്താക്കന്മാരുടെ പുത്രന്മാര്‍, സ്വസഹോദരന്മാര്‍, സഹോദരപുത്രന്മാര്‍, സഹോദരീ പുത്രന്മാര്‍, തങ്ങളുമായി ബന്ധപ്പെട്ട സ്ത്രീകള്‍, തങ്ങളുടെ വലംകൈകള്‍ ഉടമപ്പെടുത്തിയര്‍(അടിമകള്‍), കാമാസക്തിയില്ലാത്ത പുരുഷ പരിചാരകര്‍, സ്ത്രീരഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുമ്പിലല്ലാതെ അവര്‍ തങ്ങളുടെ സൗന്ദര്യം വെളിപ്പെടുത്താതിരിക്കട്ടെ. തങ്ങളുടെ സൗന്ദര്യാലങ്കാരങ്ങളില്‍ നിന്ന് മറച്ചു വെക്കുന്നത് അറിയപ്പെടാന്‍വേണ്ടി അവര്‍ തങ്ങളുടെ കാലുകള്‍ നിലത്തിട്ടടിക്കുകയും ചെയ്യാതിരിക്കട്ടെ. ഹേ സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ച് മടങ്ങുവിന്‍. നിങ്ങള്‍ക്ക് വിജയം ലഭിച്ചേക്കാം' (24:30,31).
സ്ത്രീകള്‍ സംസാരിക്കുമ്പോള്‍ ശബ്ദംപോലും നിയന്ത്രിക്കണമെന്ന് ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നു (24:32). അത് കാമാസക്തരായ പുരുഷന്മാരെ പ്രലോഭിപ്പിക്കുകയും അവരില്‍ അനാശാസ്യാഭിലാഷങ്ങള്‍ ഉണരാന്‍ കാരണമാവുകയുംചെയ്യും. സ്ത്രീ ശബ്ദം പുരുഷനില്‍ ലൈംഗിക വികാരം ഉണര്‍ത്താന്‍ പര്യാപ്തമായതാണെന്ന വസ്തുത ഹാവ് ലോക്ക് എല്ലീസ് രേഖപ്പെടുത്തുന്നു. ശബ്ദവും സംഗീതവും ലൈംഗികാകര്‍ഷണത്തിനുള്ള ഒരുമാര്‍ഗമാണ്. കാതുകളിലൂടെ സാധാരണ വിശ്വസിക്കപ്പെടുന്നതിലേറെ ഇത് ലൈംഗികോത്തേജനമുണ്ടാക്കുന്നു (ലൈംഗിക മനശ്ശാസ്ത്രം പേജ് 61).
ലൈംഗിക സദാചാരം കാത്തുസൂക്ഷിച്ചുകൊണ്ടുള്ള ജീവിതത്തിന് അനുപേക്ഷണീയമായ മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുന്നൂറിലൂടെ വിശദീകരിച്ചു തരുന്നുണ്ട്. വ്യഭിചാരം, വ്യഭിചാരാരോപണം, സ്ത്രീപുരുഷ സംസര്‍ഗം തുടങ്ങിയ തിന്മകളുടെ ഗൗരവം വ്യക്തമാക്കിത്തരുന്നു. ഇവയെല്ലാം കൃത്യമായി ബോധവത്കരിച്ച ശേഷം ഇനിയും വ്യഭിചാരമെന്ന സാമൂഹ്യതിന്‍മയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കഠിനമായ ഭൗതിക ശിക്ഷ ഇസ്‌ലാമിക ഭരണകൂടം നല്കണമെന്നും അല്ലാഹു പഠിപ്പിക്കുന്നു (24: 2).