ആദ്യമനുഷ്യരായ ആദം നബിയും ഇണയും സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് ഇറങ്ങിവരുന്ന സാഹചര്യമുണ്ടാകുന്നതുതന്നെ ലൈംഗികവികാരമെന്ന ജന്മവാസനയെക്കുറിച്ച് സ്വയം ബോധമുണ്ടാകുന്നതോടെയാണെന്ന് ഖുര്‍ആനില്‍ വ്യക്തമാക്കപ്പെടുന്നു. പിശാചിന്റെ ദുഷ്‌പ്രേരണയാല്‍, വിലക്കപ്പെട്ട വൃക്ഷത്തിന്റെ പഴം തിന്ന ഉടനെ അവര്‍ക്കുണ്ടായ അനുഭവം ഇങ്ങനെ വിവരിക്കുന്നു: ''അങ്ങനെ അവര്‍ ഇരുവരെയും വഞ്ചനയിലൂടെ പിശാച് തരം താഴ്ത്തിക്കളഞ്ഞു: അവര്‍ ഇരുവരും ആ വൃക്ഷത്തില്‍ നിന്ന് രുചി നോക്കിയതോടെ അവര്‍ക്ക് അവരുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിച്ചേര്‍ത്ത് അവര്‍ ഇരുവരും തങ്ങളുടെ ശരീരം പൊതിയാന്‍ തുടങ്ങി (7:22). ആദി മനുഷ്യരായ ആദമും ഹവ്വാഉം ഭൂവാസം തുടങ്ങുന്നത് ഇതിനുശേഷമാണ്. ഭൂമിയിലെ ഉത്കൃഷ്ട സൃഷ്ടിയായ മനുഷ്യന് വിജയകരമായി ജീവിതം മുന്നോട്ടു നയിക്കാനും ലൈംഗികചോദനയെക്കുറിച്ചുള്ള ബോധം അനുപേക്ഷണീയമാണെന്നാണ് ഖുര്‍ആന്‍ ഇവിടെ സൂചന നല്കുന്നത്. ഭൂമിയിലെ മനുഷ്യജീവിതത്തെ മനോഹരവും സമ്പന്നവുമാക്കുന്ന ബുദ്ധിപരവും വൈകാരികവും ഇച്ഛാപരവുമായ ഇന്ദ്രിയസുഖങ്ങളെ വിമലീകരണം നടത്തി വിജയം വരിച്ചാല്‍ സ്വര്‍ഗപ്രവേശം തീര്‍ച്ച.
മനുഷ്യന്റെ ലൈംഗികത എന്ന നൈസര്‍ഗിക തൃഷ്ണയുടെ അടിസ്ഥാനപരമായ അഗീകാരവും സത്യവിശ്വാസികള്‍ പാലിക്കേണ്ട ലൈംഗിക വിശുദ്ധിയും അതിന്റെ ഇഹപര നേട്ടവും വിശുദ്ധ ഖുര്‍ആന്‍ സംക്ഷേപിക്കുന്നതിങ്ങനെയാണ്: ''വിശ്വാസികള്‍ വിജയം വരിച്ചിരിക്കുന്നു, തങ്ങളുടെ ലൈംഗികാവയവങ്ങളെ കാത്തു സൂക്ഷിക്കുന്നവരത്രെ അവര്‍. തങ്ങളുടെ ഭാര്യമാരുമായോ തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല. എന്നാല്‍ അതിനപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അതിക്രമകാരികള്‍'' (23:5-7).