സമാധാനപൂര്‍ണവും സന്തോഷദായകവുമായ കുടുംബാന്തരീക്ഷമാണ് വൈവാഹിക ജീവിതത്തിലൂടെ സാധ്യമാകേണ്ടത്. രണ്ട് വ്യത്യസ്ത കുടുംബസാഹചര്യത്തില്‍ ജീവിച്ചവര്‍ വിവാഹത്തിലൂടെ ഒന്നാകുന്നു. പുരുഷന്റെ കുടുംബ സാഹചര്യത്തിലേക്ക് സ്ത്രീ പറിച്ചു നടപ്പെടുന്നു. മോഹങ്ങളും സ്വപ്നങ്ങളുമായി ഇരുവരും കഴിച്ചുകൂട്ടിയ നാളുകള്‍ക്ക് വിവാഹത്തോടെ വിരാമം കുറിക്കുന്നു. ജീവിതയാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടേണ്ട സാഹചര്യങ്ങള്‍ ഇരുവര്‍ക്കും സംജാതമാവുന്നു. പരസ്പരം ഇണയും തുണയുമായി ജീവിച്ച് കുടുംബനൗക ആടിയുലയാതെ ലക്ഷ്യത്തിലെത്താന്‍ കടമകളെക്കുറിച്ച് കൃത്യമായ ബോധം അനിവാര്യമാണ്. അത് നിര്‍വഹിക്കുന്നതിലുള്ള സന്നദ്ധത ദാമ്പത്യത്തിന്റെ വിജയത്തിന് നിദാനമായിത്തീരും. പുരുഷനും സ്ത്രീക്കും ദാമ്പത്യജീവിതത്തിലുള്ള കടമകളെക്കുറിച്ച് അറിവുണ്ടായിരിക്കണം.
അനസ്(റ) പറയുന്നു: 'പ്രവാചകന്റെ അനുചരന്മാര്‍ ഒരു സ്ത്രീയെ ഭര്‍ത്താവിന്റെയടുക്കലേക്ക് അയക്കുമ്പോള്‍ ഭര്‍ത്താവിനെ സേവിക്കേണ്ടതെങ്ങനെയാണെന്നും ബാധ്യതകളെന്തെല്ലാമെന്നും ഉപദേശിക്കാറുണ്ടായിരുന്നു. അബ്ദുല്ലാഹിബ്‌നു ജഅ്ഫര്‍ മകള്‍ക്ക് നല്‍കിയ ഉപദേശത്തിന്റെ സംഗ്രഹം ഇപ്രകാരമാണ്. 'നീ രോഷം കൊള്ളുന്നത് സൂക്ഷിക്കുക. അത് ത്വലാഖിന്റെ താക്കോലാണ്. ആക്ഷേപം വര്‍ധിപ്പിക്കുന്നത് സൂക്ഷിക്കുക. അത് കോപത്തെ വരുത്തും. നീ സുറുമയിടുക. അത് ഏറ്റവും നല്ല കൗതുകമാണ്.
ഉത്തമസ്ത്രീകളുടെ സ്വഭാവഗുണമായിട്ട് ഖുര്‍ആന്‍ എടുത്തുപറയുന്നു. ''അതിനാല്‍ നല്ല സ്ത്രീകള്‍ അനുസരണയുള്ളവരും അല്ലാഹു സംരക്ഷിച്ചപ്രകാരം (പുരുഷന്മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്'' (4:34)
ഭര്‍ത്താവിന്റെ വീട്ടിലെ നായികയാണ് ഭാര്യ. ഭാര്യയുടെ സാന്നിധ്യവും സഹവാസവും ഭര്‍ത്താവിന് സന്തോഷം പകരണം. നബി(സ്വ) പറഞ്ഞു: ''നീ നോക്കിയാല്‍ നിന്നെ സന്തോഷിപ്പിക്കുകയും നീ കല്പിച്ചാല്‍ നിന്നെ അനുസരിക്കുകയും നിന്റെ അഭാവത്തില്‍ നിന്റെ ധനവും അവളുടെ ശരീരവും സംരക്ഷിക്കുകയും ചെയ്യുന്നവളാണ് ഉത്തമവനിത'' ( മുസ്‌നദ് ബസ്സാര്‍ പേജ് 175).
ഭര്‍ത്താവിനെ അനുസരിക്കുന്നതും അദ്ദേഹത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും കണ്ടറിഞ്ഞ് പരിഹരിച്ചുകൊടുക്കുന്നതും ദൈവമാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നതിന് തുല്യമായാണ് പരിഗണിക്കപ്പെടുന്നത്. ഏത് സന്ദര്‍ഭത്തിലും ഭര്‍ത്താവിന്റെ തൃപ്തി നിലനിര്‍ത്തി ജീവിക്കാന്‍ ഭാര്യ ശ്രദ്ധിക്കേണ്ടതാണ്. ഉമ്മുസലമ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: തന്റെ ഭര്‍ത്താവിന് സംതൃപ്തിയുള്ള നിലയില്‍ ഏതൊരു സ്ത്രീ മരണപ്പെടുന്നുവോ അവള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ് (സുനനു ഇബ്‌നുമാജ 1927)
ഭര്‍ത്താവിന്റെ ജീവിതവരുമാനം കണ്ടറിഞ്ഞ് തൃപ്തിയോടെ ജീവിക്കാന്‍ ഭാര്യയ്ക്ക് സാധിക്കണം. ഭര്‍ത്താവ് ചെയ്തുതരുന്ന നന്മകളെ നിസ്സാരവത്ക്കരിച്ച് നന്ദികേടിന്റെ വാക്കുകള്‍ പറയാന്‍ പാടില്ല. നരകത്തില്‍ കടക്കാനിടയാകുന്ന സ്ത്രീകളുടെ ദുഃസ്വഭാവമായി നബി(സ്വ) പറഞ്ഞുതരുന്നു: ''ഞാന്‍ നരകത്തിലേക്ക് നോക്കി. അതില്‍ സ്ത്രീകളെയാണ് അധികമായി കണ്ടത്. കുടുംബത്തോട് അവര്‍ നന്ദികേട് കാണിക്കുന്നു. കാലം മുഴുവന്‍ നീ അവള്‍ക്ക് നന്മ ചെയ്തശേഷം നിന്നില്‍നിന്ന് ഒരു ന്യൂനത കണ്ടാല്‍ അവള്‍ പറയും. നിങ്ങളില്‍നിന്നും ഒരു ഗുണവും എനിക്ക് കിട്ടിയിട്ടില്ല എന്ന് (സ്വഹീഹുല്‍ ബുഖാരി 1052).
ഗൃഹഭരണം ഭാര്യയുടെ ചുമതലയാണ്. സന്താനപരിപാലനത്തിലും ഗൃഹജോലികള്‍ നിര്‍വഹിക്കുന്നതിലും പുരുഷനേക്കാളേറെ ഇടപെടാനുള്ള സാധ്യത സ്ത്രീക്കാണുള്ളത്. എന്നാല്‍ അവളെ സ ഹായിക്കേണ്ടത് പുരുഷന്റെ ബാധ്യതയാണ്. നബി(സ്വ)യുടെ വീടുകളില്‍ പത്‌നിമാര്‍ വീട്ടുജോലികള്‍ ചെയ്തിരുന്നു. നബി(സ്വ) അവരെ സഹായിക്കുകയും ചെയ്തു. ഫാത്വിമ(റ) ഗൃഹജോലിയുടെ ഭാരം നിമിത്തം വേലക്കാരനെ നിശ്ചയിക്കാന്‍ നബി(സ്വ)യോട് ആവശ്യപ്പെട്ടപ്പോള്‍ റസൂല്‍(സ്വ) അതിന് തയ്യാറായില്ല. നബി(സ്വ) പറഞ്ഞു. നിങ്ങള്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ 33 തവണ സുബ്ഹാനല്ലാഹ് എന്നും 33 തവണ അല്‍ഹംദുലില്ലാഹ് എന്നും 34 തവണ അല്ലാഹു അക്ബര്‍ എന്നും ഉരുവിടലാണ് നിങ്ങള്‍ക്കുത്തമം.