Skip to main content

യുനാനി

തെക്കേ ഏഷ്യയില്‍ പ്രചാരത്തിലുള്ള ഒരു പാരമ്പര്യ ചികിത്സാരീതിയാണിത്. യുനാനി പിറവിയെടുത്തത് ഗ്രീസിലാണെന്നും പ്രാചീന പേര്‍ഷ്യന്‍ വൈദ്യത്തില്‍ നിന്നാണെന്നും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. ഗ്രീക്ക് ഭിഷഗ്വരന്‍ ഹിപ്പോക്രാറ്റസും റോമന്‍ ഭിഷഗ്വരന്‍ ഗലേനും അറേബ്യയിലെയും പേര്‍ഷ്യയിലെയും ഭിഷഗ്വരനായിരുന്ന റാസി, ഇബ്‌നു സീന, അല്‍സഹ്‌റാവി, ഇബ്‌ന് നഫിസ് എന്നിവരൊക്കെ യുനാനിയുടെ വളര്‍ച്ചയില്‍ പങ്കുവഹിച്ചിട്ടുണ്ട്.


മനുഷ്യ ശരീരത്തിന്റെ നിലനില്‍പ്പിന് അര്‍കാന്‍ (Elements), മിസാജ് (Temperament), അഖ്‌ലാത്ത് (Humours), ആസ(Organs), അര്‍വാഹ് (Spirit), അഫ്ആല്‍ (Functions) എന്നിങ്ങനെ അടിസ്ഥാന ഘടകങ്ങളുണ്ടെന്നും അവയില്‍ വരുന്ന ഏറ്റക്കുറച്ചിലുകളാണ് രോഗത്തിനു കാരണമെന്നുമാണ് യുനാനിയുടെ അടിസ്ഥാന തത്ത്വം.
സൗദ(വാതം), സഫ്ര(പിത്തം), ബല്‍ഗം(കഫം), ദം(രക്തം) എന്നീ ചതുര്‍ദോഷങ്ങളെ അടിസ്ഥാനമാക്കിയാണ് യൂനാനിയില്‍ ചികിത്സ നിര്‍ണയിക്കുന്നത്. ദല്‍ഹി സുല്‍ത്താന്മാരാണ് ഇന്ത്യയില്‍ യൂനാനി കൊണ്ടുവന്നത്. ഹക്കീമുകള്‍ എന്നാണ് യൂനാനി വൈദ്യന്മാരെ വിളിക്കുന്നത്. 


പ്രാദേശികമായി ലഭിക്കുന്ന ജന്തുജന്യവും ധാതുജന്യവുമായ പ്രകൃതിദത്തമായ ഔഷധങ്ങ ളാണ് ഈ ചികിത്സാരീതിയിലുള്ളത്. ആയുര്‍വേദത്തിലെന്നപോലെ ചൂര്‍ണങ്ങള്‍, കഷായങ്ങള്‍, രസങ്ങള്‍, ആസവങ്ങള്‍, അരിഷ്ടങ്ങള്‍, ലേഹ്യം, മധുരദ്രവങ്ങള്‍, ഗുളികകള്‍ തുടങ്ങിയ രൂപങ്ങളിലുള്ള മരുന്നുകളാണ് യുനാനിയിലുമുള്ളത്.

Feedback
  • Monday Nov 25, 2024
  • Jumada al-Ula 23 1446