കരിഞ്ചന്ത
പൂഴ്തിവെപ്പിന്റെ ഉപോത്പന്നമാണ് കരിഞ്ചന്ത അഥവാ ബ്ലാക് മാര്‍കറ്റ്. മാര്‍ക്കറ്റുകളില്‍ ചില വസ്തുക്കള്‍ക്ക് വലിയ ആവശ്യം അനുഭവപ്പെടുകയും എന്നാല്‍ ലഭ്യത കുറയുകയുംചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഉള്ളവസ്തുക്കള്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കുകയും നിയമവിധേയമല്ലാത്ത വിധം മറ്റുവഴികളിലൂടെ അമിതലാഭത്തിനുവില്‍ക്കുകയും ചെയ്യുകയാണ് കരിഞ്ചന്ത. സര്‍ക്കാരിനും സമൂഹത്തിനുമെല്ലാം വന്‍നഷ്ടങ്ങളുണ്ടാക്കുന്ന ഈ ഇടപാടില്‍ വില്‍പനക്കാരനോ ഉപഭോക്താവോ സഹകാരിയോ ആയി നില്ക്കാന്‍ വിശ്വാസിക്ക് സാധ്യമല്ല. ഇസ്‌ലാമികമായി പല തിന്മകള്‍ ഉള്‍ച്ചേരുന്നതാണ് ഈ കച്ചവടം. വഞ്ചന, ചതി, പൂഴ്ത്തിവെപ്പ്, അമിതലാഭം, നിയമലംഘനം, സമൂഹദ്രോഹം തുടങ്ങിയവയില്‍ അധിഷ്ഠിതമായ ഇടപാടാണിത്.
കള്ളക്കടത്തും കുഴല്‍ പണവും
കള്ളവും ചതിയും നിറഞ്ഞതാണ് ഈ ഇടപാടുകള്‍. ഇവിടെ വ്യക്തികളെയല്ല സര്‍ക്കാരുകളെയാണ് ചതിക്കുന്നത്. സര്‍ക്കാരിന് ലഭിക്കേണ്ട സമ്പത്ത് മോഷ്ടിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നത് വ്യക്തികളുടെ സ്വത്ത് മോഷ്ടിക്കുന്നതിനെക്കാള്‍ ഗുരുതരമാണ്. സമൂഹത്തിന്റെ പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനുള്ള മുതലാണല്ലോ ഇവര്‍ കൊള്ളചെയ്യുന്നത്. നബി(സ്വ)യുടെ സമ്മാന സൂക്ഷിപ്പുകാരനായ കിര്‍കിറ മരണപ്പെട്ടപ്പോള്‍ അയാള്‍ നരകാവകാശിയാണെന്നു പറഞ്ഞു. അന്വേഷിച്ച സഹാബികള്‍ കണ്ടെത്തിയ കാരണം അയാള്‍ ഒരു പുതപ്പ് മോഷ്ടിച്ചിരുന്നുവെന്നതാണ്. പൊതു സ്വത്ത് കൊള്ളചെയ്യുന്നതിന്റെ ഗൗരവമാണ് ഇതിലൂടെ നബി(സ്വ) പഠിപ്പിക്കുന്നത്. അന്യായമായ നികുതികളും വസൂലാക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ ന്യായമായ നിലയില്‍ പ്രതികരിക്കുകയും പ്രതിരോധിക്കുകയും ചെയ്യാനേ വിശ്വാസികള്‍ക്ക് നിര്‍വാഹമുള്ളൂ.
രിഫാഅ ബിന്‍ റാഫിഉല്‍ അന്‍സാരി(റ) പറയുന്നു: അദ്ദേഹം പ്രവാചകന്റെ കൂടെ ബഖീഇലേക്ക് പുറപ്പെട്ടു. ജനങ്ങള്‍ അവിടെ കച്ചവടം നടത്തിക്കൊണ്ടിരിക്കുന്നു. പ്രവാചകന്‍ പറഞ്ഞു: അല്ലയോ കച്ചവടക്കാരേ, തീര്‍ച്ചയായും സത്യസന്ധതയും മൂല്യവും പുലര്‍ത്താത്ത കച്ചവടക്കാര്‍ അധര്‍മകാരികളായിട്ടായിരിക്കും അന്ത്യനാളില്‍ പുനരുജ്ജീവിപ്പിക്കുക'(തിര്‍മിദി).