വഞ്ചനകള്‍ നിയമവിധേയമാക്കപ്പെട്ടെന്നു തോന്നുന്ന വിധത്തിലാണ് ഇന്നത്തെ കച്ചവട മേഖല. ഓരോ വസ്തു വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ഇതില്‍ എന്നെ ചതിക്കരുതേ എന്നു പറയേണ്ടിടത്താണ് കാര്യങ്ങള്‍ എത്തി നില്ക്കുന്നത്. ഇടപാടില്‍ ചതി ഭയപ്പെടുമ്പോള്‍ ഇങ്ങനെ ചെയ്യാന്‍ നബി(സ്വ) ആവശ്യപ്പെടുന്നുണ്ട്. ഇബ്‌നുഉമര്‍(റ) പറയുന്നു: ഒരാള്‍ നബി(സ്വ)യുടെ അടുത്തുവന്ന് ആളുകള്‍ കച്ചവടത്തില്‍ തന്നെ വഞ്ചിച്ചു കളയുന്നുവെന്ന് ആവലാതിപ്പെട്ടു. അപ്പോള്‍ നബി(സ്വ) പറഞ്ഞു. നീ കച്ചവടം ചെയ്യുമ്പോള്‍ (വാങ്ങുന്നവനോട്) ചതിയൊന്നും ഉണ്ടാക്കരുത് എന്നു പറയുക (ബുഖാരി).
വാങ്ങുന്നവനും വില്‍ക്കുന്നവനും പരസ്പരം തൃപ്തിയോടെ നടത്തുന്ന കച്ചവടമാണ് ഇസ്‌ലാം അനുവദിക്കുന്നത്. ഇത് ഏതെങ്കിലും ഒരു കക്ഷിയുടെ അറിവില്ലായ്മയാലോ നിര്‍ബന്ധിതാവസ്ഥയാലോ ഉണ്ടാകുന്ന തൃപ്തിയല്ല. ഇന്നു നടക്കുന്ന പല വിപണനങ്ങളിലും ക്രേതാവ് മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലോ അല്ലെങ്കില്‍ ചതി അിറയാത്തതിനാലോ ആണ് സംതൃപ്തനാകുന്നത്. ഇസ്‌ലാമികമായി ഈ കച്ചവടങ്ങള്‍ നിഷിദ്ധങ്ങളാണ്. നാട്ടു നടപ്പനുസരിച്ചോ, സര്‍ക്കാറിന്റെയോ നീതിപീഠത്തിന്റെയോ അനുമതിയോടെയാണെങ്കിലും ചതിയും വഞ്ചനയും കടന്നുവരുന്ന ഇടപാടുകളെല്ലാം നിഷിദ്ധമാണ്. മഴയില്‍ കുതിര്‍ന്നുപോയ ധാന്യം ഉള്ളില്‍ വെച്ച് പുറത്തുള്ള ഉണങ്ങിയ ധാന്യം കാണിച്ച് കച്ചവടം ചെയ്ത സ്വഹാബിയെ ശാസിച്ചതാണ് റസൂല്‍(സ്വ)യുടെ അധ്യാപനം. നമ്മെ ചതിച്ചവന്‍ നമ്മില്‍ പെട്ടവനല്ല എന്ന ആ വാക്യം ഇടപാടില്‍ ഇത്തിരി വളവുകള്‍ വന്നാലും ഇസ്‌ലാമിന്റെ അനുഷ്ഠാനങ്ങളില്‍ കൃത്യതപുലര്‍ത്തിയാല്‍ രക്ഷപ്പെടാമെന്നു വിശ്വസിക്കുന്നവര്‍ക്കുള്ള താക്കീതാണ്. ഇസ്‌ലാമിക സമൂഹത്തില്‍ തന്നെ അത്തരക്കാര്‍ക്ക് ഇടമില്ലെന്നാണ് നബി(സ്വ) താക്കീതു ചെയ്യുന്നത്.
മൃഗം നല്ല കറവയുള്ളതാണെന്ന് വാങ്ങുന്നവനെ തെറ്റിദ്ധരിപ്പിക്കാനായി പാല്‍ കറക്കാതെ അകിടുകെട്ടി നിര്‍ത്തി കച്ചവടം ചെയ്യുന്നത് ഇത്തരം ചതിക്കച്ചവടത്തില്‍പെട്ടതാണ്. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) അരുളി: നിങ്ങള്‍ ഒട്ടകത്തിന്റെയും ആടുകളുടെയും അകിട് കറക്കാതെ പാല്‍ കെട്ടി നിറുത്തരുത്. വല്ലവനും കറക്കാതെ പാല്‍ കെട്ടി നിറുത്തി മൃഗത്തെ വാങ്ങിയാല്‍ കറന്നു നോക്കിയിട്ട് തൃപ്തിയായെങ്കില്‍ മാത്രം സ്വീകരിച്ചാല്‍ മതി. തൃപ്തിയായില്ലെങ്കില്‍ തന്നെ പാലിന് പകരം ഒരു സാഅ് കാരക്കയോട് കൂടി ആടിനെ തിരിച്ചു കൊടുക്കണം. (ബുഖാരി)
ഇബ്‌നുമസ്ഊദ്(റ) പറയുന്നു: നബി(സ്വ) അരുളി: അകിട് കെട്ടിയ ആടിനെ ആരെങ്കിലും വിലയ്ക്കു വാങ്ങിയാല്‍ അതിനെയും കൂടെ ഒരു സ്വാഅ് ഈത്തപ്പഴവും അവര്‍ തിരിച്ചു കൊടുക്കട്ടെ(ബുഖാരി).
ചതിയിലൂടെ നേടിയെടുക്കുന്ന തൊഴിലുകളും നിഷിദ്ധമാണ്. കോപ്പിയടിച്ചും കൈക്കൂലി നല്കിയുമെല്ലാം നേടുന്ന സര്‍ട്ടിഫിക്കറ്റുകളും ഉദ്യോഗങ്ങളും നല്കുന്നത് ചതിയുടെ നിഷിദ്ധവരുമാനമാണ്. പകര്‍പ്പവകാശം ലംഘിച്ച് വസ്തുക്കള്‍ വില്‍ക്കുന്നതും പാറ്റന്റുകള്‍ തട്ടിയെടുത്തും ട്രേഡ് രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്തും ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതുമെല്ലാം ഇങ്ങനെ പാപകൃത്യമാകും.