Skip to main content

വിപണിയും വിശ്വാസവും

കച്ചവടത്തിലെ ലാഭ പ്രതീക്ഷ മനുഷ്യനെ കടുത്ത മാനസിക സംഘര്‍ഷങ്ങളിലാക്കും. നഷ്ടഭയം അവനെ ആശങ്കയുടെ മുള്‍മുനയിലാക്കുന്നു. ഭൗതികജീവിതസന്ധികളിലെല്ലാം ആശങ്കകള്‍ക്കും ഭീതികള്‍ക്കും വിരാമമിടാനും പ്രതീക്ഷയുടെ പ്രഭാതങ്ങളില്‍ അഭിരമിക്കാനും അവന്ന് തുണയേകേണ്ടത് ദൈവവിശ്വാസമാണ്.   അത് പക്ഷേ, സമാധാനം നല്കുന്നത് നേരെ ചൊവ്വെ ജീവിക്കുന്നവര്‍ക്കും ആര്‍ത്തിമുക്തരായവര്‍ക്കുമാണ്. ഇതു രണ്ടും ചില സുഖങ്ങളെ നിയന്ത്രിക്കുന്നവയാണ്.  

ശരിയായ മാര്‍ഗത്തിലൂടെയുള്ള കച്ചവടത്തിലേ ദൈവത്തിന്റെ ശരിയായ കടാക്ഷമുണ്ടാകൂ. കുറുക്കുവഴികള്‍ തേടി മനുഷ്യരും അല്ലാത്തവരുമായ കുഞ്ഞു ദൈവങ്ങളെയും ദിവ്യകേന്ദ്രങ്ങളെയും സമീപിക്കുന്നത് വിശ്വാസ വികലതയാണ്. നബി(സ്വ) വരുന്ന കാലത്തെ കച്ചവടക്കാരായ മക്കക്കാര്‍ കഅ്ബയില്‍ പ്രതിഷ്ഠിച്ച പ്രതിമകള്‍ക്കു മുന്നില്‍ നിന്ന് പ്രശ്‌നക്കോലുകളെടുത്താണ് കച്ചവടം ചെയ്യാന്‍ ശകുനവും മുഹൂര്‍ത്തവും മറ്റും തീരുമാനിച്ചിരുന്നത്. ഇത് ഇസ്‌ലാം നിരോധിക്കുന്നു. ''സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം''(5:90).

കള്ളവും വഞ്ചനയും മറയ്ക്കാന്‍ ഇത്തരക്കാര്‍ ഇഷ്ടദൈവങ്ങള്‍ക്ക് നേര്‍ച്ച നല്കുക പതിവാണ്. കൂടാതെ ചില ക്ഷുദ്ര പ്രവര്‍ത്തനങ്ങളും ആത്മീയ അനുഷ്ഠാനങ്ങളും അകമ്പടിയായി നിര്‍വഹിക്കാറുമുണ്ട്. പ്രത്യേക സ്‌തോത്ര കീര്‍ത്തനങ്ങളും ദുര്‍മന്ത്രവാദങ്ങളും സര്‍വൈശ്വര്യപൂജകളും  ഇതില്‍പെട്ടതാണ്. പ്രപഞ്ചനാഥനില്‍ വിശ്വാസമുറയ്ക്കാത്തവന്‍ ആകാശത്തു നിന്നു വീണവനെപോലെ എവിടെയും നില്പുറയ്ക്കാതെ ചഞ്ചലമായിക്കൊണ്ടിരിക്കും. അവന്‍ കച്ചവടവിജയത്തിനായി പുതിയ പുതിയ കൃത്രിമ ആത്മീയ വഴികള്‍ തെരയും. ഇപ്പോള്‍ മാര്‍ക്കറ്റിലുള്ള അത്തരം ലാഭ പദ്ധതിയാണ് ചൈനീസ് ഫെങ്ഷൂയി. പണപ്പെട്ടി പ്രതിഫലിപ്പിക്കുന്ന കണ്ണാടിയും ചരക്കു പെരുപ്പിച്ചു കാണിക്കുന്ന കണ്ണാടിയും പ്രതിഷ്ഠിക്കുകയും സ്റ്റോക്, കാഷ്, റസീതു പുസ്തകങ്ങള്‍ക്കുമേല്‍ ചുവന്ന ചരടില്‍ ചൈനീസ് നാണയം കുരുക്കിയിടുകയും പച്ചമുളകും ചെറുനാരങ്ങയും നൂലില്‍ കോര്‍ത്തു തൂക്കിയിടുകയുമെല്ലാം ചെയ്താല്‍ കച്ചവടത്തില്‍ അഭിവൃദ്ധിയുണ്ടാകുമെന്നാണ് ഫെങ്ഷൂയി വിശ്വാസം. ഇത് അക്ഷയ തൃതീയയും ഭൈരവീ മന്ത്രങ്ങളും അത്ഭുതമാണിക്യങ്ങളുമായി ചൂഷണത്തിന്റെ പുതുവഴികള്‍ രൂപപ്പെടുത്തുന്ന വിപണി നിര്‍മിക്കുകയാണ്. കച്ചവടക്കാരും ഉപഭോക്താക്കളും ഒരുപോലെ ആത്മീയകച്ചവടക്കാരാല്‍ പറ്റിക്കപ്പെടുന്ന ദുര്‍ഗതിയാണ്  ഇവിടങ്ങളില്‍ നടപ്പിലാകുന്നത്. 

ഇതിനെതിരെ ബോധവത്കരണം നടത്തേണ്ട മുസ്‌ലിം കച്ചവടക്കാരാകട്ടെ, തങ്ങളെയും സിദ്ധനെയും പുരോഹിതനെയും ഉപയോഗിച്ച് ഇതേ കാര്യങ്ങള്‍ കൂടുതല്‍ വ്യാപകമായി നിര്‍വഹിക്കുകയാണ്. സത്യസന്ധനായ കച്ചവടക്കാരനും സംതൃപ്തനായ ഉപഭോക്താവും ഇത്തരം കറുത്ത ആത്മീയവാദികളില്‍ നിന്നുരുത്തിരിയുകയില്ല. കച്ചവടത്തില്‍ അഭിവൃദ്ധിനേടാന്‍ ഇസ്‌ലാം പ്രത്യേക ദിക്ര്‍, ദുആ, ഖുര്‍ആന്‍ ചികിത്സ തുടങ്ങി യാതൊരു ചടങ്ങും നിര്‍ദേശിച്ചിട്ടില്ല. സത്യസന്ധമായി കച്ചവടം നടത്തിയാല്‍ അതില്‍ അനുഗ്രഹമുണ്ടാകുമെന്നാണ് നബി(സ്വ) പഠിപ്പിച്ചത്. സത്യവിശ്വാസികള്‍ക്ക് അത്തരം അഭിവൃദ്ധി മതിയാകുന്നതാണ്. 

കച്ചവടവുമായി ബന്ധപ്പെട്ട മറ്റുചില അന്ധവിശ്വാസങ്ങളും നടപ്പിലുണ്ട്. ആദ്യത്തെ കച്ചവടവും അവസാനത്തെ ഇടപാടുമെല്ലാം കടമായാല്‍ ദിവസം മുഴുവന്‍ അവലക്ഷണമായി കാണുന്നവരുണ്ട്. 'കൈനീട്ടം' നല്ല മനുഷ്യരുടെതല്ലെങ്കില്‍ അത് കച്ചവടത്തിന് അപകടമായി വിശ്വസിക്കുന്നവരുണ്ട്. ഇതിനൊന്നും ഇസ്‌ലാമികമായി യാതൊരു പ്രമാണവുമില്ല. കച്ചവടത്തിലെ ലാഭനഷ്ടങ്ങള്‍ ആരുടെയെങ്കിലും കൈനീട്ടം, ഏതെങ്കിലും അത്യാവശ്യക്കാരന്റെ കടം വാങ്ങല്‍, കരിനാക്ക്, കരിങ്കണ്ണ് തുടങ്ങിയവയുമായി ബന്ധിപ്പിച്ചാല്‍ അവന്‍ ഇസ്‌ലാമില്‍ നിന്നു തന്നെ പുറത്തായി എന്നാണ് ഇസ്‌ലാമിക അധ്യാപനം. 

എല്ലാ അനുഗ്രഹങ്ങളുടെയും ലാഭനഷ്ടങ്ങളുടെയും ഉടയവന്‍ അല്ലാഹു മാത്രമാണ്. അതിനെതിരെ എന്തെങ്കിലും മന്ത്രമാരണങ്ങളോ അഭൗതികമാര്‍ഗേണയുള്ള കുതന്ത്രങ്ങളോ മനുഷ്യര്‍ക്കോ മറ്റേതെങ്കിലും സൃഷ്ടികള്‍ക്കോ സാധ്യമല്ലെന്നത് ഈമാനിന്റെ അനിവാര്യ തേട്ടമാണ്. മനുഷ്യരും ജിന്നുകളുമായിട്ടുള്ള ഇത്തരം ചെകുത്താന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം വിശ്വാസിക്ക് ഒരു നഷ്ടവും വരുത്താന്‍ കഴിയില്ല. അത്തരം ദുര്‍ബോധനങ്ങളില്‍ നിന്ന് രക്ഷതേടേണ്ടത് അല്ലാഹുവിനോടു മാത്രമാണ്. എത്ര കരുതിയാലും അസൂയക്കാരുടെ രഹസ്യമായ ഭൗതിക കുതന്ത്രങ്ങളെ സൂക്ഷിക്കേണ്ടതുണ്ട്. അവിടെ മനസ്സുറപ്പ് നല്കാനാണ് സൂറതുല്‍ ഫലഖ്. എല്ലാ അസൂയാലുക്കളുടെ അസൂയയില്‍ നിന്നും പുലരിയുടെ നാഥനോട് പുലര്‍ച്ചെ തന്നെ രക്ഷതേടി ഉപജീവനത്തിന് ഇറങ്ങുന്ന വിശ്വാസിക്ക് ആരെയും ഭയപ്പെടേണ്ടതില്ല. 


 

Feedback