Skip to main content

മുഹൂര്‍ത്തങ്ങളും വെള്ളിയാഴ്ചയും

കച്ചവടത്തിന് അനുയോജ്യമായ സമയം, ശകുനമുള്ള(നഹ്‌സ്) സമയം എന്നിങ്ങനെ ഇസ്‌ലാം നിര്‍ണയിച്ചിട്ടില്ല. പകല്‍ സമയമാണ് മനുഷ്യന് ഉപജീവനത്തിന് അനുഗുണമായ നിലയില്‍ സംവിധാനിച്ചത്. ''പകലിനെ നാം ജീവസന്ധാരണ വേളയാക്കുകയും ചെയ്തിരിക്കുന്നു''(78:11). രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം തേടുന്നതിന് വേണ്ടിയാണ് പകലാകുന്ന ദൃഷ്ടാന്തത്തെ അല്ലാഹു  പ്രകാശം നല്‍കുന്നതാക്കിയത് (17:12)  എന്നും  അവന്‍ രാത്രിയെ വസ്ത്രവും ഉറക്കത്തെ വിശ്രമവും പകലിനെ എഴുന്നേല്‍പ് സമയവുമാക്കുകയും ചെയ്തിരിക്കുന്നു (25:47) എന്നും ഖുര്‍ആന്‍ ഉണര്‍ത്തുന്നത് എല്ലാ അധ്വാനങ്ങള്‍ക്കും ഉത്തമമായ സമയം പകല്‍ തന്നെയാണെന്ന പ്രകൃതി സത്യം തുറന്നു കാട്ടാനാണ്. രാത്രി നേരത്തെ ഉറങ്ങാനും പുലര്‍ച്ചെ നേരത്തെ ഉണരാനുമെല്ലാമുള്ള പ്രവാചകന്‍(സ്വ) യുടെ നിര്‍ദേശങ്ങള്‍ കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ സൂര്യനെ വെല്ലുന്ന പ്രകാശ സംവിധാനങ്ങളാലലങ്കരിച്ചാലും രാത്രിയെ അങ്ങാടികളില്‍ ജീവിപ്പിക്കുന്നത് അത്രഗുണകരമല്ലെന്നു തന്നെയാണ് വ്യക്തമാവുക. സഹസ്രാബ്ധങ്ങളായി മനുഷ്യന്‍ സ്വീകരിച്ചുപോരുന്ന ഈ സമയക്രമം പുതുലോകം അട്ടിമറിക്കുകയാണ്. ഈ പ്രകൃതി വിരുദ്ധത മനുഷ്യന്റെ ശരീരത്തിലും സംസ്‌കാരത്തിലും  സ്വത്തിലും സ്വഭാവത്തിലുമെല്ലാം നിഷേധാത്മകമായ പ്രതികരണമുണ്ടാക്കുമെന്നത് യാഥാര്‍ഥ്യമാണ്.

ഇസ്‌ലാമിക ദൃഷ്ട്യാ എല്ലാ ദിവസങ്ങളും നല്ല ദിവസങ്ങളാണ്. കച്ചവടം, കല്യാണം, ഗൃഹപ്രവേശം, പഠനപ്രവര്‍ത്തനം തുടങ്ങിയ ഒരു കാര്യത്തിനും പാടില്ലാത്തതോ അനഭിലഷണീയമായതോ ശപിക്കപ്പെട്ടതോ ആയ മുഹൂര്‍ത്തങ്ങള്‍ അല്ലാഹുവോ റസൂലോ നിശ്ചയിച്ചിട്ടില്ല. മുസ്‌ലിംകളുടെ ചില കലണ്ടറിലും മറ്റും കാണുന്ന ഇത്തരം ശകുന(നഹ്‌സ്)നിര്‍ണയങ്ങള്‍ക്ക് ഇസ്‌ലാമിക പ്രമാണങ്ങളുമായി യാതൊരു ബന്ധവുമില്ല. അവര്‍ ഇടപെട്ട മറ്റു സമൂഹങ്ങളിലെ അന്ധവിശ്വാസങ്ങളില്‍ നിന്ന് കടമെടുത്തതാണവ. അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കുന്ന എല്ലാ നന്മകളും എപ്പോഴും അനുവദനീയവും അനുഗ്രഹപൂര്‍ണവുമാണ്. 

എന്നാല്‍ ആരാധനയുടെ ഭാഗമായി ചില സമയങ്ങളില്‍ ചില കാര്യങ്ങള്‍ പാടില്ലെന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നിര്‍ബന്ധമായി നിര്‍വഹിക്കേണ്ട ഹജ്ജിന് ബാധ്യതപ്പെട്ടവന്‍ അതിനു പോകാതെയും വെള്ളിയാഴ്ചകളിലെ ഉച്ചയ്ക്കുള്ള ജുമുഅയില്‍ പങ്കെടുക്കാതെയും  കച്ചവടവും മറ്റു തൊഴിലുകളും നിര്‍വഹിക്കുന്നത് പാപവും നന്ദികേടുമായി ഇസ്‌ലാം പഠിപ്പിക്കുന്നു. ''സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്‌കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍''(62:9).

അവിടെപ്പോലും അല്ലാഹു ഇളവനുവദിക്കുകയാണ്. ഹജ്ജ് യാത്രയിലോ നിര്‍ണിത ആരാധനകള്‍ക്കു ശേഷമോ കച്ചവടം ചെയ്യാമെന്നും(2:198)  വെള്ളിയാഴ്ച നമസ്‌കാരം കഴിഞ്ഞ ഉടനെ തന്നെ ജീവിതായോധനത്തിനിറങ്ങാമെന്നും അവന്‍ ഉണര്‍ത്തി. ''അങ്ങനെ നമസ്‌കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിച്ചു കൊള്ളുകയും, അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് തേടിക്കൊള്ളുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം''(62:10). കൂടാതെ കച്ചവാടവശ്യാര്‍ഥമായാലും യാത്രക്കാരനാണെങ്കില്‍ ജുമുഅയില്‍ പങ്കെടുക്കുന്നതിന്റെ നിര്‍ബന്ധത്തില്‍ നിന്ന് അല്ലാഹു അവനെ ഒഴിവാക്കി. 

ജൂത സമൂഹത്തിന് ശബ്ബത് നാളുകളില്‍ ജോലി നിഷിദ്ധമാക്കിയതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു. എന്നാല്‍ അവര്‍ അതില്‍ കുതന്ത്രങ്ങള്‍ കാണിക്കുകയും തന്ത്രപൂര്‍വം ജോലിയെടുക്കുകയും ചെയ്തു. അക്കാരണത്താല്‍ അല്ലാഹുവിന്റെ കടുത്ത കോപത്തിനും ശാപത്തിനും പാത്രമായി. എന്നാല്‍ വെള്ളിയാഴ്ച ജോലിചെയ്യുന്നത് അല്ലാഹു വിലക്കിയിട്ടില്ല. ഇത്   അല്ലാഹു ചെയ്തുതന്ന അനുഗ്രഹമാണ്.  

കച്ചവടം പ്രധാന വരുമാനമാര്‍ഗമായിരുന്ന മക്കയിലെ അറബി സമൂഹത്തിന് കച്ചവടയാത്രകള്‍ ഏറെ പ്രധാനമായിരുന്നു. അങ്ങനെയുള്ള ഖാഫിലകള്‍ (കച്ചവടസംഘം) കണ്ണില്‍പെടുന്ന സമയം മുതല്‍ നാട്ടിലും നഗരത്തിലും അവര്‍ക്ക് ആഘോഷമാണ്. മദീനാ നഗരത്തില്‍ ഖാഫിലയെത്തിയ അത്തരം ഒരു സന്ദര്‍ഭത്തില്‍ നബി(സ്വ)യോടൊപ്പം ജുമുഅ പ്രാര്‍ഥനയില്‍ പങ്കെടുക്കുന്ന മുസ്‌ലിംകള്‍ അവരറിയാതെ അങ്ങാടിയിലേക്കോടിയതിനെതിരെ അല്ലാഹു താക്കീതുചെയ്യുന്നുണ്ട്. അല്ലാഹു അവരെ ശാസിച്ചത് നമുക്കു പാഠമാകാനാണ്. ''അവര്‍ ഒരു കച്ചവടമോ വിനോദമോ കണ്ടാല്‍ അവയുടെ അടുത്തേക്ക് പിരിഞ്ഞ് പോകുകയും നിന്നനില്‍പില്‍ നിന്നെ വിട്ടേക്കുകയും ചെയ്യുന്നതാണ്. നീ പറയുക: അല്ലാഹുവിന്റെ അടുക്കലുള്ളത് വിനോദത്തെക്കാളും കച്ചവടത്തെക്കാളും ഉത്തമമാകുന്നു. അല്ലാഹു ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാകുന്നു''(62:11).

ഇക്കാര്യം ഉള്‍ക്കൊള്ളുന്ന സൂറത്തുല്‍ ജുമുഅ എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅ നമസ്‌കാരത്തില്‍ പാരായണം ചെയ്യല്‍ നബി(സ്വ) സുന്നത്താക്കിയത്, ഈ വിഷയത്തില്‍ വിശ്വാസികള്‍ ഏറെ ശ്രദ്ധപുലര്‍ത്തേണ്ടതുണ്ടെന്ന് എല്ലാ ആഴ്ചകളിലും ഓര്‍മിപ്പിക്കാന്‍ കൂടിയാകണം. അതിനാല്‍ തന്നെ ജുമുഅ സമയത്ത് കച്ചവടം ഹറാമാണെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. ഇമാം അഹ്മദ്(റ)ന്റെ അഭിപ്രായത്തില്‍ ആ സമയത്തെ ഇടപാട് അസാധുവാണ്. ജുമുഅയെ കുറിച്ച കല്പന മറ്റു നമസ്‌കാരങ്ങള്‍ക്കും ബാധകമാണെന്നും ജമാഅത്ത് നമസ്‌കാരത്തിന്റെ സമയത്തുള്ള കച്ചവടവും ഇതുപൊലെ നിഷിദ്ധമാണെന്നും അഭിപ്രായപ്പെട്ടവരുണ്ട്. ഏതായാലും അതും അനഭിലഷണീയമാണെന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. ഇവിടെ വില്പനക്കാര്‍ മാത്രമല്ല, ആ സമയങ്ങളില്‍ ചരക്കുകള്‍ വാങ്ങാനിറങ്ങുന്ന വിശ്വാസികളും കുറ്റത്തില്‍ പങ്കാളികളാണ്. സ്വന്തം നമസ്‌കാരം പാഴാക്കിയതിനും കച്ചവടക്കാരന്റെ നമസ്‌കാരം നഷ്ടപ്പെടുത്തിയതിനുമുള്ള ഇരട്ടി കുറ്റക്കാരനാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 


 
 

Feedback