Skip to main content

ഹവാല, മണിചെയ്ന്‍, നെറ്റ് മാര്‍ക്കറ്റിംഗ്

ഹവാല എന്ന അറബി പദത്തിന്റെ അര്‍ഥം കൈമാറുക എന്നാണ്. ഇതിന് ഇസ്‌ലാമിക സാമ്പത്തിക ഇടപാടില്‍, ഒരാളുടെ കടബാധ്യത മറ്റൊരാള്‍ക്ക് കൈമാറുകയോ ഏല്പിച്ചുകൊടുക്കുകയോ ചെയ്യുക എന്ന ആശയമാണുള്ളത്. ഇത് അനുവദനീയമായ സാമ്പത്തിക കൈമാറ്റ രീതിയാണ്. പക്ഷേ, നാട്ടില്‍ ഇന്നറിയപ്പെടുന്ന ഹവാല തീര്‍ത്തും വ്യത്യസ്തമാണ്. കള്ളപ്പണത്തിനുള്ള ഒരു രൂപമായാണ് ഇവിടെ ഹവാല വിവക്ഷിക്കപ്പെടുന്നത്. സര്‍ക്കാര്‍ നിയമങ്ങള്‍ക്കു പുറത്തുള്ള കള്ളപ്പണക്കാരുടെ സമാന്തര സാമ്പത്തിക വ്യവസ്ഥയിലെ കള്ളപ്പണക്കൈമാറ്റ രീതിയാണ് ഹവാല അഥവാ കുഴല്‍പ്പണം. പണം, സ്വര്‍ണം എന്നിവ ഇത്തരം ആളുകള്‍ക്ക് കൈമാറുമ്പോള്‍ അത് നല്‌കേണ്ട ആളുകളിലേക്ക് രഹസ്യമായി അവ എത്തിക്കും. ഇതിന് തിരിച്ചറിയല്‍ രേഖകളോ മറ്റോ ആവശ്യമില്ല. ഇത് ആരാണ് തന്നത്, ആര്‍ക്കാണ് ലഭിച്ചത്, എത്രയാണ് തുക എന്നിവയെല്ലാം രഹസ്യമായിരിക്കും. ഇതുവഴി സര്‍ക്കാരിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ നികുതി വരുമാനം നഷ്ടപ്പെടും. സാധാരണ ബാങ്കിലൂടെ അയക്കുമ്പോള്‍ ബാങ്ക് കമ്മീഷന്‍ നഷ്ടമാവും. എന്നാല്‍ ഹവാല വഴിയാണെങ്കില്‍ നാം അയക്കുന്നതിലേറെ പണം ലഭിക്കും. ഈ ഇടപാട് ഇസ്‌ലാമികമായി തീര്‍ത്തും നിഷിദ്ധമാണ്. ഇടപാടിലെ ചതിയാണ്, ചതിക്കുന്നത് സര്‍ക്കാരിനെയാണെങ്കിലും, ഇതിനെ നിഷിദ്ധമാക്കുന്നത്.

ഇസ്‌ലാം അനുവദിക്കുന്ന ഹവാല, ഇടപാടുകള്‍ അനുവദനീയമാകണമെങ്കില്‍ ഇസ്‌ലാം ആവശ്യപ്പെടുന്ന നിബന്ധനകള്‍ പാലിച്ചുകൊണ്ടാവണം. ഉത്തമര്‍ണന്‍, അധമര്‍ണന്‍, കടം ഏറ്റെടുക്കുന്നവന്‍ എന്നിവര്‍ക്കിടയിലാണ് ഇത് നടക്കുക. ഏറ്റെടുക്കുന്ന കടം, വസ്തുവായാലും പണമായാലും അളവിലും ഗുണത്തിലും തുല്യമായിരിക്കണം. ഏറ്റെടുക്കാന്‍ ശേഷിയുള്ളവനെയാകണം ഏല്പിക്കേണ്ടത്. ഇടപാടുകള്‍ നടത്താന്‍ അര്‍ഹതയുള്ള പ്രായം, ബുദ്ധി എന്നിവ ഉണ്ടായിരിക്കണം എന്നിവയെല്ലാം ഇതില്‍പെട്ടതാണ്. ഒരു അധമര്‍ണന്റെ കടം ഇങ്ങനെ ഒരാള്‍ ഏറ്റെടുത്താല്‍ അത് വീട്ടേണ്ടത് അയാളുടെ ബാധ്യതയാണ്. പിന്നീട് ആ കടത്തിന് അധമര്‍ണന്‍ ബാധ്യസ്ഥനല്ലെന്നാണ് മിക്ക കര്‍മശാസ്ത്ര പണ്ഡിതരുടെയും അഭിപ്രായം. നബി(സ്വ) പറഞ്ഞു: ''കഴിവുള്ളവന്‍ കടം വീട്ടാന്‍ അമാന്തം കാണിക്കുന്നത് അക്രമമാകുന്നു. നിങ്ങളില്‍ ഒരാള്‍ക്ക് കഴിവള്ള ഒരാളെ ഏല്പിച്ചു തന്നാല്‍ അവന്‍ അത് അംഗീകരിക്കട്ടെ'' (ബുഖാരി 2288).  

മണിചെയ്ന്‍ 


വാക്കു സൂചിപ്പിക്കുന്ന പോലെ പണ നിക്ഷേപത്തിന്റെ ലാഭം ചങ്ങലയായി കൈമാറ്റം ചെയ്യപ്പെടുന്ന രീതിയാണിത്. ഒരാള്‍ ഇത്തരം പദ്ധതിയില്‍ നൂറു രൂപ നല്കി അംഗമാകുന്നു. അപ്പോള്‍ രണ്ടു പേരെ അംഗങ്ങളാക്കാന്‍ കമ്പനി അയാള്‍ക്ക് അനുമതി നല്കുന്നു. അയാള്‍ രണ്ടുപേരെ അംഗമാക്കി ഇരുനൂറു രൂപ കമ്പനിയിലടക്കുമ്പോള്‍ അതിന്റെ നിശ്ചിത വിഹിതം അവരെ അംഗമാക്കിയ വ്യക്തിക്കു ലഭിക്കും. ആ രണ്ടുപേര്‍ വീണ്ടും നാലുപേരെ അംഗങ്ങളാക്കുമ്പോള്‍ അംഗങ്ങളാക്കിയ രണ്ടുപേര്‍ക്കും അവരെ അംഗങ്ങളാക്കിയ ആദ്യ വ്യക്തിക്കും എണ്ണൂറു രൂപയില്‍ നിന്ന് വിഹിതം ലഭിക്കും. ഈ നാലുപേര്‍ പുതിയ അംഗങ്ങളെ ചേര്‍ക്കും. എട്ടായി, പതിനാറായി അങ്ങനെ തുടരുന്നിടത്തോളം ആദ്യം അംഗമായി ചേര്‍ന്ന വ്യക്തിവരെയുള്ളവര്‍ക്ക് ഓഹരി ലഭിച്ചുകൊണ്ടേയിരിക്കും. ചുരുക്കത്തില്‍ നൂറു രൂപമുടക്കി രണ്ടാളെ ചേര്‍ത്തിയാല്‍ പിന്നീട് വരുന്നവരെല്ലാം പണം മുടക്കുമ്പോള്‍ അവന്ന് ലാഭം കിട്ടിക്കൊണ്ടേയിരിക്കും. ഇസ്‌ലാമിക ദൃഷ്ടിയില്‍ ഇത് അംഗീകരിക്കുകയേ സാധ്യമല്ല. കാരണം ഇവിടെ നൂറു രൂപ ബാങ്കിലിട്ട് പലിശ വാങ്ങുന്നതിനെക്കാള്‍ വലിയ ചതിയാണ് നടക്കുന്നത്. താന്‍ അധ്വാനിക്കാതെ, ലാഭനഷ്ടങ്ങളില്‍ പങ്കുചേരാതെ മറ്റുള്ളവരുടെ സമ്പാദ്യം കൈക്കലാക്കുന്ന ചൂഷണമാണ് ഇത്. ''സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി നിങ്ങള്‍ അന്യോന്യം എടുത്ത് തിന്നരുത്. നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു''(4:29).  
 

നെറ്റ് മാര്‍കറ്റിംഗ് 


മണിചെയ്‌നിന്റെ മറ്റൊരു രൂപമാണ് നെറ്റ്‌വര്‍ക് മാര്‍ക്കറ്റിംഗും മള്‍ട്ടി ലവല്‍ മാര്‍കറ്റിംഗും ഡയറക്ട് മാര്‍കറ്റിംഗുമെല്ലാം.  മണിചെയ്ന്‍ പണം ശേഖരിച്ച് പണ ശതമാനം ലാഭമാക്കി നല്കുമ്പോള്‍ നെറ്റ് മാര്‍ക്കറ്റിംഗ് ചരക്കുകള്‍ വിറ്റ് ചില കുതന്ത്രങ്ങളിലൂടെ ലാഭം നേടുന്ന കച്ചവട ശൃഖലയാണ്. ആംവെ, മോഡി കെയര്‍ തുടങ്ങിയ ബിസിനസുകള്‍ ഇതിന് ഉദാഹരണമാണ്. ഇവയില്‍ കമ്പനി ചില ഉത്പന്നങ്ങള്‍ നിശ്ചിത വിലയില്‍ അംഗത്തിന് കൊടുക്കുന്നു. ഇത് അയാള്‍ നല്കിയ പണത്തിന് ആനുപാതികമായിരിക്കും. ഇയാള്‍ ഇത് വില്പന നടത്തുകയും ഇതുപോലെ വേറെ ആളുകളെ കമ്പനിയില്‍ അംഗമാക്കുകയും ചെയ്താല്‍ അയാള്‍ കമ്പനിക്ക് നല്കുന്ന തുകയുടെ ഒരു ഓഹരി അയാളെ അംഗമാക്കിയ വ്യക്തിക്ക് ലഭിക്കും. ഇങ്ങനെ കൂടുതല്‍ വസ്തുക്കള്‍ വില്‍ക്കുകയും ആളുകളെ ചേര്‍ക്കുകയും ചെയ്യമ്പോഴെല്ലാം അവരെല്ലാം നിര്‍വഹിക്കുന്ന കച്ചവടത്തിന്റെ ഓഹരികൂടി ആദ്യ വ്യക്തിക്ക് ലഭിക്കും. ഇതാണ് ഇവയുടെയെല്ലാം ഏകദേശ പ്രവര്‍ത്തന രീതി.

ഇവയെല്ലാം അനുവദനീയവും നിഷിദ്ധവുമായ ഭാഗങ്ങള്‍ കൂടിച്ചേര്‍ന്ന കച്ചവടമാണ്. മധ്യവര്‍ത്തികളോ ഏജന്റുമാരോ ഇല്ലാതെ സാധനങ്ങള്‍ വാങ്ങി വില്‍പന നടത്തുന്നത് ഇസ്‌ലാമികമായി അംഗീകരിക്കപ്പെടുന്ന കച്ചവടമാണ്. ഇന്ന് വ്യാപകമായിട്ടുള്ള ഓണ്‍ ലൈന്‍ വ്യാപാരം ഈ അര്‍ഥത്തില്‍ നിര്‍വഹിക്കപ്പെടുന്നതാണ്. എന്നാല്‍ നാം കാരണം കച്ചവടത്തില്‍ കടന്നവരും അവര്‍കാരണം കടന്നവരുമെല്ലാം കച്ചവടം ചെയ്യുമ്പോള്‍ നമുക്ക് ലഭിക്കുന്ന ഓഹരി പലിശ രൂപമുള്ളതാണ്. അഥവാ, നമുക്കതില്‍ മുതല്‍മുടക്കോ അധ്വാനമോ ഇല്ല. ആദ്യത്തെ മുതല്‍ മുടക്കും അധ്വാനവുമാണ് മാനദണ്ഡമെങ്കില്‍ ഇതില്‍ കൊള്ളലാഭമെന്ന തിന്മയുണ്ട്. മറ്റൊന്ന് ഈ കച്ചവടക്കമ്പനിയില്‍ നാം അംഗങ്ങളാകണമെങ്കില്‍ ഇസ്‌ലാം നിശ്ചയിച്ച മാനദണ്ഡം പാലിച്ചിട്ടില്ല. അഥവാ, എത്രയാണ് നമ്മുടെ ഓഹരി, അതില്‍ ലാഭനഷ്ടങ്ങളിലെ വിഹിതം എത്രയാണ് എന്നീ കാര്യങ്ങള്‍ അനിര്‍ണിതമാണ്. അങ്ങനെ അത് ചൂതിന്റെയും പലിശയുടെയും സ്വഭാവത്തിലാണ് നടക്കുന്നത്. എന്നുമാത്രമല്ല, ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്നും രാഷ്ട്രങ്ങള്‍ക്കു വരെ വലിയ നഷ്ടങ്ങളുണ്ടാക്കുന്നുണ്ടെന്നും പരാതികളുണ്ടായിട്ടുണ്ട്. പലതും പാതിവഴിയില്‍ വെച്ച് പതിനായിരക്കണക്കായ അമിതലാഭമോഹികളെ നിരാശരാക്കി മുങ്ങിയിട്ടുമുണ്ട്.

ഇവര്‍ വില്ക്കുന്ന വസ്തുക്കളില്‍ പലതിനും വാഗ്ദാനം ചെയ്ത ഗുണമില്ലെന്നും വില കൂടുതലാണെന്നുമെല്ലാം അഭിപ്രായമുണ്ട്. ഇതിലെല്ലാം ഇസ്‌ലാമിനു നിരക്കാത്ത പലതുമുണ്ട്. സൂക്ഷ്മതയുള്ള വിശ്വാസികള്‍ ഇത്തരം സംശയാസ്പദമായ വരുമാനമാര്‍ഗത്തില്‍ നിന്ന് വിട്ടു നില്ക്കുന്നതാണ് നല്ലത്. സാമ്പത്തിക കൃത്രിമം കാണിച്ച ജനതയെ ശുഐബ് നബി(അ) ഉദ്‌ബോധിപ്പിച്ചത് അനുസ്മരണീയമാണ്. ''അല്ലാഹു ബാക്കിയാക്കിത്തരുന്നതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്; നിങ്ങള്‍ വിശ്വാസികളാണെങ്കില്‍. ഞാന്‍ നിങ്ങളുടെ മേല്‍ കാവല്‍ക്കാരനൊന്നുമല്ല''(11:86).

സ്വന്തം മുതല്‍ മുടക്കില്ലാതെയോ  അധ്വാനമില്ലതെയോ മറ്റുള്ളവരില്‍ നിന്ന് ലാഭം ശേഖരിക്കുന്ന രീതികളെല്ലാം ചൂതാട്ടത്തോടും പലിശയോടും സാമ്യമുള്ളതാണ്. പലിശ, അന്യന്റെ ധനം അന്യായമായി തിന്നുക, അമിതലാഭമെടുക്കുക, കള്ളപ്പരസ്യങ്ങള്‍ നല്കുക തുടങ്ങി പല തിന്മകളുടെ സമുച്ചയമാണ് ഇത്തം ഇടപാടുകള്‍.

Feedback