അധ്വാനിക്കാനോ ഉത്തരവാദിത്തമേല്കാനോ മടിച്ച് അന്യന്റെ വിയര്‍പ്പില്‍ ഭക്ഷണം തേടുന്ന, സഹോദര സ്‌നേഹവും പരോപകാരവും തൊട്ടുതീണ്ടിയിട്ടില്ലാത്ത, ആര്‍ത്തിക്കാരനായ സുഖലോലുപനെയാണ് പലിശ സൃഷ്ടിക്കുന്നത്. ഇതെല്ലാം ഇസ്‌ലാം പഠിപ്പിച്ച മൂല്യങ്ങള്‍ക്കെതിരാണ്. അതിനാല്‍ തന്നെ പലിശയെ വ്യഭിചാരത്തെക്കാളും, മാതാവിനോടൊപ്പം കിടക്കപങ്കിടുന്നതിനെക്കാളും ഗുരതര പാപമായി മുഹമ്മദ് നബി(സ്വ) ഉദാഹരിക്കുകയുണ്ടായി. ഇത്ര കര്‍ശനമായി ഇസ്‌ലാം നിരോധിച്ച പലിശയെ പക്ഷേ, ജൂതരും ക്രൈസ്തവരും അനുവദനീയമാക്കിയതുപോലെ ഗൗരവം കുറച്ച് ലഘൂകരിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇന്നത്തെ മുസ്‌ലിം സമൂഹം കടന്നുപോകുന്നത്. ഇസ്‌ലാം നിഷിദ്ധമാക്കിയ കാര്യങ്ങള്‍ നിര്‍ബന്ധ സാഹചര്യങ്ങളില്‍ അനുവദനീയമാകും എന്ന മാനുഷികതയുടെ ഇളവിന്റെ മറവില്‍ എല്ലാ അനാവശ്യങ്ങള്‍ക്കും ധൂര്‍ത്തുകള്‍ക്കുമായി യാതൊരു സങ്കോചവുമില്ലാതെ പലിശവാങ്ങുന്നവരുടെ കൂട്ടത്തില്‍ മുസ്‌ലിംകളുമുണ്ട്.
ഇസ്‌ലാം നിരോധിച്ചത് കൂട്ടുപലിശയാണ്(യൂഷ്വറി) ബാങ്കില്‍ നിന്നു ലഭിക്കുന്ന ഇന്ററസ്റ്റല്ല എന്ന് ചിലര്‍ വാദിക്കാറുണ്ട്. ഈ വാദത്തില്‍ കഴമ്പില്ല. കാരണം, അവധിക്ക് കടം വീട്ടാത്തവന് വീണ്ടും പലിശ വര്‍ധിപ്പിച്ചുകൊടുക്കുന്ന ജാഹിലിയ്യത്തിലെ രീതി തന്നെയാണ് (രിബന്നസീഅ്) ഇന്നത്തെ വാണിജ്യ ബാങ്കുകളും നിര്‍വഹിക്കുന്നത്.
നാണയ മൂല്യത്തിന്റെ ഇടിവും നിലനില്‍ക്കുന്ന ന്യായമല്ല. നാണയമൂല്യം ആടിക്കൊണ്ടിരിക്കാനുള്ള കാരണം തന്നെ പലിശയാണെന്നതാണ് നേര്. നാണയത്തിന്റെ മൂല്യച്യുതി പോലെത്തന്നെയാണ് കര്‍ഷകനും കച്ചവടക്കാനുമെല്ലാമുണ്ടാകുന്ന നഷ്ടങ്ങള്‍. ആ ഇടപാടുകളിലും നഷ്ടങ്ങളുണ്ടാകുന്നു. മുടക്കുമുതല്‍ തിരച്ചു കിട്ടാത്ത കച്ചവടവും കൃഷിയും ഉടമകള്‍ക്ക് നഷ്ടങ്ങളുണ്ടാക്കാറുണ്ടെങ്കില്‍ അവര്‍ക്കും സുരക്ഷിതമായ മാര്‍ഗം ബാങ്കില്‍ നിക്ഷേപിച്ച് നിശ്ചിത ലാഭം ഉറപ്പാക്കുന്നതായിരിക്കും. ഇന്ന് നൂറു തേങ്ങ കടം കൊടുത്ത് പത്തു വര്‍ഷം കഴിഞ്ഞ് നൂറു തേങ്ങ തന്നാല്‍ മൂല്യച്ചോര്‍ച്ചയുണ്ടാകും. കടം ബാധിച്ച ഒരു മനുഷ്യനെ നബി(സ്വ) പാപ്പറായി പ്രഖ്യാപിച്ച് അയാളുടെ സ്വത്ത് വില്പനക്കു വെച്ചു. ശേഷം ഉത്തമര്‍ണര്‍ക്ക് വീതിച്ചു നല്കി. പക്ഷേ അയാളുടെ കടം വീട്ടാന്‍ അത് പര്യാപ്തമായിരുന്നില്ല. അതേ ഉള്ളൂ, ബാക്കിയുള്ളത് നിങ്ങള്‍ വിട്ടേക്കുക എന്നാണ് ഉത്തമര്‍ണരോട് നബി(സ്വ) പറഞ്ഞത്. അഥവാ, കടമായാലും മറ്റു രൂപങ്ങളിലായാലും ഇടപാടുകളില്‍ ലാഭനഷ്ടങ്ങള്‍ സഹിക്കേണ്ടി വരും. സുമനസ്സോടെ സ്വാര്‍ഥതയില്ലാതെ അത് ക്ഷമിക്കാനും സഹോദരന് വിട്ടുവീഴ്ച ചെയ്തുകൊടുക്കാനും സന്നദ്ധനായാല്‍ അല്ലാഹു ഇരട്ടിയായി നല്കും എന്നാണ് പാഠം. ''അല്ലാഹുവിന് ഉത്തമമായ കടം നല്‍കുവാനാരുണ്ട്? എങ്കില്‍ അല്ലാഹു അതവന്ന് അനേകം ഇരട്ടികളായി വര്‍ദ്ധിപ്പിച്ച് കൊടുക്കുന്നതാണ്. (ധനം) പിടിച്ചു വെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാ കുന്നു. അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നതും''(2:245).
പലിശ ഇന്ന് സര്‍വവ്യാപിയാണ്. ഏതെങ്കിലും ചില ഇടപാടുകളല്ല മിക്ക ഇടപാടുകളും പലിശയായി മാറിയിരിക്കുന്നു. നബി(സ്വ) പറഞ്ഞതുപോലെ അതിന്റെ കാറ്റെങ്കിലും ഏല്ക്കാത്തവരായി ആരുമില്ലെന്നു വന്നിരിക്കുന്നു. ഇവിടെ വിശ്വാസി ഏറെ സൂക്ഷ്മതയോടെ ഇടപാടുകളില്‍ ഇടപെടേണ്ടതുണ്ട്. ഇസ്‌ലാം വളരെ കുറച്ചു കാര്യങ്ങളേ നിഷിദ്ധമാക്കിയിട്ടുള്ളൂ. അവയല്ലാത്തതെല്ലാം പൊതുവെ അനുവദനീയമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ സംശയങ്ങളുണ്ടാക്കും. അഗാധ പണ്ഡിന്മാര്‍ക്കല്ലാതെ, തെറ്റോ ശരിയോ എന്ന് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത കുറെ കാര്യങ്ങളുണ്ട്. അവയുടെ പിന്നാലെ പോകാതിരിക്കാനാണ് അല്ലാഹുവും നബി(സ്വ)യും പഠിപ്പിക്കുന്നത്. ''(നബിയേ,) നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്. അവയത്രെ വേദഗ്രന്ഥത്തിന്റെ മൌലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവാരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ''(3:7).
നബി(സ്വ) പറഞ്ഞു: ഹലാല്‍ (അനുവദനീയം) വ്യക്തമാണ്. ഹറാം (നിഷിദ്ധം) വ്യക്തമാണ്. എന്നാല്‍ അവ രണ്ടിന്നുമിടയില്‍ സദൃശമായ ചില സംഗതികളുണ്ട്. അപ്പോള്‍ പാപങ്ങളില്‍ വ്യക്തമായി വേര്‍തിരിച്ചറിയാന്‍ കഴിയാത്തവ ആരെങ്കിലും ഉപേക്ഷിച്ചാല്‍ വ്യക്തമായ പാപം തീര്‍ച്ചയായും അവന്‍ ഉപേക്ഷിക്കും. സംശയാസ്പദമായ പാപം ചെയ്യാന്‍ വല്ലവനും ശ്രമിച്ചാല്‍ അവന്‍ സ്പഷ്ടമായ പാപങ്ങളില്‍ ചെന്നു ചാടുവാന്‍ സാധ്യതയുണ്ട്. പാപങ്ങള്‍ അല്ലാഹുവിന്റെ സംരക്ഷണഭൂമിയാണ്. വല്ല മൃഗത്തെയും അതിന്റെ അരികില്‍ നിന്നുകൊണ്ട് പുല്ലു തീറ്റിയാല്‍ അതു സംരക്ഷണ ഭൂമിയില്‍ കാലെടുത്തുവെച്ചേക്കാം (ബുഖാരി).
തന്റെ അടിയന്തിരവും അത്യാവശ്യവുമായ കാര്യത്തിന് പണം ലഭിക്കാതിരിക്കുമ്പോള്‍, വിശ്വസ്തതയില്ലാത്ത ലോകത്ത് സത്യവിശ്വാസികള്‍ പോലും പരസ്പരം വായ്പകൊടുക്കാന്‍ ഭയപ്പെടുമ്പോള്‍, ബാങ്കിനെ സമീപിക്കുന്നത് ന്യായമാകാം. പക്ഷേ, അത് പരിധിവിട്ടതാകരുത്. എന്നാല്‍, 'ഇതൊന്നുമില്ലാതെ ഇന്നു ജീവിക്കാന്‍ കഴിയില്ലെന്ന' ലാഘവത്തില്‍, ലോണെടുക്കുന്നതു ശരിയായ നടപടിയല്ല. അത് അല്ലാഹുവിന്റെ ദീനിനെ കളിയാക്കലാണ്. നിക്ഷേപവും ഇങ്ങനെത്തന്നെ. ഇടപാടുകളില്‍ ഇറക്കാനോ വിശ്വസ്തനായ ഒരാളെ ഏല്പിക്കാനോ കഴിയാത്ത സാഹചര്യത്തില്‍ പണവും സ്വര്‍ണവും ബാങ്കുകളില്‍ സൂക്ഷിക്കേണ്ടി വരും. എന്നാല്‍ ഇവിടെയും മൂല്യനഷ്ടത്തെയും മിച്ചപ്പലിശയെയും കൂട്ടുപിടിച്ച് ലാഭനഷ്ടങ്ങള്‍ക്കാവരുത് മുന്തിയപരിഗണന.
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്, മണിചെയ്ന്‍ ഇടപാടുകള്‍, വിവിധ തരം ഇന്‍ഷുറന്‍സുകള്‍ തുടങ്ങിയവയും പലിശ തന്നെയാണ്. ബാങ്കുകളിലെ ജോലി, പലിശക്കാരുടെ സമ്മാനം, സത്കാരം എന്നിവയില്‍ പലിശയും അല്ലാത്തതുമായ ഭാഗങ്ങള്‍ കൂടിക്കലരുന്നതിനാല്‍ പരമാവധി ഒഴിഞ്ഞു നില്ക്കാനാണ് ശ്രമിക്കേണ്ടത്. ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടുകളില്‍ പലിശഭാഗം കൃത്യമായതിനാല്‍ ആ സംഖ്യ ഉപേക്ഷിക്കണം. ഫാമിലി ബെനിഫിറ്റ് സ്‌കീമിലെ സര്‍ക്കാര്‍ വിഹിതം പലിശയായി പരിഗണിക്കേണ്ടതില്ല. ബുക് ക്ലബ്ബിലെ ലാഭം, പ്രീപബ്ലിക്കേഷന്‍ വിലക്കുറവ് എന്നിവയും പലിശയുമായി ബന്ധപ്പെടുന്നില്ല. യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയില്‍ രണ്ടുതരം നിക്ഷേപങ്ങളുണ്ട്. അതിലൊന്ന് പലിശരഹിതമാണ്. അവര്‍ നിക്ഷേപം വാണിജ്യ വ്യാപാര മേഖലയില്‍ മുതലിറക്കി ലാഭവിഹിതം നല്കുകയും നഷ്ടമാണെങ്കില്‍ പങ്കാളികളാക്കുകയും ചെയ്യുന്നുണ്ട്. കടങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സബ്‌സിഡികള്‍ പലിശയല്ല. ഇത് സര്‍ക്കാരിന്റെ സഹായമോ പ്രോത്സാഹനമോ ആണ്.
പലിശ ദാനംചെയ്യാന്‍ പറ്റില്ല. കാരണം അല്ലാഹു ശുദ്ധമായതേ സ്വീകരിക്കൂ. പലിശ അനുവദനീയമെന്നു കരുതുന്ന ആളുകള്‍ക്കു കൊടുത്താലും ശുദ്ധമല്ലാത്തതാണ്. എന്നാല്‍ അത് സമ്പത്തായതിനാല്‍ തന്നെ നശിപ്പിക്കാനും പാടില്ല. അതിനാല്‍ ആ പണം എന്തുചെയ്യണമെന്നതില്‍ പണ്ഡിതന്മാര്‍ വ്യത്യസ്ത അഭിപ്രായക്കാരാണ്. പലിശ വാങ്ങുകയോ ആര്‍ക്കെങ്കിലും നല്കുകയോ ചെയ്യാന്‍ പാടില്ലെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. പുരമേയാന്‍ കടം വാങ്ങി ജപ്തി നോട്ടീസ് വന്നവന് തന്റെ പലിശദാനം നല്കി ബാങ്കില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിലേറെ, താന്‍ ബാങ്കില്‍ നിക്ഷേപിച്ച ആ പണം നേരിട്ട് ദരിദ്രന് നല്കി ശുദ്ധ സ്വത്തിന്റെ പ്രതിഫലം വാങ്ങുന്നതാണ് എന്തുകൊണ്ടും ഗുണകരം. പലിശപ്പണം വാങ്ങി ദാനംചെയ്യരുതെന്ന് പറയുന്നതിന്റെ പൊരുള്‍ ഇതാണ്. പലിശ ബാങ്കിനു തന്നെ തിരിച്ചു നല്കുന്നത് പലിശയെ സഹായിക്കലാകുമെന്നും ചിലപ്പോള്‍ അത് ഇസ്‌ലാം അംഗീകരിക്കാത്തതോ ഇസ്‌ലാമിനെതിരെയോ ഉപയോഗിക്കപ്പെടാമെന്നും അതിനാല്‍ അത് വാങ്ങുകയാണ് വേണ്ടതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. അങ്ങനെ വാങ്ങുന്ന പലിശ സ്വയം ഉപയോഗിക്കാനോ മറ്റൊരു നിലക്കുള്ള തന്റെ കടത്തിന്റെ പലിശയായി മറിച്ചു നല്കി പരിഹരിക്കാനോ പാടില്ല. ഇന്നത്തെ സാഹചര്യത്തില്‍ കരണീയമായിട്ടുള്ളത്, അത്യാവശ്യങ്ങള്‍ക്ക് കടം വാങ്ങി പലിശയില്‍ കുടുങ്ങിപ്പോയവരുടെ പലിശക്കടം വീട്ടാനായി ആ പണം ഉപയോഗിക്കുക എന്നതു തന്നെയാണ്. ഭക്ഷണം, മരുന്ന് എന്നിവക്കെല്ലാം അടിയന്തിര ഘട്ടങ്ങളിലേ ഇത് അനുവദനീയമാകൂ.
ഇസ്‌ലാം മനുഷ്യരുടെ ഇടപാടുകളിലെ അരുതായ്മകളെക്കുറിച്ച് ബോധ്യപ്പെടുത്തുന്ന തോടൊപ്പം പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. പലിശയുടെ ചൂഷണത്തില്‍ നിന്നും മുക്തമാകാന്‍ ദാനവും കടവും കച്ചവടവും ഇസ്‌ലാം പകരം നിര്‍ദേശിക്കുന്നു. ഇല്ലാത്തവനെ ദാനമോ കടമോനല്കി സഹായിക്കുമ്പോള്‍ പണം കൂട്ടിവെച്ചുള്ള അപചയം ഒഴിവാകുന്നതോടൊപ്പം അത് സമൂഹത്തില്‍ കറങ്ങി വളരുകയും മറ്റൊരു വഴിയിലൂടെ തനിക്ക് തന്നെ രണ്ടു ലോകത്തേക്കും ലാഭമായി വരികയും ചെയ്യുന്നു. കച്ചവടമാകട്ടെ പണത്തോടുള്ള മനുഷ്യന്റെ പ്രകൃതിപരമായ വാഞ്ഛയെ ന്യായമായ നിലയില്‍ അംഗീകരിക്കുകയും ചൂഷണമുക്തമായ സാമ്പത്തിക വളര്‍ച്ചക്ക് വഴിയൊരുക്കുകയും ചെയ്യും. പലിശയില്‍ പുതഞ്ഞ സമൂഹത്തില്‍ മുസ്‌ലിംകള്‍ക്ക് എങ്ങനെ വേറിട്ടു നില്‍ക്കാനാകും! പ്രയാസമാണ്. ഈ പ്രയാസം ഏറ്റെടുക്കുന്നതിനാണ് ഈമാന്‍ എന്നു പറയുന്നത്. ജീവിതത്തില്‍ ഇസ്‌ലാമികമായ നിയന്ത്രണങ്ങള്‍ സ്വീകരിക്കുന്നതാണ് ജിഹാദ്. ഈ ജിഹാദ് നശിച്ചാല്‍ ഇസ്‌ലാമില്ലാതെയാകും. അതിനാല്‍ ചിലതൊക്കെ ഈ ഭൂമിയില്‍ അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി ത്യജിച്ചാലേ നാളെ തന്റെ ഭക്തരായ ദാസന്മാര്‍ക്കുമാത്രം വിജയം ലഭിക്കുന്ന ലോകത്ത് രക്ഷപ്പെടാന്‍ കഴിയൂ. എന്നാലും അല്ലാഹുവില്‍ വിശ്വസിച്ചതിന്റെയും അവന്റെ കല്പനകള്‍ പാലിച്ചതിന്റെയും പേരില്‍ ഒരു മനുഷ്യനും ഭൂമിയില്‍ ദ്രോഹിക്കപ്പെടാന്‍ പാടില്ല. അതിനാല്‍ ഇസ്‌ലാം നിര്‍ദേശിച്ച ബദലുകള്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങളാണ് വ്യക്തികളെന്ന നിലയിലും സമൂഹമെന്ന നിലയിലും നമുക്ക് ആവശ്യമായിട്ടുള്ളത്.
പലിശ രഹിത ബാങ്കിംഗിനെ കുറിച്ച് മുസ്‌ലിം ലോകവും പൊതു ലോകവും ഏറെ ഗൗരവമായി ആലോചിക്കുകയാണ്. പ്രാദേശികമായും മറ്റും പരമാവധി വിഭവസമാഹര ണത്തിലൂടെ അതിന്റെ ചെറുതെങ്കിലുമായ ഗുണവശങ്ങളുള്ള സംരംഭങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കുക. നിയമപരമായി ഇത്തരം ദേശീയ സംരംഭങ്ങള്‍ക്ക് അനുമതി വാങ്ങിയെടുക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുക, പൊതു സമൂഹത്തില്‍ പലിശക്കെതിരെയുള്ള ഈ ബദലിനുവേണ്ടി ബോധവത്കരണം നടത്തുക തുടങ്ങിയവക്ക് തുടക്കം കുറിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. കേരള മുസ്‌ലിം നവോത്ഥാനത്തിന് തുടക്കം കുറിച്ച കേരളമുസ്‌ലിം ഐക്യസംഘം ഇത്തരം ചിന്തകള്‍ക്ക് 1920കളില്‍ തുടക്കം കുറിച്ചിരുന്നെങ്കിലും മുന്നോട്ടുപോകാന്‍ പിന്‍ഗാമികള്‍ക്ക് സാധിച്ചിട്ടില്ല.