Skip to main content

നിഷിദ്ധ ധനത്തിന്റെ ഉപയോഗം

ഇസ്‌ലാം അനുവദിച്ചതല്ലാത്ത രൂപത്തില്‍ തന്റെ കൈവശമെത്തുന്ന ധനം നിഷിദ്ധമാണ്. അറിവില്ലായ്മ മൂലം നേടിയെടുത്തതോ ബോധപൂര്‍വം സമ്പാദിച്ചതോ നിര്‍ബന്ധിത സാഹചര്യങ്ങളില്‍ വാങ്ങേണ്ടി വന്നതോ ആകാം ഇവ. ഏതായാലും തെറ്റാണെന്ന് ബോധ്യമാകുന്നതോടുകൂടി അത് ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. ഇത്തരം വരുമാനങ്ങള്‍ രണ്ടു തരമുണ്ടാകാം. അതിന്റെ യഥാര്‍ഥ ഉടമകളെക്കുറിച്ച് അറിവും അവ തിരിച്ചുകൊടുക്കാനുള്ള സാധ്യതയുമുള്ളവയാണ് ഇതില്‍ ഒന്ന്. ഇത് ഉടമകള്‍ക്ക് തിരിച്ചു നല്കുകയാണ് വേണ്ടത്. വളരെ നിസ്സാരമെന്നോ പുരാതനമെന്നോ കരുതി അവഗണിക്കാനോ തനിക്ക് അഭിമാനക്ഷതമാകുമെന്നോ മറ്റോ കരുതി മറച്ചുവെയ്ക്കാനോ മറ്റേതെങ്കിലും നന്മകളില്‍ ഉപയോഗിച്ച് രക്ഷപ്പെടാനോ അല്ലാഹുവിനോട് പശ്ചാത്തപിച്ച് പാപമുക്തനാകാനോ ഇവിടെ സാധ്യമല്ല. ഇവ തിരിച്ചു നല്കാന്‍ ഏറെ ചെലവും അധ്വാനവും വന്നാലും അതിന്റെ ഉടമകള്‍ക്കോ അവരുടെ കാലശേഷമാണെങ്കില്‍ അവശേഷിക്കുന്ന അനന്തരാവകാശികള്‍ക്കോ നല്കുമ്പോള്‍ മാത്രമേ അവന്‍ അല്ലാഹുവില്‍ നിന്ന് കുറ്റമുക്തനാവുകയുള്ളൂ. എന്നാല്‍ ഇങ്ങനെ നേടിയ  വസ്തുക്കള്‍ നശിച്ചുപോവുകയോ ഉപയോഗിച്ചു തീരുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഉടമയുമായി ബന്ധപ്പെട്ട് അതിനു പകരമായത് നല്കുകയോ അയാളില്‍ നിന്ന് ആത്മാര്‍ഥമായ വിട്ടുവീഴ്ച നേടുകയോ വേണം. പകരം കൊടുക്കാന്‍ കഴിയാത്ത വസ്തു ആവുകയോ അതിനുള്ള ശേഷി നഷ്ടപ്പെട്ടവനാവുകയോ ആണെങ്കില്‍ ഉടമയോട് പൊരുത്തപ്പെടുവിക്കുകയും അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്യുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിന്റെ മാപ്പും വിട്ടുവീഴ്ചയും പ്രതീക്ഷിക്കുന്ന ഉടമ വിശാലമനസ്സോടെ നഷ്ടപരിഹാരം സ്വീകരിക്കുകയോ വിട്ടുനല്കുകയോചെയ്യണമെന്ന് അല്ലാഹു ആവശ്യപ്പെടുന്നത്.
 തങ്ങളോട് തെറ്റുചെയ്തവര്‍ക്ക് മാപ്പുകൊടുക്കാനാണ് അല്ലാഹു ആവശ്യപ്പെടുന്നത് (3:159, 24:22).

ഇനി ഉടമകളെ അറിയാതിരിക്കുകയോ  ശ്രമിച്ചിട്ടും കണ്ടെത്താന്‍ കഴിയാതെ വരികയോ അറിയാമെങ്കിലും എത്തിക്കാനോ അറിയിക്കാനോ സാധിക്കാതെ വരികയോ തിരിച്ചു നല്കുന്നത് കൂടുതല്‍ അപകടകരമാവുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിനോട് ആത്മാര്‍ഥമായി മാപ്പപേക്ഷിക്കുകയും പരമാവധി ദാനങ്ങളും മറ്റും നിര്‍വഹിച്ച് കൂടുതല്‍ സൂക്ഷ്മതയോടെ ജീവിക്കുകയുംചെയ്യുക.

അങ്ങനെ കൈവശമുള്ള വസ്തുക്കള്‍ സ്വയം ഉപയോഗിക്കാനോ നശിപ്പിക്കാനോ പാടില്ല. ഇതു രണ്ടും ഇസ്‌ലാം നിഷിദ്ധമാക്കിയതാണ്. എന്നാല്‍ ഇസ്‌ലാം നിഷിദ്ധമാക്കിയ മദ്യം, പോലുള്ളതാണെങ്കില്‍ അവ നശിപ്പിക്കേണ്ടതാണ്. ഉപകാരപ്രദമായ വസ്തുക്കള്‍ അര്‍ഹതപ്പെട്ട നന്മയുടെ മാര്‍ഗത്തില്‍ ഉപയോഗിക്കാവുന്നതാണ്. ഉടമയില്ലാതെ കണ്ടു കിട്ടിയ വസ്തുവിന്റെ വിധിയാണ് ഇവിടെ ബാധകമാവുക.

Feedback