ഇസ്‌ലാം സ്ത്രീയെ പൂര്‍ണ വ്യക്തിയായി പരിഗണിക്കുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട്. അവള്‍ക്ക് ബാധ്യതകള്‍ നിശ്ചയിച്ചതുപോലെ അവകാശങ്ങളും നിര്‍ണയിച്ചിട്ടുണ്ട്(2:228). സ്ത്രീക്ക് യാതൊരു പരിഗണനയും നല്കാതിരുന്ന ലോകവും കാലവുമായിരുന്നു ആറാം നൂറ്റാണ്ട്. ലോക നാഗരികതകളുടെ കളിത്തൊട്ടിലുകളിലെല്ലാം വനിതകള്‍ അരികുവത്കരിക്കപ്പെട്ടിരുന്നു. അതില്‍ ഏറ്റവും നിന്ദ്യമായ അവസ്ഥയിലായിരുന്നു ജനിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട അറേബ്യയിലെ സ്ത്രീകളുടേത്.
ഇവിടെ ഇസ്‌ലാം ശക്തമായി ഇടപെട്ടു. അവളുടെ അവകാശങ്ങള്‍ നിര്‍ണയിച്ചു. ജനിക്കാനും വിവേചനമില്ലാതെ വളരാനും സ്വാതന്ത്ര്യം നല്കി. സുരക്ഷ ലഭിക്കാനും പ്രത്യേക പരിഗണനക്കും ആദരവിനുമുള്ള അർഹത അംഗീകരിച്ചു. ആരാധനാസ്വാതന്ത്ര്യം അവകാശമായി അംഗീകരിച്ചു. പഠിക്കാനും പ്രതികരിക്കാനും ആവിഷ്കരിക്കാനും അഭിപ്രായം പറയാനും പണിയെടുക്കാനും സമ്പാദിക്കാനും ചെലവഴിക്കാനും അനന്തരമെടുക്കാനും പുരുഷനെപ്പോലെ സ്ത്രീക്കും അവകാശമുണ്ട്. ഭരിക്കാനും നയിക്കാനും വിവാഹിതയാകാനും മോചിതയാകാനുമെല്ലാം ഇസ്‌ലാം അവളെ പ്രാപ്തയാക്കി. ഈ അവകാശങ്ങള്‍ കേവല പ്രഖ്യാപനങ്ങളായിരുന്നില്ല. ഏടുകളില്‍ വിശ്രമം കൊള്ളുന്ന നാമമാത്ര നിയമങ്ങളായിരുന്നില്ല. പ്രവാചകന്‍(സ്വ) മുതല്‍ ഇസ്ലാമിക ഭരണാധികാരികളെല്ലാം അത് നടപ്പിലാക്കുന്നതില്‍ അതീവ ശ്രദ്ധപുലര്‍ത്തി. നബി(സ്വ) അരുള്‍ ചെയ്തു: അല്ലാഹുവേ, അനാഥര്‍, സ്ത്രീകള്‍ എന്നീ അബലരുടെ അവകാശം അവഗണിക്കുന്നവരെ ഞാന്‍ പാപികളായിക്കാണുന്നു (നസാഈ). വിശുദ്ധ ഖുര്‍ആനിന്‍റെയും മുഹമ്മദ് നബി(സ്വ)യുടെ ചര്യയുടെയും തെളിഞ്ഞ പ്രമാണങ്ങളില്‍ ഉല്ലേഖിതമായി ഈ അവകാശങ്ങള്‍, ആധുനികമെന്നു പറയുന്ന സമൂഹങ്ങള്‍ക്കു പോലും ഇനിയും എത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ഔന്നത്യങ്ങളിലേക്ക് നൂറ്റാണ്ടുകള്‍ക്കു മുമ്പേ മുസ്‌ലിം സ്ത്രീകള്‍ കയറിപ്പോകാന്‍ കാരണമായി.
ഇസ്‌ലാം അനുശാസിക്കുന്ന പല അവകാശങ്ങളും വര്‍ത്തമാന സമൂഹത്തില്‍ പൂര്‍ണാര്‍ഥത്തില്‍ നടപ്പിലില്ല. വസ്തുതകളോട് നീതി പുലര്‍ത്താതെ സ്ത്രീ വിലാപങ്ങള്‍ വാര്‍ത്തയാകുന്നത് ദൗര്‍ഭാഗ്യകരമാണ്. മുസ്ലിം സ്ത്രീ മറ്റു സ്ത്രീകളെക്കാള്‍ അവകാശങ്ങള്‍ ലഭിക്കുന്നവളും ദാമ്പത്യജീവിതം സുഖദമായി ആസ്വദിക്കുന്നവളുമാണ്. മദ്യത്തിനും ചൂതാട്ടത്തിനും അടിമകളായ മറ്റു സമൂഹങ്ങളിലെ പുരുഷന്മാരില്‍ നിന്ന് അവരുടെ ഇണകള്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ മാത്രം പഠിച്ചാല്‍ ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ.
സ്ത്രീകള്‍ക്ക് അവകാശങ്ങളുണ്ടെന്ന് വളരെ വൈകിമാത്രമാണ് ലോകത്തിന് ബോധ്യം വന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഈ മേഖലയില്‍ കൂടുതല്‍ ചര്‍ച്ചകളും നിയമനിര്‍മാണങ്ങളും മറ്റുമുണ്ടാകുന്നത്. സ്ത്രീയവകാശങ്ങളെക്കുറിച്ച് വൈകി സംസാരിച്ചു തുടങ്ങിയവര്‍ പക്ഷേ, ഇന്നെത്തിച്ചേര്‍ന്നത് തീര്‍ത്തും സ്ത്രീ വിരുദ്ധമായ കാര്യങ്ങളിലാണ്. സമ്പത്തിലും ശരീരത്തിലും വസ്ത്രത്തിലും വ്യക്തിത്വത്തിലും ഉടുപ്പിലും ഉദ്യോഗത്തിലും നടപ്പിലും നടനത്തിലും അധികാരത്തിലും അറിവിലും അഭിപ്രായത്തിലുമെല്ലാം പുരുഷപ്രാധാന്യം സ്ത്രീക്കും ലഭിക്കേണ്ടതുണ്ടെന്നതാണ് പുറം വാദങ്ങളെങ്കിലും ഉടുക്കാത്ത സ്ത്രീ എന്നതാണ് സ്ത്രീ സമത്വത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും പരമകാഷ്ഠയെന്നാണ് ഇവരുടെ നടപടികള്‍ വ്യക്തമാക്കുന്നത്. സ്ത്രീ വിമോചനം മുദ്രാവാക്യമാക്കിയ ഫെമിനിസം ഫലത്തില്‍ സ്ത്രീയെ ഒന്നുമല്ലാതാക്കുകയാണ് ചെയ്തത്. സ്ത്രീയെ പുരുഷനില്‍ നിന്ന് 'മോചിപ്പി'ക്കുകയല്ല ഇസ്‌ലാം ചെയ്തത്. സ്ത്രീയും പുരുഷനും ചേര്‍ന്ന സക്രിയമായ സമൂഹ സൃഷ്ടിക്ക് പ്രാപ്തമാക്കുകയാണ് ചെയ്തത്. സ്ത്രീയും പുരുഷനും സമൂഹത്തിന്‍റെ അനുപൂരക ഘടകമാണെന്ന് പഠിപ്പിക്കുകയാണ് ചെയ്തത്.