പുതുതലമുറ ബിസിനസുകളാണിവ. കാഴ്ചപ്രധാനമായ ന്യൂജന്‍ യുവത്വത്തിന്റെയും വാര്‍ധക്യത്തിന്റെയുമെല്ലാം പ്രധാന മേച്ചില്‍ സ്ഥലങ്ങളായി ഇത്തരം കേന്ദ്രങ്ങള്‍ മാറിയിരിക്കുന്നു. പല തിന്മകളെയും പോലെ ഇവിടെയും ശരിയും തെറ്റും കൂടിക്കുഴഞ്ഞു കിടക്കുന്നു. അല്ലാഹു സുന്ദരനാണ്. അവന്‍ സൗന്ദര്യം ഇഷ്ടപ്പെടുന്നു എന്നു നബി(സ്വ) പറഞ്ഞത് സൗന്ദര്യ ബോധത്തോടെ വസ്ത്രവും പാദരക്ഷകളുമെല്ലാം ഉപയോഗിക്കുന്നത് അഹങ്കാരവും കുറ്റകരവുമാകുമോ എന്ന് സംശയം പ്രകടിപ്പിച്ച അനുചരനോടാണ്. പാറിപ്പറന്ന മുടിയുമായി വന്ന സഹാബിയോട് ചീര്‍പ്പുകിട്ടിയില്ലേ എന്ന് ശാസിക്കുകയും എല്ലാ സാമ്പത്തിക സൗകര്യവുമുണ്ടായിട്ടും വളരെ താഴ്ന്ന വസ്ത്രങ്ങള്‍ ധരിച്ച വ്യക്തിയോട് അല്ലാഹു തന്നത് കാണിക്കാതിരിക്കുന്നതെന്തിനെന്ന് ഗുണദോഷിക്കുകയും ചെയ്തത് റസൂല്‍ നമുക്ക് നല്കിയ സന്ദേശമാണ്. നരച്ചമുടിക്ക് ചായംകൊടുക്കാനും നബി(സ്വ) നിബന്ധനകളോടെ അനുമതി നല്കി.
എന്നാല്‍ പച്ചകുത്തുന്നതും പല്ലു മൂര്‍ച്ചകൂട്ടുന്നതും പുരികം നേര്‍പ്പിക്കുന്നതുമായ കാര്യങ്ങള്‍ നബി(സ്വ) നിരോധിച്ചു. ഇവചെയ്യുന്നവരെയും ചെയ്യിക്കുന്നവരെയും അദ്ദേഹം ശപിക്കുകയുണ്ടായി (മുസ്‌ലിം). സൗന്ദര്യത്തിനായി പല്ലുകള്‍ അകറ്റി അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ മാറ്റമുണ്ടാക്കുന്നവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. മുടി കൂട്ടിച്ചേര്‍ക്കുന്നവളെയും അതിന് ആവശ്യപ്പെടുന്നവളെയും നബി(സ്വ) ശപിച്ചിരിക്കുന്നു (ബുഖാരി). രോഗം കാരണം മുടി നശിച്ചുപോയ പെണ്‍കുട്ടിക്കുപോലും കൃത്രിമ മുടിവെക്കാന്‍ അദ്ദേഹം അനുവാദം നല്കിയില്ല.
ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത്, ഇസ്‌ലാം അലങ്കാരങ്ങളെ അംഗീകരിക്കുകയും കൃത്രിമാലങ്കാരങ്ങളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ്. പ്രത്യേകിച്ചും മറ്റുള്ളവരെ വഞ്ചിക്കാനായി കൃത്രിമ അലങ്കാരങ്ങള്‍ ഉപയോഗിക്കുന്നത് നിഷിദ്ധമാണ്. അല്ലാഹു നല്കിയ പ്രകൃതിയില്‍ മാറ്റം വരുത്താതിരിക്കലാണ് ഉത്തമമായിട്ടുള്ളത്. എന്നാല്‍ വൈകല്യം, പ്രയാസം എന്നിവ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ചില പ്രവര്‍ത്തനങ്ങള്‍ അനുവദിക്കപ്പെട്ടിരിക്കുന്നു. മുച്ചിറിക്കും മറ്റും ഓപറേഷന്‍ നടത്തുന്നതും സ്ത്രീകള്‍ മുഖരോമം നീക്കം ചെയ്യുന്നതും ഇങ്ങനെ അനുവദനീയമാണ്. ഇത്തരം ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുന്നതും പ്രതിഫലം പറ്റുന്നതും അനുവദനീയമാണ്.
ഇന്നു കാണുന്ന സലൂണുകളിലും ബ്യൂട്ടി പാര്‍ലറുകളിലും മിക്കതും ഇസ്‌ലാം വിരോധിച്ച ജാഹിലിയ്യത്തിന്റെ സൗന്ദര്യാലങ്കാരങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. സ്ത്രീകള്‍ അലംകൃതരാകേണ്ടത് ഭര്‍ത്താവിനു മുന്നിലാണ്. എന്നാല്‍ ബ്യൂട്ടി പാര്‍ലറില്‍ വരുന്നവര്‍ സൗന്ദര്യപ്രദര്‍ശനത്തിനായി ഒരുങ്ങുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ ധൂര്‍ത്തിന്റെയും പൊങ്ങച്ചത്തിന്റെയും വേദികള്‍ കൂടിയായി മാറിയിരിക്കുന്നു. സത്യവിശ്വാസികള്‍ ഇതുമായി ബന്ധപ്പെട്ട ജോലികള്‍ സ്വീകരിക്കാതിരിക്കുകയും വസ്തുക്കള്‍ വില്‍ക്കാതിരിക്കുകയും ഇവയില്‍ സഹകരിക്കാതിരിക്കുകയുമാണ് സൂക്ഷ്മതക്ക് നല്ലത്.
പുരുഷ ശരീരം അധ്വാനത്തിനു പറ്റിയ രൂപത്തിലാണ് അല്ലാഹു ക്രമീകരിച്ചത്. എന്നാല്‍ ശാരീരികാധ്വാനത്തിന് താല്പര്യമില്ലാത്ത തലമുറയുടെ ശരീരസൗന്ദര്യ സങ്കല്‍പമാണ് ബോഡിബില്‍ഡിംഗ്. ആരോഗ്യം എന്നതില്‍ കവിഞ്ഞ് ആരോഗ്യ ചിഹ്നമെന്ന് കരുതുന്ന ചില രൂപങ്ങളിലേക്ക് ശരീരഭാഗങ്ങളെ വളര്‍ത്തിക്കൊണ്ടുവരികയാണ് ഇതിന്റെ രീതി. അഹങ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും ധൂര്‍ത്തിന്റെയും ഈ സൗന്ദര്യ പ്രദര്‍ശന രീതി വിശ്വാസികള്‍ക്ക് ഒട്ടും ഭൂഷണമല്ല. എന്നാല്‍ ശാരീരിക ബലമുള്ള വിശ്വാസിയാണ് ഉത്തമന്‍ എന്ന നബി(സ്വ)യുടെ വചനം പ്രചോദനമാക്കി ആരോഗ്യ സംരക്ഷണത്തിനായി ഇത്തരം വ്യായാമമുറകള്‍ ഉപയോഗിക്കുന്നത് തെറ്റല്ല.