ആശയങ്ങളോ വിചാരങ്ങളോ വിവരങ്ങളോ പരസ്പരം കൈമാറ്റം ചെയ്യുന്നതിനെ ആശയവിനിമയം എന്ന് പറയുന്നു. ആശയവിനിമയം സ്വാധീനിക്കുന്നതും സ്വാധീനിക്കേണ്ടതുമായ പെരുമാറ്റ തലങ്ങള്‍ മൂന്നായി തിരിക്കാം. 1) ബൗദ്ധികം, 2) മനോഭാവം, 3) പ്രായോഗികം. ദാമ്പത്യബന്ധത്തിന്റെ സൗന്ദര്യം പ്രകടമാകുന്നതും സൗരഭ്യമനുഭവിക്കാന്‍ സാധിക്കുന്നതും ദമ്പതികള്‍ തമ്മില്‍ നടക്കുന്ന ഫലപ്രദമായ ആശയവിനിമയത്തിലൂടെയാണ്. ആശയവിനിമയത്തിന്റെ അഭാവമോ അപര്യാപ്തതയോ ആരോഗ്യകരവും മാതൃകാപരവുമായ ദാമ്പത്യത്തിന് വിള്ളലുകള്‍ വീഴ്ത്തുന്നു. ഇണയുടെ മനോഗതി തിരിച്ചറിഞ്ഞ് വൈകാരികതയില്‍ ഗുണപരമായ സ്വാധീനം ചെലുത്താന്‍ കഴിയുംവിധം ആവശ്യഘട്ടങ്ങളില്‍ വേണ്ടവിധം ഇടപെടുകയും സംവദിക്കുകയും ചര്‍ച്ച ചെയ്യുകയും അഭിപ്രായമാരായുകയും ഗുണദോഷിക്കുകയും ചെയ്യുന്നത് ആശയവിനിമയത്തിന്റെ ഭാഗമാണ്.
ഇണക്കങ്ങള്‍ ദാമ്പത്യബന്ധത്തെ ഇഴപിരിയാത്ത ബന്ധങ്ങളായി നിലനിര്‍ത്തുമ്പോള്‍ പിണക്കങ്ങള്‍ ദാമ്പത്യത്തെ ബന്ധനങ്ങളാക്കി മാറ്റുന്നു. പ്രതികാര ചിന്തയും അസ്വാരസ്യവും പകപോക്കലുംകൊണ്ട് വീടകങ്ങളില്‍ പ്രശ്‌നങ്ങള്‍ പുകയുമ്പോള്‍ രമ്യമായി പരിഹരിക്കാനുള്ള വാതില്‍പോലും മിക്കപ്പോഴും അടഞ്ഞുപോകുന്നത് അഹിതകരമായ സംസാരങ്ങളും അനിഷ്ടകരമായ ഇടപെടലുകളും മൂലമാണ്. ആശയവിനിമയത്തിന്റെ ഫലപ്രാപ്തിക്ക് മുന്നുപാധിയായിട്ട് ഇണയെ മനസ്സിലാക്കുക എന്നത് വേണ്ടവിധം നടക്കേണ്ടതുണ്ട്. സ്വന്തം ഇണയുടെ മാനസികവും വൈകാരികവുമായ അവസ്ഥാ വ്യതിയാനങ്ങള്‍ കണ്ടറിഞ്ഞ് ഇടപെടുകയും പ്രശ്‌നപരിഹാരം നടത്തുകയും ചെയ്യുകയാണ് ബുദ്ധിപരമായ സമീപനം. മുഹമ്മദ് നബി(സ്വ)യുടെയും പത്‌നി ആഇശ(റ)യുടെയും ജീവിതത്തിലുണ്ടായ ഒരു സംഭവം: നബി(സ്വ) ഒരിക്കല്‍ ആഇശ(റ)യോട് പറഞ്ഞു. നിന്റെ തൃപ്തിയും കോപവും എനിക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. അതെങ്ങനെയാണെന്ന് ആഇശ(റ) ചോദിച്ചു. നബി(സ്വ) പറഞ്ഞു. 'ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും അവസരങ്ങളില്‍ നീ പറയുക 'മുഹമ്മദിന്റെ രക്ഷിതാവാണ് സത്യം' എന്നായിരിക്കും. എന്നാല്‍ കോപത്തിന്റെയും അസംതൃപ്തിയുടെയും ഘട്ടത്തില്‍ നീ പറയുക 'ഇബ്‌റാഹീമിന്റെ രക്ഷിതാവാണ് സത്യം' എന്നായിരിക്കും. ആഇശ(റ) അത് ശരിവെക്കുകയും ചെയ്തു. എത്രസൂക്ഷ്മമായി ഇണയെ അറിയാന്‍ നബി(സ്വ) ശ്രമിച്ചിരുന്നു എന്ന് ഇതില്‍നിന്നു വ്യക്തമാകുന്നുണ്ട്.
ജീവിതസന്ധാരണത്തിന്റെ തിരക്കിനിടയില്‍ പങ്കാളിയോട് വേണ്ടവിധം സംസാരിക്കാന്‍ സമയം കാണാത്തത് മിക്കപ്പോഴും മാനസികമായി പരസ്പരം അകല്‍ച്ചയ്ക്ക് ആക്കും കൂട്ടുന്നു. അതിനാല്‍ ദിനേന ഇണകള്‍ തമ്മില്‍ കിടപ്പറയിലെ സംസാരത്തിന് പുറമെ വ്യക്തിപരമായി അല്പസമയമെങ്കിലും പരസ്പരം ഉള്ളുതുറക്കാന്‍ സമയം കണ്ടെത്തണം. അകന്നുപോകുന്ന മനസ്സുകളെ അടുപ്പിക്കാനും പരസ്പരമുള്ള വൈകാരികബന്ധത്തിന് ഊഷ്മളത പകരാനും ഇത് അനിവാര്യമാണ്. പങ്കാളിയുടെ മനസ്സറിഞ്ഞ് പെരുമാറാന്‍ കഴിയുന്നതുപോലെ തനിക്ക് ഒട്ടും താത്പര്യമില്ലാത്ത വിഷയമാണ് സംസാരിക്കുന്നത് എങ്കില്‍പോലും നിറഞ്ഞ മനസ്സോടെ കേള്‍ക്കാനുള്ള ക്ഷമ കൂടിയേ തീരൂ. അന്യോന്യം കേള്‍വിക്കാരാവുന്നതില്‍ വരുന്ന വീഴ്ച തെറ്റിദ്ധാരണയുടെ മൂടുപടം സൃഷ്ടിക്കുകയും ആശയവിനിമയം ക്രമേണ കുറഞ്ഞുവരികയും ചെയ്യുന്നു. പലപ്പോഴും കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ പലതും ദമ്പതികളെ അലട്ടുമ്പോള്‍ പ്രശ്‌നപരിഹാരത്തിന്റെ പ്രഥമ പടിയായി ഏവരും ആഗ്രഹിക്കുന്നത് തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള ഇടവും അത് കേള്‍ക്കാനുള്ള മനസ്സും ഉണ്ടായിത്തീരുക എന്നതാണ്. ദാമ്പത്യബന്ധത്തില്‍ ഇണകളിലൂടെ നിവര്‍ത്തിക്കപ്പെടുന്ന ഈ ഒരു ആവശ്യത്തിന് പരിഹാരം കാണാന്‍ കഴിയാതെവരുമ്പോള്‍ ബന്ധങ്ങളില്‍ വിള്ളല്‍ വീഴാന്‍ അത് നിമിത്തമായിത്തീരുന്നു.
ദാമ്പത്യ ജീവിതത്തിന്റെ വിശുദ്ധിയും വിശ്വാസ്യതയും കാത്തുസൂക്ഷിക്കാന്‍ രഹസ്യങ്ങള്‍ പങ്കുവെക്കുക അത്യന്താപേക്ഷിതമാണ്. എന്നാല്‍ വിഷയത്തിന്റെ സ്വഭാവവും സാഹചര്യത്തിന്റെ ഔചിത്യവും പരിഗണിച്ച് മാത്രമേ രഹസ്യങ്ങള്‍ ഇണകള്‍ തമ്മില്‍ പങ്കുവെക്കാവൂ എന്നാണ് മനഃശാസ്ത്രജ്ഞരും ഫാമിലി കൗണ്‍സിലര്‍മാരും അഭിപ്രായപ്പെടുന്നത്. തന്റെ ഇണ സ്വകാര്യമുറികളില്‍വെച്ച് വെളിപ്പെടുത്തുന്ന രഹസ്യങ്ങള്‍ പരസ്യപ്പെടുത്തുന്നത് ഭാര്യയ്ക്കും ഭര്‍ത്താവിനും നിഷിദ്ധമാണ്. നബി(സ്വ) പറഞ്ഞു: 'ജനങ്ങളില്‍വെച്ച് പരലോകത്ത് അല്ലാഹുവിന്റെയടുത്ത് ഏറ്റവും നിന്ദ്യനായവന്‍ തന്റെ ഭാര്യയുമായി സംയോഗ സുഖം ആസ്വദിക്കുകയും പിന്നീട് അവളുടെ രഹസ്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പരസ്യപ്പെടുത്തുകയും ചെയ്യുന്നവനാകുന്നു.(ഇബ്‌നുഅബീ ശൈബ, അഹ്മദ്, അബൂനുഐം). പ്രസിദ്ധ ഫിമിലി കൗണ്‍സിലറും മനഃശാസ്ത്രജ്ഞനുമായ ഡോ. ഡോറിസ് ഹെമറിന്ഞറുടെ അഭിപ്രായത്തില്‍ നൂറു ശതമാനം വ്യക്തിരഹസ്യങ്ങളും ഇണയുമായി ചര്‍ച്ച ചെയ്യുന്ന ദമ്പതിമാര്‍ക്ക് ഒരിക്കലും മാതൃകാ ദാമ്പത്യം നയിക്കാന്‍ സാധ്യമല്ല. ബാല്യ കൗമാര ദശയിലെ ചാപല്യങ്ങള്‍, വൈകാരിക വേലിയേറ്റത്തിന്നിടയില്‍ വന്നുപോയ പിഴവുകള്‍ എന്നിവ പറയാതിരിക്കുന്നതാണ് ഉചിതം.