Skip to main content

അനുവദനീയതയുടെ അടിസ്ഥാനം

അല്ലാഹുവോ അവന്റെ പ്രവാചകനോ അനുവദനീയമാക്കിയത് അഥവാ നിരോധിക്കാത്തതിനെ സൂചിപ്പിക്കുന്ന സംജ്ഞയാണ് ഹലാല്‍. ഇസ്‌ലാമില്‍ ഖണ്ഡിതമായി നിരോധിക്കപ്പെട്ട കാര്യങ്ങളെ 'ഹറാം' (നിഷിദ്ധം) എന്നു പറയുന്നു. മനുഷ്യന് മോക്ഷം കൈവരിക്കാനുള്ള മാര്‍ഗമായ ദൈവിക മതങ്ങള്‍ മുഖേന നല്കപ്പെട്ട ഹറാമിന്റെയും ഹലാലിന്റെയും വിധിവിലക്കുകള്‍ മഹിതമായ മാനവിക മൂല്യങ്ങളിലേക്ക് മനുഷ്യനെ നയിച്ചു. ശാശ്വതവും സമ്പൂര്‍ണവും സമഗ്രവുമായ ഇസ്‌ലാമിലൂടെ കാലദേശ ഭേദമന്യേ സര്‍വ മനുഷ്യര്‍ക്കും നന്മ വരുത്താനാവശ്യമായ നിയമ നിര്‍മാണമാണ് അല്ലാഹു പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഈ മൂല്യങ്ങള്‍ പാലിക്കാത്ത സമൂഹങ്ങള്‍ മനുഷ്യകുലത്തിന് ദോഷകരമായി നില്ക്കുന്നു.

ജാഹിലിയ്യാ കാലത്തെ അറേബ്യന്‍ സമൂഹം തന്നെയാണ് മികച്ചൊരുദാഹരണം. മദ്യപാനം, പലിശ, സ്ത്രീപീഡനം, ശിശുഹത്യ തുടങ്ങിയ ജീര്‍ണതകള്‍ അവരുടെ മുഖമുദ്രയായിരുന്നു. ഇസ്‌ലാം ഹറാമിന്റെയും ഹലാലിന്റെയും മാനദണ്ഡങ്ങള്‍ സുനിശ്ചിതമാക്കി. വ്യക്തിയുടെയും സമൂഹത്തിന്റെയും ബുദ്ധിപരവും ആത്മീയവും ശാരീരികവുമായ നന്മയാണ് ഇസ്‌ലാം അനുവദനീയമാക്കിയതിന്റെയും നിഷിദ്ധമാക്കിയതിന്റെയും അടിസ്ഥാന മാനദണ്ഡമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്.

അല്ലാഹു സൃഷ്ടിച്ച വസ്തുക്കളുടെയും പ്രയോജനകരമായ പദാര്‍ഥങ്ങളുടെയും മൗലിക സ്വഭാവം അനുവദനീയതയാണ്. അല്ലാഹു നിഷിദ്ധമാക്കിയതിന് വ്യക്തവും സ്വീകാര്യവുമായ തെളിവില്ലാത്തവയൊന്നും തന്നെ നിഷിദ്ധമല്ല. ഇസ്‌ലാമിക ശരീഅത്തില്‍ അനുവദനീയങ്ങളുടെ മേഖല വളരെ വിശാലവും നിഷിദ്ധങ്ങളുടെ വൃത്തം നന്നെ ചെറുതുമാണ്. നിഷിദ്ധമാക്കിയ കാര്യങ്ങളാകട്ടെ അതിന്റെ പിന്നില്‍ ന്യായമായ കാരണങ്ങളും യുക്തിദീക്ഷയുടെ അടിസ്ഥാനവും കാണും.  

ഓരോ പ്രശ്‌നങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ഹറാം ഹലാല്‍ മതവിധി നല്‍കുകയായിരുന്നില്ല നബി(സ്വ) ചെയ്തത്. ഹറാമും ഹലാലും മനസ്സിലാക്കാന്‍ അവലംബിക്കേണ്ട തത്വങ്ങളെക്കുറിച്ച് അവരെ ഉണര്‍ത്തുകയാണ് ചെയ്തത്. സല്‍മാനുല്‍ ഫാരിസി(റ) പറയുന്നു: പാല്‍ക്കട്ടി, കൊഴുപ്പ്, രോമവസ്ത്രം എന്നിവയെ സംബന്ധിച്ച് നബി(സ്വ)യോട് ചോദിച്ചു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ''അല്ലാഹു തന്റെ ഗ്രന്ഥത്തില്‍ ഹലാലാക്കിയവ അനുവദനീയങ്ങളാണ്. ഹറാമാക്കിയവയൊക്കെ നിഷിദ്ധങ്ങളും. മൗനമവലംബിച്ചവ നിങ്ങള്‍ക്ക് ഇളവ് നല്‍കപ്പെട്ടവയും'' (തിര്‍മിദി). 

അല്ലാഹു ചില നിര്‍ബന്ധ കാര്യങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അതുപേക്ഷിക്കാന്‍ പാടില്ല. ചില പരിധികള്‍ നിര്‍ണയിച്ചിരിക്കുന്നത് ലംഘിക്കാനും പാടില്ല. നിഷിദ്ധങ്ങളായി പ്രഖ്യാപിച്ചത് പാടെ വര്‍ജിക്കുകയും മൗനമവലംബിച്ചത് ചുഴിഞ്ഞന്വേഷിക്കാതിരിക്കുകയും വേണമെന്നാ ണ് നിയമം. നബി(സ്വ) അരുളി. ഞാന്‍ നിങ്ങളോട് നിര്‍ദേശിക്കാതെ ഉപേക്ഷിച്ചതില്‍ നിങ്ങളെന്നെയും ഉപേക്ഷിക്കുക. നിശ്ചയം നിങ്ങളുടെ മുന്‍ഗാമികള്‍ നശിച്ചതിന്റെ കാരണം പ്രവാചകന്മാര്‍ക്കെതിരിലുള്ള അവരുടെ അനാവശ്യ ചോദ്യങ്ങളും ഭിന്നതയുമാണ്. അതുകൊണ്ട് ഞാന്‍ നിങ്ങളോട് ഒരു കാര്യം നിരോധിച്ചാല്‍ അത് നിങ്ങള്‍ വര്‍ജിക്കുക. വല്ലതും കല്പിച്ചാല്‍ നിങ്ങള്‍ക്ക് സാധിക്കുന്നതു ചെയ്യുക (ബുഖാരി 13-219, മുസ്‌ലിം 1337).
 

Feedback
  • Sunday Nov 24, 2024
  • Jumada al-Ula 22 1446