ദൈവിക മതമായ ഇസ്‌ലാമിലെ വിധിവിലക്കുകള്‍ സുവ്യക്തമാണ്. അത് ലളിതവും കൃത്യവുമായി പ്രമാണങ്ങളില്‍നിന്ന് ഗ്രഹിക്കാന്‍ കഴിയും. അവ്യക്തതകളേതുമില്ലാതെ ഹലാലിന്റെയും ഹറാമിന്റെയും കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വേര്‍തിരിച്ച് കൊടുത്തു എന്നത് അല്ലാഹു ചെയ്ത അനുഗ്രഹമായി ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. ''നിങ്ങള്‍ക്ക് നിഷിദ്ധമായത് നിങ്ങള്‍ക്കവന്‍ വിശദീകരിച്ചു തന്നിട്ടുണ്ട്''(6:119).
വ്യക്തമായും അനുവദനീയ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ മതപരമായി യാതൊരു വിലക്കുമില്ല. സ്പഷ്ടമായും നിരോധിക്കപ്പെട്ടവ നിര്‍ബന്ധിത സാഹചര്യത്തിലല്ലാതെ പ്രവര്‍ത്തിക്കാന്‍ പാടില്ലാത്തതുമാണ്. എന്നാല്‍ വ്യക്തമായ നിഷിദ്ധങ്ങളുടെയും സ്പഷ്ടമായ അനുവദനീയങ്ങളുടെയും മധ്യേ ഒരു മേഖലയുണ്ട്. സംശയാസ്പദമായ ഇത്തരം കാര്യങ്ങള്‍ വ്യക്തമായി ഹറാമെന്നോ ഹലാലെന്നോ വിധി പറഞ്ഞുകൂടാത്തതാണ്. സൂക്ഷ്മതയ്ക്കായി ഇത്തരം അവ്യക്തമായ കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. നിഷിദ്ധങ്ങളിലകപ്പെടാതിരിക്കാനുള്ള ജാഗ്രതയുടെ ഭാഗമായി അവര്‍ വര്‍ജിക്കുന്നതാണ് കൂടുതല്‍ നല്ലത്.
സംശയാസ്പദമായ കാര്യങ്ങളില്‍ ഈ ഒരു നിലപാട് സ്വീകരിക്കുന്നതിന്റെ അടിസ്ഥാനം പ്രവാചകന്റെ ഒരു വചനമാണ് നബി(സ്വ) പറഞ്ഞു. ''അനുവദനീയങ്ങളായവ വ്യക്തമാണ്. നിഷിദ്ധങ്ങളായവ സ്പഷ്ടങ്ങളുമാണ്'' അവയ്ക്കിടയില്‍ സാദൃശ്യങ്ങളുള്ള കാര്യങ്ങളുണ്ട്. അധികമാളുകള്‍ക്കും അവ അറിയുകയില്ല. അത്തരം അവ്യക്തമായ കാര്യങ്ങളില്‍ പെട്ടുപോകാതെ സൂക്ഷിക്കുന്നവന്‍ തന്റെ മതത്തിനും അഭിമാനത്തിനും പോറലേല്‍ക്കാതെ രക്ഷപ്പെട്ടു. അത്തരം അവ്യക്തത കാര്യങ്ങളില്‍പെട്ട് പോകുന്നവന്‍ നിഷിദ്ധമായവയിലകപ്പെടുന്നു. സംരക്ഷിതമേഖലയ്ക്ക് ചുറ്റും അതിര്‍ത്തിയോടടുത്ത് മേയുന്നതു പോലെയാണത്. അതിരു കടന്ന് മേയാനിടയുണ്ട്. അറിയുക, ഓരോ രാജാവിനും ഓരോ സംരക്ഷിത മേഖലയുണ്ട്. അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളത്രെ അവന്റെ സംരക്ഷിത സ്ഥലം (ബുഖാരി, മുസ്‌ലിം).