നാലു ദൃക്‌സാക്ഷികള്‍ ഇല്ലാതെ ഒരാളുടെ മേല്‍ വ്യഭിചാരം ആരോപിക്കരുത് എന്നാണ് ഇസ്‌ലാമിക നിയമം. തെളിവുകൂടാതെ, വ്യഭിചാരോപണം പരസ്യപ്പെടുത്തിയവരെ എണ്‍പത് അടി അടിക്കണമെന്നും അല്ലാഹു പ്രസ്താവിക്കുന്നു. എന്നാല്‍ ഭാര്യ വ്യഭിചരിക്കുന്നത് കണ്ടാല്‍ ഭര്‍ത്താവിന് ആ കുറ്റം പരസ്യപ്പെടുത്താതിരിക്കാന്‍ സാധ്യമല്ല. അതിന് സാക്ഷികള്‍ ഉണ്ടാവണമെന്നില്ല. മറ്റൊരാളുമായി കിടപ്പറ പങ്കിട്ട ഭാര്യയുമായി ജീവിതം മുന്നോട്ടുപോകലും അസാധ്യമാണ്. ഈ ഒരു സാഹചര്യത്തില്‍ നാലുസാക്ഷികള്‍ ഇല്ലെങ്കിലും താന്‍ കണ്ട കാര്യം സത്യമാണെന്ന് അല്ലാഹുവിന്റെ പേരില്‍ നാലുതവണ സത്യം ചെയ്യണമെന്നതാണ് മതവിധി. ഈ അവസരത്തില്‍ കുറ്റം നിഷേധിക്കാനാണവള്‍ ഒരുങ്ങുന്നതെങ്കില്‍ അപ്രകാരം ഞാന്‍ ചെയ്തിട്ടില്ലായെന്നും അയാള്‍ കളവാണ് പറയുന്നതെന്നും അല്ലാഹുവിന്റെ പേരില്‍ അവള്‍ നാലു പ്രാവശ്യം സത്യം ചെയ്യണം. അങ്ങനെ രണ്ടുപേരും സത്യം ചെയ്തുകഴിഞ്ഞാല്‍ അവര്‍ തമ്മിലുള്ള ബന്ധം വേര്‍പെടുത്തണം. ഇനി അവള്‍ കുറ്റം സമ്മതിക്കുകയാണെങ്കില്‍ വ്യഭിചാരത്തിനുള്ള ശിക്ഷ അവള്‍ക്ക് നല്‍കുകയും വേണം. 'ഞാന്‍ പറയുന്നത് കളവാണെങ്കില്‍ അല്ലാഹുവിന്റെ ശാപം എന്നില്‍ ഉണ്ടാവട്ടെ' എന്ന ശാപവാക്ക് ഇരുവരും പറയുന്നതിനാലാണ് 'ലിആന്‍' എന്ന് ഇതിന് പേരു വന്നത്.
വിശുദ്ധ ഖുര്‍ആന്‍ ഈ നിയമം വിശദീകരിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു: ''തങ്ങളുടെ ഭാര്യമാരുടെ മേല്‍(വ്യഭിചാരം) ആരോപിക്കുകയും അവരവര്‍ ഒഴികെ മറ്റു സാക്ഷികളൊന്നും തങ്ങള്‍ക്ക് ഇല്ലാതിരിക്കുകയും ചെയ്യുന്നവരാരോ അവരില്‍ ഓരോരുത്തരും നിര്‍വഹിക്കേണ്ട സാക്ഷ്യം തീര്‍ച്ചയായും ഞാന്‍ സത്യവാന്മാരുടെ കൂട്ടത്തിലാകുന്നു എന്ന് അല്ലാഹുവിന്റെ പേരില്‍ നാലുപ്രാവശ്യം സാക്ഷ്യം വഹിക്കലാകുന്നു. അഞ്ചാമതായി, താന്‍ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെങ്കില്‍ അല്ലാഹുവിന്റെ ശാപം തന്റെ മേല്‍ ഭവിക്കട്ടെ എന്ന് (പറയുകയും വേണം). തീര്‍ച്ചയായും അവന്‍ കളവുപറയുന്നവരുടെ കൂട്ടത്തിലാകുന്നു എന്ന് അല്ലാഹുവിന്റെ പേരില്‍ അവള്‍ നാലുപ്രാവശ്യം സാക്ഷ്യം വഹിക്കുന്നപക്ഷം അതവളെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതാണ്. അഞ്ചാമതായി, അവന്‍ സത്യവാന്മാരുടെ കൂട്ടത്തിലാണെങ്കില്‍ അല്ലാഹുവിന്റെ കോപം തന്റെ മേല്‍ ഭവിക്കട്ടെ എന്ന് (പറയുകയും വേണം)'' (24:6-9).
ശാപവാക്കുകള്‍ ഇരവരും പറഞ്ഞുകഴിഞ്ഞാല്‍ രണ്ടുപേരും വേര്‍പിരിയണം. അവര്‍ പ്രസവിച്ച് കുഞ്ഞുണ്ടായാല്‍ കുഞ്ഞ് അവളുടേതായിരിക്കും. അവളുടെ അനന്തരസ്വത്തിന് ഈ കുഞ്ഞ് അവകാശിയായിരിക്കും. ലിആന്‍ സംഭവിക്കന്നതോടുകൂടി അത് ബാഇനായ(മടക്കിയെടുക്കാന്‍ പറ്റാത്ത) ത്വലാഖാണെന്നാണ് അബൂഹനീഫ(റ) പറയുന്നത്.