മനുഷ്യന്റെ നൈസര്‍ഗികമായ ലൈംഗിക ബന്ധത്തിന്റെ സ്വഭാവം സ്ത്രീയും പുരുഷനും തമ്മിലുള്ള വേഴ്ചയാണ്. മനുഷ്യ പ്രകൃതി അംഗീകരിക്കുന്നതും അതുതന്നെ. സ്ത്രീയുടെയും പുരുഷന്റെയും സൃഷ്ടിപ്പിലെ ഘടനാപരമായ സവിശേഷതകള്‍ പ്രകൃതിക്ക് യോജ്യവും പരസ്പര പൂരകവുമാണ്. എന്നാല്‍ ഇതിന് കടകവിരുദ്ധമായി ഒരേ വര്‍ഗത്തില്‍ നിന്നുള്ള ലൈംഗിക വേഴ്ച പ്രകൃതിവിരുദ്ധമാണ്. അത് ഇസ്‌ലാം വിലക്കിയതുമാണ്. മനുഷ്യവംശ നിലനില്പിന്നാധാരം സ്ത്രീ പുരുഷ ലൈംഗികബന്ധവും ഇണജീവിതവുമാണല്ലോ. എന്നാല്‍, ഇതിന് വിരുദ്ധമായി ഒരേവര്‍ഗത്തില്‍ പെട്ടവര്‍ തമ്മില്‍ നടക്കുന്ന ലൈംഗികവേഴ്ച പൗരുഷത്തെ അവമതിക്കുകയും സ്ത്രീയുടെ അസ്തിത്വത്തെ നിഷേധിക്കുകയും ചെയ്യുന്ന ഹീനവൃത്തിയാണ്. ഈ മ്ലേച്ഛ വൃത്തിയുടെ വ്യാപനം ദൂരവ്യാപകമായ ദുരന്തഫലങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
പുരുഷ സ്വവര്‍ഗരതിയുടെ കേന്ദ്രമായിരുന്ന സദൂം നിവാസികളോട് ലൂത്വ് നബി(അ) ചോദിച്ചതായി വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുന്നു: 'ലോകത്തിലെ മനുഷ്യരില്‍ നിന്ന് നിങ്ങള്‍(മാത്രം) പുരുഷന്മാരുടെ അടുക്കല്‍(ലൈംഗികവേഴ്ചയ്ക്ക്) ചെല്ലുകയാണോ? നിങ്ങള്‍ക്കായി നിങ്ങളുടെ രക്ഷിതാവ് സൃഷ്ടിച്ചു തന്ന ഇണകളെ നിങ്ങള്‍ ഉപേക്ഷിക്കുകയാണോ? എന്നാല്‍ നിങ്ങള്‍ അക്രമകാരികളായ ഒരു ജനത തന്നെ' (26:165,166). അല്ലാഹു നിശ്ചയിച്ചതും അനുവദിച്ചുതന്നതുമായ ലൈംഗികതയുടെ അതിര്‍വരമ്പുകള്‍ അതിലംഘിച്ച് അരാജകത്വത്തിന്റെയും നിന്ദ്യതയുടെയും പാപവഴിയിലേക്ക് ലൂത്വിന്റെ ജനത എത്തിപ്പെട്ടതായി ഖുര്‍ആന്‍ ഗൗരവസ്വരത്തില്‍ താക്കീത് ചെയ്യുകയാണ്.
പുരുഷനും പുരുഷനുമായും സ്ത്രീയും സ്ത്രീയുമായും നടത്തുന്ന ലൈംഗികവേഴ്ചയാണ് സ്വവര്‍ഗരതി. ഒരേ വര്‍ഗത്തില്‍പെട്ട വ്യക്തികളുടെ ലൈംഗികത എന്ന അര്‍ഥത്തില്‍ ഹോമോ സെക്ഷ്വാലിറ്റി(Homo sexuality) എന്ന പേരില്‍ ഇതറിയപ്പെടുന്നു. പുരുഷനും പുരുഷനും തമ്മിലുള്ള ലൈംഗിക വേഴ്ചയ്ക്ക് സോദോമി എന്നും സ്ത്രീയും സ്ത്രീയും തമ്മിലുള്ള രതിയെ സാഫിസം എന്നും വിളിക്കാറുണ്ട്.
ലൂത്വ് നബിയുടെ നഗരമായ സദൂം നശിപ്പിക്കപ്പെട്ടത് പ്രകൃതി വിരുദ്ധമായ ഈ രതിവൈകൃതം മൂലമായിരുന്നു. അദ്ദേഹത്തിന്റെ അതിഥികളായി മനുഷ്യരൂപം പ്രാപിച്ചിരുന്ന മലാഖമാരെപ്പോലും അവര്‍ അപമാനിച്ചുവെന്ന് ഖുര്‍ആനിലും ബൈബിളിലും(ഉല്പത്തി 19) കാണാം. പ്രകൃതി വിരുദ്ധമായ സ്വവര്‍ഗരതി എന്ന നീചകാര്യത്തില്‍ ഏര്‍പ്പെട്ട സദൂം നിവാസികളെ പരീക്ഷിക്കാനായി മനുഷ്യരൂപത്തില്‍ മാലാഖമാരെ അയക്കുകയുണ്ടായി. ആ സമൂഹം അല്ലാഹുവിന്റെ കടുത്ത ശിക്ഷയ്ക്ക് വിധേയമായി (11:77-81).
സ്വവര്‍ഗരതിയും സ്വവര്‍ഗ പ്രേമക്കാര്‍ തമ്മിലുള്ള വിവാഹവും അനുവദനീയമാക്കിയ രാജ്യങ്ങളില്‍ എയ്ഡ്‌സ് പോലുള്ള ഗുരുതര ലൈംഗിക രോഗങ്ങള്‍ മനുഷ്യനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.