പ്രായശ്ചിത്തം എന്ന അര്‍ഥത്തില്‍ പ്രയോഗിക്കുന്ന മറ്റൊരു പദമാണ് ഫിദ്‌യ. പകരം നല്കുക എന്നാണതിന്റെ അര്‍ഥം. നോമ്പിന്റെ കാര്യത്തില്‍ ഒരു ഫിദ്‌യ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. നിര്‍ബന്ധ കര്‍മമായ റമദാനിലെ വ്രതം അനുഷ്ഠിക്കാന്‍ കഴിയാത്ത രോഗികള്‍ക്കും യാത്രക്കാര്‍ക്കും ഇളവു നല്കപ്പെട്ടിട്ടുണ്ട്. അവര്‍ അത്രയും എണ്ണം പിന്നീട് നോറ്റുവീട്ടിയാല്‍ മതി. എന്നാല്‍ നോമ്പെടുക്കാനും കഴിയില്ല, പിന്നീട് നോറ്റു വീട്ടാനും കഴിയില്ല എന്ന തരത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്ക് നോമ്പിനു പകരമായി ഫിദ്‌യ കൊടുക്കണം. ഒരു നോമ്പിനു പകരം ഒരഗതിക്ക് ആഹാരം നല്കണമെന്നാണ് വിശുദ്ധ ഖുര്‍ആനിലെ കല്പന (2:184).
ഹജ്ജുമായി ബന്ധപ്പെട്ട ഫിദ്‌യകള്‍ പല തരത്തിലുണ്ട്.
1. കര്‍മത്തിന്റെ ഭാഗമായിത്തന്നെ. ഉദാഹരണം: തമത്തുഅ് ആയി ഹജ്ജ് നിര്‍വഹിച്ചവര്‍ ബലിയറുക്കണം (2:196).
2. വിരോധിച്ചത് ചെയ്തു പോയാല്‍. ഉദാഹരണം: ഇഹ്‌റാം ചെയ്ത ശേഷം ബലികര്‍മ ത്തിനു മുമ്പായി മുടിയോ നഖമോ നീക്കിയാല്‍ (2:196).
3. ഇഹ്‌റാമിലായിരിക്കെ വേട്ടയാടിയാല്‍ (5:95).
4. ഹജ്ജ് നിര്‍വഹിക്കാന്‍ തടസ്സം നേരിട്ടാല്‍ ബലിയറുക്കണം (2:196).