Skip to main content

ഹജ്ജിലെ കഫ്ഫാറ

ഹജ്ജ് കര്‍മത്തിന്റെ ക്രമമനുസരിച്ച് ദുല്‍ഹിജ്ജ പത്തിന് ജംറത്തുല്‍ അഖബയില്‍ കല്ലെറിഞ്ഞ് ബലികര്‍മം കഴിഞ്ഞ ശേഷമേ തലമുടി നീക്കി ഇഹ്‌റാമില്‍ നിന്ന് താത്കാലികമായ വിരാമം(തഹല്ലുല്‍) കുറിക്കാവൂ. എന്നാല്‍ അതിനു മുന്‍പായി തലമുടി എടുക്കേണ്ടി വന്നാല്‍ പ്രായശ്ചിത്തം വേണം. ഹജ്ജോ ഉംറയോ ഉദ്ദേശിച്ച് പുറപ്പെട്ട ആള്‍ക്ക് എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് അത് നിര്‍വഹിക്കാതെ തിരിച്ചു പേരേണ്ടി വന്നാല്‍ ഫിദ്‌യ വേണം. ഹജ്ജിന്റെ 'വാജിബാത്തി'ല്‍പെട്ട ഏതെങ്കിലും നഷ്ടപ്പെട്ടാലും പ്രായശ്ചിത്തമായി ബലികര്‍മം വേണം. ഉംറ കഴിഞ്ഞ് സ്വതന്ത്രമായി ജീവിച്ച ശേഷം ഹജ്ജിന് ഇഹ്‌റാം ചെയ്യുന്ന രീതിയാണ് തമത്തുഅ്. ഇങ്ങനെ ചെയ്യുന്നവര്‍ ബലി നടത്തണം. അല്ലാഹു പറയുന്നു.

''നിങ്ങള്‍ അല്ലാഹുവിനു വേണ്ടി ഹജ്ജും ഉംറയും പൂര്‍ണമായി നിര്‍വഹിക്കുക. ഇനി നിങ്ങള്‍ക്ക് ഹജ്ജ് നിര്‍വഹിക്കുന്നതിന് തടസ്സം സൃഷ്ടിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് സൗകര്യപ്പെടുന്ന ഒരു മൃഗത്തെ ബലിയര്‍പിക്കണം. ബലിമൃഗം യഥാസ്ഥാനത്ത് എത്തുന്നതു വരെ നിങ്ങള്‍ തല മുണ്ഡനം ചെയ്യാവുന്നതല്ല. നിങ്ങളില്‍ ആരെങ്കിലും രോഗിയാവുകയോ തലയില്‍ വല്ല ശല്യവും അനുഭവപ്പെടുകയോ ആണെങ്കില്‍ മുടി നീക്കുന്നതിന് പ്രായശ്ചിത്തമായി നോമ്പോ ദാനധര്‍മമോ ബലികര്‍മമോ മതിയാവും. ഇനി നിര്‍ഭയാവസ്ഥയിലായിരിക്കെ ഉംറ നിര്‍വഹിച്ചിട്ട് ഹജ്ജ് വരെ സുഖമെടുക്കുന്ന (തമത്തുഅ്) പക്ഷം സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ ഹജ്ജിനിടയില്‍ തന്നെ ബലി നടത്തേണ്ടതാണ്. ഇനി ബലിമൃഗം കിട്ടിയില്ലെങ്കില്‍ ഹജ്ജിനിടയില്‍ മൂന്നു ദിവസവും നാട്ടില്‍ തിരിച്ചെത്തിയിട്ട് ഏഴു ദിവസവും ചേര്‍ത്ത് ആകെ പത്തുദിവസം നോമ്പനുഷ്ടിക്കേണ്ടതാണ്. കുടുംബസമേതം മസ്ജിദുല്‍ ഹറാമില്‍ താമസിക്കാത്തവര്‍ക്കാകുന്നു ഈ വിധി'' (2:196). 
 

Feedback