ഇസ്ലാമിക ലോകത്തെ വൈജ്ഞാനിക മുന്നേറ്റത്തിന് ഊന്നല്‍ നല്കിക്കൊണ്ട് 1983-ല്‍ രൂപീകരിച്ച ഒരു സംഘടനയാണ് കിംഗ് ഫൈസല്‍ സെന്‍റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസ്. ഇതിനു കീഴില്‍ നാല് ബൃഹദ് ലൈബ്രറികളും ഒരു മാനുസ്ക്രിപ്റ്റ് പ്രിസര്‍വേഷന്‍ ലബോറട്ടറിയും പ്രിന്‍റിങ് പ്രസ്സും കിംഗ് ഫൈസല്‍ ഗാലറിയുമുണ്ട്. ലൈബ്രറി സൗകര്യങ്ങള്‍ സൗജന്യമാണ്. നിരവധി പ്രഭാഷണങ്ങളും സിമ്പോസിയങ്ങളും ഇസ്ലാമിക പൈതൃകം വിളിച്ചോതുന്ന പ്രദര്‍ശനങ്ങളും സെന്‍റര്‍ സംഘടിപ്പിക്കാറുണ്ട്.
നിരവധി ദൗത്യങ്ങള്‍ ഏറ്റെടുത്തു കൊണ്ടാണ് കിംഗ് ഫൈസല്‍ സെന്‍റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസ് പ്രവര്‍ത്തിക്കുന്നത്. സുഊദിയിലെ ഫൈസല്‍ രാജാവിന്‍റെ രക്തസാക്ഷിത്വത്തിന് എട്ട് വര്‍ഷത്തിന് ശേഷം കിംഗ് ഫൈസല്‍ ഫൗണ്ടേഷന്‍ (KFF), കിംഗ് ഫൈസല്‍ സെന്‍റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഇസ്ലാമിക് സ്റ്റഡീസ് (KFCRIS) എന്നിവ സ്ഥാപിച്ചു. സൗദി അറേബ്യയും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളും തമ്മിലുള്ള അറിവ് കൈമാറുന്നതിന്നായി KFCRIS ഒരു പ്രമുഖ അക്കാദമിക്, ബൗദ്ധിക, സാംസ്കാരിക കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു.
ഇസ്ലാമിനും മുസ്ലിംകള്‍ക്കും വേണ്ടി സേവനം ചെയ്ത ഇസ്ലാമിക പ്രവര്‍ത്തകര്‍ക്കും പ്രബോധകര്‍ക്കും അതോടൊപ്പം മാനവിക താല്‍പര്യത്തിന് ഗുണകരമായ തരത്തില്‍ ഗവേഷണം നടത്തുന്നവരുമായ വ്യക്തിത്വങ്ങള്‍ക്കും ഓരോ വര്‍ഷവും കിംഗ് ഫൈസല്‍ അവാര്‍ഡ് നല്‍കിവരുന്നു. കഴിവും പ്രാഗത്ഭ്യവും മാത്രമാണിതിന്‍റെ മാനദണ്ഡം. എത്രത്തോളമെന്നാല്‍ കിംഗ് ഫൈസല്‍ ഇന്‍റര്‍നാഷണല്‍ പ്രൈസ്(കെ എഫ് ഐ പി) നേടിയ ഒമ്പതുപേരെ അതേ പ്രവര്‍ത്തനത്തിന് നോബേല്‍ സമ്മാനത്തിന് തെരഞ്ഞെടുക്കുകയുണ്ടായി ഫിസിക്സിലും കെമിസ്ട്രിയിലും 2001ലെ നോബേല്‍ സമ്മാനം നേടിയ ആറില്‍ നാലുപേരും കെ എഫ് ഐ പി നേടിയവരായിരുന്നു.
ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സസ് എന്നിവയില്‍ ഗവേഷണം നടത്തുന്നതിനും ബൗദ്ധിക ചര്‍ച്ചകളിലും സാംസ്കാരിക സംഭാഷണങ്ങളിലും ഏര്‍പ്പെടുന്നതിനും പ്രാദേശിക ആഗോള ഗവേഷകരെയും ഗവേഷണ സംഘടനകളെയും ഒരുമിച്ചുകൂട്ടുക എന്നതാണ് കിംഗ് ഫൈസല്‍ സെന്‍റര്‍ നിര്‍വഹിക്കുന്ന ദൗത്യങ്ങളില്‍ മറ്റൊന്ന്. അതിലുപരിയായി പബ്ലിഷിംഗ് ഹൗസ്, ലൈബ്രറി, ആര്‍ക്കൈവുകള്‍, മ്യൂസിയം തുടങ്ങി വൈവിധ്യമാര്‍ന്ന ഉത്തരവാദിത്തങ്ങള്‍ വഹിച്ചു വരുന്നു.
കിംഗ് ഫൈസല്‍ സെന്‍ററിന്‍റെ പ്രസിദ്ധീകരണ വിഭാഗമായ അല്‍ ഫൈസല്‍ കള്‍ച്ചറല്‍ ഹൗസ്, രാജ്യത്തിനും അറബ്, മുസ്ലിം സമൂഹങ്ങള്‍ക്കും നിരവധി പുസ്തകങ്ങള്‍ കൂടി സംഭാവന ചെയ്തിട്ടുണ്ട്. കൂടാതെ കിംഗ് ഫൈസല്‍ സെന്‍റര്‍ ലൈബ്രറി, ഗവേഷകരെ സഹായിക്കുന്നതിന് വിവിധ സേവനങ്ങള്‍ നല്കുന്നുണ്ട്.
സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റ്: https://www.kfcris.com/en