Skip to main content

ഇന്റര്‍നാഷണല്‍ യൂനിയന്‍ ഓഫ് മുസ്‌ലിം സ്‌കോളേര്‍സ്

ലോക മുസ്‌ലിംകള്‍ക്കിടയിലെ വിവിധ ചിന്താ കര്‍മസരണികളിലുളള പണ്ഡിതന്മാരുടെ കൂട്ടായ്മയാണ് ഇന്റര്‍നാഷണല്‍ യൂനിയന്‍ ഓഫ് മുസ്‌ലിം സ്‌കോളേഴ്‌സ് (അല്‍ ഇത്തിഹാദുല്‍ ആലമി ലില്‍ ഉലമാഇല്‍ മുസ്‌ലിമീന്‍). 2001 ജൂലൈ 11 ന് അയര്‍ലന്റിലെ ഡബ്ലിനില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ പണ്ഡിത സഭ രൂപീകരിക്കപ്പെട്ടത്. ഖത്തറിലെ ദോഹയിലാണ് സംഘടനയുടെ ആസ്ഥാനം.

hh
 
ഇസ്‌ലാമിന്റെ സന്ദേശം ലോകം മുഴുവന്‍ എത്തിക്കാനും മതവിധികളെക്കുറിച്ച് ശരിയായ ധാരണയിലേക്ക് മുസ്‌ലിംകളെ നയിച്ച് മുസ്‌ലിം സമുദായത്തിന്റെ സ്വത്വം കാത്തുസൂക്ഷിക്കാനുമാണ് പണ്ഡിതസഭ നിലകൊള്ളുന്നത്. മുസ്‌ലിം സമുദായത്തിന്റെ ഐക്യത്തിന്നായി പ്രവര്‍ത്തിക്കുക, അതിന്റെ സ്വത്വ സംരക്ഷണത്തിന്നായി യത്‌നിക്കുക, ഇസ്‌ലാമിക ചിന്തകള്‍ക്ക് പ്രചാരം നല്കുക, ആശയങ്ങളിലെ തെറ്റിദ്ധാരണകള്‍ നീക്കുക, ഇസ്‌ലാമിക ചൈതന്യം ശക്തിപ്പെടുത്താന്‍ വൈയക്തികവും സാമൂഹികവുമായി പ്രവര്‍ത്തിക്കുക, നേതൃപാടവമുള്ളവരായി മുസ്‌ലിം സമുദായത്തിനെ മാറ്റിയെടുക്കുക,  മുസ്‌ലിം ന്യൂനപക്ഷത്തെ പരിഗണിക്കുക, അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും അഭിസംബോധന ചെയ്യുക, സമാധാനപരമായ സഹവര്‍ത്തിത്വത്തിനു വേണ്ടി നിലകൊള്ളുക, അനീതിയെയും അക്രമത്തെയും ഏത് ഉറവിടത്തില്‍ നിന്നായാലും ശക്തിയുക്തം എതിര്‍ക്കുക, കുടുംബത്തെ സംരക്ഷിക്കുന്നതിനും ഐക്യമുള്ള സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനും ഉര്‍ജ്ജ്വസ്വലമായി പ്രവര്‍ത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് അന്തര്‍ദേശീയ മുസ്‌ലിം പണ്ഡിത സഭ ലക്ഷ്യമിടുന്നത്. 

ഡോ. യൂസുഫുല്‍ ഖര്‍ദാവിയാണ് സമിതിയുടെ അധ്യക്ഷന്‍. പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിയേറ്റ്, നിര്‍വ്വാഹക സമിതി, രക്ഷാധികാര സമിതി, സ്ഥാപകാംഗങ്ങളും പിന്നീട് അംഗങ്ങളായവരുമടങ്ങിയ പണ്ഡിത സഭയുടെ ബോഡിയായ പൊതുസഭയും ഉള്ള സംഘടനാ ഘടനയാണ് ഇതിനുള്ളത്.

പണ്ഡിത സമിതിക്കു കീഴില്‍ എട്ട് സമിതികളുണ്ട്:

1. അംഗത്വ സമിതി 
2. ഫിഖ്ഹ് ഫത്‌വാ സമിതി
3. സംസ്‌കാരം, ഗവേഷണം 
4. ഇസ്‌ലാമിക് ഇഷ്യൂസ് 
5. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് 
6. പരിഭാഷ & രചന 
7. ഇസ്‌ലാമിക ന്യൂനപക്ഷം 
8. സംവാദ സമിതി  

ഡോ. യൂസുഫുല്‍ ഖറദാവി, ശൈഖ് അഹ്മദ് ബിന്‍ ഹമദ് അല്‍ ഖലീലി, ആയത്തുല്ലാ മുഹമ്മദ് അലി അത്തസ്ഖീരി, ഡോ. മുഹമ്മദ് സലീം അല്‍ അവ്വാ, ഫൈസല്‍ മൗലവി, ഡോ. അലി ഖാറദാഗി, ശൈഖ് സല്‍മാന്‍ അല്‍ ഔദ, ഫഹ്മി ഹുവൈദി, ഡോ. ജമാല്‍ ബദവി, ഡോ. അബ്ദുല്‍ ഹഖ് അന്‍സ്വാരി (ഇന്ത്യ) തുടങ്ങിയവര്‍ പ്രമുഖ അംഗങ്ങളാണ്. 

സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റ്: https://iumsonline.org/en/

Feedback