Skip to main content

ഫെഡറേഷന്‍ ഓഫ് യൂനിവേഴ്‌സിറ്റീസ് ഓഫ് ഇസ്‌ലാമിക് വേള്‍ഡ് (FUIW)

hh

വിവിധ ലോകരാഷ്ട്രങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക സര്‍വ്വകലാശാലകളുടെ അന്താരാഷ്ട്ര കൂട്ടായ്മയാണ് ഫെഡറേഷന്‍ ഓഫ് യൂനിവേഴ്‌സിറ്റീസ് ഓഫ് ഇസ്‌ലാമിക് വേള്‍ഡ് (FUIW). ഇസ്‌ലാമിക് വേള്‍ഡ് എഡ്യൂക്കേഷനല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന് (ISESCO) കീഴില്‍ 1987 ലാണ് സംഘടന രൂപീകരിച്ചത്. മൊറോക്കോയുടെ തലസ്ഥാനമായ റബാത്ത് ആണ് സംഘടനയുടെ ആസ്ഥാനം.

അംഗ സര്‍വകലാശാലകളിലെ അക്കാദമിക ഗുണനിലവാരം ഉറപ്പു വരുത്തുക, അധ്യാപക വിദ്യാര്‍ഥി കൈമാറ്റം പ്രോത്‌സാഹിപ്പിക്കുക, ഗവേഷണ പഠനങ്ങള്‍ക്ക് പിന്തുണ നല്കുക എന്നിവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങള്‍. എല്ലാ മേഖലകളിലും ശാസ്ത്രീയ ഗവേഷണം മെച്ചപ്പെടുത്തുക, അതിന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കുക, മുസ്‌ലിം സമൂഹത്തിന്റെ വികസനപരവും നാഗരികവുമായ ആവശ്യങ്ങളുമായി അവയെ ബന്ധിപ്പിക്കുക, ഖുര്‍ആനിന്റെ ഭാഷയും ഇസ്‌ലാമിക സംസ്‌കാരങ്ങളും പഠിപ്പിക്കുന്നതിനെ പ്രോത്‌സാഹിപ്പിക്കുക, സമകാലിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മുസ്‌ലിം സമൂഹത്തിന്റെയും ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ക്കിടയിലും സഹവര്‍ത്തിത്വത്തിന്റെയും സമാധാനത്തിന്റെയും മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ വളര്‍ത്തിയെടുക്കുക, ഇസ്‌ലാമിക ലോകത്തെ പ്രഗത്ഭരായ പണ്ഡിതരുടെ സംഭാവനകള്‍ പ്രസിദ്ധപ്പെടുത്തുക തുടങ്ങിയവയും സംഘടനയുടെ ലക്ഷ്യങ്ങളാണ്.

ഇന്ത്യയില്‍ നിന്ന് ജാമിഅ മില്ലിയ ഇസ്‌ലാമിയ, അലിഗഢ് മുസ്‌ലിം സര്‍വകലാശാല, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി, ജാമിഅ നദ്‌വിയ്യ എടവണ്ണ എന്നീ സര്‍വകലാശാലകള്‍ക്കാണ് അംഗത്വമുള്ളത്. ആകെ 193 യൂണിവേഴ്‌സിറ്റികളാണ് അംഗങ്ങള്‍. 

ഔദ്യോഗിക വെബ്‌സൈറ്റ്: https://www.fumi-fuiw.org/
 

Feedback