വഖഫ് സ്വത്തുക്കളുടെ മേല്‍നോട്ടം, ക്രയവിക്രയം എന്നിവയ്ക്ക് വേണ്ടി ഗവണ്മെന്റിനു കീഴിലായി രൂപീകരിച്ചിട്ടുള്ള ഒരു സ്വതന്ത്ര സ്ഥാപനമാണ് കേരള സ്‌റ്റേറ്റ് വഖഫ് ബോര്‍ഡ്. 1995 ലെ വഖഫ് നിയമ പ്രകാരം നിലവില്‍ വന്ന ഒരു നിയമാനുസൃത സംഘടനയാണിത്. 1954 ല്‍ ഇന്ത്യാഗവണ്‍മെന്റ് രൂപം നല്‍കിയ സെന്‍ട്രല്‍ വഖഫ് ആക്റ്റ് അനുസരിച്ചാണ് വഖഫ് ബോര്‍ഡ് നിലവില്‍ വന്നിട്ടുള്ളത്. 1960 മുതല്‍ കേരളത്തില്‍ വഖഫ് ബോര്‍ഡ് പ്രവര്‍ത്തിച്ചുവരുന്നു. മുന്‍മന്ത്രി പി.കെ. കുഞ്ഞുസാഹിബായിരുന്നു ബോര്‍ഡിന്റെ ആദ്യ അധ്യക്ഷന്‍.
സംസ്ഥാനത്തെ മുസ്‌ലിം പള്ളികള്‍, അനാഥാലയങ്ങള്‍, ദര്‍ഗകള്‍ തുടങ്ങിയ വഖഫ് സ്ഥാപനങ്ങളുടെയും സ്ഥാവരജംഗമ വസ്തുക്കളുടെയും പൊതുവായ മേല്‍നോട്ടം വഹിക്കുക, വഖഫ് സ്വത്തുക്കളുടെ വിശദമായ രേഖകള്‍ സൂക്ഷിക്കുക, അവയുടെ ആദായം നിശ്ചിത ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കു മാത്രമാണ് ചെലവിടുന്നതെന്ന് ഉറപ്പുവരുത്തുക, ആവശ്യമായി വരികയാണെങ്കില്‍ വസ്തു കൈമാറ്റങ്ങള്‍ നടത്തുക, കോടതി നടപടികളില്‍ ഭാഗമാക്കുക, നിര്‍ബന്ധിത സാഹചര്യങ്ങളില്‍ മേല്‍നോട്ടക്കാരെ മാറ്റുക തുടങ്ങിയ പ്രധാനപ്പെട്ട കര്‍ത്തവ്യങ്ങള്‍ വഖഫ് ബോര്‍ഡ് നിര്‍വഹിക്കുന്നു.
മഹല്ലുകളും ട്രസ്റ്റുകളുമായി കേരളത്തില്‍ 9000 സ്ഥാപനങ്ങള്‍ വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വഖഫ് ചെയ്ത വസ്തുവില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സ്വത്ത് സംരക്ഷിക്കുകയാണ് വഖഫിന്റെ പ്രധാന ചുമതല. വഖഫ് സ്വത്തുക്കള്‍ വില്‍ക്കാന്‍ ബോര്‍ഡിന് അധികാരമില്ല. അവ സംരക്ഷിക്കാനാണ് ബോര്‍ഡ്. എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ വഖഫ് സ്വത്തുക്കള്‍ വില്‍ക്കുകയാണെങ്കില്‍ അതിന് തുല്യമായ പണത്തിന് സ്വത്തുക്കള്‍ വാങ്ങി അവ സംരക്ഷിക്കേണ്ടത് വഖഫിന്റെ ബാധ്യതയാണ്. വഖഫ് സ്വത്തുക്കളില്‍ ഓഡിറ്റ് നടത്തി കണക്കുകള്‍ കൃത്യമായി സൂക്ഷിക്കേണ്ടതും അതില്‍ എന്തെങ്കിലും വിധത്തില്‍ അഴിമതി കണ്ടാല്‍ നടപടിക്ക് ശുപാര്‍ശ ചെയ്യാനും വഖഫിന് അധികാരമുണ്ട്.
വഖഫ് നിയമം അനുശാസിക്കുന്ന പ്രകാരം വിവിധ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ടവരും നാമനിര്‍ദേശം ചെയ്യപ്പെട്ടവരുമായ അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് വഖഫ് ബോര്‍ഡിന്റെ ഭരണസമിതി. കേരള സ്‌റ്റേറ്റ് വഖഫ് ബോര്‍ഡില്‍ നിലവില്‍ 11 അംഗങ്ങളാണുള്ളത്. പ്രധാനപ്പെട്ടയാള്‍ ചെയര്‍മാന്‍, മറ്റ് അംഗങ്ങളില്‍ രണ്ടു പേര്‍ നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെട്ട ഇസ്‌ലാം മത വിശ്വാസികളായ ഒരു എംഎല്‍എയും ഒരു എംപിയുമായിരിക്കും. ഹൈക്കോടതിയിലെ ബാര്‍ കൗണ്‍സിലില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഇസ്‌ലാം മത വിശ്വാസിയായ ഒരു വക്കീല്‍, ഒരു ലക്ഷം രൂപ വരുമാനമുള്ള മഹല്ലുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് മുത്തവല്ലിമാര്‍, ശരീഅത്ത് നിയമം അറിയുന്ന സാമൂഹിക പ്രവര്‍ത്തകരായ രണ്ടു പേര്‍, ഒരു ഗവണ്‍മെന്റ് സെക്രട്ടറി എന്നിവരാണ് വഖഫ് ബോര്‍ഡിലെ ഒമ്പതു പേര്‍. ബോര്‍ഡിലെ അംഗങ്ങളെയും സെക്രട്ടറിയെയും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറെയും സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുന്നു. അഞ്ചുവര്‍ഷമാണ് അംഗങ്ങളുടെ കാലാവധി. ബോര്‍ഡിന്റെ അധ്യക്ഷനെ അംഗങ്ങള്‍ തെരഞ്ഞെടുക്കുന്നു. കൊച്ചിയിലെ കലൂരിലാണ് കേരള സ്‌റ്റേറ്റ് വഖഫ് ബോര്‍ഡിന്റെ ആസ്ഥാനം. സംസ്ഥാന വഖഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് വഖഫ് കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്.
വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മഹല്ലുകള്‍ ഒരു വര്‍ഷത്തെ മൊത്തം വരുമാനത്തിന്റെ 7 ശതമാനം വഖഫ് ബോര്‍ഡിന് നല്‍കണം. മഹല്ലില്‍ നിന്നുള്ള വരുമാനം കുറഞ്ഞാല്‍ വഖഫ് ബോര്‍ഡിന് അത് അന്വേഷിക്കാനും ഓഡിറ്റ് നടത്തി കൂടുതല്‍ വരുമാനം കണ്ടെത്തിയാല്‍ പിഴ ഈടാക്കാനും അധികാരമുണ്ട്.
ഔദ്യോഗിക വെബ്‌സൈറ്റ്: http://www.keralastatewakfboard.in/