Skip to main content

കണ്ണേറും ഉഴിഞ്ഞ് അടുപ്പിലിടലും

ചെറിയ കുട്ടി അസാധാരണമായി കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കുട്ടിയുടെ കരച്ചില്‍ മാറ്റാന്‍ ചില സ്ത്രീകള്‍ ഉപ്പും മുളകും എടുത്ത് കുട്ടിയെ പല പ്രാവശ്യം ഉഴിഞ്ഞ് അത് അടുപ്പിലിടും. ചില കുട്ടികള്‍ അടുത്ത നിമിഷം തന്നെ കരച്ചില്‍ നിര്‍ത്തും. ഒരു മുളക് അടുപ്പില്‍ വീണാല്‍ എന്തുമാത്രം എരിച്ചിലും പുകച്ചിലും (കാറല്‍) ഉണ്ടാകും. എന്നാല്‍ ഇങ്ങനെ ഉഴിഞ്ഞിട്ടാല്‍ മുളകിന്ന് എരിച്ചിലും പുകച്ചിലും ഉണ്ടാകില്ല എന്നാണ് ഇങ്ങനെ ചെയ്യുന്നവരുടെ വാദം. കുട്ടിക്ക് കണ്ണേറ് തട്ടിയ കാരണമാണ് കുട്ടി കരയുന്നതെങ്കില്‍ ആ മുളകിലെ കാറല്‍ നമുക്കനുഭവപ്പെടില്ലത്രെ. ഇങ്ങനെ ചെയ്യുന്നത് ശരിയാണോ? ഇത് ശിര്‍ക്കില്‍പെടുമോ? ഇതിനെക്കുറിച്ച ഇസ്‌ലാമിക നിലപാടെന്താണ്?

മറുപടി: പ്രവാചകന്റെ കാലത്തും കുട്ടികള്‍ അസാധാരണമായി കരഞ്ഞുകൊണ്ടിരിക്കുന്ന സ്വഭാവം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഉഴിഞ്ഞ് വാങ്ങുന്ന ഒരു ചികിത്‌സാരീതി ഈ രോഗത്തിനോ മറ്റു വല്ല രോഗങ്ങള്‍ക്കോ പ്രവാചകന്‍ നമുക്ക് മാതൃക കാണിച്ചു തന്നിട്ടില്ല. ഇതെല്ലാം ശിര്‍ക്കിലേക്ക് മനുഷ്യരെ നയിക്കുന്ന അനാചാരങ്ങളില്‍പെട്ടതാണ്. മുളകിന്ന് എരിച്ചിലും പുകച്ചിലും ഉണ്ടാവാതിരിക്കാനുള്ള കാരണം ചില കുതന്ത്രങ്ങളാണ്. എരിയുന്ന കണലിലേക്കിട്ടാല്‍ ഇവ കൂടുതലായി അനുഭവപ്പെടുകയില്ല. ചൂടുള്ള വെണ്ണീറില്‍ ഇട്ടാല്‍ ഇവ കൂടുതലായി അനുഭവപ്പെടുകയും ചെയ്യുന്നു. പല പ്രദേശങ്ങളില്‍ വിവിധ തരത്തിലുള്ള വിശ്വാസങ്ങളാണ് ഈ പ്രവൃത്തിയില്‍ ദര്‍ശിക്കപ്പെടുന്നത്. ചില പ്രദേശങ്ങളില്‍ നാക്കേറ് ഫലിച്ചതാണ് കാരണമെന്ന് വിലയിരുത്തുന്നു. മറ്റു ചില സ്ഥലങ്ങളില്‍ കുട്ടികള്‍ ഛര്‍ദിക്കുകയോ കുട്ടികള്‍ക്ക് വയറിളക്കം ബാധിക്കുകയോ ചെയ്താലാണ് ഇപ്രകാരം ചെയ്യുക. കൂടുതലായി എരിച്ചിലും പുകച്ചിലും ഉണ്ടായാല്‍ ശക്തിയുള്ള നാക്കേറും കണ്ണേറുമാണ് ഫലിച്ചതെന്ന് വ്യാഖ്യാനിക്കും. കൂടുതലായി അനുഭവപ്പെടാതിരുന്നാല്‍ ശക്തി കുറഞ്ഞതാണ് ബാധിച്ചതെന്നും വ്യാഖ്യാനിക്കപ്പെടും. ഈ വൈരുധ്യങ്ങളില്‍ നിന്ന് തന്നെ ഇതു കേവലം ഒരു തട്ടിപ്പാണെന്ന് മനസ്സിലാക്കാം. ചില സ്ഥലങ്ങളില്‍ കൊതി കൂടിയതാണെന്ന് പറഞ്ഞ് ഇപ്രകാരം ചെയ്യുന്നു. 

അദൃശ്യമാര്‍ഗത്തിലൂടെ തിന്‍മയും നന്‍മയും അല്ലാഹുവില്‍ നിന്ന് മാത്രമാണ് ഉണ്ടാവുക. ഇത് ഏകദെവ വിശ്വാസത്തിലെ ഒരു പ്രധാന ഭാഗവുമാണ്. ശകുനം, നഹ്‌സ്, നാക്കേറ്, കണ്ണേറ്, സിഹ്‌റ്, കൈനോട്ടം, കണികാണല്‍, കൊതികൂടല്‍ ഇവയെല്ലാം അദൃശ്യമാര്‍ഗത്തിലൂടെയും നിഗൂഢമാര്‍ഗങ്ങളിലൂടെയും തിന്‍മയും നന്‍മയും വരുമെന്ന് മനുഷ്യര്‍ വിശ്വസിക്കുന്ന ഇനങ്ങളാണ്. അതിനാല്‍ ഒരു ഏകദെവവിശ്വാസി ഇവയിലുള്ള വിശ്വാസമെല്ലാം വര്‍ജിക്കേണ്ടതാണ്. കാര്യകാരണ ബന്ധങ്ങളുടെ പരിധിയില്‍ ഇവ ഒരിക്കലും ഉള്‍പ്പെടുകയില്ല.

ചെറിയ കുട്ടികള്‍ അസാധാരണമായി കരഞ്ഞുകൊണ്ടിരിക്കുന്നതിലെ കാരണം ഇന്ന് ശാസ്ത്രത്തിന് ശരിക്കും നിര്‍വചിക്കുവാന്‍ സാധിക്കുന്നതാണ്. എന്നാല്‍ നാക്കേറ്, കൊതികൂടല്‍, കണ്ണേറ് മുതലായവ ആര്‍ക്കും നിര്‍വചിക്കുവാന്‍ സാധ്യമല്ല. എങ്ങനെ ഇവ മറ്റൊരാള്‍ക്ക് ഉപദ്രവം ചെയ്യുന്നു എന്ന ചോദ്യത്തിന് ഒരാള്‍ക്കും മറുപടിയില്ല. എല്ലാവര്‍ക്കും ഈ സിദ്ധിയുണ്ടോ ഈ ചോദ്യത്തിനും വ്യക്തമായ മറുപടിയില്ല. എല്ലാവര്‍ക്കും ഇല്ല. ചിലരില്‍ മാത്രമാണ് ഈ സിദ്ധി കാണപ്പെടുക എന്നതാണ് മറുപടിയെങ്കില്‍ കേരളത്തില്‍ ഈ സിദ്ധിയുള്ള ഒരാളെ പറഞ്ഞുതരാന്‍ ആവശ്യപ്പെട്ടാല്‍ ഇവര്‍ പിന്‍മാറുകയാണ് ചെയ്യുക. 

വിശ്വാസകാര്യങ്ങള്‍ക്കും അടിസ്ഥാനപരമായ സംഗതികള്‍ക്കും അവ സ്ഥിരപ്പെടുവാന്‍ പരിശുദ്ധ ഖുര്‍ആനിലോ മുതവാതിറായ ഹദീസുകളിലോ പ്രസ്താവിക്കപ്പെടണമെന്ന് ഇമാം ബുഖാരി തന്നെ വ്യക്തമാക്കുന്നുണ്ട്. സത്യവിശ്വാസികള്‍   അദൃശ്യമാര്‍ഗത്തിലൂടെയും നിഗൂഢമാര്‍ഗത്തിലൂടെയും തങ്ങളുടെ രക്ഷിതാവിനെ മാത്രമേ ഭയപ്പെടുകയുള്ളൂ എന്ന് അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ പല സൂക്തങ്ങളിലൂടെ വ്യക്തമാക്കുന്നത് കാണാം. ഫലസിദ്ധിയും രോഗശമനവും ലഭിച്ചു എന്ന ഏക കാരണത്താല്‍ ഇസ്‌ലാമില്‍ ഒരു ചികിത്‌സാ സമ്പ്രദായം അനുവദിക്കപ്പെട്ടതായിത്തീരുന്നില്ല. ഈ യാഥാര്‍ഥ്യം ശരിക്കും ഗ്രഹിക്കുക. അല്ലാഹുവിന്റെ പരീക്ഷണം എന്ന നിലക്ക് സംഭവിക്കുന്നവയാണ് ഇതെല്ലാം. ശബരിമലയിലേക്കും ഗുരുവായൂരിലേക്കും നേര്‍ച്ചയാക്കിയത് കാരണം കുട്ടിയെ ലഭിച്ച 'സംഭവം' വരെ ഉണ്ടായത് പ്രസിദ്ധമാണല്ലൊ. 'ഇസ്തിദ്‌റാജ്' എന്നാണ് ഇതിന് പറയുക.
 

Feedback
  • Wednesday Dec 4, 2024
  • Jumada ath-Thaniya 2 1446