മുസ്‌ലിം ലോകത്ത് പ്രചുരപ്രചാരം സിദ്ധിച്ച നാലു മദ്ഹബുകള്‍ക്കു പുറമെ വേറെയും പല മദ്ഹബുകളുമുണ്ട്. അവയില്‍ ചിലത് ഇന്നും ചില പ്രവിശ്യകളില്‍ നിലനില്‍ക്കുന്നവ യാണെങ്കില്‍ മറ്റു ചിലത് ചരിത്രത്തിന്റെ ഭാഗമായി തീര്‍ന്നവയാണ്.
ഇബാദ്വി മദ്ഹബ്
ഒമാനാണ് പ്രധാനമായും ഈ മദ്ഹബിന്റെ കേന്ദ്രം. ആ രാജ്യത്തിന്റെ ഔദ്യോഗിക മദ്ഹബു കൂടിയാണിത്. അബുല്ലാഹിബ്‌നു ഇബാദ്വിലേക്ക് ചേര്‍ത്തിയാണ് ഇവര്‍ക്ക് ഇബാദ്വികള്‍ എന്ന പേര്‍ ലഭിച്ചത്. അമവീ ഖലീഫ അബ്ദുല്‍ മലിക്കിന്റെ കാലത്ത് ഭരണാധികാരികളിലെ വീഴ്ചകളെ ശക്തമായി വിമര്‍ശിച്ചതിന് അമവികള്‍ നല്‍കിയ പേരാണ് ഇബാദ്വിയ എന്നത്.
സൈദീ മദ്ഹബ്
ഏറെ അനുയായികള്‍ നിലവിലുള്ള മറ്റൊരു മദ്ഹബാണ് സൈദീ മദ്ഹബ്. ഹിജ്റ 80ല്‍ ജനിച്ച ഇമാം സൈദുബ്‌നു അലിയിലേക്ക് ചേര്‍ത്തി കൊണ്ടാണിത് അറിയപ്പെടുന്നത്. ഇദ്ദേഹം നാലാം ഖലീഫ അലി(റ)യുടെ മകന്‍ ഹുസൈന്‍(റ)യുടെ പുത്രനാണ്. ഇമാം അലിയുടെ പാര്‍ട്ടി എന്ന പേരില്‍ രൂപംകൊണ്ട ശിയാക്കളുടെ തെറ്റായ വിശ്വാസ ആചാരങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന ആളായിരുന്നു ഇമാം സൈദുബ്‌നു അലി.
അമവികളുമായുള്ള യുദ്ധത്തില്‍ കൂഫയില്‍ വെച്ച് ഇമാം രക്തസാക്ഷിയായി. ഇമാം സൈദിന്റെ നിദാന ശാസ്ത്രം മറ്റു ഭൂരിപക്ഷ പണ്ഡിതന്മാരുടെ ഉസ്വൂലുകളില്‍ നിന്നും ഭിന്നമല്ല. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് മസ്വ്‌ലഹത്ത്, ഇസ്തിഹ്‌സാന്‍ എന്നിവയാണവരുടെ പ്രധാന അവലംബങ്ങള്‍.
ദ്വാഹിരീ മദ്ഹബ്
ദാവൂദുബ്‌നുല്‍ അബ്ത്വഹാനിയാണ് ഈ മദ്ഹബിന്റെ സ്ഥാപകന്‍. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ബാഹ്യാര്‍ഥം അനുസരിച്ചുകൊണ്ടാണ് ശരീഅത്ത് നിയമങ്ങള്‍ മനസ്സിലാക്കേണ്ടത് എന്ന് ഇവര്‍ സിദ്ധാന്തിക്കുന്നു. അല്ലാഹു യാതൊരു വീഴ്ചയും വരുത്താതെ പൂര്‍ത്തിയാക്കി അനുഗ്രഹിച്ച ദീനില്‍, പുറത്തു നിന്ന് തെളിവുകളുടെ ആവശ്യമില്ല എന്നതാണ് ദ്വാഹിരീ പക്ഷം.
ഔസാഈ മദ്ഹബ്
ഹിജ്റ 88ല്‍ ജനിച്ച അബു അംറ് അബ്ദുര്‍റഹ്മാനുബ്‌നുല്‍ ഔസാഈയിലേക്ക് ചേര്‍ത്തിയാണ് ഈ മദ്ഹബ് അറിയപ്പെട്ടത്. മദ്‌റസതുല്‍ ഹദീസിന്റെ വക്താവായിരുന്നു ഇദ്ദേഹം. യുക്തിന്യായത്തിന്റെ അടിസ്ഥാനത്തില്‍ ഫത്‌വ നല്‍കുന്നത് ഇദ്ദേഹം ഇഷ്ടപ്പെട്ടില്ല. ഹിജ്‌റ 3ാംനൂറ്റാണ്ടിന്റെ മധ്യം വരെ സിറിയയിലും സ്‌പെയിനിലുമൊക്കെ ഈ മദ്ഹബ് നിലവിലുണ്ടായിരുന്നു.
സനരീ മദ്ഹബ്
ഹിജ്റ 91ല്‍ കൂഫയില്‍ ജനിച്ച സുഫ്‌യാനുബുനു സഈദ് ബുനു മര്‍സൂഖസ്ഗരിയുടെ വീക്ഷണമാണ് സനരീമദ്ഹബ്. കിതാബുല്‍ ഫറാഇദ്, ജാമിഉല്‍ കബീര്‍, ജാമിഉസ്സഗീര്‍ എന്നിവയാണ് ഗ്രന്ഥങ്ങള്‍.
ലൈസീമദ്ഹബ്
ഹിജ്‌റ 94ല്‍ ഈജിപ്തില്‍ ജനിച്ച അബുല്‍ ഹാരിസ് ലൈസുബുനു സക്ക്ദല്‍ ഫഹ്മിയിലേക്ക് ചേര്‍ക്കപ്പെടുന്ന മദ്ഹബാണിത്.
ത്വബ്‌രീ മദ്ഹബ്.
അബുജഅ്ഫര്‍ മുഹമ്മദ്ബ്‌നു ജരീറുത്ത്വബ്‌രിയാണിതിന്റെ സ്ഥാപകന്‍. ഇദ്ദേഹം ഖുര്‍ആന്‍ വ്യാഖ്യാതാവും ചരിത്രകാരനും കൂടിയാണ്. ഇദ്ദേഹത്തിന്റെ ജാമിഉല്‍ ബയാന്‍ ഫീ തഫ്‌സീറില്‍ ഖുര്‍ആന്‍ താരീഖുല്‍ ഉമമി വല്‍ മുലൂക്ക് എന്നിവ വിശ്വ പ്രശസ്ത ഗ്രന്ഥങ്ങളാണ്.
ബസ്വരീമദ്ഹബ്
പ്രമുഖ താബീഊ പണ്ഡിതനായ ഹസനുല്‍ ബസ്വരിയിലേക്ക് ചേര്‍ക്കപ്പെടുന്ന മദ്ഹബാണിത്.