Skip to main content

വിശുദ്ധ ഖുര്‍ആനും ശാസ്ത്രവും

വിശുദ്ധ ഖുര്‍ആനില്‍ എല്ലാ ശാസ്ത്ര തത്ത്വങ്ങളും ഉള്‍ക്കൊള്ളുന്നുണ്ടോ?

മറുപടി: ഖുര്‍ആന്‍ അവതരിപ്പിച്ചത് ശാസ്ത്ര തത്ത്വങ്ങള്‍ വിവരിക്കുവാനല്ല. അതു മനസ്സിലാക്കുവാന്‍ ദൈവം മനുഷ്യന്ന് നല്‍കിയത് ബുദ്ധിയാണ്. വേദഗ്രന്ഥങ്ങള്‍ ദൈവം അവതരിപ്പിച്ചത് ബുദ്ധിക്ക് കടന്നു ചെല്ലുവാന്‍ സാധിക്കാത്ത വിഷയങ്ങള്‍ വിവരിക്കുവാനാണ്. എങ്കിലും മനുഷ്യബുദ്ധിക്ക് ദൈവത്തെ കണ്ടെത്തുവാന്‍ വേണ്ടി വിശുദ്ധ ഖുര്‍ആനില്‍ വിവിധ ശാസ്ത്ര തത്ത്വങ്ങളിലേക്ക് സൂചന നല്‍കുന്നുമുണ്ട്. ചില ശാസ്ത്ര തത്ത്വങ്ങള്‍ ഖുര്‍ആനില്‍ വിവരിച്ച ശേഷം ഈ ഗ്രന്ഥത്തില്‍ യാതൊരു വിഷയവും നാം ഉപേക്ഷിച്ചിട്ടില്ലെന്നു ഖുര്‍ആന്‍ പറയുന്നതു കാണാം (6:38). ഏതു കാലത്തെ മനുഷ്യര്‍ക്കും ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്ന ശൈലിയിയാണ് ഖുര്‍ആന്‍ ശാസ്ത്ര വിഷയങ്ങള്‍ പ്രതിപാദിക്കുന്നത്. അതാതു കാലത്തെ ശാസ്ത്ര തത്ത്വങ്ങളില്‍ അമിതമായി വിശ്വസിക്കുന്ന മനുഷ്യര്‍ ഉണ്ടായിരിക്കും. അവര്‍ക്കും സന്‍മാര്‍ഗം ലഭിക്കുക എന്നതാണ് ഖുര്‍ആനിലെ അവതരണ ലക്ഷ്യം. ചില ഉദാഹരണങ്ങളിലൂടെ ഇതു വ്യക്തമാക്കാം.

1. മുഹമ്മദിന്റെ ദെവത്തിന് അദൃശ്യജ്ഞാനമില്ല. ഉണ്ടെങ്കില്‍ എന്തുകൊണ്ട് ഭൂമി ഗോളാകൃതിയിലാണെന്ന് പറഞ്ഞില്ല, ഇന്നത്തെ ചില മനുഷ്യര്‍ ഇങ്ങനെ സംശയം ഉന്നയിക്കാറുണ്ട്. ഭൂമി പന്തുപോലെ ഉരുണ്ട രൂപത്തിലാണെന്നു അന്ന് പറഞ്ഞാല്‍ മുഹമ്മദിന് ഭ്രാന്താണെന്ന് പറഞ്ഞു നബിയെ നിഷേധിക്കുവാനിടവരും. എന്നാല്‍ ശാസ്ത്രജ്ഞാനമുള്ളവര്‍ ഖുര്‍ആനിനെ നിഷേധിക്കാതിരിക്കുവാന്‍ വേണ്ടി ഖുര്‍ആനില്‍ ധാരാളം സൂക്തങ്ങളില്‍ ഭൂമി ഗോളാകൃതിയിയാണെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു. (ഉദാ: 79: 30, 39: 5). മെഗല്ലന്റെ രണ്ടു നൂറ്റാണ്ടു മുമ്പ് രചിക്കപ്പെട്ട തഫ്‌സീര്‍ റാസിയില്‍ പല സൂക്തങ്ങളെയും വ്യാഖ്യാനിച്ച് കൊണ്ട് ഭൂമി ഗോളാകൃതിയിലാണെന്ന് സ്ഥാപിക്കുന്നുമുണ്ട്.

2. വായുവിലൂടെ മനുഷ്യര്‍ സഞ്ചരിക്കുമെന്ന് വ്യക്തമായി അന്ന് പറഞ്ഞിരുന്നെങ്കില്‍ പല മനുഷ്യന്‍മാരും മുഹമ്മദിന് ഭ്രാന്താണെന്ന് പറഞ്ഞു ഖുര്‍ആനെ നിഷേധിക്കും. മുഹമ്മദിന് ഭ്രാന്ത് ഇല്ലായിരുന്നിട്ടും ഭ്രാന്ത് ഉണ്ടെന്ന് ആക്ഷേപിച്ച സമൂഹത്തെയായിരുന്നു മുഹമ്മദ് അഭിമുഖീകരിച്ചിരുന്നത്. അദൃശ്യം അറിയുന്ന ദെവമാണെങ്കില്‍ എന്തുകൊണ്ടാണ് കരയാത്രയെയും സമുദ്രയാത്രയെയും പറഞ്ഞ ഖുര്‍ആന്‍ ആകാശത്തിലൂടെയുള്ള യാത്രയെക്കുറിച്ച് സൂചിപ്പിക്കുക പോലും ചെയ്തില്ല എന്ന് പറഞ്ഞുകൊണ്ട് പില്‍കാലത്തെ മനുഷ്യര്‍ ഖുര്‍ആന്‍ നിഷേധികള്‍ ആവാതിരിക്കുവാനും അല്ലാഹു ശ്രദ്ധിച്ചിട്ടുണ്ട്. അതിനാല്‍ പല സൂക്തങ്ങളിലും ആകാശയാത്രയെക്കുറിച്ച് ഖുര്‍ആന്‍സൂചിപ്പിക്കുന്നുണ്ട് (ഉദാ: 42:29, 55: 33). ആറ്റത്തിലെ ചലനം, ഭൂമിയില്‍ സംഭവിച്ച സ്‌ഫോടനം ഇവയെല്ലാം ശാസ്ത്രം കണ്ടുപിടിക്കുന്നതിന്‍ മുമ്പ് തന്നെ ഇബ്‌നു അബ്ബാസ്(റ) പോലെയുള്ള ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പ്രസ്താവിച്ചിട്ടുണ്ട്. ശാസ്ത്ര നിഗമനത്തിന് തെറ്റ് പറ്റാം; തത്ത്വത്തിന്‍ തെറ്റ് പറ്റുകയില്ല. ഭൂമിക്കു രണ്ട് തരം ചലനമുണ്ട്, ഭൂമി ഗോളാകൃതിയിലാണ്, സൂര്യന്‍ചലിക്കുന്നുണ്ട്, ഈ ചലനം ഭൂമിക്കു ചുറ്റുമല്ല ഇതെല്ലാം ശാസ്ത്രം തെളിയിച്ച സത്യമാണ്. ഇതിനെ ഖുര്‍ആന്‍ നിഷേധിക്കുന്നില്ല. അംഗീകരിക്കുകയാണ് ചെയ്യുന്നത്. ഖുര്‍ആനില്‍ എവിടെയും സൂര്യന്‍ ഭൂമിക്ക് ചുറ്റും സഞ്ചരിക്കുന്നുണ്ടെന്ന് പറയുന്നില്ല. ഏതോ ഒരു കേന്ദ്രത്തെ ലക്ഷ്യം വെച്ച് സഞ്ചരിക്കുന്നു എന്നാണ് പറയുന്നത്. ഖുര്‍ആന്‍ ഒരു സാഹിത്യ ഗ്രന്ഥം കൂടിയായിട്ടും ചന്ദ്രനെ വിളക്ക് എന്ന് വിശേഷിപ്പിക്കുന്നില്ല. സുര്യനെയാണ് വിളക്ക് എന്ന് വിശേഷിപ്പിക്കുന്നത്. ചുരുക്കത്തില്‍ ഏതു കാലത്തെയും ശാസ്ത്രത്തെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്ന ശൈലിയാണ് ശാസ്ത്ര വിഷയങ്ങള്‍ ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. 

മനുഷ്യ ബുദ്ധിക്ക് കണ്ടുപിടിക്കുവാന്‍ സാധിക്കാത്ത വിഷയങ്ങള്‍ വിവരിക്കുക എന്നതാണ് ഖുര്‍ആന്റെ അവതരണ ലക്ഷ്യം. എന്നാല്‍, ഏതു ബുദ്ധിജീവിക്കും ഉള്‍കൊള്ളുവാനും ഹിദായത്തു ലഭിക്കുവാനും വേണ്ടി എല്ലാ വിഷയവും ഖുര്‍ആനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇമാം റാസി(റ) സൂറ: അഹ്‌സാബിലെ 49ാം സൂക്തത്തിന്റെ വിശദീകരണത്തില്‍ എഴുതി: 'നീ എന്താണ് വിചാരിക്കുന്നത്? ഖുര്‍ആന്‍ അത് ചെറിയതാണ്, എന്നാല്‍ അതിലെ ആശയങ്ങള്‍ ആവിഷ്‌കരിച്ചാല്‍ കടലാസുകള്‍ മതിയാവുകയില്ല' (റാസി). ഖുര്‍ആനെ അപമാനിക്കുന്ന പ്രസ്താവനകള്‍ അതില്‍നിന്നും ഉണ്ടാവരുത്. എല്ലാ ശാസ്ത്രവും ഖുര്‍ആനില്‍ വ്യക്തമായി പറയണമെന്നും ഒരാളും വാശിപിടിക്കുകയും ചെയ്യരുത്. എല്ലാ ശാസ്ത്ര തത്ത്വങ്ങളും ഖുര്‍ആനില്‍ സൂചിപ്പിക്കുന്നുണ്ട് എന്ന് ഒരാള്‍ വാദിച്ചാല്‍ അതിനെ നിഷേധിക്കുവാനും ശ്രമിക്കേണ്ടതുമില്ല. ഇമാം റാസി(റ) പറഞ്ഞ തത്ത്വം ഓര്‍മിക്കുക: 'ശാസ്ത്രം ദെവത്തിന്റെ സൃഷ്ടികളെക്കുറിച്ച് പ്രസ്താവിക്കുന്ന വിജ്ഞാന ശാഖയാണ്. മതം ദെവത്തിന്റെ വചനത്തെ കുറിച്ച് പ്രസ്താവിക്കുന്ന വിജ്ഞാന ശാഖയാണ്. രണ്ടും മനസ്സിലാക്കുന്നതില്‍ മനുഷ്യന്നു തെറ്റു പറ്റാം. തെറ്റുപറ്റുന്നതു ശാസ്ത്രത്തിനും മതത്തിനുമല്ല. മനുഷ്യര്‍ക്കാണ്'.

Feedback