Skip to main content

സ്വിറാതുല്‍ ജിനാന്‍

പാകിസ്താന്‍ വംശജനായ ഇസ്‌ലാമിക പണ്ഡിതന്‍ മുഫ്തി മുഹമ്മദ് ഖാസിം ഖാദിരി പത്തു വാള്യങ്ങളിലായി രചിച്ച ഖുര്‍ആന്‍ പരിഭാഷയാണ് സ്വിറാത്വുല്‍ ജിനാന്‍. 2013 മെയ് മാസത്തിലാണ് ഈ പരിഭാഷ പുറത്തിറങ്ങുന്നത്.


ആധുനികതയോട് ചേര്‍ന്ന് നില്‍ക്കുന്നതും പൗരാണിക - ആധുനിക വിജ്ഞാനീയങ്ങളെ ഉള്‍ക്കൊള്ളിക്കുകയും ചെയ്തിട്ടുള്ള ഈ ഉര്‍ദു വ്യാഖ്യാന ഗ്രന്ഥം പണ്ഡിതനും പാമരനും ഒരുപോലെ പ്രയോജനപ്പെടുന്നതാണ്. ഭാഷ ഏറെ ലളിതമായി കൈകാര്യം ചെയ്തു എന്നത് ഈ തഫ്‌സീറിന്റെ ഒരു പ്രത്യേകതയാണ്. ഹദീസുകളിലും ഖുര്‍ആനിക വചനങ്ങളിലും വന്നിട്ടുള്ള, സാധാരണക്കാരന് മനസ്സിലാക്കാന്‍ പ്രയാസമുള്ള വാക്കുകള്‍ക്ക് പദാനുപദ വിവര്‍ത്തനത്തിനു പകരം ആശയ തലത്തിലുള്ള വിവര്‍ത്തനമാണ് നല്‍കിയിട്ടുള്ളത്.


ഖുര്‍ആനില്‍ ഒരു വചനത്തിന്റെ അതേ ആശയം വരുന്ന വേറെയും വചനങ്ങളുണ്ടെങ്കില്‍ ആ വചനങ്ങള്‍ കൂടി സൂചിപ്പിക്കുക വഴി വായനയില്‍ ഏറെ സൗകര്യം ഈ പരിഭാഷ പ്രദാനം ചെയ്യുന്നുണ്ട്. ഖുര്‍ആനില്‍ തൗഹീദിനെക്കുറിച്ച് (ഏകദൈവ വിശ്വാസം) പറയുന്നിടത്ത് മുഴുവന്‍ നന്നായി വിശകലനം ചെയ്യുന്ന ഈ പരിഭാഷ പരലോകത്തെക്കുറിച്ചും സ്വര്‍ഗ നരക ജീവിതങ്ങളെക്കുറിച്ചും ഏറെ പ്രാധാന്യത്തോടെ വിവരിക്കുന്നുണ്ട്.


ഓരോ അധ്യായം ആരംഭിക്കുമ്പോഴും അതിനെക്കുറിച്ച് ഒരു ആമുഖം, അതില്‍ പറയുന്ന പ്രധാന വിഷയങ്ങള്‍, വചനങ്ങള്‍ അവതരിക്കാനുള്ള സാഹചര്യം, സന്ദര്‍ഭം തുടങ്ങിയവയെക്കുറിച്ചുള്ള ഏകദേശ ധാരണകള്‍ ഈ പരിഭാഷ പങ്കു വെക്കുന്നു.


അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുമായി ബന്ധപ്പെട്ട് കൊണ്ടുള്ള ഖുര്‍ആന്‍ പരാമര്‍ശങ്ങളിലൂടെ സഞ്ചരിച്ച് തിരുനബിയുടെ ജീവചരിത്രം കൂടി നല്‍കുന്നതിലൂടെ ഈ പരിഭാഷ അതിന്റെ ദൗത്യം പൂര്‍ത്തീകരിക്കുന്നു.

Feedback
  • Saturday Nov 23, 2024
  • Jumada al-Ula 21 1446