Skip to main content

തര്‍ജുമാനുല്‍ ഖുര്‍ആന്‍

മുസ്‌ലിം ലോകത്തിന് ഇന്ത്യയില്‍ നിന്നുള്ള വലിയ ഒരു സംഭാവനയാണ് വിശുദ്ധ ഖുര്‍ആനിന്റെ ഉര്‍ദു വ്യഖ്യാന ഗ്രന്ഥമായ 'തര്‍ജുമാനുല്‍ ഖുര്‍ആന്‍'. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരരംഗത്ത് നിസ്തുലമായ സേവനങ്ങളര്‍പ്പിച്ച മൗലാന അബുല്‍ കലാം ആസാദാണ് ഇതിന്റെ രചയിതാവ്.


1888 ല്‍ മക്കയില്‍ ജനിച്ച അബുല്‍ കലാം ആസാദ് പണ്ഡിതനായ പിതാവിലൂടെയാണ് വൈജ്ഞാനിക ലോകത്തേക്ക് പ്രവേശിക്കുന്നത്. ആസാദിന് രണ്ടോ മുന്നോ വയസുള്ള സമയത്ത് പിതാവ് ഇന്ത്യയിലേക്ക് തിരിച്ചു വരികയും കൊല്‍ക്കത്തയില്‍ സ്ഥിര താമസമാക്കുകയും ചെയ്തു. പാരമ്പര്യ മത ആചാരങ്ങളില്‍ നിന്ന് മാറി നിന്ന് പ്രമാണങ്ങളിലൂടെ മതത്തെ മനസ്സിലാക്കാനും പ്രബോധനം ചെയ്യാനും യുവാവായ അബുല്‍ കലാം ആസാദ് മുന്നിട്ടിറങ്ങി. അതോടൊപ്പം സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി മാറുകയും ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കുകൊള്ളുകയും ഹിന്ദു-മുസ്‌ലിം സാഹോദര്യം നിലനിര്‍ത്താന്‍ പ്രയത്‌നിക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്നു അബുല്‍ കലാം ആസാദ്. 


മുഹമ്മദ് അബ്ദുവിന്റെയും റശീദ് രിദായുടെയും പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ അബുല്‍ കലാം ആസാദ് അവരുടെ കൃതികളുടെയും മാസികകളുടെയും സ്ഥിരം വായനക്കാരനായിരുന്നു. അവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ആരംഭിച്ച 'അല്‍ഹിലാല്‍' 'അല്‍ബലാഗ' മാസികകളിലൂടെ വ്യത്യസ്ത വിഷയങ്ങളില്‍ ഖുര്‍ആന്‍ ആധാരമാക്കി അബുല്‍ കലാം ആസാദ് ലേഖനങ്ങളെഴുതി.


1916ല്‍ 'അല്‍ബലാഗ'യിലൂടെ അദ്ദേഹം 'തര്‍ജുമാനുല്‍ ഖുര്‍ആന്‍' ന്റെയും 'തഫ്‌സീര്‍ അല്‍ ബയാന്‍' ന്റെയും ഓദ്യോഗിക പ്രഖ്യാപനം നടത്തി. ഈ പ്രഖ്യാപനം പുലര്‍ന്നത് 15 വര്‍ഷത്തെ അദ്ദേഹത്തിന്റെ കഠിന പരിശ്രമത്തിലൂടെയായിരുന്നു. അതിനിടയില്‍ ഒരുപാടു പ്രതിസന്ധികള്‍ തര്‍ജുമാനുല്‍ ഖുര്‍ആനിന്ന് നേരിടേണ്ടിവന്നു. 1921 ല്‍ ബ്രിട്ടീഷ് ഭരണത്തിനു കീഴിലെ ബംഗാള്‍ ഗവണ്‍മെന്റ് തര്‍ജുമാനുല്‍ ഖുര്‍ആനിന്റെ കൈയെഴുത്ത് പ്രതി പിടിച്ചെടുക്കുകയും പൂര്‍ണമായും നശിപ്പിക്കുകയും ചെയ്തു. അച്ചടിക്കുവാനായി പ്രസ്സിലേക്ക് കൊടുക്കുവാന്‍ നേരത്തായിരുന്നു ഈ ദുരന്തം സംഭവിച്ചത്. പിന്നീട് 1927 ലാണ് ഈ മഹായത്‌നത്തിന് അദ്ദേഹം പുനരാരംഭം കുറിക്കുന്നത്. 


തര്‍ജുമാനുല്‍ ഖുര്‍ആന്റെ ഒന്നാം വാള്യത്തില്‍ ആദ്യത്തെ ആറു സൂറത്തുകളാണ് അദ്ദേഹം ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇതില്‍ സൂറത്തുല്‍ ഫാതിഹയെക്കുറിച്ച് വിപുലമായ വിശദീകരണം നല്കിയിട്ടുണ്ട്. രണ്ടാം വാള്യം സൂറത്തുല്‍ അഅ്‌റാഫു മുതല്‍ സൂറത്തുല്‍ മുഅ്മിനൂന്‍ വരെയുള്ള സൂറത്തുകളുടെ പരിഭാഷയും കുറിപ്പുകളുമാണ്. മൂന്നാം വാള്യത്തിലൂടെ ബാക്കിയുള്ള സൂറത്തുകള്‍ക്ക് പരിഭാഷയും കുറിപ്പുകളും എഴുതുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നെങ്കിലും അത് പുറത്തിറങ്ങിയില്ല. 


സൂറത്തുന്നൂറിന് അദ്ദേഹമെഴുതിയ പരിഭാഷ പിന്നീട് കണ്ടെടുക്കുകയും ഡല്‍ഹി സാഹിത്യ അക്കാദമി പുറത്തിറക്കിയ തര്‍ജുമാനുല്‍ ഖുര്‍ആന്റെ മൂന്നാം പതിപ്പില്‍ ഇത് ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തര്‍ജുമാനുല്‍ ഖുര്‍ആനില്‍ അബുല്‍ കലാം ആസാദ് ഏറ്റവും കൂടുതല്‍ വിശദീകരണം നല്കിയിട്ടുള്ളത് സൂറത്തുല്‍ ഫാതിഹക്കാണ്. ദുല്‍ ഖര്‍നൈന്‍, യഅ്ജൂജ് മഅ്ജൂജ് തുടങ്ങിയ ചരിത്ര വിഷയങ്ങളില്‍ ദീര്‍ഘമായ പഠനം തര്‍ജുമാനുല്‍ ഖുര്‍ആനിലുണ്ട്. വ്യത്യസ്ത ഭാഷകളിലേക്ക് ഈ ഗ്രന്ഥം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
 

Feedback