മനുഷ്യര്‍ക്ക് നേര്‍മാര്‍ഗമായി അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥമാണ് വിശുദ്ധഖുര്‍ആന്‍. അന്തിമപ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യാണ് അത് ജനങ്ങളിലേക്കെത്തിച്ചത്. ഖുര്‍ആനിന്റെ ആദ്യത്തെ വ്യാഖ്യാതാവ് (മുഫസ്സിര്‍) മുഹമ്മദ് നബി(സ്വ) തന്നെയാണ്. ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നേതാവ് (റഈസുല്‍ മുഫസ്സിരീന്‍) എന്നറിയപ്പെടുന്നത് ഇബ്‌നു അബ്ബാസ്(റ) ആണ്. അദ്ദേഹത്തിന് ഖുര്‍ആനില്‍ അഗാധ ജ്ഞാനം ഉണ്ടായിരുന്നു.
പില്ക്കാലത്ത് വിശുദ്ധ ഖുര്‍ആനിന് വിവിധ ഭാഷകളില്‍ ധാരാളം വ്യാഖ്യാന ഗ്രന്ഥങ്ങള്‍ (തഫ്‌സീര്‍) ഇറങ്ങിയിട്ടുണ്ട്. ഇപ്പോഴും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. ആദ്യത്തെ അറബി തഫ്‌സീര്‍ ഗ്രന്ഥം രചിച്ചത് ഉമവി കാലഘട്ടത്തില്‍ ജീവിച്ച മുജാഹിദുബ്‌നു ജബലുല്‍ മക്കിയാണ്. എന്നാല്‍ ലക്ഷണമൊത്ത തഫ്‌സീറുകള്‍ അബ്ബാസിയാ കാലഘട്ടത്തിലാണ് രചിക്കപ്പെട്ടത്. ഹിജ്‌റ 310 ല്‍ നിര്യാതനായ ഇബ്‌നു ജരീര്‍ ത്വബ്‌രിയുടെ 'അല്‍ ജാമിഉല്‍ ബയാല്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍' എന്ന മുപ്പത് വാല്യങ്ങളുള്ള ഗ്രന്ഥമാണ് ആദ്യമിറങ്ങിയ തഫ്‌സീറുകളില്‍ പ്രസിദ്ധമായത്.
ലോക ഭാഷകളില്‍ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും പരിഭാഷകളും ആയിരക്കണക്കിനുണ്ട്. ലിബിയയിലെ ട്രിപ്പോളി ലൈബ്രറി ഇരുപതിനായിരത്തിലധികം ഖുര്‍ആന്‍ തര്‍ജമകള്‍ ശേഖരിച്ചിട്ടുണ്ട്. സുഊദി അറേബ്യയിലെ മദീനയിലുള്ള കിംഗ് ഫഹ്ദ് പ്രിന്റിംഗ് കോംപ്ലക്‌സ് ഇപ്പോള്‍ അമ്പതോളം ഭാഷകളില്‍ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷകള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരി ക്കുന്നു. അക്കൂട്ടത്തില്‍ മലയാളത്തിലുള്ള പരിഭാഷയുമുണ്ട്.
ഒന്നര നൂറ്റാണ്ടു മുമ്പാണ് മലയാളത്തില്‍ ഖുര്‍ആന്‍ പരിഭാഷ ആദ്യമായി പ്രസിദ്ധീകരിച്ചത്. അറബി മലയാളത്തിലുള്ള ആ പ്രഥമ പരിഭാഷ 1855ല്‍ രചിച്ചത് മായിന്‍കുട്ടി എളയ എന്ന പണ്ഡിതനാണ്. എന്നാല്‍ മലയാളത്തിലുള്ള ആദ്യ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷ എഴുതിയത് 1954ല്‍ വക്കം പി മുഹമ്മദ് മെയ്തീന്‍ എന്ന പണ്ഡിതനാണ്. നിര്‍ഭാഗ്യവശാല്‍ 2009ലാണ് പ്രസിദ്ധീകരിച്ചത്. കേരള യൂണിവേഴ്‌സിറ്റി പ്രസിദ്ധീ കരണ വിഭാഗമാണ് പ്രസാധകര്‍ മലയാളഭാഷയില്‍ ഇതഃപര്യന്തം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഖുര്‍ആന്‍ പരിഭാഷകളെ പറ്റിയുള്ള ഒരു ചെറുവിശദീകരണം.
തര്‍ജമത്തു തഫ്‌സീരില്‍ ഖുര്‍ആന്‍
കേരളത്തില്‍ ഖുര്‍ആന്‍ പരിഭാഷാ രചന ആരംഭിച്ചത് 1855 ലാണ്. കണ്ണൂര്‍ അറക്കല്‍ കൊട്ടാരത്തിലെ മുഹ്‌യിദ്ദീന്‍ ബ്‌നു അബ്ദുല്‍ ഖാദര്‍ (മായിന്‍കുട്ടി എളയ) എന്ന പണ്ഡിതനാണ് ഈ മഹത്തായ കര്‍മ്മത്തിന് തുടക്കം കുറിച്ചത്. 'തര്‍ജമത്തു തഫ്‌സീരില്‍ ഖുര്‍ആന്‍' എന്ന പേരില്‍ അറബി മലയാളത്തിലുള്ള പരിഭാഷാ രചന ആരംഭിക്കുകയും 15 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. തഫ്‌സീര്‍ ജലാലൈനിയെ അവലംബിച്ചുള്ള ഈ പരിഭാഷ ആറു വാല്യങ്ങളുണ്ടായിരുന്നു.
ഒന്നാമത്തെ ജുസ്അ് പരിഭാഷ
വക്കം അബ്ദുല്‍ ഖാദര്‍ മൗലവി സയ്യിദ് റശീദ് റിളയെ അവലംബിച്ച് ഖുര്‍ആനിന്റെ ആദ്യ ജുസുഅ് പരിഭാഷ 'ദീപിക' പത്രത്തില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്നു. 1918ല്‍ ആരംഭിച്ച അല്‍ ഇസ്‌ലാം മാസികയില്‍ സൂറത്തുല്‍ ഫാത്തിഹക്ക് വക്കം അബ്ദുല്‍ ഖാദര്‍ മൗലവി എഴുതിയ വ്യാഖ്യാനം കനപ്പെട്ടതായിരുന്നു.
മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റി
1930കളുടെ ആരംഭത്തില്‍ മുഹമ്മദ് അബ്ദ്ുറഹിമാന്‍ സാഹിബിന്റെ പ്രേരണയാല്‍ കെ എം മൗലവി, എം സി സി അബ്ദുറഹ്മാന്‍ മൗലവി, പി.കെ. മൂസ മൗലവി എന്നിവര്‍ ചേര്‍ന്ന് ഖുര്‍ആന്‍ പരിഭാഷക്ക് തുടക്കമിട്ടു. മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റി 1985ല്‍ പ്രസിദ്ധീകരിച്ച തര്‍ജുമ അതിന്റെ ഭാഗമാണ്. സൂറത്തുല്‍ ഫാതിഹ, അല്‍ബഖറ എന്നിവയുടെ പരിഭാഷയാണ് പുറത്തിറക്കിയത്. സി എന്‍ അഹമ്മദ് മൗലവി എഴുതിയ പരിശുദ്ധ ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവുമാണ് തഫ്‌സീറുല്‍ ഖുര്‍ആനില്‍ ഹക്കീം. 1951ല്‍ രചന ആരംഭിച്ചു. 1963ല്‍ പൂര്‍ത്തിയാക്കി. ഈ ഗ്രന്ഥത്തിലെ ചില വ്യാഖ്യാനങ്ങളില്‍ പണ്ഡിതന്‍മാരില്‍ നിന്നും ശക്തമായ വിമര്‍ശനമുയര്‍ന്നു വന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ ധനസഹായത്തോടെ പുറത്തിറക്കി. പിന്നീട് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ നാഷണല്‍ ബുക്ക് സ്റ്റാള്‍ പ്രസിദ്ധീകരിച്ചു.
മൗലവി ഇടശ്ശേരിയുടെ പരിഭാഷ
മൗലവി പി മുഹമ്മദ് ഇടശ്ശേരിയുടെ പരിഭാഷയുടെ ഒരു ഭാഗം ബംഗലൂരു ആസ്ഥാനമായുള്ള ഇസ്‌ലാമിക സാഹിത്യ പ്രസിദ്ധീകരണ ശാല പ്രസിദ്ധീകരിച്ചു. ഇതില്‍ സൂറത്തിന് 'സംഹിത' എന്നും ആയത്തിന് 'രേഖ'യെന്നുമാണ് വിവര്‍ത്തനം നല്‍കിയത്.
തര്‍ജുമാനുല്‍ ഖുര്‍ആന്‍
വെളിയങ്കോട് കെ ഉമര്‍ മൗലവി 1955 ല്‍ ഖുര്‍ആന്‍ മുഴുവന്‍ 'തര്‍ജുമാനുല്‍ ഖുര്‍ആന്‍' എന്ന പേരില്‍ അറബി മലയാളത്തില്‍ ഭാഷാന്തരം നടത്തിയിരുന്നു. 1970 ല്‍ ഇത് മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ടു.
മൗലവി മുട്ടാണിശ്ശേരിയുടെ പരിഭാഷ
മുട്ടാണിശ്ശേരിയില്‍ എം കോയക്കുട്ടി മൗലവിയുടെ പരിഭാഷ 1960 ല്‍ പുറത്തിറങ്ങി. ഈ പരിഭാഷയില്‍ എഞ്ചിനീയര്‍ എ.എം. ഉസ്മാന്‍ സാഹിബിന്റെ 'ഖുര്‍ആന്‍ പഠനത്തിനൊരു മുഖവുര' എന്ന പഠനം നല്‍കിയിരിക്കുന്നു. 1967ല്‍ ലേഖ പബ്ലിക്കേഷന്‍സ് ആണ് ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നീട് കോട്ടയം മോറല്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു.
വിശുദ്ധ ഖുര്‍ആന്‍ വിവരണം
കേരള മുസ്‌ലിംകള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയ 'അമാനി മൗലവിയുടെ തഫ്‌സീര്‍' എന്ന പേരില്‍ പ്രസിദ്ധമായ ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥമാണ് 'വിശുദ്ധഖുര്‍ആന്‍ വിവരണം'. 1960 സെപ്തംബറില്‍ പ്രവര്‍ത്തനമാരംഭിക്കുകയും 1985 സെപ്തംബറില്‍ രചന പൂര്‍ത്തിയാക്കുകയും ചെയ്ത ഏറ്റവും ആധികാരികമായ ഖുര്‍ആന്‍ വിവരണമാണിത്. ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത് കെ.എം. മൗലവിയുടെ മേല്‍നോട്ടത്തില്‍ പി.കെ. മൂസ മൗലവി, എ അലവി മൗലവി, മുഹമ്മദ് അമാനി മൗലവി എന്നിവരാണ്. ഒലവക്കോട്ടെ കെ.പി. മൊയ്തീന്‍കുട്ടി സാഹിബ്, കെ പി മുഹമ്മദ് സാഹിബ് എന്നിവരുടെ പ്രോത്സാഹനത്തിലായിരുന്നു.
ഇതിന്റെ പ്രവര്‍ത്തനം. 18ാം അധ്യായം മുതല്‍ 27ാം അധ്യായം വരെയുള്ള രചനയില്‍ പി.കെ. മൂസ മൗലവിയും 18ാം അധ്യായം മുതല്‍ 114ാം അധ്യായം വരെയുള്ള രചനയില്‍ അലവി മൗലവിയും പങ്കുകൊണ്ടു. ഒന്നാം അധ്യായം മുതല്‍ 17ാം അധ്യായം വരെ അമാനി മൗലവി സ്വയമാണ് പൂര്‍ത്തിയാക്കിയത്.
ഒലവക്കോട് കെ.പി. ബ്രദേഴ്‌സ് 1963 ല്‍ ഒന്നാം വാല്യം പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് മൂന്ന് വാല്യങ്ങളും പ്രസിദ്ധീകരിച്ചു. രണ്ടു വാല്യങ്ങള്‍ പ്രസിദ്ധീകരിച്ചത് കൊച്ചി മുജാഹിദീന്‍ ട്രസ്റ്റാണ്. 1979ല്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിദ്ധീകരണം ഏറ്റെടുത്തു. ഒന്നാം പതിപ്പ് 12 വാല്യങ്ങള്‍ ഉണ്ടായിരുന്നത് പിന്നീട് നാല് വാല്യങ്ങളാക്കി. 2016ല്‍ പുറത്തിറക്കിയ 15ാം പതിപ്പ് എട്ടു ഭാഗമായാണ് പ്രസിദ്ധീകരിച്ചത്.
അറബി മൂലത്തോടൊപ്പം വാക്കര്‍ഥവും വാക്യാര്‍ഥവും വെവ്വേറെ കൊടുത്തിട്ടുള്ളതിനാല്‍ പഠിതാക്കള്‍ക്ക് എളുപ്പത്തില്‍ ഗ്രഹിക്കാന്‍ സാധിക്കുന്നു. വ്യത്യസ്ത തഫ്‌സീറുകളെ അവലംബിച്ചെഴുതിയ ഈ ഗ്രന്ഥത്തിന്റെ ധാരാളം കോപ്പികള്‍ പുറത്തിറക്കിയിട്ടുണ്ട്. 123 പേജുള്ള പഠനാര്‍ഹമായ മുഖവുരയാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. ഖുര്‍ആനിനെപറ്റി വിശദമായ ഒരു പഠനമാണിത്. ചില വിഷയങ്ങള്‍ കൂടുതല്‍ വിവരിക്കേണ്ടി വരുമ്പോള്‍ വ്യാഖ്യാനക്കുറിപ്പ് എന്ന ശീര്‍ഷകങ്ങളില്‍ കൂടുതല്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.
തര്‍ജുമാനുല്‍ ഖുര്‍ആന്‍
പരിശുദ്ധ ഖുര്‍ആനിന്റെ പരിഭാഷയും വ്യാഖ്യാനവും ഉള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥം 1955ല്‍ കെ. ഉമര്‍ മൗലവി തിരൂരങ്ങാടിയില്‍ വെച്ച് എഴുതി പൂര്‍ത്തിയാക്കി. കെ.എം. മൗലവി പരിശോധിക്കുകയും അറബി മലയാളത്തില്‍ ആറു വാല്യങ്ങളായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ആദ്യത്തെ അഞ്ചു ജുസുഅ് തിരൂരങ്ങാടി ഉബൈദിയ്യാ ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ചു. പിന്നീട് ആമിറുല്‍ ഇസ്‌ലാം പ്രസ്സുടമസ്ഥരാണ് പ്രസിദ്ധീകരണം ഏറ്റെടുത്തത്. അയ്യഞ്ചു ജുസ്ഉകളിലായി ആറു വാല്യങ്ങളായി പ്രസിദ്ധപ്പെടുത്തി. 1970ല്‍ വ്യാഖ്യാനമൊഴിവാക്കി മലയാളത്തില്‍ പുറത്തിറക്കി. കെ. കെ.മുഹമ്മദ് മദനിയുടെ സഹകരണത്തോടെയാണ് തയ്യാറാക്കിയത്.
തഫ്ഹീമുല്‍ ഖുര്‍ആന്‍
അബുല്‍ അഅ്‌ലാ മൗദൂദി ഉര്‍ദുവില്‍ രചിച്ച ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ മലയാള പരിഭാഷയുടെ ഒന്നാം വാല്യം 1972 ഡിസംബറില്‍ പുറത്തിറങ്ങി. ടി.കെ അബ്ദുല്ല, ടി. ഇസ്ഹാഖലി, ടി കെ ഉബൈദ്, വി.കെ അലി എന്നിവരാണ് ആറു വാല്യങ്ങളുള്ള ഈ വ്യാഖ്യാന ഗ്രന്ഥം വിവര്‍ത്തനം ചെയ്തത്. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസാണ് പ്രസാധകര്‍ 'ഖുര്‍ആന്‍ പഠനത്തിന് ഒരു മുഖവുര' എന്ന പേരില്‍ ഇരുപത്തിയഞ്ച് പേജുള്ള ആമുഖ പഠനം നല്‍കിയിട്ടുണ്ട്. ഓരോ അധ്യായത്തിന്റെയും നാമം, അവതരണ കാലം, ഉള്ളടക്കം, ചരിത്രപശ്ചാത്തലം, ലക്ഷ്യം എന്നിവ വിവരിക്കുന്നുണ്ട്.
തഫ്‌സീറുല്‍ ഖുര്‍ആന്‍
തഫ്‌സീര്‍ ജലാലൈനി അടിസ്ഥാനമാക്കി ടി.കെ അബ്ദുല്ല മൗലവി, മാട്ടൂല്‍ തയ്യാറാക്കിയ പരിഭാഷയും വ്യാഖ്യാനവുമാണ് 'തഫ്‌സീറുല്‍ ഖുര്‍ആന്‍'. അബ്ദുല്ല മൗലവി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ചെയര്‍മാനായിരുന്നു. 1974ല്‍ പരപ്പനങ്ങാടിയിലെ ബയാനിയ്യാ പ്രസ്സ് ആന്റ് ബുക്ക്‌സ്റ്റാളാണ് പ്രസിദ്ധീകരിച്ചത്. ഒറ്റ വാല്യത്തിലുള്ള ഗ്രന്ഥത്തില്‍ പതിനഞ്ച് പേജില്‍ മുഖവുര കൊടുത്തിട്ടുണ്ട്.
യൂസുഫലിയുടെ പരിഭാഷ മലയാളത്തില്‍
അല്ലാമാ അബ്ദുല്ല യൂസുഫലിയുടെ ഇംഗ്ലീഷിലുള്ള വിശ്വപസിദ്ധമായ വിശുദ്ധ ഖുര്‍ആന്‍ പ രിഭാഷയില്‍ നിന്നുള്ള ഫാതിഹ, അല്‍ബഖറ എന്നീ അധ്യായങ്ങള്‍ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി വിവര്‍ത്തനം ചെയ്തു. 1976ല്‍ യുവത ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ചു.
ഫത്ഹുര്‍റഹ്മാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍
കെ വി.മുഹമ്മദ് മുസ്ലിയാര്‍ കൂറ്റനാട് രചിച്ച ഖുര്‍ആന്‍ വ്യാഖ്യാനമാണ് ഫത്ഹുറഹ്മാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍. ഗ്രന്ഥത്തിന്റെ വിപുലീകരണവും എഡിറ്റിംഗും നടത്തിയത് ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വിയാണ്. അഞ്ചു വാല്യങ്ങളുള്ള ഗ്രന്ഥം 1980ലാണ് പുറത്തിറങ്ങിയത്. 52 പേജില്‍ മുഖവുര നല്‍കിയിട്ടുണ്ട്. ചെമ്മാട് സുന്നി പബ്ലിക്കേഷന്‍ സെന്ററാണ് പ്രസാധകര്‍.
ഖുര്‍ആന്‍ ഭാഷ്യം
അബുല്‍ അഅ്‌ലാ മൗദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാനമായ തഫ്ഹീമുല്‍ ഖുര്‍ആന്‍ സംഗ്രഹിച്ച് ഒറ്റ വാല്യത്തില്‍ തയ്യാറാക്കിയ 'തര്‍ജുമയെ ഖുര്‍ആന്‍' എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ ടി കെ ഉബൈദ് വിവര്‍ത്തനം ചെയ്ത് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് 1988 ല്‍ പ്രസിദ്ധീകരിച്ചു.
വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ മലയാള പരിഭാഷ
ഏറ്റവും കൂടുതല്‍ കോപ്പികള്‍ പുറത്തിറങ്ങിയ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ പരിഭാഷയാണ് ചെറിയ മുണ്ടം അബ്ദുല്‍ ഹമീദ് മദനിയും കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരും ചേര്‍ന്നെഴുതിയ വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ മലയാള പരിഭാഷ. 1991ല്‍ പുറത്തിറങ്ങിയ പരിഭാഷയുടെ പരിശോധന നിര്‍വഹിച്ചത് കെ പി മുഹമ്മദ് മൗലവിയാണ്. ഖുര്‍ആനിന്റെ അമാനുഷികതയും മൗലികതയും ഉള്ളടക്ക സാരാംശവും ഉള്‍ക്കൊള്ളുന്ന ദൈവികഗ്രന്ഥവും മനുഷ്യചരിത്രവും എന്ന പേരില്‍ മുഖവുര നല്‍കിയിരിക്കുന്നു. ഖുര്‍ആനിലെ ആയത്തുകള്‍ വിഷയാധിഷ്ഠിതമായി കണ്ടെത്താനുള്ള ഇന്‍ഡക്‌സും നല്‍കിയിരിക്കുന്നു. ഈ പരിഭാഷാ ഗ്രന്ഥം സുഊദി അറേബ്യയിലെ കിംഗ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിംഗ് കോംപ്ലക്‌സ് സൗജന്യ വിതരണത്തിനായി ഔദ്യോഗികമായി അച്ചടിച്ചിറക്കുന്നു.
ഈ പരിഭാഷ ആദ്യമായി പ്രസിദ്ധീകരിച്ചത് കോഴിക്കോട്ടെ കിത്താബ് മഹലാണ്. പിന്നീട് യുവത ബുക്ക് ഹൗസ് പുറത്തിറക്കാന്‍ തുടങ്ങി. സുഊദി അറേബ്യയിലെ റിയാദിലെ ദാറുസലാം ഇന്റര്‍ നാഷണല്‍ പബ്ലിഷേഴ്‌സ്, നിച്ച് ഓഫ് ട്രൂത്ത്, ദി ടൂത്ത് തുടങ്ങിയ പ്രസാധകര്‍ ഈ സമ്പൂര്‍ണ പരിഭാഷ പുറത്തിറക്കിയിട്ടുണ്ട്. പല വ്യക്തികളും സ്ഥാപനങ്ങളും സൗജന്യമായി വിതരണം നടത്തികൊണ്ടിരിക്കുന്നു. ഇപ്പോള്‍ തിരൂരിലെ സന ബുക്‌സ് ആണ് ഇത് പ്രസിദ്ധീകരിച്ചു വരുന്നത്.
വിശുദ്ധ ഖുര്‍ആന്‍ വ്യഖ്യാനം
1993 നവംബറില്‍ പുറത്തിറക്കിയ വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനം എന്ന ഗ്രന്ഥം രചിച്ചത് മുസ്തഫല്‍ ഫൈസിയാണ്. ദുബൈ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററാണ് നേരത്തെ ഒന്നാം ഭാഗം പ്രസിദ്ധീകരിച്ചത്. ഇപ്പോള്‍ ഒമ്പത് ഭാഗമാണ് പ്രസിദ്ധീകരിച്ചത്. 142 പേജില്‍ ആമുഖ പഠനം നല്‍കിയിരിക്കുന്നു. പുത്തനത്താണിയിലെ ഒയാസിസ് ബുക്ക് ഹൗസാണ് പ്രസാധകര്‍.
ഖുര്‍ആന്‍
അറബി മൂലമില്ലാതെ 'ഖുര്‍ആന്‍' എന്ന പരിഭാഷാ ഗ്രന്ഥം കോട്ടയം ആസ്ഥാനമായുള്ള ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചു. സി.എന്‍. അഹമ്മദ് മൗലവിയുടെ മേല്‍നോട്ടത്തില്‍ കെ.അബ്ദുറഹിമാന്‍, പി.എ കരീം, കെ.കെ.റഊഫ് എന്നിവരാണ് രചയിതാക്കള്‍. നാലു ഭാഗമുണ്ടായിരുന്നത് 1996 ല്‍ ഒറ്റ വാള്യമായി പ്രസിദ്ധീകരിച്ചു.
ഫത്ഹുല്‍ അലീം ഫീ തഫ്‌സീരില്‍ ഖുര്‍ആനില്‍ അളീം
രണ്ടു വാല്യത്തിലുള്ള വിശുദ്ധ ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും 1995 ആഗസ്തിലാണ് പുറ ത്തിറങ്ങിയത്. തിരൂരങ്ങാടി ഖാസി അബ്ദുറഹിമാന്‍ മഖ്ദൂമി പൊന്നാനിയാണ് രചയിതാവ്, തിരൂരങ്ങാടിയിലെ കെ.മുഹമ്മദ്കുട്ടി ആന്റ് സണ്‍സാണ് പ്രസാധകര്‍.
ഖുര്‍ആനിന്റെ തണലില്‍
സയ്യിദ് ഖുത്തുബിന്റെ 'ഫീ ദ്വിലാലില്‍ ഖുര്‍ആനിന്റെ മലയാള പരിഭാഷ 'ഖുര്‍ആന്റെ തണലില്‍' എന്ന പേരില്‍ മനാസ് ഫൗണ്ടേഷന്‍ 12 വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചു. സാധാരണ വ്യാഖ്യാനങ്ങളില്‍ നിന്നു വേറിട്ടു നില്‍ക്കുന്നു. വി.എസ്. സലീം, കുഞ്ഞിമുഹമ്മദ് പുലവത്ത് എന്നിവരാണ് പരിഭാഷകര്‍, എഡിറ്റര്‍ ഡോ. മുഹയുദ്ദീന്‍ ആലുവായിയാണ്. 1995ലാണ് ഒന്നാം വാല്യം പുറത്തിറങ്ങിയത്. വചനം ബുക്‌സ് ഈ ഗ്രന്ഥം ആറു വാല്യങ്ങളിലായി പുനഃപ്രസിദ്ധീകരിക്കുന്നുണ്ട്.
അല്‍ബയാന്‍
കോഴിക്കോട് വലിയ ഖാസി സയ്യിദ് അഹ്മദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ രചിച്ച ഖുര്‍ആന്‍ പരിഭാഷ അല്‍ ബയാന്‍ എന്ന പേരിലറിയപ്പെടുന്നു. 1997 മെയ് മാസം പ്രസിദ്ധീകരിച്ചു. തിരൂരങ്ങാടി അശ്‌റഫി ബുക്ക് സെന്ററാണ് പ്രസാധകര്‍.
മആരിഫുല്‍ ഖുര്‍ആന്‍
മൗലാന മുഫ്തി മുഹമ്മദ് ശഫീഅ് ഉര്‍ദു ഭാഷയില്‍ രചിച്ച 'തഫ്‌സീര്‍ മആരിഫുല്‍ ഖുര്‍ആന്‍' എടത്തല അല്‍ ജാമിഅത്തുല്‍ കൗസരിയ്യ പ്രിന്‍സിപ്പാള്‍ ഹാഫിസ് അബ്ദുല്‍ കരീം മൗലവി അല്‍ ഖാസിമി വിവര്‍ത്തനം ചെയ്തു. ആലുവയിലെ അല്‍ മആരിഫ് പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ചു. 1998 നവംബര്‍ മാസം പ്രസിദ്ധീകരണം തുടങ്ങിയ ഈ ഗ്രന്ഥം ഇപ്പോള്‍ എട്ടു വാല്യം പുറത്തിറക്കി. 46 പേജില്‍ മുഖവുര നല്‍കിയിട്ടുണ്ട്.
തസ്‌രീഹുല്‍ ഖുര്‍ആന്‍
തിരൂരങ്ങായി ഖാദി അബ്ദുറഹ്മാന്‍ മഖ്ദൂമി പൊന്നാനി രചിച്ച വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷയാണ് തസ്‌രീഹുല്‍ ഖുര്‍ആന്‍. 2000 മെയ് മാസത്തില്‍ തിരൂരങ്ങാടി കെ. മുഹമ്മദ് കുട്ടി ആന്റ് സണ്‍സ് പ്രസിദ്ധീകരിച്ചു.
ഖുര്‍ആനിന്റെ വെളിച്ചം
2001 നവംബര്‍ മാസം ഖുര്‍ആനിന്റെ വെളിച്ചം (അന്‍വാറുല്‍ ഖുര്‍ആന്‍) എന്ന പേരില്‍ വിശുദ്ധ ഖുര്‍ആന്‍ ചൊവ്വായ പരിഭാഷയും വ്യാഖ്യാനയും എടവണ്ണ, എ അബ്ദുസലാം സുല്ലമി തയ്യാറാക്കി പ്രസിദ്ധപ്പെടുത്തി. നാലു വാല്യങ്ങളുള്ള വ്യാഖ്യാന ഗ്രന്ഥത്തിന്റെ പ്രസാധകര്‍ കോഴിക്കോട്ടെ അയ്യൂബി ബുക്ക് ഹൗസാണ്.
ഖുര്‍ആന്‍ ബോധനം
മലയാളത്തിലെ ശ്രദ്ധേയമായ ഒരു ഖുര്‍ആന്‍ വിവരണമാണ് ഖുര്‍ആന്‍ ബോധനം. പ്രബോധനം വാരികയില്‍ ഖുര്‍ആന്‍ പംക്തിയായി പ്രസിദ്ധീകരിച്ചു വരുന്നു. ഒന്നാം ഭാഗം 2002ല്‍ പ്രസിദ്ധീ കരിച്ചു. ലളിതമായ തര്‍ജുമയും വിശദമായ വ്യാഖ്യാനവുമുള്ള ഈ ഗ്രന്ഥത്തില്‍ ഓരോ പദത്തി ന്റെയും അര്‍ത്ഥവിവരണവും നല്‍കിയിരിക്കുന്നു. ടി.കെ. ഉബൈദ് രചിച്ച ഖുര്‍ആന്‍ ബോധനത്തിന്റെ ഏഴാം ഭാഗമാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. സൂറത്തുല്‍ മുഅ്മിനുന്റെ വിശദീകരണം വരെയാണ് പ്രസിദ്ധീകരിച്ചത്.
അല്‍ ഖുര്‍ആന്‍
ഫാറുഖ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. വി മുഹമ്മദ് സാഹിബ് രചിച്ച വ്യത്യസ്ത രീതിയിലുള്ള ഖുര്‍ആന്‍ പരിഭാഷയാണ് അല്‍ ഖുര്‍ആന്‍. ഓരോ വചനത്തിലെയും വാക്കുകള്‍ക്ക ടിയില്‍ അര്‍ത്ഥം കൊടുത്തിട്ടുണ്ട്. അതിനാല്‍ പാരായണം ചെയ്യുന്ന ആള്‍ക്ക് ഓരോ പദത്തിന്റെയും അര്‍ത്ഥം മനസ്സിലാക്കാന്‍ സാധ്യമാവുന്നു. 2002 ല്‍ മുസ്‌ലിം സര്‍വ്വീസ് സൊസൈറ്റിയാണ് (എം.എസ്.എസ്) പ്രസിദ്ധീകരിച്ചത്. കോഴിക്കോട്ടെ പാരിസണ്‍സ് ഗ്രൂപ്പ് സൗജന്യമായി വിതരണം നടത്തി.
ഖുര്‍ആന്‍ ലളിത സാരം
ശൈഖ് മുഹമ്മദ് കാരക്കുന്ന്, വാണിദാസ് എളയാവൂര്‍ എന്നിവര്‍ തയ്യാറാക്കിയ പരിഭാഷ 2003 ഡിസംബറില്‍ പുറത്തിറങ്ങി. ചെറിയ കുറിപ്പുകളും നല്‍കിയിട്ടുണ്ട്. ഡയലോഗ് സെന്റര്‍ കേരള പ്രസാധകരും ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് വിതരണക്കാരുമാണ്. അന്ധന്മാര്‍ക്കായി ഈ പരിഭാഷയുടെ ബ്രയിലി ലിപിയിലുള്ള പകര്‍പ്പ് പുറത്തിറക്കിയിട്ടുണ്ട്.
ഖുര്‍ആന്‍ പാഠം
കെ.കെ. മുഹമ്മദ് സുല്ലമി തയ്യാറാക്കി യുവത ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച ഖുര്‍ആന്‍ ആസ്വാദനമാണ് ഖുര്‍ആന്‍ പാഠം. 42ാം അധ്യായമായ സൂറത്തു ശൂറാ മുതല്‍ 64-ാം അധ്യായമായ തഗാബുന്‍ വരെ മൂന്ന് ജുസുഅ് ആണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 2006 മെയില്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ പദാനുപദ തര്‍ജമയും തുടര്‍ന്ന് വിശദീകരണവും ന ല്‍കിയിരിക്കുന്നു. തന്റെ പഠനവും മനനവും പരന്ന വായനയും മുഖേന ലഭിച്ച ഉള്‍ക്കാഴ്ചയുടെ ഫലമായി മുന്‍ഗാമികളുടെ ചിന്തകളും ആധുനിക സങ്കേതങ്ങളും ഇഴ ചേര്‍ത്ത് എഴുതിയതാണ് ഈ ഖുര്‍ആന്‍ പാഠം.
വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ
റഹ്മത്തുള്ള ഖാസിമി, മുത്തേടം തയ്യാറാക്കിയ വിശുദ്ധ ഖുര്‍ആനിന്റെ സമ്പൂര്‍ണ പരിഭാഷ 2007 ലാണ് പുറത്തിറങ്ങിയത്. കോഴിക്കോട്ടെ ഇസ്‌ലാമിക സാഹിത്യ അക്കാദമിയാണ് പ്രസാധകര്‍.
ഖുര്‍ആന്‍ പരിഭാഷ വിഷയക്രമത്തില്‍
വേറിട്ട ഖുര്‍ആന്‍ പരിഭാഷയാണിത്. പരിശുദ്ധ ഖുര്‍ആനിലെ ആയത്തുകള്‍ വിഷയാടിസ്ഥാന ത്തില്‍ ക്രോഡീകരിച്ചിരിക്കുന്നു. എ.കെ. ഇസ്മായില്‍ എഡിറ്റ് ചെയ്തു തലശ്ശേരിയിലെ എ.കെ. ബുക്‌സ് 2009ലാണ് പ്രസിദ്ധീകരിച്ചത്. അറബി മൂലംകൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ച് 2015 ജൂണില്‍ അശ്‌റഫി ബുക്‌സ് സെന്റര്‍ പ്രസിദ്ധപ്പെടുത്തി.
തഫ്‌സീറുല്‍ കബീര്‍
ഇമാം ഫഖ്‌റുദ്ദീന്‍ അല്‍ റാസിയുടെ തഫ്‌സീറുല്‍ കബീര്‍ എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ സംക്ഷിപ്ത പരിഭാഷ. അഞ്ചു വാലങ്ങളിലുള്ള ഗ്രന്ഥത്തിന്റെ എഡിറ്റര്‍ വി.എസ്. സലീമാണ്. 2010 ഡിസംബറില്‍ കൊച്ചിയിലെ വിസ്ഡം ബുക്‌സാണ് പ്രസിദ്ധീകരിച്ചത്.
ഫൈളുര്‍റഹ്മാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍
വിശുദ്ധ ഖുര്‍ആനിന്റെ ആശയ വിവര്‍ത്തനവും വ്യാഖ്യാനവുമാണിത്. യൂസുഫ് ഫൈസി കാഞ്ഞിരിപ്പുഴ ചീഫ് എഡിറ്ററും ശാഫി മുണ്ടമ്പ്ര എക്‌സി. എഡിറ്ററുമാണ്. 2013 ഏപ്രിലില്‍ ഒരു വാല്യമാണ് പ്രസിദ്ധീകരിച്ചത്. 49 പേജ് മുഖവുര നല്‍കിയിട്ടുണ്ട്. കോഴിക്കോട് ക്രസന്റ് പബ്ലിഷിങ് ഹൗസാണ് പ്രസാധകര്‍.
ഖുര്‍ആനിനെ കണ്ടെത്തല്‍
ഖുര്‍ആനിന്റെ ഓരോ ആയത്തിന്റെയും വിശദീകരണത്തില്‍ ആശയബന്ധമുള്ള മറ്റ് ആയത്തുകളും പരിഭാഷയും നല്‍കിയിട്ടുള്ള വ്യാഖ്യാന ഗ്രന്ഥമാണ് ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെ ഖുര്‍ആനിനെ കണ്ടെത്തല്‍. ഫാതിഹയും അല്‍ബഖറയും ഉള്‍ക്കൊള്ളുന്ന ഒന്നാം വാല്യമാണ് കോഴിക്കോട് യുവത ബുക്ക് ഹൗസ് 2014 ജനുവരിയില്‍ പ്രസിദ്ധീകരിച്ചത്. പദാനുപദ അര്‍ഥം നല്‍കിയതോടൊപ്പം ക്രിയകളുടെ വ്യത്യസ്ത രൂപങ്ങള്‍, നാമങ്ങളുടെ ഏകവചന ബഹുവചന രൂപങ്ങള്‍ എന്നിവ നല്‍കിയിരിക്കുന്നു.
വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി രചിച്ച് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി 2015 ജനുവരിയില്‍ പ്രസിദ്ധീകരിച്ച ഖുര്‍ആന്‍ പരിഭാഷയാണിത്. പരിഭാഷയുടെ കൂടെ ചെറിയ കുറിപ്പുകളും നല്‍കിയിരിക്കുന്നു. മുഖലിഖിതം എന്ന പേരില്‍ 23 പേജ് ആമുഖം നല്‍കിയിട്ടുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ ആസ്വാദന പാഠങ്ങള്‍
കെ.പി. സക്കരിയ്യ തയ്യാറാക്കിയ ഖുര്‍ആന്‍ പഠനമാണ് യുവത ബുക്ക് ഹൗസ് 2015 ജനുവരിയില്‍ പ്രസിദ്ധീകരിച്ച വിശുദ്ധ ഖുര്‍ആന്‍ ആസ്വാദന പാഠങ്ങള്‍. വിശുദ്ധ ഖുര്‍ആനിലെ അവസാന ഭാഗത്തിലെ ചെറു അധ്യായങ്ങളുടെ ആസ്വാദന പാഠങ്ങളാണിത്. ഭാഷാര്‍ത്ഥവും പദവിശകലനവും സൂക്ഷ്മമായ വ്യാഖ്യാനങ്ങളും ഉള്‍ക്കൊള്ളുന്ന അവതരണ രീതി ഖുര്‍ആന്‍ പഠിതാക്കളെ ആകര്‍ഷിക്കുന്നതാണ്.
ജൗഹറുല്‍ ബയാന്‍
ജൗഹറുല്‍ ബയാന്‍ തഫ്‌സീറുല്‍ ഖുര്‍ആന്‍ എന്ന പേരില്‍ എം.കെ. അബ്ദുല്‍ അസീസ് സഖാഫി വിശുദ്ധ ഖുര്‍ആനിലെ ആശയങ്ങളെപറ്റി വിശദമായ പഠനം നടത്തിയിരിക്കുന്നു. 2016 ഫെബ്രു വരിയില്‍ പ്രസിദ്ധീകരിച്ച ഒന്നാം ഭാഗത്ത് ഖുര്‍ആനിനെപ്പറ്റിയുള്ള പ ഠനമാണ്. രണ്ടാം ഭാഗത്ത് ഫാതിഹയുടെ പഠനമാണ് നല്‍കിയത്. അലിഫ് ബുക്‌സ് പൂങ്ങോട് ആണ് പ്രസാധകര്‍.
ഖുര്‍ആന്‍ സാരം
മനാസ് ഫൗണ്ടേഷന്‍ പുറത്തിറക്കിയ മറ്റൊരു പരിഭാഷയാണ് ഖുര്‍ആന്‍ മലയാള സാരം. അറബി മൂലമില്ലാത്ത ഇതിന്റെ രചയിതാക്കള്‍ വി.എസ്. സലീമും കുഞ്ഞി മുഹമ്മദ് പുലവത്തുമാണ്. ഇപ്പോഴത്തെ പ്രസാധകര്‍ കൊച്ചി വിസ്ഡം ബുക്‌സും വിതരണക്കാര്‍ തൃശൂര്‍ വിചാരം ബുക്‌സുമാണ്.
ഖുര്‍ആനിന്റെ ഉള്‍സാര വ്യാഖ്യാനം
'ഖുര്‍ആന്റെ ഉള്‍സാര വ്യാഖ്യാനം' എന്ന പേരില്‍ കെ. വി.എം. പന്താവൂര്‍ പുറത്തിറക്കിയ പരിഭാഷ ഒരു സൂഫി വ്യാഖ്യാന ഗ്രന്ഥമാണ്. മുഹ്‌യുദ്ദീന്‍ ബ്‌നു അറബിയുടെ തഫ്‌സീറുല്‍ ഖുര്‍ആന്‍ എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനമാണിത്.
അല്‍ഖുര്‍ആന്‍
കോട്ടയം ഡി.സി. ബുക്‌സ് പുറത്തിറക്കിയ പരിഭാഷയാണ് അല്‍ ഖുര്‍ആന്‍. ഹാഫിസ് പി.എച്ച്. അബ്ദുല്‍ ഗഫാര്‍ മൗലവി അല്‍ കൗസരിയാണ് പരിഭാഷകന്‍.
അറബി ഉച്ചാരണം മലയാളത്തില്‍
അറബി ഒട്ടും അറിയാത്തവര്‍ക്കായി ആയത്തിന്റെ ഉച്ചാരണം മലയാളം ലിപിയില്‍ എഴുതിയിട്ടുള്ള ഒരു പരിഭാഷ കോട്ടയത്തു നിന്നും പുറത്തിറക്കി.
ചെറിയ ഭാഗങ്ങളായുള്ള പരിഭാഷകള്‍
1. ചാലിലകത്ത് അബ്ദുല്ല മുസ്ലിയാരുടെ പുത്രന്‍ സി.എ മുഹമ്മദ് മൗലവി
ഫാത്തിഹ, അമ്മ ജുസുഅ്, സൂറത്തുല്‍ മാഇദ എന്നിവയുടെ പരിഭാഷ പ്രസിദ്ധീകരിച്ചിരുന്നു.
2. എ. അബ്ദുസലാം സുല്ലമി അമ്മ ജുസുഅ്, സൂറത്ത് യാസീന്‍ തുടങ്ങിയവയുടെ പരിഭാഷ തയ്യാ റാക്കി അയ്യൂബി ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ചു.
3. ഇ.എന്‍. ഇബ്രാഹിം മൗലവി അമ്മ ജുസുഅ് പരിഭാഷ തയ്യാറാക്കി ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചു.
4. ഡോ.എന്‍.കെ. മുഹമ്മദ് കമാല്‍പാഷ ഖുര്‍ആനിലെ വ്യത്യസ്ത ഭാഗങ്ങളുടെ പരിഭാഷ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
5. ഐ എസ് എമ്മിനു കീഴിലുള്ള ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ (QLS) പഠിതാക്കള്‍ക്കായി 'വിശുദ്ധ ഖുര്‍ആന്‍ വഴിയും വെളിച്ചവും' എന്ന പേരില്‍ ചെറിയ ഭാഗങ്ങളായി ഖുര്‍ആന്‍ പഠന പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്
6. ഇമാം ഇബ്‌നു കസീറിന്റെ ഫാത്തിഹ വ്യാഖ്യാനം മുഹമ്മദ് ശമീം ഉമരി പരിഭാഷപ്പെടുത്തി. 1993ല്‍ ഗസ്സാലി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഖുര്‍ആന്‍ കാവ്യാവിഷ്‌കാരം
ദിവ്യദീപ്തി: പത്തനംതിട്ട ജില്ലയിലെ കോന്നി സ്വദേശി കോന്നിയൂര്‍ രാഘവന്‍ നായര്‍ രചിച്ച ഖുര്‍ ആന്‍ കാവ്യാവിഷ്‌കാര ഗ്രന്ഥമാണ് ദിവ്യദീപ്തി. 1964 ല്‍ രചനയാരംഭിച്ച ഈ ഗ്രന്ഥത്തിന്റെ പ്രസാധകര്‍ കോഴിക്കോട് സമന്വയം ബുക്‌സാണ്. ബിസ്മില്ലാഹി ര്‍റഹ്മാനി ര്‍റഹീം എന്നതിന്റെ പരിഭാഷ ഇപ്രകാരമാണ് നല്‍കിയത്.
പാരം ദയാലുവായ് ദാക്ഷിണ്യ ശാലിയായ്
വാഴുന്നൊരീശ്വരന്‍ തന്‍ തിരുനാമത്തില്‍
അമൃതവാണി; പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയായ കെ.ജി. രാഘവന്‍ നായര്‍ രചിച്ചതാ ണ് അമൃതവാണിയെന്ന ഖുര്‍ആന്‍ കാവ്യാവിഷ്‌കാരം, ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസാണ് പ്രസാധകര്‍. അല്‍ബഖറ 286-ാം വാക്യത്തിന്റെ അവസാന ഭാഗം ഇങ്ങനെ
കാരുണ്യമോടു നീ സര്‍വ്വം പൊറുക്കണേ
ഞങ്ങള്‍ക്കു രക്ഷകന്‍ നീ മാത്രമീശ്വരാ.
സത്യം നിഷേധിച്ച ധൂര്‍ത്തരോടേല്‍ക്കുവാന്‍
ഞങ്ങള്‍ക്കു പിന്‍ബലം നല്കണേ, രക്ഷകാ.
വാനാമൃതം: വിശുദ്ധ ഖുര്‍ആനിലെ 66 അധ്യായങ്ങളുടെ കാവ്യാവിഷ്‌കാരമാണ് വാനാമൃതം. ചെറിയമുണ്ടം അബ്ദുറസാഖ് ആണ് ആവിഷ്‌കാരം നിര്‍വ്വഹിച്ചത്. അമ്പതാം അധ്യായം മുതല്‍ അവ സാന അധ്യായമായ അന്നാസ് വരെയുള്ള അഞ്ചു ഭാഗങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചത്. ആശയ ത്തോടൊപ്പം സൗന്ദര്യദര്‍ശനവും ശൈലിയും തനതു രൂപത്തില്‍ എടുത്തുകാണിക്കുന്ന ആകര്‍ഷക മായ ആവിഷ്‌കാരമാണ് ഈ കൃതി. 2003 ജൂണ്‍ മാസം പാപ്പിയോണ്‍ ആണ് പ്രസിദ്ധീകരിച്ചത്. സൂറ ത്തുല്‍ ഫാത്തിഹ ഇങ്ങനെ ആരംഭിക്കുന്നു.
സര്‍വ്വ സ്തുതിയും.
സര്‍വ്വ ലോക രക്ഷിതാവായ ദൈവത്തിന്.
അവന്‍ കാരുണികന്‍.
അവന്‍ കരുണാനിധി.
അവന്‍ ന്യായവിധിനാളിന്റെ നാഥന്‍.