Skip to main content

ഫത്ഹുര്‍റഹ്മാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍

കേരളത്തിലെ ഒരു വിഭാഗം പണ്ഡിതന്മാര്‍ ആദ്യകാലത്ത് ഖുര്‍ആന്‍ പരിഭാഷയെ ശക്തിയുക്തം എതിര്‍ത്തിരുന്നു. ഫാതിഹയുടെ പോലും അര്‍ഥം മനസ്സിലാക്കേണ്ടതില്ല എന്നായിരുന്നു ചിലരുടെ വാദം. വിവര്‍ത്തനം ഖുര്‍ആനിന്റെ മഹത്വം നഷ്ടപ്പെടുത്തുമെന്നായിരുന്നു പറഞ്ഞിരുന്ന പ്രധാന ന്യായം. എന്നാല്‍ ഖുര്‍ആന്‍ മനുഷ്യ സമൂഹത്തിന്റെ മാര്‍ഗദര്‍ശനമാണെന്നും അറബികളല്ലാത്തവര്‍ക്ക് അത് മനസ്സിലാകണമെങ്കില്‍ അവരുടെ മാതൃഭാഷകളില്‍ അത് വിവര്‍ത്തനം ചെയ്യപ്പെടണമെന്നുമുള്ള ആശയവുമായി നവോത്ഥാന പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുകയും പൂര്‍ണവും ഭാഗികവുമായി പല വിവര്‍ത്തനങ്ങളും വ്യാഖ്യാനങ്ങളും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ഇതിന് ചില പണ്ഡിതന്‍മാരുടെ വിലക്കുണ്ടായിട്ടും സമൂഹത്തില്‍ വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്. എന്നുമാത്രമല്ല, ഇങ്ങനെ പുറത്തിറങ്ങിയ വ്യാഖ്യാനങ്ങള്‍   ജനങ്ങള്‍ ചെയ്തിരുന്ന പല കാര്യങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണെന്ന് വ്യക്തമാക്കിയത് ജനങ്ങളില്‍ സ്വാധീനിച്ചു തുടങ്ങി. ഈ സാഹചര്യത്തിലാണ് തങ്ങളുടെ ആശയാദര്‍ശങ്ങള്‍ക്കിണങ്ങുന്ന വിവര്‍ത്തനം ആവശ്യമാണെന്ന ചിന്തയിലേക്ക് പരിഭാഷാ വിരുദ്ധരും എത്തുന്നത്. ഇതില്‍ അറിയപ്പെട്ട ആദ്യ ശ്രമം നടത്തിയത് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനും അല്‍ബയാന്‍, അല്‍മുഅല്ലിം മാസികകളുടെ പത്രാധിപരും ആയിരുന്ന മര്‍ഹൂം ടി.കെ. അബ്ദുല്ല മുസ്‌ലിയാര്‍ ആയിരുന്നു. 1974-ല്‍ പുറത്തിറക്കിയ 'തഫ്സീറുല്‍ ഖുര്‍ആന്‍' എന്ന ഒറ്റ വാള്യത്തിലുള്ള മലയാള പരിഭാഷ തഫ്സീറുല്‍ ജലാലൈനിയുടെ സ്വതന്ത്ര വിവര്‍ത്തനമായിരുന്നു.

ഈ വിവര്‍ത്തനം പരിഭാഷ നിഷിദ്ധം എന്ന അവസ്ഥയില്‍ നിന്ന് മാറാന്‍ സമൂഹത്തെ പ്രേരിപ്പിച്ചു. എങ്കിലും ലക്ഷ്യം നിറവേറ്റാന്‍ ഇതു പര്യാപ്തമായിരുന്നില്ല. ഇതിനുള്ള പരിഹാരം എന്ന നിലയിലാണ് 'ഫത്ഹുറഹ്മാന്‍ ഫീ തഫ്സീരില്‍ ഖുര്‍ആന്‍' എന്ന സമ്പൂര്‍ണ ഖുര്‍ആന്‍ പരിഭാഷ കൂറ്റനാട് കെ.വി. മുഹമ്മദ് മുസ്ലിയാര്‍ നാലു വാള്യങ്ങളിലായി പുറത്തിറക്കുന്നത്. നവോത്ഥാന പണ്ഡിതരുടെ നല്ല മലയാള ഉപയോഗം, ചിന്തിക്കുന്ന ജനങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നുവെന്നു മനസ്സിലാക്കിയതാണ് താന്‍ മലയാളം പഠിക്കാന്‍ കാരണം എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. സ്ഫുടമായി സംസാരിക്കുകയും എഴുതുകയും ചെയ്ത അദ്ദേഹത്തിന്റെ ഭാഷാ മികവ് ഈ ഖുര്‍ആന്‍ വ്യാഖ്യാനത്തെ സമാന വ്യാഖ്യാനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നുണ്ട്. 

മുപ്പത് വര്‍ഷത്തോളം 'സമസ്ത'യുടെ സെക്രട്ടറിയായിരുന്ന കെ.വി മുഹമ്മദ് മുസ്‌ല്യാര്‍ നേരത്തെ തന്നെ അല്‍ബയാന്‍ മാസികയിലൂടെ നിലവിലുള്ള മലയാള പരിഭാഷയില്‍ കടന്നുകൂടിയിട്ടുള്ള സമസ്ത വിരുദ്ധ ആശയങ്ങള്‍ക്ക് മറുപടി എന്ന നിലയില്‍ ഖുര്‍ആന്‍ വ്യാഖ്യാനം നിര്‍വഹിച്ചിരുന്നു. ഇതാണ് പിന്നീട് ഗ്രന്ഥരൂപത്തിലേക്ക് മാറ്റിയ ഫത്ഹുര്‍റഹ്മാന്‍.  സി.എന്‍. അഹ്മദ് മൗലവിയുടെ യുക്തിവാദത്തെയും പുരോഗമന വാദത്തെയും ഇതില്‍ ഖണ്ഡിക്കുന്നുണ്ട്. അതോടൊപ്പം ഉമര്‍ മൗലവി, അമാനി മൗലവി തുടങ്ങിയ ഇസ്‌ലാഹീ പണ്ഡിതരുടെ തഫ്‌സീറുകളില്‍ സമസ്തയുടെ ആദര്‍ശത്തിനു വിരുദ്ധമായി വന്ന കാര്യങ്ങള്‍ക്ക് മറുപടി പറയാനാണ് ആമുഖം മുതല്‍ ഈ ഗ്രന്ഥത്തിലെ കുറിപ്പുകളിലും വിശദീകരണങ്ങളിലും അദ്ദേഹം ശ്രമിക്കുന്നത്. മരണപ്പെട്ടവരെ വിളിച്ചു പ്രാര്‍ഥിക്കുന്നതും മഹത്തുക്കളുടെ പേരില്‍ നേര്‍ച്ചകള്‍ നടത്തുന്നതുമെല്ലാം ഇസ്‌ലാമികമാണെന്നു സമര്‍ഥിക്കാന്‍ ഈ ഗ്രന്ഥത്തിലുടനീളം ശ്രമിക്കുന്നുണ്ട് (35:14 ന്റെ വ്യാഖ്യാനം).

കൂടാതെ ക്രിസ്ത്യന്‍ മിഷണറിമാരുടെ ദുര്‍വ്യാഖ്യാനങ്ങള്‍ക്കും ക്രൈസ്തവ അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ അവരുടെ തന്നെ ഗ്രന്ഥങ്ങളുപയോഗിച്ച് വിമര്‍ശിക്കാനും ശാസ്ത്രീയ കാര്യങ്ങളെ ഖുര്‍ആനിക വചനങ്ങളുമായി ബന്ധിപ്പിക്കാനുമെല്ലാം ഇതില്‍ ശ്രദ്ധിച്ചിട്ടുണ്ട്. 
ആദ്യവാള്യം 1970 ല്‍ സ്വന്തമായി പുറത്തിറക്കി. 1980 ലാണ് മുഴുവന്‍ വാള്യങ്ങളും പൂര്‍ത്തിയായത്. യു.എ.ഇയിലെ അല്‍ ഐന്‍ സുന്നി യൂത്ത് സെന്ററിന്റെ സാമ്പത്തിക സഹായത്തോടെ നിലവില്‍ വന്ന സുന്നി പബ്ലിക്കേഷന്‍ സെന്റര്‍ പിന്നീട് പരിഭാഷയുടെ പ്രസിദ്ധീകരണച്ചുമതല ഏറ്റെടുത്ത് നാല് വാള്യങ്ങളായി ആ പരിഭാഷ പുറത്തിറക്കുകയുണ്ടായി.


 

Feedback