മലയാള ലിപിയിലുള്ള പൂര്‍ണമായ ആദ്യത്തെ വിശുദ്ധ ഖുര്‍ആന്‍ വിവരണമാണ് സി എന്‍ അഹ്മദ് മൗലവിയുടെ തഫ്‌സീറുല്‍ ഖുര്‍ആനില്‍ ഹഖീം. 1963ലാണ് ഇത് പ്രസിദ്ധീകരിച്ചത്. ഇതിനു മുമ്പ് 1918ല്‍ വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി ദീപിക മാസികയിലൂടെ ഒരു ഖുര്‍ആന്‍ വിവര്‍ത്തനം പദ്ധതി ആരംഭിച്ചിരുന്നു. എന്നാല്‍ സ്വദേശാഭിമാനി പത്രത്തിനെതിരെയുള്ള നടപടിയുടെ പേരില്‍ അദ്ദേഹത്തിന്റെ പ്രസ്സ് ബ്രീട്ടീഷ് സര്‍ക്കാര്‍ കണ്ടുകെട്ടിയതോടെ ഇതിന്റെ പ്രസിദ്ധീകരണം നിലച്ചു. പിന്നീട് മൗലവിയുടെ വിയോഗാന്തരം ശിഷ്യന്‍ മുഹമ്മദ് മുഹ്‌യുദ്ദീന്‍ ഇതിന്റെ രചന പൂര്‍ത്തിയാക്കിയെങ്കിലും ആദ്യത്തെ രണ്ടു വാള്യങ്ങള്‍ മാത്രമേ പ്രസിദ്ധീകരിക്കാന്‍ സാധിച്ചിട്ടുള്ളൂ. അറബി മലയാള ലിപിയില്‍ മായിന്‍ കുട്ടി എളയായും ശേഷം മറ്റു പലരും പൂര്‍ണവും ഭാഗികവുമായി ഖുര്‍ആനിന്റെ മലയാള പരിഭാഷ നിര്‍വഹിച്ചിട്ടുണ്ടെങ്കിലും 1951 ല്‍ രചന ആരംഭിച്ച് 1963ല്‍ രചന പൂര്‍ത്തീകരിച്ച സി എന്‍ പരിഭാഷയാണ് പൂര്‍ണമായ ആദ്യ മലയാള ലിപി പരിഭാഷയെന്നു പറയാം. ഖുര്‍ആനിന്റെ അറബി മൂലമില്ലാതെ വളരെ സ്വതന്ത്രവും മനോഹരവുമായ ഭാഷാ ഘടനയോടെ രചിച്ച ഈ ഗ്രന്ഥം 1963 ല്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോട രണ്ടു വാള്യങ്ങളായി നാഷണല്‍ ബുക്സ്റ്റാള്‍ പ്രസിദ്ധീകരിച്ചു.
നല്ല പാണ്ഡിത്യവും ഭാഷാ ജ്ഞാനവും കൈമുതലായിരുന്ന മൗലവിയുടെ രചനാ പാടവത്തിന്റെയും വിജ്ഞാന വൈപുല്യത്തിന്റെയും അടയാളമാണ് ഈ ഗ്രന്ഥം. അറബി, ഉറുദു, പേര്‍ഷ്യന്‍, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിലെ ധാരാളം തഫ്‌സീറുകള്‍ അവലംബമാക്കിയാണ് അദ്ദേഹം ഈ ഗ്രന്ഥരചന നിര്‍വഹിച്ചത്. മുസ്‌ലിംകളല്ലാത്ത വായനക്കാരെ ഏറെ ആകര്‍ഷിച്ച ഗ്രന്ഥം പക്ഷേ മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ കടുത്ത എതിര്‍പ്പിന് കാരണമായി. സ്വതന്ത്ര ചിന്തയിലൂടെ ഖുര്‍ആനിനെ സമീപിച്ച അദ്ദേഹത്തിന് പല കാര്യങ്ങളിലും തന്റെതായ കാഴ്ചപ്പാടുകളായിരുന്നു ഉണ്ടായിരുന്നത്. ഇതാകട്ടെ വിശുദ്ധഖുര്‍ആനിന്റെ പ്രത്യക്ഷമായ പല ആശയങ്ങള്‍ക്കും വിരുദ്ധമായിരുന്നു.
മനുഷ്യനും മലക്കുമല്ലാത്ത പ്രത്യേക തരം സൃഷ്ടികളാണ് ജിന്നുകള്‍ എന്നാണ് മുസ്‌ലിം വിശ്വാസം. എന്നാല്‍ 46ാം അധ്യായത്തിലെ ഇരുപത്തി ഒമ്പതാം വചനത്തെ വ്യാഖ്യാനിച്ചു കൊണ്ട് അങ്ങനെ പ്രത്യേകം ഒരു സൃഷ്ടിയില്ലെന്നും മനുഷ്യരിലെ അപരിഷ്‌കൃതരായ ആദിവാസികളും മറ്റുമാണ് അതുകൊണ്ട് വിവക്ഷിക്കപ്പെടുന്നതെന്നും മൗലവി വിശദീകരിച്ചത് ഇതില്‍പെട്ടതാണ്. നാല്പതോളം വചനങ്ങളില്‍ ഖുര്‍ആന്‍ ഈ സൃഷ്ടികളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ജിന്ന് എന്ന് പേരുള്ള ഒരു അധ്യായം തന്നെ വിശുദ്ധ ഖുര്‍ആനിലുണ്ട്. ഇത്ര വ്യക്തമായ കാര്യത്തെ നിഷേധിക്കുകയും, അവര്‍ മക്കയ്ക്കു പുറത്തും മറ്റും താമസിച്ച അപരിഷ്‌കൃതരായ മനുഷ്യരാണെന്നുമുള്ള വാദം വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക അധ്യാപനത്തിന്റെയും സ്വഹാബികളും ത്വാബിഉകളുമായ സലഫുസ്സ്വാലിഹുകളുടെയും വിവരണങ്ങള്‍ക്കും കടകവിരുദ്ധമാണ്.
മൂസാ നബി(അ) ബനൂ ഇസ്‌റാഈല്യരെ ഫിര്‍ഔനില്‍ നിന്ന് രക്ഷിക്കുന്നതിന്റെ ഭാഗമായി കടല്‍ മുറിച്ചുകടന്ന സംഭവത്തെയും അദ്ദേഹം സ്വതന്ത്രമായി വ്യാഖ്യാനിക്കുന്നുണ്ട്. അല്ലാഹു മൂസാ(അ)യിലൂടെ പ്രത്യക്ഷപ്പെടുത്തിയ അത്ഭുതമായിരുന്നു (മുഅ്ജിസത്ത്) ചെങ്കടല്‍ രണ്ടായി പിളര്‍ത്തി മാറ്റി അദ്ദേഹത്തിനും അനുയായികള്‍ക്കും മറുകരയെത്താനുള്ള വഴി സൃഷ്ടിച്ചത്. എന്നാല്‍, ആ സംഭവത്തെ അദ്ദേഹം സമീപിച്ചത് അങ്ങനെയായിരുന്നില്ല. ''അന്ന് ചെങ്കടലില്‍ ഇന്നത്തെപ്പോലെ വെള്ളമുണ്ടായിരുന്നില്ല. പൊതുവില്‍ മണല്‍തട്ട് പൊങ്ങിക്കിടക്കുകയായിരുന്നു. ഇടക്ക് അവിടെവിടെ ചില കയങ്ങളുമുണ്ടായിരിന്നു. സൂക്ഷിച്ചുപോകുന്ന പക്ഷം ആ കയങ്ങളിലൊന്നും ചാടാതെ മറുകര പ്രാപിക്കാം''(പേജ് 1172). അങ്ങനെ മൂസാ(അ) തന്റെ വടിയൂന്നി ആഴം കുറഞ്ഞ സ്ഥലം നോക്കി അക്കരെ കടക്കുകയും പിന്നാലെ വന്ന ഫറോവയും സംഘവും വഴിയറിയാതെ ആഴത്തില്‍ പതിച്ച് നശിക്കുകയുമായിരുന്നു എന്നാണ് അദ്ദേഹം ഈ മുഅ്ജിസത്തിനെ (പ്രവാചക ദിവ്യാത്ഭുതം) വിശദീകരിച്ചത്.
ഇതും ഇതുപോലുള്ളതുമായ അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങളാണ് മുസ്‌ലിം പണ്ഡിതന്മാരില്‍ നിന്നും സമൂഹത്തില്‍ നിന്നും അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വിവര്‍ത്തനത്തെ മാറ്റി നിര്‍ത്താന്‍ പ്രേരിപ്പിച്ചത്. പിന്നീട് ഖുര്‍ആന്‍ വ്യാഖ്യാനമെഴുതിയ പലരും അദ്ദേഹത്തിന്റെ ഇത്തരം വ്യതിയാനങ്ങളെ പ്രമാണബദ്ധമായി ഖണ്ഡിക്കുകയുണ്ടായി. മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണം ഇതില്‍ പ്രത്യേകം പ്രസ്താവ്യമാണ്.
ഏറെ വിജ്ഞാനപ്രദമായ പ്രസ്തുത വ്യാഖ്യാനം സാധാരണക്കാരായ, പ്രത്യേകിച്ചും മറ്റു മതക്കാരായ വായനക്കാര്‍ക്ക് വിശുദ്ധഖുര്‍ആനിന്റെ ആശയം എളുപ്പത്തില്‍ ഗ്രഹിക്കാനുതകുന്നതാണ്. കൂടാതെ ഖുര്‍ആനിക അധ്യാപനങ്ങള്‍ പലയിടങ്ങളിലും വളരെ ശാസ്ത്രീയമായും കാലികമായ അറിവുകളുമായും ബന്ധിച്ച് അദ്ദേഹം നടത്തുന്ന വ്യാഖ്യാനങ്ങള്‍ ഏറെ വൈജ്ഞാനികവും അതിന്റെ അമാനുഷികത പ്രകടമാക്കാന്‍ പോന്നതുമാണ്. പ്രൗഢമായ ആമുഖവും അവസാന ഭഗത്തെ വിശദമായ വിഷയ സൂചിയും ഈ ഗ്രന്ഥത്തെ വ്യതിരിക്തമാക്കുന്നുണ്ട്.