ധീരതയ്ക്കും ദേശസ്‌നേഹത്തിനും വെറും ചാരപ്പണിയുടെ മാത്രം വില കല്പിച്ച ബ്രിട്ടീഷ് നേതൃത്വത്തെ രക്ത സാക്ഷിത്വം കൊണ്ട് തോല്പിച്ച മഹനീയ ചരിത്രത്തിനുടമയാണ് 'അസീസന്‍ ബീഗം'. ഒരു സ്ത്രീക്ക് സ്വാതന്ത്ര്യസമരത്തില്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം അതിന്റെ മൂര്‍ത്തഭാവത്തില്‍ നിര്‍വഹിച്ചുകൊണ്ട് തന്റെ ജീവന്‍ നാടിന് വേണ്ടി നല്‍കിയ ധീരവനിതയായിരുന്നു അവര്‍.
ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ രണഭൂമിയിലേക്ക് പുരുഷ കേസരികള്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ സ്ത്രീകളെക്കൊണ്ട് എന്ത് ചെയ്യാന്‍ കഴിയും എന്ന അസീസന്‍ ബീഗത്തിന്റെ ചിന്ത അവരെ കൊണ്ടെത്തിച്ചത് സ്ത്രീകള്‍ക്കു വേണ്ടി ഒരു സൈന്യമുണ്ടാക്കുക എന്നതിലേക്കായിരുന്നു. സാധാരണ സ്ത്രീകളെ ചേര്‍ത്ത് ഒരു സംഘം ഉണ്ടാക്കാനായിരുന്നില്ല അവര്‍ ലക്ഷ്യം വെച്ചത്. മറിച്ച്, സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഉശിരോടെ പൊരുതാനും ധീരതയോടെ ശത്രുവിനെ നേരിടാനും മരണഭയം ലവലേശം ഇല്ലാതെ, ചങ്കുറ്റത്തോടെയും തന്റേടത്തോടെയും നില്‍ക്കാനും കഴിയുന്ന ഒരു വനിതാ വിംഗിനെയായിരുന്നു അവര്‍ മനസ്സില്‍ കണ്ടത്. ശ്രമകരമായ ആ ദൗത്യത്തില്‍ അവര്‍ വിജയിക്കുക തന്നെ ചെയ്തു. സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പടപൊരുതാന്‍ തയ്യാറായ ഒരു വനിതാ വിഭാഗത്തെ, എല്ലാ പരിശീലനവും നല്‍കി അവര്‍ വാര്‍ത്തെടുത്തു. അസീസന്‍ ബീഗം തന്റെ സൈന്യത്തിന്റെ ആസ്ഥാനമായി തെരഞ്ഞെടുത്തത് കാന്‍പൂര്‍ ആയിരുന്നു. സ്ത്രീകള്‍ക്ക് വേണ്ടി മാത്രം തയ്യാറാക്കിയ ആ സൈനിക ക്യാംപില്‍ ആയിരത്തോളം അംഗങ്ങളുണ്ടായിരുന്നു.
സ്വാതന്ത്ര്യസമരത്തിന് വേണ്ടി പോരാളികളെ സൃഷ്ടിക്കുകയും പോരാടുകയും ചെയ്ത ആ ധീരവനിത ബ്രിട്ടീഷ് ഗവണ്‍മെന്റിനും സൈന്യത്തിനും വലിയ തലവേദനയായിത്തീര്‍ന്നു. ആ തലവേദന എങ്ങനെയെങ്കിലും ഒഴിവാക്കണമെന്നുറപ്പിച്ച പട്ടാളക്കാര്‍ ശ്രമകരമായ ദൗത്യത്തിനൊടുവില്‍ അസീസന്‍ ബീഗത്തെ പിടികൂടി. പട്ടാളക്കോടതി അവര്‍ക്ക് വധശിക്ഷ വിധിച്ചു.
വധ ശിക്ഷ കാത്ത് തോക്കിന്‍ കുഴലിനു മുന്നില്‍ നിന്ന ആ സ്ത്രീ രത്‌നത്തിന് ബ്രിട്ടീഷുകാര്‍ ഒരു ഓഫര്‍ നല്‍കി. മരണത്തില്‍ നിന്ന് ജീവിതത്തിലേക്കുള്ള ഒരു പാലം. മറ്റൊരു സ്വാതന്ത്ര്യസമര പോരാളിയായിരുന്ന അസീമുല്ലാഖാന്‍ എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് പറഞ്ഞാല്‍ വെറുതെ വിടാമെന്നായിരുന്നു ആ വാഗ്ദാനം. എന്നാല്‍ തികഞ്ഞ രാജ്യ സ്‌നേഹിയായിരുന്ന അവര്‍ തന്റെ സഹപ്രവര്‍ത്തകനെ ഒറ്റു കൊടുത്തില്ല. ജീവന്‍ പോയാലും ചതി ചെയ്യില്ല എന്ന് ജീവിതം കൊണ്ട് പ്രഖ്യാപിച്ച്, ബ്രിട്ടീഷുകാരുടെ വെടിയുണ്ടയേറ്റു വാങ്ങി ആ ധീരവനിത രക്തസാക്ഷിയായി.