സ്ത്രീയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നബി(സ്വ) ഉണര്‍ത്തിയിട്ടുണ്ട്. പുരുഷന്മാര്‍ക്കു കൂടി ബാധകമാണ് പലതുമെങ്കിലും സ്ത്രീയുടെ പ്രത്യേകത പരിഗണിച്ചുള്ള പ്രസ്തുത നിര്‍ദേശങ്ങള്‍ പാലിക്കുന്നത് അവള്‍ക്കും സമൂഹത്തിനും ഭൗതികവും പാരത്രികവുമായ ജീവിത വിജയത്തിന് അനുഗുണമാകും. ഇവ സ്വീകരിക്കുന്നത് സ്ത്രീത്വത്തെ അരികുവത്കരിക്കലോ അപമാനിക്കലോ അല്ല. ആദരിക്കുകയും ആത്മാഭിമാനമുള്ളവരാക്കലുമാണ്. ഇവ അവഗണിക്കുന്നത് തന്റേടത്തിന്റെയും ധൈര്യത്തിന്റെയും അടയാളമല്ല, മറിച്ച് ആത്മഹത്യാപരമാണ്.
'സൂക്ഷിക്കേണ്ടത് സംരക്ഷിക്കുക' എന്ന് നല്ല സ്ത്രീയുടെ സ്വഭാവമായി ഖുര്‍ആന്‍ വിശേഷിപ്പിച്ച ഏറെ അര്‍ഥവ്യാപ്തിയുള്ള വാക്യമാണ് (30:21). വീട്ടിലെ അധികാരി എന്ന നിലയിലുള്ള കരുതലിനു പുറമെ തന്റെയും ഭര്‍ത്താവിന്റെയും അഭിമാനം, സ്വത്ത്, കുടുംബം എല്ലാം സൂക്ഷിക്കാന്‍ അവള്‍ക്കാണ് ഖുര്‍ആന്‍ പ്രധാന നിര്‍ദേശം നല്കുന്നത്. ഇത് ഭര്‍ത്താവിന്റെ അഭാവത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഈ വചനം സൂചിപ്പിക്കുന്നുണ്ട്. രഹസ്യങ്ങളില്ലാത്ത സാമൂഹ്യമാധ്യമങ്ങളുടെയും സ്മാര്‍ട്ട് ഫോണുകളുടെയും ലോകത്ത് അറിവുള്ള സ്ത്രീകള്‍ പോലും കൂടുതല്‍ നിരായുധരാവുകയാണ്. പങ്കുവെക്കലുകളും ഇഷ്ടപ്പെടലുകളും സെല്‍ഫികളുമെല്ലാം ഈ പരിധിയില്‍ നിന്ന് നിയന്ത്രിക്കേണ്ടതുണ്ട്.
ഭര്‍ത്താവിന് ഇഷ്ടമില്ലാത്തവരെ വീട്ടില്‍ കയറ്റാതിരിക്കുക പ്രധാന ബാധ്യതയായി നബി(സ്വ) തന്റെ വിടവാങ്ങല്‍ ഹജ്ജിലും ഉണര്‍ത്തുകയുണ്ടായി. സുരക്ഷിതത്വത്തിന്റെ മുഖ്യ കവാടമാണ് ഭര്‍ത്താവിന് ഇഷ്ടമില്ലാത്തവരെ വീട്ടില്‍ പ്രവേശിപ്പിക്കാതിരിക്കുക എന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ഇഷ്ടക്കാര്‍ക്കും കൂട്ടുകാര്‍ക്കും സേവനം ചെയ്യാമെങ്കിലും അദ്ദേഹത്തിന്റെ അഭാവത്തില്‍ അത് ഒഴിവാക്കേണ്ടതാണ്. ഇഷ്ടക്കാരില്‍ തന്നെ മഹ്‌റമല്ലാത്തവര്‍ക്ക് പ്രവേശനം കൊടുക്കുമ്പോള്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. തനിച്ചാകുന്ന സന്ദര്‍ഭത്തില്‍ ഇത് തീര്‍ത്തും ഒഴിവാക്കേണ്ടതാണ്.
സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താക്കന്‍മാരുടെ മുന്നില്‍ മറ്റു സ്ത്രീകളുടെ സൗന്ദര്യവര്‍ണനകള്‍ നടത്തരുത്. ഇബ്‌നു മസ്ഊദ്(റ) പറയുന്നു: നബി(സ്വ) അരുളി: ഒരു സ്ത്രീ മറ്റൊരു സ്ത്രീയുമായി സഹവസിച്ചശേഷം ആ സ്ത്രീയെ നേരില്‍ കാണും വിധം സ്വഭര്‍ത്താവിന്ന് അവള്‍ ചിത്രീകരിച്ചു കൊടുക്കരുത് (ബുഖാരി).
ചെറുപാപങ്ങള്‍ ഏറെ വരുന്നതിനാലും പുരുഷന്മാര്‍ നിര്‍വഹിക്കുന്ന അതേ അളവിലും മറ്റും ചില ആരാധനകളും സത്കര്‍മങ്ങളും നിര്‍വഹിക്കാന്‍ കഴിയാതെ വരും എന്നതിനാലും ഏറെ ദാനധര്‍മം നിര്‍വഹിക്കാന്‍ നബി(സ്വ) സ്ത്രീകളെ പ്രത്യേകമായി ഉപദേശിച്ചു. ഈദു ഗാഹിലും മറ്റും അവരുടെ ഭാഗത്തു പോയി അദ്ദേഹം പ്രത്യേകം ദാനം സ്വീകരിക്കുകയും ചെയ്തു. ഭര്‍ത്താവിന്റെ മിച്ച സ്വത്തില്‍ നിന്നു പോലും ദാനം ചെയ്യാന്‍ പ്രേരിപ്പിച്ചു. ഇതിലെല്ലാം പല യുക്തികളുണ്ട്. സ്വാര്‍ഥതയില്‍ നിന്ന് പരോപകാരത്തിന്റെ വിശാല വിഹായസ്സിലേക്ക് അവളെ പരിവര്‍ത്തിപ്പിക്കുക. ധൂര്‍ത്തില്ലാതെ ജീവിതചെലവുകള്‍ നിര്‍വഹിക്കാന്‍ പ്രേരിപ്പിക്കുക എന്നിവ കൂടി ഉദ്ദേശിക്കപ്പെട്ടിരിക്കാം.
കുടുംബത്തില്‍ ദാനം ചെയ്യുന്നത് ഇരട്ടി പുണ്യമാക്കി. ദരിദ്രനായ ഭര്‍ത്താവിന് കൊടുത്താല്‍ പുണ്യംകിട്ടുമോ എന്നു സംശയിച്ച വനിതയോടാണ് നബി(സ്വ) ഇങ്ങനെ മറുപടി പറഞ്ഞത്. ഇത് വീട്ടു ചെലവ് നിയന്ത്രിക്കുന്നതോടൊപ്പം വീട്ടുകാരനെ അധ്വാനത്തിലൂടെയോ അല്ലാതെയോ സാമ്പത്തികമായി സഹായിക്കുന്നത് നല്ലതാണെന്ന് ഉണര്‍ത്തുകയും ബന്ധം നന്നാക്കുന്നതിലൂടെ കൂടുതല്‍ കരുത്തുറ്റ സുരക്ഷക്ക് കാരണമാകുമെന്നും ഇത് സൂചിപ്പിക്കുന്നു.
സാമൂഹിക ബന്ധങ്ങളില്‍ വളരെ പ്രധാനമാണ് അയല്‍പക്ക ബന്ധം. അത് നിലനിര്‍ത്തുന്നതില്‍ സ്ത്രീക്ക് പ്രധാന പങ്കാണുള്ളത്. അതിനാല്‍ അവര്‍ തരുന്ന സമ്മാനങ്ങള്‍ നിസ്സാരമാണെങ്കില്‍ പോലും വിലമതിക്കണമെന്ന് നബി(സ്വ) സ്ത്രീകളെ പ്രത്യേകമായി ഉണര്‍ത്തി.
ന്യായമല്ലാത്ത വിധത്തില്‍ ഭര്‍ത്താവിനോട് തന്നെ വിവാഹമോചനം ചെയ്യാന്‍ ആവശ്യപ്പെടരുത്. സൗബാന്‍(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്‍(സ്വ) പറഞ്ഞു. യാതൊരുകുറ്റവും കൂടാതെ ഏതൊരു സ്ത്രീ തന്റെ ഭര്‍ത്താവില്‍ നിന്നു വിവാഹ മോചനത്തിനാവശ്യപ്പെടുന്നുവോ, അവള്‍ക്ക് സ്വര്‍ഗത്തിലെ സൗരഭ്യം നിഷേധിക്കപ്പെടുന്നതാണ് (അഹ്മദ്). തന്റെ സൗകര്യത്തിനു വേണ്ടി സഹകളത്രത്തിന്റെ വിവാഹമോചനം ആവശ്യപ്പെടാനും പാടില്ല (മുസ്‌ലിം 1408).
മുലയൂട്ടലും ശിശു പരിപാലനവും മാതാവിന്റെ ബാധ്യതയാണ്. ഇത് അവളുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും കുടുംബത്തിന്റെയും സമൂഹത്തിന്റെയും കെട്ടുറപ്പിനും അനിവാര്യമാണ്.
സ്ത്രീ വളരെപെട്ടെന്ന് വികാരത്തിനടിപ്പെടും. ലോലഹൃദയമാണവള്‍ക്ക്. വെറുപ്പിന്റെയും ദുഃഖത്തിന്റെയും പ്രകടനങ്ങള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടേക്കും. അതിനാല്‍ അത്തരം ചില സന്ദര്‍ഭങ്ങളെ നബി(സ്വ) പ്രത്യേകം ശ്രദ്ധിക്കാനാവശ്യപ്പെട്ടു. ഭര്‍ത്താവിനോടുള്ള നന്ദികേടിന്റെ വാക്കുകള്‍ ഇതില്‍ പെട്ടതാണ്. അയാളില്‍ നിന്ന് ഒരിക്കല്‍ വരുന്ന വീഴ്ചപോലും സഹിക്കാന്‍ കഴിയാതെ ചിലപ്പോള്‍, ഇത്രയും കാലത്തിനിടയില്‍ ശരിചെയ്തിട്ടേ ഇല്ല എന്നു പറയുന്നിടത്തേക്ക് അവളെ എത്തിച്ചേക്കും. ഇത് പാപമാണെന്ന് നബി(സ്വ) ഓര്‍മപ്പെടുത്തുന്നുണ്ട്.
ഇഷ്ടപ്പെട്ടവരുടെ മരണവും അപകടവും മറ്റും അവരെ ആത്മനിയന്ത്രണമില്ലാത്തവരാക്കും. മാറത്തടിച്ചും മാന്തിപ്പറിച്ചും അട്ടഹസിച്ചും അവര്‍ വികാരാധീനരാകും. ഇതെല്ലാം ഇസ്‌ലാം വിലക്കി. പരേതര്‍ക്കുവേണ്ടി അലമുറയിട്ടു കരയുന്ന സ്ത്രീകളെ നബി(സ്വ) ശപിച്ചു.
പെട്ടെന്നുള്ള വികാരവിക്ഷോഭം സ്ത്രീകളെ അക്ഷമരാക്കും. കുട്ടി മരണാസന്നനായപ്പോള്‍ ബേജാറായി ഉപ്പയായ നബി(സ്വ)യുടെ അടുക്കലേക്ക് ആളെ അയച്ച മകളോട് ക്ഷമിക്കാന്‍ പറഞ്ഞുകൊണ്ട് തിരിച്ചയക്കുകയാണ് അദ്ദേഹം ചെയ്തത്. ഖബ്‌റിനരികെ കരഞ്ഞ സ്ത്രീയോട് നബി(സ്വ) ക്ഷമിക്കാനുപദേശിച്ചു. തന്റെ വേദനയില്‍ ആഴ്ന്നുപോയ അവര്‍, തന്നെ ഉപദേശിച്ചത് നബി(സ്വ)യാണെന്നു പോലും ഓര്‍ക്കാതെ, എനിക്കുവന്ന ആപത്ത് നിങ്ങള്‍ക്കറിയില്ലല്ലോ എന്ന നിലയില്‍ പ്രതികരിച്ചു. പിന്നീട് മാപ്പുചോദിച്ചു തിരിച്ചുവന്ന അവരെ നബി(സ്വ) സാന്ത്വനിപ്പിച്ച് പറയുന്നത്, സഹനം സന്ദര്‍ഭത്തിന്റെ ആദ്യത്തിലാണ് വേണ്ടതെന്നാണ്.
നിസ്സാര കാര്യങ്ങളില്‍ തന്നെയും കുടുംബാംഗങ്ങളെയും ചുറ്റുവട്ടത്തുള്ള ജീവികളെയും വസ്തുക്കളെയുമെല്ലാം ശപിക്കുന്ന വാക്കുകള്‍ വളരെ വേഗം സ്ത്രീയില്‍ നിന്ന് പുറത്തു വന്നുപോകുന്നു. പ്രതിരോധിക്കാനുള്ള ശേഷിക്കുറവാകാം മാനസികമായി ഈ പ്രതിരോധത്തിന് അവളെ പ്രേരിപ്പിക്കുന്നത്. അധികമായി ശപിക്കുന്ന സ്ത്രീയാകരുതെന്ന് നബി(സ്വ) പ്രത്യേകമായി അവരെ ഉപദേശിക്കുന്നു.
ഏഷണി, പരദൂഷണം ഇതെല്ലാം സ്ത്രീയുടെ മാത്രം കുത്തകയല്ലെങ്കിലും സാഹചര്യങ്ങള്‍ അവള്‍ക്ക് കൂടുതല്‍ അനുകൂലമാകുന്നതിനാലാകാം പ്രത്യേകം ജാഗ്രതപുലര്‍ത്താന്‍ ഇസ്‌ലാം അവളെ ഓര്‍മിപ്പിക്കുന്നത്. ഇസ്‌ലാം സ്വീകരിച്ചു വരുന്ന സ്ത്രീകളോട് ഇത്തരം കാര്യങ്ങള്‍ ചെയ്യില്ലെന്ന് റസൂല്‍(സ്വ) കരാര്‍ വാങ്ങാറുണ്ടായിരുന്നു. സൂറതുല്ലഹബിലും ഫലഖിലും മറ്റും ഏഷണിക്കാരായ സ്ത്രീകളെ ഖുര്‍ആന്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.