വ്യക്തി-കുടുംബ-സാമൂഹിക രംഗങ്ങളിലെല്ലാം വലിയ സ്വാധീനമാണ് ഇന്നത്തെ സമൂഹ മാധ്യമങ്ങള്‍ക്കുള്ളത്. വാട്‌സ് ആപ്, ഫെയ്‌സ് ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങി ഒരുപാടു വമ്പന്മാര്‍ മത്സരിക്കുകയും ഭക്ഷണ സബ്‌സിഡി ഇല്ലെങ്കിലും സ്മാര്‍ട് ഫോണിന് സര്‍ക്കാര്‍ ഓഫറുകള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം അക്കൗണ്ടുകള്‍ ഇല്ലാത്തവര്‍ ദുര്‍ലഭമാണ്. ഏറെ നന്മകള്‍ക്ക് ഉപയോഗിക്കാവുന്നതാണ് ഈ സംവിധാനങ്ങള്‍. പ്രാവീണ്യമുള്ളവരും ധൈര്യമുള്ളവരുമായ വിശ്വാസിനികള്‍ക്ക് ഇതിനെ പുണ്യത്തിന്റെ നിലയ്ക്കാത്ത ദാനമാക്കാന്‍ (സദഖതുന്‍ ജാരിയ) സാധിക്കും. ഇസ്‌ലാമിക പ്രബോധനത്തിന്റെ ഫലപ്രദമായ മാധ്യമമാണിന്ന് സോഷ്യല്‍ മീഡിയ. പ്രബോധനം സ്ത്രീയുടെയും ബാധ്യതയാണല്ലോ. പ്രത്യേകിച്ചും ഇസ്‌ലാമും മുസ്‌ലിം സ്ത്രീകളുമെല്ലാം ഏറെ വക്രീകരിക്കപ്പെടുന്ന വേദിയാണ് സാമൂഹ്യ മാധ്യമങ്ങള്‍. ഇവിടെയുള്ള ചെറു സന്ദേശങ്ങള്‍ വലിയ പ്രതിഫലനങ്ങളുണ്ടാക്കും. എന്നിരിക്കെ നല്ല സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും തെറ്റിദ്ധാരണകള്‍ നീക്കാനും നന്മകളുടെ കൂട്ടായ്മകളുണ്ടാക്കാനുമെല്ലാം ഇതിനെ ഉപയോഗപ്പെടുത്തേണ്ടത് കാലത്തിന്റെ തേട്ടമാണ്.
എന്നാല്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള പീഡനങ്ങളുടെ കൂത്തരങ്ങായി സമൂഹമാധ്യമ ഉപയോഗം മാറിയിരിക്കുന്നു. വിപണിയുടെ കുതന്ത്രങ്ങളാണ് ഇത് ഏറ്റവുമേറെ ദുരുപയോഗം ചെയ്യുന്നത്. ഞരമ്പു രോഗികളുടെ അങ്ങാടിയാണ് സമൂഹമാധ്യമങ്ങള്‍. സ്ത്രീ സൗന്ദര്യവും സ്വാതന്ത്ര്യവും തുറന്ന സൗഹൃദവുമെല്ലാമായി ഫ്രന്റ് റിക്വസ്റ്റ് നടത്തുന്ന ഇവര്‍ നല്കുന്ന ചൂണ്ടകളാണ് നന്മയുടെ ആദ്യപോസ്റ്റുകള്‍. ഈ ചൂണ്ടകളില്‍ കുടുങ്ങുന്ന സാത്വികയായ ഇരയെപോലും പിന്നീട് എന്തെല്ലാമാക്കാന്‍ കഴിയുമെന്ന് ഈ രംഗത്തെ ചതിക്കുഴികളുമായി ബന്ധപ്പെട്ട് ദിനേനെ പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നുണ്ട്.
ന്യായമെന്നു തോന്നിയ പ്രശ്‌നങ്ങളില്‍ 'ഇഷ്ട'വും 'പങ്കുവെക്കലു'മെല്ലാമായി തുടങ്ങുന്ന ബന്ധങ്ങള്‍ പലപ്പോഴും അവിഹിതങ്ങളിലേക്കെത്തുന്നത് വ്യാപകമാണ്. പ്രത്യേകിച്ചും തന്റെ ജീവിതാവസ്ഥകള്‍ സംതൃപ്തമല്ലാത്ത യുവതികളാണ് ഇങ്ങനെ ചതിക്കപ്പെടുന്നത്. മാതാപിതാക്കളും രക്തബന്ധുക്കളും ഇണകളുമായുമെല്ലാം നൂറു ശതമാനം നീതിപുലര്‍ത്താന്‍ കഴിയുന്നവരും എല്ലാ കാര്യത്തിലും ലൈക്‌ചെയ്യാന്‍ സാധിക്കുന്നവരുമായി ലോകത്ത് എത്ര പേരുണ്ടാകും.
മിസ്ഡ് കാള്‍ എത്ര കുടുംബങ്ങളെയാണ് നരകമാക്കിയത്. ധാര്‍മികതയുള്ള സ്ത്രീ വാചാലയല്ല. സഭ്യേതരവാക്കുകള്‍ പറയുകയോ എഴുതുകയോ ചെയ്യുന്നവളുമല്ല. അതിനാല്‍ തന്നെ നേര്‍ക്കുനേരെ ഒരു സ്ത്രീയില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ കിട്ടുകയില്ല. എന്നാല്‍ സൈബറിടങ്ങളിലെ സെക്‌സ് റാക്കറ്റ് അതീവ തന്ത്രശാലികളാണ്. മാന്യമായ സംസാരത്തിലൂടെ അമാന്യമായതിലേക്കെത്തിക്കാനും അയ്യട എന്നാകുമ്പോഴേക്കും തിരിച്ചു കയറാന്‍ കഴിയാത്തവിധം ട്രാപില്‍ പെടുത്താനും അവര്‍ വിദഗ്ധരാണ്. ഫോട്ടോ ഷോപ്പിന്റെയും മോര്‍ഫിംഗിന്റെയും സാധ്യതകള്‍ ഏറ്റവുമേറെ ദുരുപയോഗപ്പെടുത്തുന്നത് സോഷ്യല്‍ മീഡിയകളിലെ അശ്ലീലതക്കാണെന്ന യാഥാര്‍ഥ്യം മറക്കാതിരിക്കുക.
സോഷ്യല്‍ മീഡിയയില്‍ സ്വകാര്യ എക്കൗണ്ട് വേണ്ടന്ന തീരുമാനം സ്ത്രീ വിരുദ്ധമല്ല, അത് പുരുഷന്മാര്‍ക്കും ബാധകമാണ്. പക്ഷേ ഇരകളാക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നു മനസ്സിലാക്കുമ്പോള്‍ അവള്‍ അല്പം കൂടി കരുതണമെന്നു പറയുന്നത് പുരുഷമേധാവിത്വമല്ല. പേജും വാളും ഫ്രണ്ട്‌സുമെല്ലാം തിരഞ്ഞ് സ്ത്രീ പുരുഷന്മാരുടെ സ്വഭാവവും സംസ്‌കാരവും അന്വേഷിക്കുന്നത് തൊഴിലാളികളെ തിരയുന്ന അന്താരാഷ്ട്ര ഭീമന്‍ കമ്പനികള്‍ മുതല്‍ നാട്ടിലെ വിവാഹാന്വേഷകര്‍ വരെയാണെന്ന തിരിച്ചറിവ് നല്ലതാണ്.
അന്യരുമായി ഇടപെടുമ്പോള്‍ ഏറെ ശ്രദ്ധിക്കാന്‍ കല്പിക്കപ്പെട്ട മുസ്‌ലിം സ്ത്രീ ഇവിടെ ജാഗ്രത്താകേണ്ടതുണ്ട്. മണ്ണും വിണ്ണും നരകമാക്കുന്ന ഈ മേഖലയെ തീയെന്ന പോലെ മാത്രം കൈകാര്യംചെയ്യുക. അന്യരുടെ മിസ് കാളുകളിലും പോസ്റ്റുകളിലും പിന്തുടര്‍ച്ചക്കാരാകാതിരിക്കുക. അസഭ്യങ്ങളിലും അന്യായങ്ങളിലും മൗനം സമ്മതമാക്കാതിരിക്കുക. ഉപയോഗം ഉത്തരവാദിത്ത നിര്‍വഹണത്തിന് തടസ്സമാക്കാതിരിക്കുക. സ്വന്തവും കുടുംബവും പരിചയക്കാരുമായി ബന്ധപ്പെടുന്ന കാര്യങ്ങള്‍ മൂന്നാമതൊരാള്‍ അറിയാന്‍ പാടില്ലാത്തതാണെങ്കില്‍ അനുവദിക്കപ്പെട്ടവരോടു പോലും വാക്കായും ചിത്രമായും പങ്കുവെക്കാതിരിക്കുക. ഫോണില്‍ ഭര്‍ത്താവിനോട് പ്രേമഭാഷണം നടത്തുന്നതും ചിത്രങ്ങള്‍ കൈമാറുന്നതുമെല്ലാം നാളെ നാം അപമാനിക്കപ്പെടാന്‍ ഇടയാക്കിയേക്കും. അക്കൗണ്ടുകള്‍ കുടുംബാംഗങ്ങള്‍ പരസ്പരം പങ്കുവെക്കുക. വീട്ടിലെ കുട്ടികളുടെ സ്വകാര്യമുറികളില്‍ ഫോണ്‍ അനുവദിക്കാതിരിക്കുക. നീണ്ട സംഭാഷണങ്ങള്‍ നിരീക്ഷിക്കുക. ഫോണും മറ്റും റീചാര്‍ജിംഗിനും സര്‍വീസിനും കൈമാറുമ്പോള്‍ ദുരുപയോഗപ്പെടുത്തപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തുക. ഇനിയും ഈ രംഗത്ത് സുരക്ഷയുടെ ഒരുപാടു വേലിക്കെട്ടുകള്‍ ഒരുക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
സമൂഹ മാധ്യമങ്ങളുടെ മറ്റൊരു വലിയ ദൂഷ്യം അതിലൂടെ നല്കപ്പെടുന്ന വിവരങ്ങളുടെ ആധികാരികതയാണ്. പലപ്പോഴും സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്തകളും വിശേഷങ്ങളുമാണ് അതില്‍ പങ്കുവെക്കപ്പെടുന്നത്. ഇതില്‍ പലതും ബോധപൂര്‍വമാണ്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയുമെല്ലാം ലേബലില്‍ ഇതിനായി പ്രവര്‍ത്തിക്കുന്ന പ്രത്യേക ഗ്രൂപ്പുകള്‍ തന്നെയുണ്ട്. ഇത് നിര്‍മിക്കുകയും ഇഷ്ടപ്പെടുകയും പങ്കുവെക്കുകയും കേള്‍വിക്കാരനും കാഴ്ചക്കാരനുമാവുകയും ചെയ്യുക എന്നിവയെല്ലാം ഒരു പക്ഷേ ഭൂമിയിലെ നിയമങ്ങള്‍ മുഖേന ശിക്ഷക്ക് കാരണമായേക്കും. എന്നാല്‍ പ്രപഞ്ച നാഥന്റെ നിയമത്തില്‍ ഇവ കടുത്തകുറ്റകൃത്യമാണെന്നതില്‍ യാതൊരു സംശയവുമില്ല.
മതകാര്യങ്ങളായി പുണ്യകരമെന്നനിലയില്‍ പ്രചരിപ്പിക്കുന്ന പലതിനും ഇസ്‌ലാമിക പ്രമാണങ്ങളുടെ പിന്‍ബലമുണ്ടാകാറില്ല. ഏറെ വൈകാരികമായും മറ്റും അവതരിപ്പിക്കപ്പെടുന്ന ഇവ പലപ്പോഴും നല്ലതല്ലേ എന്ന ധാരണയില്‍ വ്യാപകമായി ലൈകും ഷയറും വാരിക്കൂട്ടുന്നു. ഇവിടെയും അറിവില്ലായ്മ നമ്മുടെ രക്ഷക്കെത്തുന്നില്ല.