സ്ത്രീയുടെ ജൈവിക പ്രത്യേകതകള്‍ അംഗീകരിക്കുന്ന ഇസ്‌ലാം പരപുരുഷലോകത്ത് സുരക്ഷിതയായി ജീവിക്കാന്‍ അവളെ പ്രാപ്തയാക്കുന്നതിനായി പൊതു സമൂഹത്തിലെ ഇടപെടലുകളിലും യാത്രകളിലുമെല്ലാം ചില പരിധികള്‍ നിശ്ചയിക്കുന്നു, സമൂഹത്തിന്റെ ധാര്‍മിക സുസ്ഥിതി കൂടി പരിഗണിച്ചുള്ള ഈ നിയമങ്ങള്‍ മനുഷ്യലോകം പിന്‍പറ്റിയിരുന്നെങ്കില്‍ സുരക്ഷിതമായ ലോകക്രമത്തിന് അത് വലിയ സംഭാവനയാകുമായിരുന്നു.
സ്ത്രീയുടെ നോട്ടം, ശബ്ദം, ചലനം, ഗന്ധം എന്നിവയെല്ലാം പുരുഷനെ ലൈംഗികമായി മോഹിപ്പിക്കുകയും പ്രകോപ്പിക്കുകയും ചെയ്യുന്നത് പ്രകൃതിയാണ്. അതിനാല്‍ തന്നെ അന്യര്‍ക്കു മുമ്പില്‍ ഈ കാര്യങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ വരുത്താനാണ് ഇസ്‌ലാം സ്ത്രീയോട് ആവശ്യപ്പെടുന്നത്.
വിശുദ്ധ ഖുര്‍ആന്‍ കണ്ണ് നിയന്ത്രിക്കണമെന്ന് ആദ്യമായി പറയുന്നത് പുരുഷന്മാരോടാണ്. ശേഷം സ്ത്രീകളെ പ്രത്യേകമായി സംബോധനചെയ്തുകൊണ്ട് ഇതേ വാക്കുകള്‍ ആവര്‍ത്തിക്കുന്നു. സ്ത്രീക്കും പുരുഷനും ബാധകമായ വളരെ കുറച്ചു കാര്യങ്ങളേ അവരെ വേറെവേറെ സംബോധന ചെയ്തുകൊണ്ട് ഖുര്‍ആന്‍ അവതരിപ്പിക്കുന്നുള്ളൂ. അതിലൊന്നാണ് നോട്ടം. ''(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക''(24:30,31).
ദൃഷ്ടികള്‍ താഴ്ത്തുക എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് അവിഹിതമായ നോട്ടത്തെ കുറിച്ചാണ്. തിരിച്ചറിയാനുള്ള നോട്ടവും അവശ്യ സന്ദര്‍ഭങ്ങളില്‍ പുരുഷനും സ്ത്രീയും തമ്മില്‍ കാണുന്നതും ഇസ്‌ലാം നിഷിദ്ധമാക്കിയിട്ടില്ല. സ്ത്രീ മുഖം മറച്ചുകൊണ്ട് പുരുഷനെ അന്യായമായി നോക്കുന്നതും നിഷിദ്ധം തന്നെയാണ്. സംസാരവും സൂക്ഷിക്കേണ്ടതുണ്ട്. കേള്‍ക്കുന്നവരില്‍ ലൈംഗികത ഉത്തേജിപ്പിക്കുന്ന വിധത്തില്‍ സംസാരിക്കരുത്. ഖുര്‍ആന്‍ പറയുന്നു. ''പ്രവാചക പത്‌നിമാരേ, സ്ത്രീകളില്‍ മറ്റ് ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക''(33:32). ഇവിടെ പ്രവാചക പത്‌നിമാരാണ് സംബോധിതരെങ്കിലും മൊത്തം സ്ത്രീകള്‍ക്കും അത് ബാധകമാണ്.
സ്ത്രീയുടെ നടത്തം പുരുഷന്മാരെ ആകര്‍ഷിക്കുന്ന വിധത്തിലാകരുത്. ''തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്''(24:31). അംഗചലനങ്ങളിലും ഈ കരുതല്‍ വേണം. കണ്ണും മുഖവും അരയുമെല്ലാം ഈ നിയന്ത്രണത്തില്‍ വരുന്നുണ്ട്. ആഭരണങ്ങളും അലങ്കാരങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനായുള്ള 'ക്യാറ്റ് വാക്കു'കളും ശബ്ദമുണ്ടാക്കുന്ന ആഭരണങ്ങള്‍ ഉപയോഗിക്കുന്നതുമെല്ലാം നിഷിദ്ധമാണ്. ഒട്ടകപ്പൂഞ്ഞപോലെ ഇളകുന്ന തലയുമായി ചാഞ്ഞും ചരിഞ്ഞും നടക്കുന്ന സ്ത്രീകള്‍ വരാനുണ്ടെന്നും അവര്‍ക്ക് അതിവിദൂരതയില്‍ എത്തിച്ചേരുന്ന സ്വര്‍ഗഗന്ധം പോലും ആസ്വദിക്കാന്‍ കഴിയില്ലെന്നും മുഹമ്മദ് നബി(സ്വ) താക്കീതു ചെയ്യുന്നുണ്ട്.