Skip to main content

മര്‍യം ബിന്‍ത് ഇംറാന്‍ (അ)

സ്വഭാവവൈശിഷ്ട്യം കൊണ്ടും ഔന്നത്യം കൊണ്ടും ചരിത്രത്തില്‍ തിളങ്ങിനില്‍ക്കുന്ന നാലു സ്ത്രീ രത്‌നങ്ങളില്‍ ഒരാളാണ് ഇംറാന്റെ പുത്രി മര്‍യം. വിശുദ്ധഖുര്‍ആന്‍ പേരെടുത്തുപറഞ്ഞ ഏക വനിത. മര്‍യം എന്ന പേരിലും ആലു ഇംറാന്‍ എന്ന് കുടുംബത്തിന്റെ പേരിലും ഓരോ അധ്യായം നല്‍കി അല്ലാഹു ഇവരെ ആദരിക്കുകയും ചെയ്തു.

Mariyam bint Imran

ബൈത്തുല്‍ മുഖദ്ദസ് വിശ്വാസികളുടെ ഹൃദയവികാരമായിരുന്നു. പിറക്കാനിരിക്കുന്ന ആണ്‍മക്കളെ ബൈത്തുല്‍ മുഖദ്ദസ് പരിപാലനത്തിനായി നേര്‍ച്ചയാക്കല്‍ അക്കാലത്ത് പതിവുണ്ടായിരുന്നു. ബൈത്തുല്‍ മുഖദ്ദസുമായി ആത്മബന്ധം പുലര്‍ത്തി, ഭയഭക്തി നിറഞ്ഞ ജീവിതം പുലര്‍ത്തുന്ന കുടുംബമായിരുന്നു ഇംറാന്റെത്. ഇംറാന്റെ ഭാര്യ ആരാധനകളും അനുഷ്ഠാനങ്ങളുമായി കഴിഞ്ഞുകൂടുന്ന മഹതിയായിരുന്നു. ഏറെ നാളത്തെ സ്വപ്നം സഫലമാക്കി അവര്‍ ഗര്‍ഭിണിയായി. ആനന്ദം അടക്കാനാവാതെ അവരിരുവരും അല്ലാഹുവിന് നന്ദിയോതി. പിറക്കാനിരിക്കുന്നത് ആണ്‍ കുഞ്ഞായിരിക്കും എന്ന പ്രതീക്ഷയില്‍ കുഞ്ഞിനെ ബൈത്തുല്‍ മുഖദ്ദസിലേക്ക് നേര്‍ച്ചയര്‍പ്പിക്കുകയും ചെയ്തു അവര്‍.

ബൈത്തുല്‍ മുഖദ്ദസില്‍

മാസങ്ങള്‍ കടന്നുപോയി. അവള്‍ പ്രസവിച്ചു. ചേലൊത്ത ഒരു പെണ്‍ കുഞ്ഞ്. ആ കുടുംബത്തില്‍ സന്തോഷം പെയ്തിറങ്ങി. അവര്‍ അവള്‍ക്ക് മര്‍യം എന്ന് പേരിട്ടു. ആഹ്‌ളാദത്തിനിടയിലും നേര്‍ച്ചയുടെ കാര്യം ഇംറാനെയും ഭാര്യയെയും അസ്വസ്ഥരാക്കി. പെണ്‍കുട്ടിയെ എങ്ങനെയാണ് ബൈത്തുല്‍ മുഖദ്ദസ് പരിപാലനത്തിനായി നല്‍കുക? ഇക്കാര്യം അവര്‍ ബൈത്തുല്‍ മുഖദ്ദസിലെ പുരോഹിതന്‍മാരുമായി സംസാരിച്ചു. മര്‍യമിനെ സ്വീകരിക്കാമെന്ന് അവര്‍ സമ്മതിച്ചു. മര്‍യം വളര്‍ന്നു. മികച്ച സ്വഭാവംകൊണ്ട്  അവള്‍ എല്ലാവരുടെയും കണ്ണിലുണ്ണിയായി. ഇതിനിടെ ഇംറാന്‍ മരിച്ചു.

വര്‍ഷങ്ങള്‍ പിന്നിട്ടു. നേര്‍ച്ച പാലിക്കേണ്ട ഘട്ടമെത്തിയപ്പോള്‍ മാതാവ് മര്‍യമിനെയും കൊണ്ട് ബൈത്തുല്‍ മുഖദ്ദസിലെത്തി. അവിടെ ഒന്നിലേറെ പുരോഹിതന്‍മാരുണ്ടായിരുന്നു. അവരില്‍ ആരാണ് മര്‍യമിനെ ഏറ്റെടുക്കേണ്ടത് എന്ന പ്രശ്‌നമുയര്‍ന്നു. ഇംറാന്‍ കുടുംബത്തിലെ കുട്ടിയെ ഏറ്റെടുക്കുന്നതില്‍ അവര്‍ക്കിടയില്‍ മല്‍സരവുമുണ്ടായി. ഒടുവില്‍ ഒരു വഴി നിര്‍ദേശിക്കപ്പെട്ടു. അത് നറുക്കെടുപ്പായിരുന്നു. സകരിയ്യ നബി(അ)നാണ് മര്‍യമിന്റെ സംരക്ഷണ ചുമതലയുടെ നറുക്കു വീണത്.

ദൈവഹിതമെന്നോണം മര്‍യമിന്റെ രക്ഷകര്‍തൃത്വം ദൈവദൂതനില്‍ തന്നെ വന്നു. തന്റെ മാതൃസഹോദരീ ഭര്‍ത്താവ് കൂടിയായ സകരിയ്യാ നബിയെ മകളുടെ രക്ഷാധികാരിയായി ലഭിച്ചതില്‍ മാതാവിന് ആശ്വാസവും സമാധാനവുമായി.

ഉമ്മയെപോലെ ത്തന്നെ, അല്ലാഹുവിനെയും പരലോകത്തെയും കാംക്ഷിച്ച് ജീവിതം നയിച്ചിരുന്ന മര്‍യമിന് ബൈത്തുല്‍ മുഖദ്ദസ് സുരക്ഷിത ഇടമായി. പതിവ്രതയും വിശുദ്ധയും ശ്രേഷ്ഠയുമായ അവര്‍ ഉപാസനകളുമായി ഒരു മുറിയില്‍ കഴിച്ചുകൂട്ടി. കാര്യങ്ങളറിയാന്‍ ഇടയ്ക്കിടെ സകരിയ്യാ നബി അവിടെ എത്തുമായിരുന്നു. അപ്പോഴൊക്കെയും ആ മുറിക്കകത്ത് വിവിധ തരം  ആഹാരപദാര്‍ഥങ്ങള്‍ അദ്ദേഹം കണ്ടു. വിസ്മയത്തോടെ അദ്ദേഹം ചോദിക്കും: മര്‍യം, ഇത് എവിടെ നിന്നാണ് നിനക്ക് ലഭിച്ചത്?    അവള്‍ പറയും: അല്ലാഹുവില്‍ നിന്ന്. ഇച്ഛിക്കുന്നവര്‍ക്ക് പരിധിയില്ലാതെ നല്‍കുന്നവനാണല്ലോ അല്ലാഹു (3:37).

തന്റെ അനുഗ്രഹങ്ങളുടെ തണലിലാണ് ഇംറാന്റെ മകളെ അല്ലാഹു വളര്‍ത്തിക്കൊണ്ടുവന്നത്.

ഈസായെ ഗര്‍ഭം ധരിക്കുന്നു

കാലം കടന്നുപോയി. ഒരിക്കല്‍ പ്രാര്‍ഥനാവേദിയില്‍ ഇരിക്കവെ ഒരു അപരിചിതന്‍ മര്‍യമിന്റെ അരികിലെത്തി. ജിബ്‌രീല്‍ മാലാഖ മനുഷ്യരൂപം പൂണ്ട് വന്നതായിരുന്നു. ഭയന്ന മര്‍യം അയാളോട് മാറിപ്പോകാന്‍ ആജ്ഞാപിച്ചു. പക്ഷേ മാലാഖയുടെ മറുപടി ഇങ്ങനെയായിരുന്നു: 'ഞാന്‍ അല്ലാഹുവിന്റെ ദൂതനാണ്. നിനക്ക് വിശുദ്ധനായ ഒരു പുത്രനെ നല്‍കാനാണ് ഞാന്‍ വന്നത്' 

ഇത് കേട്ട മര്‍യമിന്റെ ആധി ഇരട്ടിച്ചു. ഞാനൊരു ദുര്‍നടപ്പുകാരിയല്ല, ഒരു പുരുഷനും എന്നെ സ്പര്‍ശിച്ചിട്ടില്ല. പിന്നെ എങ്ങനെ ഞാന്‍ പ്രസവിക്കും? അവള്‍ ആവലാതിപ്പെട്ടു.

മാലാഖ പറഞ്ഞു: അത് അല്ലാഹുവിന് പ്രയാസമുള്ള കാര്യമല്ല. തീരുമാനിച്ചുറപ്പിക്കപ്പെട്ട കാര്യമാണത്. നിന്റെ സന്താനം ദൈവത്തിന്റെ കാരുണ്യവും ദൃഷ്ടാന്തവുമാണ്.

മര്‍യമില്‍ ശക്തമായി ഊതിയ ശേഷം  മാലാഖ അപ്രത്യക്ഷമായി. ദൈവഹിതപ്രകാരം മര്‍യം ഗര്‍ഭിണിയുമായി.

സ്വസ്ഥത നശിച്ച മര്‍യം സ്വയം കുറ്റപ്പെടുത്തി. താന്‍ മരിക്കുകയോ വിസ്മൃതിയിലാവുകയോ ചെയ്തിരുന്നെങ്കില്‍ എന്ന് അവളാശിച്ചു. ജനങ്ങളുടെ കണ്ണില്‍പെടാത്ത ഒരിടത്തേക്ക് ബൈത്തുല്‍ മുഖദ്ദസില്‍ നിന്ന് അവര്‍ മാറിത്താമസിച്ചു. കന്യകയായ താന്‍ ഗര്‍ഭിണിയാണെന്നറിയുമ്പോള്‍ തനിക്കും കുടുംബത്തിനും ഉണ്ടാവുന്ന പേരുദോഷം അവരില്‍ മനോവിഷമവും ഭയവും ജനിപ്പിച്ചു. എന്നാല്‍ കാവലും വഴികാട്ടിയുമായി ദൈവം കൂടെ നിന്നു. 'വ്യാകുലപ്പെടരുത്, കണ്‍കുളിര്‍മയോടെയിരിക്കുക, തിന്നുകയും കുടിക്കുകയും ചെയ്യുക. ആക്ഷേപിക്കുന്നവരോട് മൗനവ്രതം പാലിക്കുക' അല്ലാഹു നിര്‍ദേശിച്ചു.

വിശപ്പും ദാഹവുമകറ്റാന്‍ യഥാസമയം വെള്ളവും ഭക്ഷ്യവസ്തുക്കളും ലഭ്യമാക്കി. ദിവസങ്ങള്‍ കഴിയുന്തോറും എന്തും നേരിടാനുള്ള കരുത്ത് മര്‍യമില്‍ കൂടിക്കൂടി വന്നു.                    

ഒരിക്കല്‍ ഇംറാന്റെ സഹോദര പുത്രന്‍ അവളെ കാണാനെത്തി. അവളുമായി തര്‍ക്കത്തിലേര്‍പ്പെട്ട അദ്ദേഹം ചോദിച്ചു: 'മര്‍യം,വിത്തില്ലാതെ ചെടി മുളക്കുമോ? മഴ വര്‍ഷിക്കാതെ തൈകള്‍ തളിര്‍ക്കുമോ? പിതാവില്ലാതെ പുത്രന്‍ ജനിക്കുമോ?'

മര്‍യം പറഞ്ഞു: സഹോദരാ, അല്ലാഹു ചെടിയെ ആദ്യം മുളപ്പിച്ചത് വിത്തില്‍ നിന്നാണോ? മഴ വര്‍ഷിച്ചിട്ടാണോ മണ്ണിലെ ആദ്യ വൃക്ഷം അല്ലാഹു മുളപൊട്ടിച്ചത്? മാതാപിതാക്കളില്‍ നിന്നല്ലല്ലോ ആദം സൃഷ്ടിക്കപ്പെട്ടത്? ഇത് കേട്ടതോടെ സഹോദരന്‍ നിശ്ശബ്ദനായി.

ഈസായുടെ ജനനം
ദിനങ്ങള്‍ നീങ്ങി. മര്‍യം പ്രസവിച്ചു. ഒരാണ്‍കുഞ്ഞ്. അവനെയുമെടുത്ത് അവള്‍ ബൈത്തുല്‍ മുഖദ്ദസിലെത്തി. തന്നോടും കുടുംബത്തോടുമുള്ള ജനങ്ങളുടെ സ്‌നേഹവും ആദരവും ഇപ്പോഴത്തെ അവസ്ഥയില്‍ സങ്കടവും രോഷവുമായി മാറും എന്ന് മര്‍യം ആശങ്കപ്പെട്ടു. അത് സംഭവിക്കുകയും ചെയ്തു.

'ഓ, ഹാറൂന്റെ സഹോദരീ, എന്താണിത്? നിന്റെ പിതാവ് മോശം വ്യക്തിയായിരുന്നില്ലല്ലോ. മാതാവ്  ദുര്‍നടപ്പുകാരിയുമായിരുന്നില്ല... പക്ഷേ നീ....?' 

സ്വന്തക്കാരുടെ വാക്കുകള്‍ മര്‍യമിനെ തളര്‍ത്തി. അവള്‍ വാ തുറന്നില്ല. തൊട്ടിലില്‍കിടക്കുന്ന കുഞ്ഞിന് നേരെ ചൂണ്ടുക മാത്രം ചെയ്തു; എല്ലാം അവനോട് ചോദിക്കൂ എന്ന ഭാവത്തില്‍.

'നിനക്കെന്താ ഭ്രാന്താണോ? പിഞ്ചു കുഞ്ഞ് എങ്ങനെ ഞങ്ങളോട് സംസാരിക്കും?'അവര്‍ ചോദിച്ചു. അതോടെ അദ്ഭുതം സംഭവിച്ചു. തൊട്ടിലിലെ ശിശു സംസാരിക്കുന്നു:

 'ഞാന്‍ ദൈവദാസനാണ്. അല്ലാഹു എന്നെ അവന്റെ ദൂതനാക്കുകയും എനിക്ക് വേദഗ്രന്ഥം നല്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ എവിടെയായിരുന്നാലും അവന്‍ എന്നെ അനുഗൃഹീതനാക്കിയിരിക്കുന്നു.

ഞാന്‍ ജീവിച്ചിരിക്കുവോളം  നമസ്‌കാരവും സകാത്തും നിര്‍വഹിക്കാന്‍ കല്പിക്കപ്പെട്ടിരിക്കുന്നു. എന്റെ മാതാവിനോട് നല്ല രീതിയില്‍ വര്‍ത്തിക്കുന്നവനാണ് ഞാന്‍. ഞാന്‍ നിഷ്ഠൂരനല്ല, ഭാഗ്യഹീനനുമല്ല. ജനന, മരണ, ഉയിര്‍പ്പുനാളുകളിലെല്ലാം എനിക്ക് സമാധാനം'(19:30-33).

ദൈവികദൃഷ്ടാന്തം അവരെ സ്തബ്ധരാക്കി. സ്ഫുടവും വ്യക്തവുമായ ആ കുഞ്ഞിന്റെ വാക്കുകള്‍ക്ക് മുന്നില്‍ മര്‍യമിനെക്കുറിച്ച് അവര്‍ ധരിച്ചുവെച്ചതെല്ലാം പൊളിഞ്ഞുപോയി. അല്ലാഹു വീണ്ടും പറയുന്നു:

'അതാണ് മര്‍യമിന്റെ മകന്‍ ഈസാ. ജനം സംശയിക്കുന്ന വിഷയത്തിലുള്ള അല്ലാഹുവിന്റെ സത്യമായ വാക്കാണിത്. പുത്രനെ സ്വീകരിക്കല്‍ അല്ലാഹുവിന് ചേര്‍ന്നതല്ല. അവന്‍ പരിശുദ്ധനാണ്. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അതിനോട് 'നീ ഉണ്ടാവൂ' എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ. അപ്പോള്‍ അത് ഉണ്ടാവും' (സൂറ.മര്‍യം: 35).

എന്നിട്ടും ചിലരെങ്കിലും മര്‍യമിനെക്കുറിച്ച് സംശയാലുക്കളായി തുടര്‍ന്നു. കുഞ്ഞിന്റെ കാര്യത്തില്‍ ആശങ്കയില്‍ കഴിഞ്ഞ മര്‍യം, വൈകാതെ ബൈത്തുല്‍ മുഖദ്ദസ് വിട്ടിറങ്ങി. ദൈവദൂതനായ അവനെ മാതൃസ്‌നേഹം കൊണ്ട് പൊതിഞ്ഞ് അവള്‍ ജീവിച്ചു. ഈസായെ അല്ലാഹു വാനലോകത്തേക്ക് ഉയര്‍ത്തിയതിന് ശേഷമാണ് മര്‍യമിന്റെ വിയോഗമുണ്ടായത്.

Feedback