പള്ളികള്‍ ഇന്ന സ്ഥലത്തുണ്ടാക്കണമെന്ന നിബന്ധനയില്ല. അതതു പ്രദേശത്തു സൗകര്യപ്പെട്ടേടത്തും ആവശ്യമനുസരിച്ചും പള്ളി പണിയാം. എന്നാല്‍ ഒരിക്കല്‍ പള്ളിയായി നിശ്ചയിച്ച സ്ഥലത്തു നിന്ന് അതു മാറ്റുവാനോ പകരം വേറൊരു സ്ഥലത്തേക്കു നീക്കുവാനോ പാടുണ്ടോ? അത് അനുവദനീയമല്ല എന്നാണ് ചിലര്‍ വാദിക്കുന്നത്. അതിന്റെ പേരില്‍ ചിലപ്പോള്‍ നാട്ടില്‍ കുഴപ്പം വരെ ഉണ്ടാകാറുണ്ട്.
നബി(സ്വ)യുടെ കാലത്ത് ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. പള്ളി എന്ന പേരില്‍ കപടവിശ്വാസികള്‍, നബി(സ്വ) യെയും സ്വഹാബികളെയും വഞ്ചിക്കാനായി നിര്‍മിച്ച കെട്ടിടം നബി(സ്വ) പൊളിച്ചു നീക്കിയിട്ടുണ്ട് എന്നുമാത്രം. മസ്ജിദുദ്ദ്വിറാര്‍ (ഉപദ്രവത്തിന്റെ പള്ളി) എന്നാണ് ആ കെട്ടിടത്തെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. വേറെ സംഭവങ്ങള്‍ ഉണ്ടായിട്ടില്ല.
മുസ്‌ലിം സമൂഹത്തിന്റെ ഉത്തമ താല്‍പര്യം പരിഗണിച്ച് ആവശ്യമെങ്കില്‍ പള്ളി സ്ഥലം മാറ്റാവുന്നതാണ്. ഖലീഫ ഉമര്‍(റ) കൂഫയിലെ ഏറ്റവും പഴയ പള്ളി മറ്റൊരു സ്ഥലത്തേക്ക് പൊളിച്ചു മാറ്റുകയുണ്ടായി. പള്ളി നിന്നിരുന്ന സ്ഥാനത്ത് ഈത്തപ്പഴം സൂക്ഷിക്കുന്ന കളം സ്ഥാപിച്ചു. ഉമറി(റ)ന്റെ ഭരണകാലത്ത് മറ്റൊരു സംഭവമുണ്ടായി. കാരക്കക്കച്ചവടക്കാരുടെ അടുത്ത് ബൈതുല്‍മാലിനടുത്തായി, ഒരു പള്ളി നിര്‍മിച്ചിരുന്നു. ബൈതുല്‍മാലില്‍ ഒരു കളവ് നടന്നു. അതിനെപ്പറ്റി സഅ്ദുബ്‌നു അബീവഖാസും ഇബ്‌നുമസ്ഊദും(റ) ഖലീഫയോടന്വേഷിച്ചപ്പോള്‍ ഉമര്‍(റ) ആ പള്ളി പൊളിച്ച് മറ്റൊരുസ്ഥലത്ത് നിര്‍മിക്കുവാന്‍ കല്പിച്ചു. ഇബ്‌നുമസ്ഊദ്(റ) പള്ളി പൊളിച്ചു മറ്റൊരു സ്ഥലത്തു നിര്‍മിച്ചു. പള്ളി നിന്ന സ്ഥലം ചന്തയാക്കി മാറ്റി.
ഈ സംഭവം ഉദ്ധരിച്ചുകൊണ്ട് ഇമാം അഹ്മദ്(റ) പള്ളിയുള്‍പ്പെടെ വഖ്ഫ് സ്വത്തുക്കള്‍ ആവശ്യമെങ്കില്‍ സ്ഥലം മാറ്റുകയും പകരമാക്കുകയും ചെയ്യാമെന്ന് അഭിപ്രായപ്പെടുന്നു. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ 'മജ്മൂഉ ഫതാവ'യില്‍ ഇക്കാര്യം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഇത് സംബന്ധമായി ഇമാം നവവി(റ)യുടെ 'ശറഹുല്‍ മുഹദ്ദബി'ലെ ഒരു ഭാഗം ഇവിടെ ഉദ്ധരിക്കട്ടെ. ഇമാം അഹ്മദിന്റെ അനുയായികള്‍ പറയുന്നു: ''വഖ്ഫ് സ്വത്ത് ഉപകാരമെടുക്കാന്‍ സാധിക്കാത്ത വിധം ഉപയോഗശൂന്യമായാല്‍ അതു വില്‍ക്കാവുന്നതാണ്. ഒരാള്‍ ഒരു വീട് വഖ്ഫ് ചെയ്തു; അത് പൊളിയുവാന്‍ തുടങ്ങി. അല്ലെങ്കില്‍ ഒരു ഭൂമി വഖ്ഫ് ചെയ്തു; അവിടെ ആളുകള്‍ ഇല്ലാതെ നിര്‍ജീവമായി; അല്ലങ്കില്‍ ഒരു പള്ളി വഖ്ഫ് ചെയ്തു; അതിന്റെ ചുറ്റുഭാഗത്തു നിന്നും മുസ്‌ലിംകള്‍ മറ്റൊരു സ്ഥലത്തേക്കു മാറിത്താമസിക്കാന്‍ തുടങ്ങി. അല്ലെങ്കില്‍ ജനങ്ങളെക്കൊണ്ട് ആ പള്ളിയില്‍ സ്ഥലമില്ലാതായി. ആ സ്ഥലത്ത് പള്ളി വിശാലമാക്കുവാന്‍ സാധിക്കുന്നുമില്ല. അല്ലെങ്കില്‍ പള്ളി നന്നാക്കാന്‍ അതിന്റെ ചില ഭാഗങ്ങള്‍ വിറ്റാല്‍ മാത്രമേ സാധിക്കുകയുള്ളൂ. എങ്കില്‍ കുറച്ചുഭാഗം വില്‍ക്കാവുന്നതാണ്. മുകളില്‍ പറഞ്ഞവ (വീട്, ഭൂമി, പള്ളി) തീരെ ഉപകാരപ്പെടുത്താന്‍ സാധ്യമല്ലാതെ വന്നാല്‍ അവ മുഴുവന്‍ വില്‍ക്കല്‍ അനുവദനീയമാണ്'' (ശറഹുല്‍ മുഹദ്ദബ്).
പ്രവാചകചര്യയില്‍ വ്യക്തമാക്കപ്പെട്ടിട്ടില്ലാത്ത ഒരു കാര്യത്തില്‍ ഖലീഫയുടെ പ്രവര്‍ത്തനവും സ്വഹാബികളുടെ അംഗീകാരവും പില്‍ക്കാല പണ്ഡിതന്മാരുടെ നിരീക്ഷണവും നാം കണ്ടു. ബുദ്ധിപരമായി സ്വീകാര്യവും ഇതുതന്നെ. ഒരു രാജ്യത്ത് ഒരു അണക്കെട്ട് നിര്‍മിക്കാനോ റെയില്‍വേ ലൈന്‍ കൊണ്ടുപോകാനോ ഒരു വിമാനത്താവളം ഉണ്ടാക്കാനോ വേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു എന്നിരിക്കട്ടെ. ഇത്തരം ആവശ്യങ്ങള്‍ക്കു വേണ്ടി ഭൂമി അക്വയര്‍ ചെയ്യുമ്പോള്‍ അതിനിടയില്‍ പള്ളികളും ഉണ്ടാകാമല്ലോ. ഒരു രാജ്യത്തിന്റെ മൊത്തം താല്‍പര്യത്തിനു വേണ്ടി ആ പള്ളി സ്ഥലംമാറ്റി പണിയുന്നത് ഒരിക്കലും ഇസ്‌ലാമിക നിയമങ്ങള്‍ക്ക് എതിരല്ല. ശറഹുല്‍ മുഹദ്ദബിലെ വാക്കുകള്‍ ഈ കാര്യം സുതരാം വ്യക്തമാക്കുന്നു.