ഹിന്ദുമതത്തിലെ 'നമസ്‌കാരം' (ശരിയായ ഭാഷയില്‍ പറഞ്ഞാല്‍ പൂജ) ആണ് ഏറ്റവും കൂടുതല്‍ വൈജാത്യത്തിന്റെയും വൈരുധ്യത്തിന്റെയും പര്യായമായിത്തീര്‍ന്നത്. തന്ത്ര- കര്‍മങ്ങളുടെ വിധികളില്‍, അനുഷ്ഠാനങ്ങളില്‍, രൂപങ്ങളില്‍, ശൈലികളില്‍ എല്ലാം തന്നെ വൈജാത്യങ്ങള്‍ നിറഞ്ഞതായി കാണാം. ഒരു സംസ്ഥാനത്തു തന്നെ വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത പൂജാസമ്പ്രദായങ്ങള്‍! അതുതന്നെയും ഓരോ കാലത്തിനും ഭാഷക്കുമനുസരിച്ച് മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു! ഓരോ അവാന്തരവിഭാഗത്തിനും വെവ്വേറെ പൂജാ സമ്പ്രദായങ്ങള്‍! ഇത് യഥാര്‍ഥത്തില്‍ ഹിന്ദുമതത്തിലെ വിശ്വാസങ്ങള്‍, സിദ്ധാന്തങ്ങള്‍, ആഗമനങ്ങള്‍, ആചാരങ്ങള്‍, യാഗങ്ങള്‍, വൈദിക വൃത്തങ്ങള്‍ തുടങ്ങിയ എല്ലാ അനുഷ്ഠാനങ്ങളുടെയും സ്ഥിതിവിശേഷങ്ങളാണ്. അതുകൊണ്ടാണ് ഹിന്ദുമതാചാര്യന്മാര്‍ക്കോ തന്ത്രി കുടുംബങ്ങള്‍ക്കോ ശാസ്ത്രികള്‍ക്കോ ഒന്നും തന്നെ ഹിന്ദുമതത്തിന് വ്യക്തവും യുക്തവുമായ ഒരു നിര്‍വചനം നല്‍കാന്‍ കഴിയാത്തത്.
ഹിന്ദുമതത്തില്‍ നിര്‍ബന്ധമായ ആരാധനാകര്‍മങ്ങളില്‍ ധാരാളം പരസ്പര വൈരുധ്യങ്ങള്‍ കാണാം. അതിന്റെ ശൈലികളും രീതികളും വ്യത്യസ്തങ്ങളാണ്. നിയമങ്ങളും നിബന്ധനകളും അവ്യക്തങ്ങളാണ്. ആകൃതിയും രൂപവും അനിര്‍ണിതങ്ങളുമാണ്. ആരാധനയുടെ രൂപങ്ങളിലാവട്ടെ, അടിസ്ഥാന വിശ്വാസങ്ങളിലാകട്ടെ ഒന്നിലും ഒരു ഏകതാനതയോ ഐകരൂപ്യമോ കണ്ടെത്താന്‍ കഴിയുകയില്ല. അതിനാല്‍ ഹിന്ദുമതത്തിലെ ആരാധനാസമ്പ്രദായങ്ങളെ സവിസ്തരം പ്രതിപാദിക്കുന്ന ഒരു ഏക ഗ്രന്ഥം കണ്ടെത്താന്‍ കഴിയില്ല. ഹൈന്ദവ മതതത്വശാസ്ത്രത്തില്‍ പ്രാവീണ്യം നേടിയ ആരുംതന്നെ അതിന്റെ പൂര്‍ണമായ ഒരു ചിത്രം വരച്ചുകാണിച്ചിട്ടുമില്ല. ഇന്ത്യന്‍ വംശജരുടെയും ഹൈന്ദവ സമൂഹത്തിന്റെയുമെല്ലാം ആരാധനയുടെ ചിത്രങ്ങളും ആചാരാനുഷ്ഠാനങ്ങളും ഒരു പരിധിവരെ ഭംഗിയായി ചിത്രീകരിച്ചത്, ശ്രീ. ടി. പി. എം. മാധവന്‍ തന്റെ Outlines of Hinduism എന്ന പുസ്തകത്തിലാണ്. മദ്രാസ് യൂനിവേഴ്‌സിറ്റിയിലെ തത്വശാസ്ത്ര വിഭാഗത്തിന്റെ മേധാവിയായിരുന്നു അദ്ദേഹം. ഈ പുസ്തകത്തിന് അവതാരികയെഴുതിയ മുന്‍ രാഷ്ട്രപതി ഡോ. രാധാകൃഷ്ണന്‍ അതിനെ വളരെയധികം പുകഴ്ത്തിയിട്ടുണ്ട്.
അദ്ദേഹം ഹിന്ദുമതത്തിലെ ആരാധനാ സമ്പ്രദായങ്ങളുടെയും പ്രണവ പ്രണാമങ്ങളുടെയുമൊക്കെ വ്യവസ്ഥകളും ക്രമങ്ങളും വിശദീകരിച്ചുകൊണ്ട് എഴുതുന്നു: ''അമ്പലങ്ങളിലും വീടുകളിലും ആരാധിക്കപ്പെടുന്ന വിഷ്ണു, ശിവന്‍, പാര്‍വതി എന്നീ ദൈവങ്ങളുടെ പ്രതീകങ്ങളാണ് പൊതുജനങ്ങളില്‍ കൂടുതല്‍പ്രചാരവും സ്വീകാര്യതയും നേടിയത്. പക്ഷേ, ഉത്തര ഭാരതത്തില്‍ കൃഷ്ണന്റെയും ദക്ഷിണ ഭാരതത്തില്‍ കാര്‍ത്തികേയന്റെയും എണ്ണമറ്റ വിഗ്രഹങ്ങളും അഭ്യസ്തവിദ്യരുടെ ഇടയില്‍ ആരാധിക്കപ്പെട്ടുവരുന്നുണ്ട്. എന്നാല്‍ ഹിന്ദുക്കളിലെ എല്ലാ വിഭാഗക്കാരും മേല്പറഞ്ഞ സകല വിഗ്രഹങ്ങളെയും പൂജിക്കുകയും ദൈവങ്ങളായി സങ്കല്പിക്കുകയും ചെയ്യുന്നവരാണ്.
പൂജകനായ ഒരു ഹിന്ദു തന്റെ മൂര്‍ത്തിയെ സ്വവസതിയില്‍ ആദരണീയനായ ഒരു അതിഥിയെപ്പോലെ ഉപചരിക്കുന്നു. അമ്പലങ്ങളില്‍ പോകുമ്പോള്‍ രാജാധിരാജന് കാണിക്കയായും നിവേദ്യമായും പുഷ്പങ്ങളും പഴങ്ങളും അവിലും മലരുമെല്ലാം കൊണ്ടുപോകും. അതുമുഖേന സ്‌നേഹമൂര്‍ത്തിയായ തന്റെ ദൈവത്തോട് അനുരാഗവും ആദരവും പ്രകടിപ്പിക്കുകയാണ് അവന്‍ ചെയ്യുന്നത്. ഹിന്ദുക്കളുടെ ആരാധനകളെല്ലാം പൂര്‍ണമായും അതിഥികളെയും രാജാക്കന്മാരെയും ആദരിക്കുകയും ഉപചരിക്കുകയും ചെയ്യുന്നതുപോലെത്തന്നെ എന്നു പറയാം.
അവന്‍ തന്റെ ദൈവത്തിന് ആദ്യമായി സ്വാഗതമരുളുന്നു. എന്നിട്ട് ഇരിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കുകയും ദൈവത്തിന്റെ രണ്ടു കാലുകള്‍ കഴുകിക്കൊടുക്കുകയും ചെയ്യുന്നു. രാജാവിനോടുള്ള ബഹുമാനാര്‍ഥം ചന്ദനവും മലരും മുമ്പില്‍ കാഴ്ചവെക്കുന്നു. അനന്തരം തന്റെ മൂര്‍ത്തിയുടെ കണ്ഠത്തില്‍ ഹാരമണിയിക്കുകയും നെറ്റിയില്‍ ചന്ദനക്കുറി തൊടുകയും ചെയ്യും. സുഗന്ധവാഹിനികളായ കുസുമങ്ങളും കുന്തിരിക്കവും മറ്റും സമര്‍പ്പിക്കുകയും പുകയ്ക്കുകയും ചെയ്യുന്നു. വിളക്കുകള്‍ കത്തിക്കുകയും അത് കൈയിലേന്തി പ്രതിഷ്ഠയെ വലംവെക്കുകയും ചെയ്യുന്നു. ഭക്ഷണം മുമ്പില്‍വെച്ച ശേഷം മുറുക്കാന്‍ കൊണ്ടുപോയി കൊടുക്കുന്നു. തുടര്‍ന്ന് കുറെ കര്‍പ്പൂരം കത്തിക്കുന്നു. ഇത്തരത്തിലുള്ള നൈവേദ്യങ്ങളെല്ലാം അര്‍പ്പിക്കുന്നതിനു പുറമെ കാണിക്കയായി 'സ്വര്‍ണപുഷ്പം' എന്ന നാമധേയത്തില്‍ കുറെ സ്വര്‍ണവും വിഗ്രഹത്തിന്റെ സാന്നിധ്യത്തില്‍ സമര്‍പ്പിക്കാറുണ്ട്. അവസാനം തന്റെ ദേവീദേവന്മാരോട് വിടപറഞ്ഞു പിരിയുന്നു.
ഹൈന്ദവര്‍ക്ക്, അമ്പലങ്ങളിലെയും കാവുകളിലെയും വിഗ്രഹങ്ങളോടുള്ള പെരുമാറ്റവും സമീപനവുമെല്ലാം രാജാക്കന്മാരോടുള്ള പെരുമാറ്റവും സമീപനവും തന്നെയാണെന്ന് പറഞ്ഞുവല്ലോ. മന്ത്രവാദിയായ ശാന്തിക്കാരന്‍, ഉറങ്ങുന്ന ദൈവത്തെ ഗാനാലാപനങ്ങള്‍കൊണ്ടും സംഗീതോപകരണങ്ങള്‍കൊണ്ടുമാണ് ഉണര്‍ത്തുന്നത്. മുറപ്രകാരം കുളിപ്പിക്കുകയും രാജകീയ വസ്ത്രങ്ങള്‍ ധരിപ്പിക്കുകയും ചെയ്യും. അങ്ങനെ ആഭരണങ്ങള്‍ അണിയിക്കുന്നു. പൂമാലകള്‍ ചാര്‍ത്തുന്നു. വര്‍ണപ്പൊലിമയുള്ള വിളക്കുകള്‍ ചുറ്റുപാടും പ്രകാശിപ്പിക്കുന്നു. ആഹാരനീഹാരാദികള്‍ക്കെല്ലാമുള്ള സമയങ്ങള്‍ പോലും വളരെ കൃത്യവും ക്ലിപ്തവുമാണ്. എല്ലാ ദിവസവും രാജാവ് സിംഹാസനസ്ഥനാവുകയും തന്റെ പ്രജകളായ അടിമകള്‍ക്കിടയിലേക്ക് എഴുന്നള്ളുകയും ചെയ്യുന്നു. അവരുടെ ആവലാതികളും വേവലാതികളും കേള്‍ക്കുന്നു. തന്റെ കരുണാകടാക്ഷത്തിന്റെയും സ്‌നേഹവായ്പിന്റെയും തണലില്‍ അവരെ ആശീര്‍വദിക്കുന്നു. ഉത്സവദിവസങ്ങളില്‍ പരിവാരങ്ങളോടുകൂടി പ്രകടനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യും. അര്‍ഥമറിയാത്ത ഈ നാടകം ഇന്ത്യയിലെ ഏകദേശം എല്ലാ അമ്പലങ്ങളിലും നടക്കുന്നു. ഘോരമായ തമസ്സിന്റെ തടവറയിലേക്ക് നയിക്കുന്ന പരുപരുത്ത കാട്ടുപാതയില്‍നിന്ന് ഒരിക്കലും മോചനമില്ലാത്ത ഒരുവിഭാഗം ജനങ്ങളെ ആവേശംകൊള്ളിക്കലാണ് അതിന്റെ ഉദ്ദേശ്യം'' (Outlines of Hinduism- Pages 48-50).
ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നിവസിക്കുന്ന ഹിന്ദുമതത്തിലെ വ്യത്യസ്ത വിഭാഗങ്ങളില്‍ എല്ലാവരുടെയും ആരാധനകളും ആചാരങ്ങളും രണ്ടു ഏകകങ്ങളില്‍ സമന്വയിക്കുകയും സമ്മേളിക്കുകയും ചെയ്യുന്നു.
അതില്‍ ഒന്ന്, അമിതമായ ഗാനാലാപനവും നാദസ്വര ഉപകരണത്തിന്റെ പ്രയോഗവുമാണ്. സംഗീതവും ഗാനവും ഹൈന്ദവ മതത്തിന്റെ അവിഭാജ്യ ഘടകവും അടിസ്ഥാന മൂലകവുമാണ്. മനുഷ്യന്റെ കൈകടത്തലുകള്‍ക്ക് വിധേയവും സൃഷ്ടിനിര്‍മിതവും 'ശിര്‍ക്കി'ലധിഷ്ഠിതവുമായ ഏതു മതത്തിന്റെയും സ്ഥിതി ഇതുതന്നെയാണ്. അജ്ഞാനകാലത്തെ അറബികളുടെ നമസ്‌കാരത്തെക്കുറിച്ച് അല്ലാഹു പറയുന്നത് കാണുക: ''കഅ്ബയുടെ അടുക്കല്‍ അവരുടെ നമസ്‌കാരം ചൂളം വിളിയും കൈകൊട്ടും മാത്രമായിരുന്നു.''
ദേശ-ഭാഷാ-വര്‍ഗ-വര്‍ണ വൈജാത്യങ്ങള്‍ നിലനില്‍ക്കെ തന്നെ ഹൈന്ദവരെയെല്ലാം ഒന്നായി കൂട്ടിയിണക്കുന്ന രണ്ടാമത്തെ ഏകകം വിഗ്രഹപൂജയും ബിംബാരാധനയുമാണ്. ഈ വിഗ്രഹപൂജ, ബിംബാരാധകരായ തത്വചിന്തകന്മാരും മതാചാര്യന്മാരും എന്തുതന്നെ ന്യായീകരണവും വ്യാഖ്യാനവും നല്‍കിയാലും യഥാര്‍ഥ ദൈവത്തെക്കുറിച്ചുള്ള സ്മരണ ജനഹൃദയങ്ങളില്‍ നിന്ന് എടുത്തുകളയുകയും ഏകദൈവ സിദ്ധാന്തം പാടെ വിസ്മരിപ്പിക്കുകയും ചെയ്തിരിക്കുന്നു. യഥാര്‍ഥത്തില്‍ എക്കാലത്തുമുള്ള ബഹുദൈവാരാധനയുടെയും വിഗ്രഹ പൂജയുടെയും പൂര്‍ണമായ ദൂഷ്യവശം അതില്‍ നമുക്ക് കാണാന്‍ കഴിയുന്നു: ''എന്റെ നാഥാ, നിശ്ചയം അവ (വിഗ്രഹങ്ങള്‍) വളരെയധികം ജനങ്ങളെ വഴിപിഴപ്പിച്ചുകളഞ്ഞു'' (14:36) എന്ന് ഇബ്‌റാഹീം(അ) പറയുന്നത് ഖുര്‍ആന്‍ ഉദ്ധരിക്കുന്നു.
ഈ വിഗ്രഹങ്ങള്‍, അവരുടെ മനസ്സിനെയും വപുസ്സിനെയും ആവരണം ചെയ്തുകഴിഞ്ഞു. ഒരിക്കലും ഒഴിഞ്ഞുപോകാത്ത രൂപത്തില്‍ അവരുടെ ദേഹ-ദേഹികളില്‍ അവ അധിനിവേശം നടത്തിക്കഴിഞ്ഞിരിക്കുന്നു. ഇനി ആ ബിംബങ്ങളെ അവിടെ നിന്ന് കുടിയിറക്കുക എന്നത് അതിദുഷ്‌കരമായ ഒന്നാണ്. യഥാര്‍ഥ ആരാധ്യനെപ്പറ്റിയുള്ള ഒരു വിചാരംപോലും ഇന്ന് അവരുടെ മനോമുകുരങ്ങളില്‍ കാണാനില്ല. അതിന്റെ ഫലമായി ഏകദൈവത്തെ മാത്രം ആരാധിച്ച് ശാന്തിയും സന്തുഷ്ടിയും കരസ്ഥമാക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം സാക്ഷാത്കരിക്കപ്പെടാത്ത ഒരു സ്വപ്നമായിരിക്കുന്നു.