Skip to main content

വിവിധ സമൂഹങ്ങളിലെ നമസ്‌കാരം ഖുര്‍ആനില്‍

മുന്‍കാല ഗ്രന്ഥങ്ങളെ സാക്ഷ്യപ്പെടുത്തുന്ന ഖുര്‍ആന്‍ ഇസ്‌റാഈല്യരില്‍ നമസ്‌കാരം ഉണ്ടായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു. സമുദായത്തിലെ സജ്ജനങ്ങളും പ്രവാചകന്മാരും അത് കൃത്യനിഷ്ഠയോടും പ്രാധാന്യത്തോടും കൂടി നിര്‍വഹിച്ചു. ഖുര്‍ആനില്‍ പ്രവാചകന്മാരായ ഇബ്‌റാഹീം, ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവരെ സ്മരിച്ചശേഷം അല്ലാഹു പറയുന്നു: ''നാം അവരെ നമ്മുടെ കല്പനയനുസരിച്ച് ജനങ്ങള്‍ക്ക് സന്മാര്‍ഗം കാണിച്ചുകൊടുക്കുന്ന നായകന്മാരാക്കുകയും ചെയ്തു. പുണ്യകര്‍മങ്ങള്‍ ചെയ്യാനും നമസ്‌കാരം നിലനിറുത്താനും സകാത്ത് കൊടുക്കുവാനും അവര്‍ക്ക് നാം സന്ദേശം നല്കുകയും ചെയ്തു. അവര്‍ നമുക്ക് മാത്രം ആരാധന ചെയ്യുന്നവരായിരുന്നു''(21:73).

മറ്റൊരിടത്ത് ഈസാ നബി(അ)യെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ''ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവനോടെ ഇരിക്കുന്ന കാലമത്രയും നമസ്‌കരിക്കാനും സകാത്ത് കൊടുക്കാനും എന്നോടവന്‍ ബലമായി കല്പിക്കുകയും ചെയ്തിരിക്കുന്നു''(19:31).

ഈസാ നബി(അ)യുടെ മാതാവ്, മര്‍യമിനോടുള്ള ആജ്ഞയായി ഖുര്‍ആന്‍ പറയുന്നു: ''ഓ മര്‍യം, നീ നിന്റെ രക്ഷിതാവിനോട് വണക്കം കാട്ടുകയും സാഷ്ടാംഗം ചെയ്യുകയും നമിക്കുന്നവരോടൊപ്പം നമിക്കുകയും ചെയ്യുക''(3:43). എന്നാല്‍ ഒരു കാര്യം ഖുര്‍ആന്‍ വളരെ വ്യക്തമായി പ്രഖ്യാപിക്കുന്നുണ്ട്. യഹൂദികള്‍ തങ്ങളുടെ ആദ്യകാലം മുതല്‍ തന്നെ നമസ്‌കാരത്തില്‍ അശ്രദ്ധയും അലസതയും പ്രകടിപ്പിച്ചുപോന്നു എന്നതത്രെ അത്. അല്ലാഹു പറയുന്നു: ''അല്ലാഹു അനുഗ്രഹം നല്കിയിട്ടുള്ള പ്രവാചകന്മാരത്രെ അവര്‍. ആദമിന്റെ മക്കളില്‍ നിന്നും നൂഹിന്റെ കൂടെ (കപ്പലില്‍) നാം കയറ്റിയവരില്‍ നിന്നും ഇബ്‌റാഹീം, ഇസ്‌റാഈല്‍ എന്നിവരുടെ മക്കളില്‍ നിന്നും നാം നേര്‍വഴിയിലാക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍പെട്ടവരുമത്രെ അവര്‍. മഹാകാരുണികനായ അല്ലാഹുവിന്റെ വചനങ്ങള്‍ അവര്‍ക്ക് ഓതിക്കൊടുത്താല്‍ അവര്‍ നമിക്കുന്നവരായും കേഴുന്നവരായും വീഴുന്നതാണ്. എന്നിട്ട് അവരുടെ ശേഷം ഒരുകൂട്ടം പിന്‍ഗാമികള്‍ വന്നു; അവര്‍ നമസ്‌കാരം പാഴാക്കുകയും ശരീരേഛകളെ പിന്‍പറ്റുകയും ചെയ്തു. തദ്ഫലമായി അവര്‍ ദുര്‍മാര്‍ഗത്തിന്റെ ഫലം കണ്ടെത്തും''(19: 58-59).

Feedback