Skip to main content

യഹൂദ മതത്തില്‍

യഹൂദികള്‍ക്ക് നമസ്‌കാരം എന്ന്, എങ്ങനെ നിര്‍ബന്ധമാക്കി, അതിന്റെ ആകൃതിയും പ്രകൃതിയും ഏത് വിധത്തിലായിരുന്നു, അത് നിര്‍വഹിക്കാനുള്ള നിയമങ്ങളും നിബന്ധനകളും എന്തെല്ലാമായിരുന്നു-ഇത്തരം കാര്യങ്ങളെക്കുറിച്ച് യഹൂദചരിത്രവും അതിലെ മതസാഹിത്യങ്ങളും മുഴുവന്‍ പരതിയാലും വ്യക്തമായ ഒരു ധാരണയിലെത്താന്‍ സാധിക്കുകയില്ല. ജൂതമതത്തിന്റെ നീണ്ട ചരിത്രത്തില്‍, കാലാകാലങ്ങളിലായി നമസ്‌കാരത്തിന് ഭേദഗതിയും പരിഷ്‌കരണവും വരുത്തിയിട്ടുണ്ട്. അങ്ങനെ, പരിണാമങ്ങള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും ദൈവശാസിതമായ നമസ്‌കാരത്തെ അവര്‍ വിധേയമാക്കി. യഹൂദികളുടെ ആദ്യകാല നമസ്‌കാരത്തിന്റെ ചിത്രം എന്തായിരുന്നുവെന്ന് വ്യക്തമായി അറിയുകയില്ല. അമേരിക്കയിലെ ജൂതമത പണ്ഡിതനായ പ്രൊഫ. സാമുവല്‍ എസ് കോഹന്‍ തന്റെ പഠനത്തില്‍ ചേര്‍ത്ത ഭാഗം കാണുക:

''തൗറാത്തില്‍ നമസ്‌കാരത്തെ സംബന്ധിച്ച് സുവ്യക്തമായ ശാസനകള്‍ കാണാന്‍ കഴിയുന്നില്ല എന്നത് ശരിതന്നെ. അതിന്ന് കാരണമുണ്ട്; യഹൂദികളുടെ ആദ്യകാല ആരാധനകള്‍ കേവലം ബലികര്‍മങ്ങളിലും ഖുര്‍ബാനകളിലും പരിമിതമായിരുന്നു. എങ്കിലും പ്രാര്‍ഥനയും നമസ്‌കാരവും ദൈവസാമീപ്യം കരസ്ഥമാക്കാന്‍ അവര്‍ ഒരു മാര്‍ഗമായി സ്വീകരിക്കാറുണ്ടായിരുന്നു. പല യഹൂദ പ്രവാചകന്മാരും ഖുര്‍ബാനയുടെ അപാരമായ ആധിക്യത്തെ അധിക്ഷേപിച്ചുകൊണ്ട് പശ്ചാത്താപത്തിലും പ്രാര്‍ഥനയിലും മുഴുകുമായിരുന്നു. അവരിലെ 'അര്‍മിയ' എന്ന പ്രവാചകന്‍ പല സന്ദര്‍ഭങ്ങളിലും ക്ലേശകരമായ ജീവിത വ്യവഹാരങ്ങളില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും ഓടി രക്ഷപ്പെട്ടുകൊണ്ട് അധികസമയം പശ്ചാത്താപത്തിലും പാപമോചനത്തിനു വേണ്ടിയുള്ള പ്രാര്‍ഥനയിലും ആത്യന്തികമായ വണക്കത്തിലും അഭയം പ്രാപിക്കുക പതിവായിരുന്നു. അദ്ദേഹം ബാബിലോണിലേക്ക് നാടുകടത്തിയ യഹൂദികളെ ഉപദേശിച്ചിരുന്നത്, ''നിങ്ങള്‍ പ്രാര്‍ഥനയിലൂടെയും ആരാധനയിലൂടെയും എല്ലാ സമയത്തും നിങ്ങളുടെ ആത്മാവുകള്‍ക്ക് ദൈവസാമീപ്യത്തിനും സാന്നിധ്യത്തിനും സൗകര്യം ചെയ്യുക'' എന്നായിരുന്നു. 'സബൂര്‍' വേദ പണ്ഡിതന്മാരും ഈ അവസ്ഥയില്‍ തുടര്‍ന്നുപോന്നു. അവരുടെ മതാവേശവും ഭക്തിയുമാണ് യഹൂദികളുടെ ഏകാന്ത നമസ്‌കാരത്തിന് ജന്മം നല്കിയത്. അങ്ങനെ അതിനെ അവര്‍ ഒരു പ്രത്യേക രൂപത്തില്‍ വാര്‍ത്തെടുക്കുകയും ചെയ്തു.''

പഴയനിയമത്തിലെ ആവര്‍ത്തന പുസ്തകത്തില്‍ പറയുന്നു: ''ആകയാല്‍ യിസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാ വഴികളിലും നടക്കയും അവനെ സ്‌നേഹിക്കയും നിന്റെ ദൈവമായ യഹോവയെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണമനസ്സോടും കൂടെ സേവിക്കുകയും ചെയ്യുക'' (10:12).

യഹൂദികളുടെ നമസ്‌കാരത്തിലേക്ക് വെളിച്ചം വീശുന്നതും പ്രാര്‍ഥന, ആരാധന എന്നീ അര്‍ഥങ്ങള്‍ക്ക് ഹിബ്രുഭാഷയില്‍ പ്രയോഗിക്കുന്നതുമായ പദങ്ങളില്‍ ഏറ്റവും പ്രസിദ്ധമായത് ടെഫില്ല എന്നതാണ്. ഗോള്‍ഡസ് ഹര്‍ ആ പദത്തിന് പരിഭാഷ കൊടുക്കുന്നത് 'ദൈവത്തെ വിധികര്‍ത്താവായി ഗണിച്ചുകൊണ്ട്, അവന്റെ സാന്നിധ്യത്തില്‍ ആത്യന്തികമായ വിനയത്തോടും കേണപേക്ഷയോടും കൂടി തല കുനിക്കുക' എന്നാണ്.

യഹൂദ ആരാധനാലയങ്ങള്‍ ഉടലെടുത്ത കാലഘട്ടത്തില്‍ ഭക്തജനങ്ങളും മതാധിഷ്ഠിത ജീവിതം നയിച്ചവരും തങ്ങളുടെ ചിഹ്നമായി അനുഷ്ഠിച്ചു പോന്ന മൂന്നു നേരത്തെ (പ്രഭാതം, മധ്യാഹ്നം, പ്രദോഷം) നമസ്‌കാരത്തിന് പുരോഹിതന്മാരുടെ കാലഘട്ടം വന്നപ്പോള്‍ ഒറ്റക്കും സംഘടിതവുമായ വ്യവസ്ഥ നിലവില്‍വന്നു. ഈ മൂന്ന് നമസ്‌കാരസമയങ്ങളും അതിന്റെ ചട്ടങ്ങളും ശനിയാഴ്ച ദിവസത്തെ ആചാരങ്ങളും മാസപ്പിറവി നമസ്‌കാരവും പശ്ചാത്താപനാളിലെ പ്രത്യേക നമസ്‌കാരവുമെല്ലാം 'ഹയ്കലി'ന്റെ കാലത്ത് ഖുര്‍ബാനകള്‍ക്കും മൃഗബലികള്‍ക്കും സമമായി ഗണിക്കപ്പെട്ടിരുന്നു. യഹൂദികളുടെ ആചാരമനുസരിച്ച് ആരാധനാസമയത്ത് സ്ത്രീകള്‍ക്ക് പുരുഷന്മാരില്‍ നിന്നും വേറിട്ട് പ്രത്യേക സൗകര്യം ചെയ്യണമായിരുന്നു. തല മറയ്ക്കുകയും കുനിയുകയും ചെയ്യലും ചില പ്രത്യേക നമസ്‌കാരങ്ങളില്‍ നില്‍ക്കലും നിര്‍ബന്ധമായിരുന്നു.

യെഹസ്‌കേല്‍ പുസ്തകം പാരായണം ചെയ്യുന്ന സമയത്ത് നമസ്‌കരിക്കുന്നവര്‍ മൂന്ന് ചുവട് പിന്നിലേക്ക് മാറ്റിച്ചവിട്ടണം. പ്രഭാതനമസ്‌കാരം അനുഷ്ഠിക്കുന്നവര്‍ ഒരു പ്രത്യേക തരത്തിലുള്ള പുതപ്പ് ധരിക്കല്‍ നിര്‍ബന്ധമായിരുന്നു. 'ക്വല്‍ക്വത്വീര്‍' എന്നു പേരായ ഒതുതരം 'രക്ഷാബന്ധനം' വലതുകൈയിലും തലയിലും കെട്ടുകയും വേണം. പതിമൂന്ന് വയസ്സ് പ്രായം കഴിഞ്ഞ എല്ലാവര്‍ക്കും അത് നിര്‍ബന്ധമായിരുന്നു. പ്രായശ്ചിത്തനാളില്‍ വെളുത്ത 'തൈലവാന്‍' (മയ്യിത്ത് പുടവയായി യഹൂദര്‍ ഉപയോഗിച്ചിരുന്ന ഒരു വസ്തു) അവര്‍ ഉപയോഗിച്ചിരുന്നു. ദൈവത്തിന്റെ സാന്നിധ്യത്തില്‍ എല്ലാവരും സമമാണെന്നു ന്യായം പറഞ്ഞുകൊണ്ട് 'ഇമാം' മുന്നിട്ടു നില്ക്കുകയോ 'മഅ്മൂം' പിറകില്‍ നിലക്കുകയോ ചെയ്തിരുന്നില്ല.

യഹൂദമതത്തില്‍ പിന്നീടു വന്ന ഉത്പതിഷ്ണു വിഭാഗം ആരാധനാകര്‍മങ്ങളില്‍ സംഗീതോപകരണങ്ങള്‍ക്ക് അമിതമായ പ്രാധാന്യം നല്‍കി. എല്ലാ നമസ്‌കാരങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ഈണങ്ങളും രാഗങ്ങളും നിര്‍ണയിച്ചു. ഹൃദയാന്തരങ്ങളിലേക്ക് ആരാധനാകര്‍മങ്ങള്‍ ആഴ്ന്നിറങ്ങാനും കൂടുതല്‍ പ്രതികരണം ചെലുത്താനുമായിട്ടാണിത് നടപ്പാക്കിയത്. പരിഷ്‌കരണവാദികളായ പുത്തന്‍ തലമുറ ഉടലെടുത്തതോടെ ആരാധനക്ക് ആസ്വാദനവും അലങ്കാരവുമാണ് മര്‍മപ്രധാനമെന്ന് സ്ഥാപിക്കുകയും ഭക്തിയിലധിഷ്ഠിതമായ ശാരീരിക ചലനങ്ങള്‍ക്കും അംഗവിക്ഷേപങ്ങള്‍ക്കും വലിയ പ്രാധാന്യമില്ലെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തു. പുത്തന്‍ തലമുറയുടെ പരിഷ്‌കരണം അവിടെയും നിന്നില്ല; വെവ്വേറെയായിരുന്ന സ്ത്രീ-പുരുഷ നമസ്‌കാര നിരകള്‍ കൂട്ടിക്കലര്‍ത്തി. പുതപ്പ് ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നു വന്നു. തല മൂടിപ്പുതച്ചിരുന്നതും വേണ്ടെന്നുവെച്ചു.

അങ്ങനെ നമസ്‌കാരം തന്നെ ശനിയാഴ്ചയും ചില വിശുദ്ധ ദിവസങ്ങളിലുമായി ചുരുക്കി. എന്നു മാത്രമല്ല, പ്രഭാതനമസ്‌കാരത്തില്‍ ഉപയോഗിച്ചിരുന്ന രക്ഷാബന്ധനവും പോയിമറഞ്ഞു. തല കുനിക്കലും അടക്കവും ഒതുക്കവും നിറുത്തവുമെല്ലാം അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ മാത്രമായിത്തീര്‍ന്നു. യഹൂദികള്‍ തങ്ങളുടെ നമസ്‌കാരത്തില്‍ സംഗീതോപകരണങ്ങളും ഗാനാലാപനവും കൂട്ടിച്ചേര്‍ത്തതോടെ നമസ്‌കാരത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ണമായി അപ്രത്യക്ഷമായി. ദേഹവും ദേഹിയും ഒരേ അവസരത്തില്‍ ആരാധനയില്‍ മുഴുകുക എന്ന അതിമഹത്തായ ഉദ്ദേശ്യം വിസ്മരിക്കപ്പെടുകയും അതിന്റെ ആത്മാവ് നശിക്കുകയും ഭക്തിപാരവശ്യം നീങ്ങിപ്പോവുകയും ചെയ്തു. യഹൂദ ദേവാലയങ്ങളുടെയും അവരുടെ ആരാധനാ സമ്പ്രദായങ്ങളുടെയും ആജന്മ ശത്രുക്കളായ സംഗീത വിദഗ്ധന്മാര്‍ ജന്മം നല്‍കിയ ഗാനങ്ങള്‍ പ്രാര്‍ഥനകളില്‍ ആലപിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. അങ്ങനെ തലമുറകളായി കൈമാറിപ്പോന്ന ജീവരക്തവും പ്രാണവായുവുമായ ആരാധനാകര്‍മങ്ങള്‍, അവരുടെ തന്നെ സമ്മതത്തോടെ, വര്‍ണനാതീതമായ രൂപത്തില്‍ ശത്രുക്കള്‍ വികലവും വിരൂപവുമാക്കിത്തീര്‍ത്തു (ജൂതായിസം: എ വേ ഓഫ് ലൈഫ്, പേജ് 298, 316-318, 358-260).

'യഹൂദന്മാരുടെ നമസ്‌കാരം' എന്ന അധ്യായത്തില്‍ ജൂയിഷ് എന്‍സൈക്ലോപീഡിയയും ഈ കാര്യങ്ങള്‍ മുഴുവനും സത്യമാണെന്ന് സ്ഥിരീകരിക്കുന്നു. ചില പ്രശ്‌നങ്ങളില്‍ കൂടുതല്‍ വെളിച്ചം നല്‍കുന്നുമുണ്ട്. അത്തരം ഭാഗങ്ങള്‍ ഉദ്ധരിക്കാം: ''ഓ, യിസ്രായേല്‍! നീ നിന്റെ ദൈവത്തെ കണ്ടുമുട്ടാന്‍ വേണ്ടി പ്രത്യേകം ഒരുങ്ങുക; അത് നിര്‍ബന്ധമാണ്'' എന്ന കല്പനയുടെ അടിസ്ഥാനത്തില്‍ യഹൂദികള്‍ നമസ്‌കാരത്തിന് മുമ്പായി പ്രത്യേകം ഒരുങ്ങാറുണ്ടായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ മുന്‍ഗാമികളായ സജ്ജനങ്ങള്‍ അതിനുവേണ്ടി പൂര്‍ണമായ ഒരു മണിക്കൂര്‍ തന്നെ നീക്കിവെക്കാറുണ്ടായിരുന്നു. യിസ്രായേല്‍ എന്ന പ്രവാചകന്റെ കല്പന പ്രകാരം, നമസ്‌കാരത്തിനു മുമ്പ് വളരെ പ്രാധാന്യത്തോടെയുള്ള സ്‌നാനം ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായിരുന്നു. അതുപോലെ, നമസ്‌കാരസമയത്ത് അനുയോജ്യമായ വസ്ത്രധാരണവും അനിവാര്യമായിരുന്നു. നമസ്‌കാരത്തിലെ പ്രാര്‍ഥനയുടെ സമയത്ത് നില്‍ക്കലും 'വിശുദ്ധ ഭൂമി'യുടെ നേരെ മുഖം തിരിക്കലും നിര്‍ബന്ധമായിരുന്നതിനാലാണ് അതിന് 'അമീദാ' എന്ന നാമകരണം തന്നെ ഉണ്ടായത്.

നമസ്‌കാരത്തിനുവേണ്ടി, ഉയര്‍ന്ന സ്ഥലങ്ങളെയല്ല, ഏതെങ്കിലും താഴ്ന്ന പ്രദേശങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടത്. മാലാഖമാരെപ്പോലെ കാല്പാദങ്ങള്‍ ചേര്‍ത്തും നേരെയും വെക്കണം. നമസ്‌കരിക്കുന്നവര്‍ രണ്ടു കരങ്ങള്‍ 'പരിശുദ്ധനായ വിധികര്‍ത്താവി'ന്റെ നേരെ നീട്ടി ഉയര്‍ത്തിപ്പിടിക്കുകയും തന്റെ ദൃഷ്ടി താഴോട്ടാക്കുകയും രാജാധിരാജനുമായി ഹൃദയബന്ധം സ്ഥാപിക്കുകയും ചെയ്യണം. സ്തുതികീര്‍ത്തനങ്ങളുടെ ഇടയില്‍ നമിക്കുകയും അല്ലാഹുവിന്റെ നാമധേയത്തില്‍ ഉയരുകയും ചെയ്യണം. അമീദായുടെ ശേഷം മൂന്നു ചവിട്ടടി പിന്നിലേക്ക് മാറി നില്‍ക്കുകയും ഇടത്തേക്കും വലത്തേക്കും ചായുകയും വേണം. പൗരാണിക കാലത്തെ രാജാക്കന്മാരുടെ സന്നിധാനത്തില്‍ നടന്നിരുന്ന യാത്രാനുമതി ചോദിക്കുന്നതിനോട് അതിന് സാദൃശ്യമുണ്ട്.

സംഘടിത നമസ്‌കാരത്തില്‍ ഏറ്റവും ചുരുങ്ങിയത് പ്രായപൂര്‍ത്തിയായ പത്തുപേരെങ്കിലും പങ്കെടുക്കണം. പൊതുസ്ഥലങ്ങളില്‍വെച്ച് അത് നിര്‍വഹിക്കുക എന്നത്, അത്യധികം അഭിനന്ദനീയമായ കാര്യമായിരുന്നു. നമസ്‌കാരം പ്രായംചെന്ന സ്ത്രീപുരുഷന്മാര്‍ക്ക് നിര്‍ബന്ധവും കന്യകകള്‍ക്ക് നിഷിദ്ധവുമായിരുന്നു.

നമസ്‌കാരത്തിലെ പ്രാര്‍ഥനകളും സ്തുതികീര്‍ത്തനങ്ങളും എണ്‍പത് നബിമാരുടെ കാലഘട്ടങ്ങളിലായി, നൂറ്റിയിരുപത് മതപുരോഹിതന്മാര്‍ രചിച്ചതായി ഗണിക്കപ്പെടുന്നു. പ്രാരംഭദശയില്‍, പ്രാര്‍ഥനകള്‍ ജനങ്ങളെ പഠിപ്പിച്ചിരുന്നത് വാമൊഴിയായിട്ടാണോ വരമൊഴിയായിട്ടാണോ എന്ന കാര്യം അജ്ഞാതമാണ്. എന്നാല്‍ ദീര്‍ഘകാലത്തോളം അത് വാമൊഴിയായി മാത്രം ആവര്‍ത്തിച്ചു കൊണ്ടിരുന്നതായി കാണാം. ഒരുപക്ഷേ, ജിയോനിക്കിന്റെ കാലഘട്ടം വരെ ഈ നില തുടര്‍ന്നിരിക്കാം. ഗവേഷകനായ ജോഹന്നോ കര്‍ദ്ദിനാളുടെ അഭിപ്രായപ്രകാരം ദിവസത്തില്‍ ഒരു നമസ്‌കാരം മാത്രം നിര്‍വഹിച്ചാല്‍ ധാരാളം മതി. മറ്റു യഹൂദ പണ്ഡിതന്മാര്‍ പകല്‍വേളയില്‍ തന്നെ മൂന്നു നമസ്‌കാരങ്ങളും വ്രതകാലങ്ങളില്‍ അത് നാലെണ്ണവും ആണെന്ന് സ്ഥാപിക്കുന്നു. സാമുവല്‍ പാതിരിയുടെ അഭിപ്രായത്തില്‍ പകല്‍ നിര്‍വഹിക്കേണ്ട മൂന്നു നമസ്‌കാരങ്ങള്‍ പകലിന്റെ മൂന്നു സമയങ്ങളോട് ബന്ധപ്പെട്ടതാണ്. സൂര്യോദയം, മധ്യാഹ്നം, സൂര്യാസ്തമയം. ഇതാണ് ആ മൂന്നു സമയങ്ങള്‍ (ജ്യൂയിഷ് എന്‍സൈക്ലോപീഡിയ) 

Feedback