Skip to main content

മരണം അറിയിക്കല്‍

മരണപ്പെട്ടവന്റെ കുടുംബങ്ങളെയും ബന്ധുമിത്രാദികളെയുമൊക്കെ മരണവാര്‍ത്ത അറിയിക്കുന്നത് അഭികാമ്യ മാണ്. സ്വന്തം കുടുംബങ്ങള്‍ ദുഃഖാര്‍ത്തരാകുന്നതിനാല്‍ മറ്റുള്ളവര്‍ ഈ കാര്യം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അനസ്(റ) പറയുന്നു: ''സൈദിന്റെയും ജഅ്ഫറിന്റെയും ഇബ്‌നു റവാഹയുടെയും മരണവിവരം അറിയിച്ചത്- അത് നാട്ടില്‍ എത്തുന്നതിന് മുമ്പ്- നബി(സ്വ)യായിരുന്നു'' (ബുഖാരി).

പള്ളി അടിച്ചു വൃത്തിയാക്കാറുണ്ടായിരുന്ന ഒരു സ്ത്രീയെ കാണാത്തതിനെക്കുറിച്ച് നബി(സ്വ) അന്വേഷിച്ചു. അവര്‍ മരണമടയുകയും ഞങ്ങള്‍ ഖബ്‌റടക്കുകയും ചെയ്തുവെന്ന് സ്വഹാബികള്‍ പറഞ്ഞു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ''നിങ്ങള്‍ക്കെന്നെ അറിയിക്കാമായിരുന്നില്ലേ?''(ബുഖാരി). എത്യോപ്യ (അബ്‌സീനിയ)യിലെ നജ്ജാശി രാജാവ് മരിച്ച ദിവസം നബി(സ്വ) വിവരം ജനങ്ങളെ അറിയിക്കുകയും നമസ്‌കരിക്കുകയും ചെയ്തു (ബുഖാരി).

വിവരമറിയിക്കുന്നതോടൊപ്പം പ്രാര്‍ഥിക്കാനും ആവശ്യപ്പെടാവുന്നതാണ്. നജ്ജാശിയുടെ വിവരം അറിയിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞു: ''നിങ്ങളുടെ സഹോദരനുവേണ്ടി  പാപമോചനത്തിന്നായി  പ്രാര്‍ഥിക്കുക.''

മരണവാര്‍ത്ത അറിയിക്കുന്നതിന് ജാഹിലിയ്യാ അറബികള്‍ക്കിടയില്‍ പ്രത്യേക സമ്പ്രദായം തന്നെയുണ്ടായിരു ന്നു. ഒരു മാന്യന്‍ മരിച്ചാല്‍ അവര്‍ ചുറ്റുമുള്ള ഗോത്രങ്ങളിലേക്ക് ദൂതന്മാരെ നിയോഗിക്കും. അവര്‍ ചന്തകളിലും ജനവാസകേന്ദ്രങ്ങളിലുമൊക്കെ ഇപ്രകാരം ഉച്ചത്തില്‍ വിളംബരം ചെയ്യും: ''അന്‍ആ ഫുലാനന്‍'' (ഇന്ന വ്യ ക്തിയുടെ നിര്യാണം ഞാനിതാ അറിയിക്കുന്നു) ഇതിന് അകമ്പടിയായി വിലാപവും വാദ്യമേളങ്ങളും ചിലപ്പോള്‍ ഉണ്ടാകും (സുബുലുസ്സലാം). ഈ നഅ്‌യ് നബി(സ്വ) നിരോധിച്ചു (തിര്‍മിദി).

ഇബ്‌നുല്‍ അറബി പറയുന്നു: ''വിവരം അറിയിക്കുന്നതിന് മൂന്ന് രൂപങ്ങള്‍ ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം. ബന്ധുമിത്രാദികളെയും സജ്ജനങ്ങളെയും അറിയിക്കുന്നതാണ് ഒന്ന്. അത് സുന്നത്താണ്. പ്രശസ്തിക്കു വേണ്ടി ജനങ്ങളെ ക്ഷണിക്കലാണ് രണ്ടാമത്തേത്. അത് കറാഹത്താണ്. വിലാപം പോലെയുള്ള രൂപത്തില്‍ അറിയിക്കലാണ് മൂന്നാമത്തേത്. അത് നിഷിദ്ധവുമാണ്'' (ഫത്ഹുല്‍ബാരി 3:117).

മരണവൃത്താന്തം അറിയിക്കുന്നതില്‍ അനാചാരം വരാനിടയാവാതിരിക്കാന്‍ പൂര്‍വിക മുസ്‌ലിംകള്‍ ശ്രദ്ധിച്ചി രുന്നു. മാലികുബ്‌നു അനസ്(റ) പറഞ്ഞു: ''ഒരാളുടെ മരണവാര്‍ത്ത പള്ളിയുടെ വാതിലുകളില്‍ നിന്ന് വിളിച്ചു കൂവുന്നത് ഞാനിഷ്ടപ്പെടുന്നില്ല. എന്നാല്‍ പള്ളിപ്പരിസരത്തു നിന്നുകൊണ്ട് ജനങ്ങളെ അറിയിക്കുകയാണെ ങ്കില്‍ അത് തരക്കേടില്ല'' (ഫിഖ്ഹുസ്സുന്ന 1:505).

മരണവിവരം അറിയിക്കാന്‍ തെരുവുകളില്‍ വിലാപകാവ്യം ആലപിക്കുക, മൈക്ക് അനൗണ്‍സ് ചെയ്യുക, കറുത്ത ബാഡ്‌ജോ കൊടിയോ ഉപയോഗിക്കുക, ദുഃഖ സൂചകവസ്ത്രം ധരിക്കുക, വിവരവുമായി ചെല്ലുന്നവര്‍ ക്ക് 'മാമൂല്' കൊടുക്കുക തുടങ്ങിയ ഒട്ടേറെ ചടങ്ങുകള്‍ ഇന്ന് സമൂഹത്തിലുണ്ടല്ലോ. ഇതൊക്കെ ജാഹിലിയ്യാ കാലത്തെ നഅ്‌യിന്റെ വകഭേദങ്ങളും വര്‍ജിക്കപ്പെടേണ്ടതുമാണ്.

Feedback
  • Tuesday Apr 8, 2025
  • Shawwal 9 1446