Skip to main content

മരണം ആസന്നമാവുമ്പോള്‍

മരണം ആസന്നമായവന്‍ നിര്‍വഹിക്കേണ്ടതില്‍ പ്രമുഖസ്ഥാനമര്‍ഹിക്കുന്ന കാര്യമാണ് വസ്വിയ്യത്ത്. ഒരു മുസ്‌ലിം തന്റെ വസ്വിയ്യത്ത് രോഗബാധിതനാവുന്നതിനു മുമ്പ് തന്നെ രേഖപ്പെടുത്തിവെക്കേണ്ടതാണ്. നബി(സ്വ) പറഞ്ഞു: ''വസ്വിയ്യത്ത് ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കെ അതെഴുതിവെക്കാതെ രണ്ടു രാത്രിയെങ്കിലും കഴിയുന്നത് ഒരു മുസ്‌ലിമിന് അനുയോജ്യമല്ല.'' ''ഇത് നബി(സ്വ)യില്‍നിന്ന് കേട്ട ശേഷം വസ്വിയ്യത്ത് രേഖപ്പെടുത്താതെ ഒരു രാത്രിപോലും താന്‍ കഴിച്ചുകൂട്ടിയിട്ടില്ല'' എന്ന് ഇബ്‌നുഉമര്‍(റ) പ്രസ്താവിച്ചു (ബുഖാരി). രോഗി മരണാസന്നനായാല്‍ വസ്വിയ്യത്ത് സഗൗരവം പരിഗണിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു: ''നിങ്ങളില്‍ ഒരുവന് മരണം ആസന്നമായാല്‍ അവന്റെ ധനത്തില്‍ മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും നീതിയനുസരിച്ച് വസ്വിയ്യത്ത് ചെയ്യുന്നത് നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മതയുള്ളവര്‍ക്ക് ഇത് ബാധ്യതയത്രെ'' (2:180).

മരണം സംഭവിക്കുന്നതിനു മുമ്പായി കടബാധ്യതകള്‍ ഗൗരവപൂര്‍വം പരിഗണിക്കുകയും കൊടുത്തുവീട്ടാന്‍ ഏര്‍പ്പാട് ചെയ്യുകയും വേണം. അന്യരുടെ അവകാശം അപഹരിക്കുകയോ 'സകാത്ത്' നിഷേധിക്കുകയോ അഭിമാനത്തിന് ക്ഷതമേല്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിനൊക്കെ പരിഹാരമുണ്ടാക്കുകയോ അതി ന്നായി വസ്വിയ്യത്ത് ചെയ്യുകയോ വേണം. നബി(സ്വ) പറയുന്നു: ''ഒരാള്‍ തന്റെ സഹോദരന്റെ അഭിമാനമോ ധനമോ അപഹരിച്ചിട്ടുണ്ടെങ്കില്‍ 'ദിര്‍ഹമും' 'ദീനാറും' സ്വീകരിക്കപ്പെടാത്ത അന്ത്യനാള്‍ വരുന്നതിനു മുമ്പായി അതവന് മടക്കിക്കൊടുക്കട്ടെ. അന്ന് അവന് വല്ല സത്കര്‍മവുമുണ്ടെങ്കില്‍ അവനില്‍ നിന്നെടുത്ത് അവന്റെ ബാധ്യതക്കാരനു നല്കും. സത്കര്‍മങ്ങളില്ലെങ്കില്‍ തന്റെ ബാധ്യതക്കാരന്റെ തിന്മകളെടുത്ത് ഇവന് നല്കുന്നതാണ്'' (ബുഖാരി).

നബി(സ്വ)യുടെ അനുചരന്മാര്‍ ഈ കാര്യം വളരെയേറെ ശ്രദ്ധിച്ചിരുന്നു. രണ്ടാം ഖലീഫ ഉമര്‍(റ) തന്റെ പുത്രന്‍ അബ്ദുല്ലയോട് ചെയ്ത വസ്വിയ്യത്തില്‍ തനിക്കുള്ള എണ്‍പത്താറായിരം ദിര്‍ഹം കടംവീട്ടാന്‍ പ്രത്യേകം ഉപ ദേശിച്ചിരുന്നു. അതിന്നാവശ്യമായവ സ്വന്തം മുതലില്‍നിന്ന് ലഭിക്കാതെ വന്നാല്‍ തന്റെ ഗോത്രത്തില്‍ നിന്ന് സ്വരൂപിച്ചെങ്കിലും കടം വീട്ടണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു (താരീഖുത്ത്വബ്‌രി വാ: 5, പേ: 12-14).

ഉഹ്ദ് യുദ്ധത്തിന് പുറപ്പെടുകയായിരുന്ന അബ്ദുല്ല തന്റെ കടം വീട്ടാനും സഹോദരങ്ങളോട് നല്ല സഹവാസം പുലര്‍ത്താനും മകന്‍ ജാബിറിനോട് വസ്വിയ്യത്ത് ചെയ്തു (ബുഖാരി).

മരണാനന്തരമുള്ള അനുഷ്ഠാനങ്ങളില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഒട്ടേറെ അനാചാരങ്ങള്‍ നിലനില്ക്കുന്നുണ്ട്. മരണാനന്തരമുള്ള ഖുര്‍ആന്‍ പാരായണം, അടിയന്തരം, ഖബ്ര്‍ കെട്ടിപ്പൊക്കല്‍ തുടങ്ങിയവ ഇതില്‍ ചിലതാണ്. ഇത്തരം അനാചാരങ്ങള്‍ക്കും അതിന്റെ നടത്തിപ്പിനും വേണ്ടിയോ ഇതര പാപകൃത്യങ്ങള്‍ക്ക് വേണ്ടിയോ ചെയ്യുന്ന വസ്വിയ്യത്ത് അസാധുവാണെന്നത് പോലെതന്നെ ഇവയൊക്കെ ഉപേക്ഷിക്കാന്‍ വേണ്ടി വസ്വിയ്യത്ത് ചെയ്യുന്നത് ഉത്തമവുമാകുന്നു. പ്രമുഖ സ്വഹാബികള്‍ ഇപ്രകാരം വസ്വിയ്യത്ത് ചെയ്തിരുന്നു. ഹുദൈഫ(റ) പറഞ്ഞു: ''ഞാന്‍ മരിച്ചാല്‍ ആരെയും അറിയിക്കരുത്. അത് 'നഅ്‌യാ'യേക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. നബി(സ്വ) 'നഅ്‌യ്' നിരോധിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട് (തുര്‍മുദി). (ജാഹിലിയ്യാകാലത്തെ ഒരു ദുരാചാരമാണ് നഅ്‌യ്).

മരണാസന്നനാകുമ്പോള്‍ പശ്ചാതാപപ്രാര്‍ഥന അധികരിപ്പിക്കുന്നത് നല്ലതാണ്. ''ഊര്‍ധ ശ്വാസത്തിലെത്താതിരിക്കുവോളം അല്ലാഹു തന്റെ ദാസന്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്'' (തിര്‍മിദി). അല്ലാഹുവിനെ കുറിച്ച നല്ല വിചാരങ്ങളും ലാ ഇലാഹ ഇല്ലല്ലാഹ്(9) എന്ന ദിക്‌റുമെല്ലാം ഈ സന്ദര്‍ഭത്തില്‍ പുണ്യകരമാണ്.

മരണത്തിന്റെ വെപ്രാളത്തില്‍നിന്നും വേദനയില്‍നിന്നും സദ്‌വൃത്തര്‍ പോലും രക്ഷ പ്രാപിച്ചെന്നുവരില്ല. മരണാസന്നന്‍ ആശ്വാസത്തിന്നായി അല്ലാഹുവിനോട് പ്രാര്‍ഥിക്കേണ്ടിയിരിക്കുന്നു. മരണാസന്നനായ പ്രവാചകനെ സംബന്ധിച്ച് ആഇശ(റ) പറയുന്നു: 'അവിടുന്ന് തന്റെ സമീപത്തുള്ള പാത്രത്തില്‍ നിന്ന് വെള്ളമെടുത്ത് മുഖം തടവിക്കൊണ്ട് ഇപ്രകാരം പ്രാര്‍ഥിച്ചുകൊണ്ടിരുന്നു:

അല്ലാഹുമ്മ അഇന്നീ ആലാ ഗമറാതില്‍ മൗതി വ സകറാതില്‍ മൗത്(56) (അല്ലാഹുവേ, മരണത്തിന്റെ വേദനയില്‍നിന്നും വെപ്രാളത്തില്‍നിന്നും നീ എന്നെ സഹായിക്കേണമേ) (തുര്‍മുദി).

മരണാവസരത്തിലെ അതികഠിനമായ ദാഹം ശമിപ്പിക്കാന്‍ വെള്ളം കൊടുക്കേണ്ടതാണ്. ദാഹിക്കുന്നവര്‍ക്ക് വെള്ളം നല്കാന്‍ നബി(സ്വ) പൊതുവെ നിര്‍ദേശിച്ചിട്ടുണ്ട്.

മരണം ആസന്നമാകുന്ന വേളയില്‍ ഹാജരാകുന്നവര്‍ തങ്ങളുടെ സംസാരത്തെ നിയന്ത്രിക്കേണ്ടതാണ്. സന്ദര്‍ ഭത്തിന് അനുയോജ്യമല്ലാത്ത വര്‍ത്തമാനങ്ങളും തമാശകളുമൊക്കെ വര്‍ജിക്കേണ്ടതാണ്. പ്രത്യുത ഇത്തരം സന്ദര്‍ഭങ്ങളില്‍ സന്നിഹിതരാവുന്നവര്‍ രോഗിക്കുവേണ്ടി പ്രാര്‍ഥിക്കുകയാണ് ചെയ്യേണ്ടത്. ഉമ്മസലമ പറയുന്നു: ''നബി (സ്വ) പറഞ്ഞു: ''നിങ്ങള്‍ രോഗിയെയോ മരണമടുത്ത ആളെയോ സന്ദര്‍ശിച്ചാല്‍ നല്ലത് പറയുക. കാരണം മലക്കുകള്‍ നിങ്ങള്‍ പറയുന്നതിന് ആമീന്‍ ചൊല്ലുന്നതാണ്'' (മുസ്‌ലിം, അഹ്മദ്).  

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446