Skip to main content

നല്ല മരണം

'ലാഇലാഹ ഇല്ലല്ലാഹ്' എന്ന പരിശുദ്ധ വാക്യം പൂര്‍ണമായും ഉള്‍ക്കൊണ്ട് ജീവിക്കുകയും ഇസ്‌ലാമിനെ ദീനായി അംഗീകരിച്ച് പ്രവാചകന്മാരുടെ അധ്യാപനങ്ങള്‍ക്കനുസരിച്ച് മതവിശ്വാസത്തോടുകൂടി ജീവിതത്തെ ക്രമപ്പെടുത്തുകയും ചെയ്ത മനുഷ്യന്റെ ആത്മാവാണ് നഫ്‌സുന്‍ ത്വയ്യിബ (പരിശുദ്ധാത്മാവ്). മരണാനന്തര ജീവിതത്തെക്കുറിച്ച് ദൃഢമായി വിശ്വസിക്കുന്നതിനാല്‍ തെല്ലും ഭയാശങ്കകളില്ലതെ തികഞ്ഞ മനഃസമാധാനത്തോടെയാണ് എല്ലാറ്റിനേയും നേരിടാന്‍ പരിശുദ്ധാത്മാവ് ഒരുങ്ങുക. ഈ അവസ്ഥ പരിഗണിച്ച് നഫ്‌സുന്‍ മുത്ത്മഇന്ന (സമാധാനചിത്തയായ ആത്മാവ്) എന്ന വിശേഷണമാണ് ഖുര്‍ആന്‍ അതിന്ന് നല്‍കിയിട്ടുള്ളത്. മരണത്തിന്റെ മലക്കുകള്‍ പരിശുദ്ധാത്മാവിനെ അല്ലാഹുവിങ്കലേക്കുള്ള മടക്കയാത്രയ്ക്കായി ക്ഷണിക്കുന്നു. കാണുന്ന മാത്രയില്‍ സ്‌നേഹാദരങ്ങളോട്കൂടി അഭിവാദനമര്‍പ്പിച്ച് അസ്സലാമു അലൈക്കും (സമാധാനാശംസകള്‍) നേരികയും സ്വര്‍ഗത്തെ സംബന്ധിച്ച് സന്തോഷവാര്‍ത്ത അറിയിക്കുകയുംചെയ്യുന്നു. ശേഷം ബഹുമാനപൂര്‍വം വരവേറ്റ് ബര്‍സഖീ ലോകത്തേക്ക് അകമ്പടി സേവിക്കുന്നു. ഇതാണ് നല്ല മരണം. അല്ലാതെ, ബാഹ്യമായ അടയാളങ്ങള്‍ ആത്യന്തികമായി മരണത്തിന്റെ നന്മതിന്മകള്‍ തീരുമാനിക്കാന്‍ മാനദണ്ഡമാക്കാവതല്ല. അതിനാലാണ് ചീത്ത മരണമെന്ന് തോന്നിയേക്കാവുന്ന പല രോഗ, അപകട മരണങ്ങളെയും മുഹമ്മദ് നബി(സ) രക്തസാക്ഷ്യമായി പരിചയപ്പെടുത്തിയത്.

“മുത്തഖികള്‍ക്ക് (ഭയഭക്തിയോടും സൂക്ഷ്മതയോടും കൂടി ജീവിക്കുന്നവര്‍ക്ക്) ഇങ്ങനെയാണ് അല്ലാഹു പ്രതിഫലം നല്‍കുന്നത്. അവരുടെ ആത്മാക്കളെ, അവര്‍ പരിശുദ്ധരായിരിക്കെ മലക്കുകള്‍ ഏറ്റെടുക്കുന്നു. (അല്ലാഹുവിന്റെ) സലാം നിങ്ങള്‍ക്കുണ്ടായിരിക്കട്ടെ, നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പകരമായി സ്വര്‍ഗത്തില്‍ പ്രവേശിച്ചോളൂ എന്ന് പറഞ്ഞുകൊണ്ട് (16:31, 32) തുടര്‍ന്ന് അല്ലാഹുവിങ്കല്‍ നിന്നുള്ള മറ്റൊരു സന്ദേശവും അവര്‍ക്ക് നല്‍കുന്നു.

''തികഞ്ഞ സമാധാനചിത്തയായ ആത്മാവേ, നിന്റെ നാഥനിലേക്ക് തിരിച്ചുവരൂ. നിനക്ക് പൂര്‍ണമായി സംതൃപ്തി വരത്തക്കവണ്ണമുള്ള പ്രതിഫലമാണ് ഞാന്‍ നല്‍കുന്നത്. അതില്‍ സംതൃപ്തമായും (നീ എന്നെ ഭയപ്പെട്ട് സൂക്ഷ്മതയോടെ ജീവിച്ചതിനാല്‍) നീ എനിക്ക് തൃപ്തിപ്പെട്ടതായുംകൊണ്ട് എന്റെ നല്ല അടിമകളുടെ കൂട്ടത്തില്‍ പ്രവേശിച്ചോളൂ. സ്വര്‍ഗത്തില്‍ പ്രവേശിച്ചോളൂ. (89:27-30).
 

Feedback