Skip to main content

ജുമുഅ ഖുതുബ (2)

ജുമുഅഃയിലെ പ്രധാന ഭാഗമാണ് ഖുതുബ (ഉപദേശം). ഇമാം രണ്ടു ഖുതുബ നിര്‍വഹിക്കണം. സദസ്സിന് മനസ്സിലാകത്തക്കവിധം പ്രയാസരഹിതമായ ഭാഷാപ്രയോഗങ്ങളിലൂടെ അവരുടെ മനസ്സില്‍ അല്ലാഹുവിനെക്കുറിച്ചുള്ള ഭയവും ധര്‍മബോധവും മതവിജ്ഞാനവും ഇസ്‌ലാമിക നിഷ്ഠയും ഉണ്ടാകത്തക്ക വിധമുള്ളതായിരിക്കണം പ്രസംഗം. അതിനുള്ള പ്രാപ്തി ഇമാമിനുണ്ടായിരിക്കണം. ഇമാമിന് പ്രത്യേക വേഷമൊന്നും ഖുതുബ വേളയില്‍ നിശ്ചയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ സദസ്യര്‍ക്ക് ബഹുമാനവും മതിപ്പും തോന്നുന്ന വേഷവിധാനം സ്വീകരിക്കേണ്ടതാണ്. ഖുതുബ തന്റെ പാണ്ഡിത്യപ്രകടനത്തിനുള്ള വേദിയാക്കാതെ ജുമുഅയില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജ്ഞാനവര്‍ധനവും ഭക്തിയുമുണ്ടാക്കുന്നതിന് ഉപയുക്തമായിരിക്കണം ഖത്വീബിന്റെ സംസാരം. ഖുര്‍ആന്‍ വചനങ്ങള്‍ ഓതിക്കൊണ്ടായിരിക്കണം ഉദ്‌ബോധനം നടത്തേണ്ടത്.

നബി(സ്വ)യുടെ ഖുതുബയുടെ രീതിയെക്കുറിച്ച് ജാബിര്‍(റ) പറയുന്നു: ''നബി(സ്വ) പ്രസംഗം നടത്തുമ്പോള്‍ അവിടുത്തെ കണ്ണുകള്‍ ചുവക്കും, ശബ്ദം ഉയരും, ദേഷ്യം കൂടും; പ്രഭാതത്തില്‍-അല്ലെങ്കില്‍ സായാഹ്നത്തില്‍-നിങ്ങളുടെയടുക്കല്‍ ശത്രുസേന എത്താറായിരിക്കുന്നുവെന്ന് മുന്നറിയിപ്പ് നല്കുന്ന ഒരു പട്ടാള നായകനെപ്പോലെയായിരുന്നു അദ്ദേഹം'' (മുസ്‌ലിം). ഖുതുബ സംക്ഷിപ്തമാകണം, ദീര്‍ഘിക്കരുത്. നമസ്‌കാരം ദീര്‍ഘിപ്പിക്കുകയാണ് പ്രവാചകചര്യ.

''നബി(സ്വ)യുടെ നമസ്‌കാരവും ഖുതുബയും അധികം ദീര്‍ഘിച്ചതോ നന്നെ ചുരുങ്ങിയതോ ആയിരുന്നില്ല.''

അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടാണ് ഖുതുബ ആരംഭിക്കേണ്ടത്. നബി(സ്വ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലണം. അത് ഏത് പ്രസംഗത്തിന്റെയും മര്യാദയാണ്. അതിന് പ്രത്യേക പദങ്ങളില്ല. കൃത്രിമമായ ഭാഷാപ്രാസം ഒഴിവാക്കി ഹൃദയത്തിന്റെ ഉള്ളില്‍നിന്ന് വരുന്ന സ്തുതിയും പുകഴ്ത്തലുമാണ് വേണ്ടത്. ഇപ്രകാരമാണ് നബി(സ്വ) ഖുതുബയുടെ ആമുഖത്തില്‍ പറഞ്ഞിരുന്നത്.

ഖുതുബയില്‍ ഖുര്‍ആന്‍ ആയത്തുകള്‍ കൂടുതല്‍ ഓതിക്കേള്‍പ്പിച്ച് ബോധവത്കരണം നടത്തണം.

ഉമ്മുഹിശാം(റ) പറയുന്നു: ''നബി(സ്വ) മിമ്പറില്‍വെച്ച് എല്ലാ വെള്ളിയാഴ്ചയും ജനങ്ങളോട് പ്രസംഗിക്കുമ്പോള്‍ സൂറതു ഖാഫ് ഓതുന്നത് അവിടുത്തെ തിരുനാവില്‍നിന്ന് കേട്ടു മാത്രമാണ് ഞാനത് പഠിച്ചത്'' (മുസ്‌ലിം, അഹ്മദ്, നസാഈ).

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446