ജാബിര്‍(റ) പറയുന്നു: ''നബി(സ്വ) നിന്നുകൊണ്ടാണ് പ്രസംഗിച്ചിരുന്നത്. എന്നിട്ട് ഇരിക്കും. വീണ്ടും എഴുന്നേറ്റു നിന്ന് പ്രസംഗിക്കും'' (അഹ്മദ്).
മദീനയില്‍ ഒരിക്കല്‍ ഒരു വെള്ളിയാഴ്ച നബി(സ്വ) ഖുതുബ നിര്‍വഹിച്ചുകൊണ്ടിരിക്കവെ ഒരു കച്ചവട സംഘമെത്തി. നിന്നുകൊണ്ട് പ്രസംഗിക്കുന്ന പ്രവാചകനെ വിട്ടേച്ച് അവിടെക്കൂടിയ അധികപേരും കച്ചവട സംഘത്തിന്നരികിലേക്ക് പോയി. ആ സംഭവം ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ''അവര്‍ കച്ചവടത്തെയോ വിനോദത്തെയോ കണ്ടപ്പോള്‍ താങ്കളെ നില്ക്കുന്ന നിലയില്‍ ഉപേക്ഷിച്ചുകൊണ്ട് അവിടേക്ക് അവര്‍ പിരിഞ്ഞുപോയി'' (ജുമുഅ:11).
സദസ്യര്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്കലാണ് ഖുതുബയുടെ ഉദ്ദേശ്യം. ഒരു പൊതുകാര്യം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സദസ്യരില്‍ പെട്ടെന്ന് കാണുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് തിരുത്തുകയോ അവരുടെ സംശയങ്ങള്‍ക്ക് മറുപടി പറയുകയോ ചെയ്യാം.
''ജാബിര്‍(റ) പറയുന്നു: നബി(സ്വ) വെള്ളിയാഴ്ച പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ പള്ളിയില്‍ കടന്നുവന്നു. നബി(സ്വ) ചോദിച്ചു: നീ നമസ്‌കരിച്ചുവോ? അദ്ദേഹം പറഞ്ഞു: ഇല്ല. നബി(സ്വ) പറഞ്ഞു: എന്നാല്‍ എഴുന്നേറ്റ് രണ്ട് റക്അത്ത് നമസ്‌കരിക്കുക'' (മുസ്‌ലിം: 875). ഈ വന്ന വ്യക്തി സുലൈകുല്‍ ഗത്വ്ഫാനിയായിരുന്നുവെന്ന് മുസ്‌ലിം ഉദ്ധരിച്ച മറ്റൊരു ഹദീസില്‍ നിന്ന് വ്യക്തമാകുന്നു.
''ഉമര്‍(റ) ഖുതുബ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഉസ്മാന്‍(റ) വൈകി പള്ളിയിലെത്തി. ഉമര്‍(റ) ചോദിച്ചു: ബാങ്കു വിളിച്ചതിനു ശേഷവും വൈകുന്നവരുടെ സ്ഥിതിയെന്താണ്? ഉസ്മാന്‍(റ) പറഞ്ഞു: (ഞാന്‍ ഒരിടംവരെ പോയിരുന്നു) വന്ന് വുദൂ എടുത്ത ഉടനെ പള്ളിയിലെത്തി. വീണ്ടും ഉമറി(റ)ന്റെ ചോദ്യം: വുദൂ മതിയോ? വെള്ളിയാഴ്ച കുളിക്കണമെന്ന് നബി(സ്വ) പറഞ്ഞത് കേട്ടിട്ടില്ലേ?'' (മുസ്‌ലിം).
അബൂരിഫാഅ പറയുന്നു: ''നബി(സ്വ) ഖുതുബ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ നബിയുടെ അടുത്തേക്ക് ഞാന്‍ ചെന്ന് പറഞ്ഞു: ''ദൈവദൂതരേ, മതകാര്യത്തെക്കുറിച്ച് ചോദിക്കാന്‍ വന്ന ഒരു അപരിചിതനാണ് ഞാന്‍.' അപ്പോള്‍ നബി(സ്വ) എന്റെ നേരെ തിരിഞ്ഞു. ഖുതുബ നിര്‍ത്തി എന്റെ അടുത്ത് വന്നു. ഒരു കസേര കൊണ്ടു വന്ന് നബി(സ്വ) അതിന്മേലിരുന്നു. അതിന്റെ കാല് ഇരുമ്പായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. അല്ലാഹു നബി(സ്വ)ക്ക് പഠിപ്പിച്ചവ നബി(സ്വ) എനിക്ക് പഠിപ്പിക്കാന്‍ തുടങ്ങി. പിന്നീട് അദ്ദേഹം മടങ്ങിച്ചെന്ന് ഖുതുബയുടെ അവസാനഭാഗം പൂര്‍ത്തിയാക്കി.''
ഇമാം ശാഫിഈ(റ) പറയുന്നു: ''ജുമുഅ ഖുതുബയിലോ മറ്റു ഖുതുബയിലോ പ്രസംഗിക്കുന്നവന്‍ തനിക്കോ മറ്റുള്ളവര്‍ക്കോ ആവശ്യമായ കാര്യങ്ങള്‍ സംസാരിക്കുന്നതിന് വിരോധമില്ല. തനിക്കോ മറ്റുള്ളവര്‍ക്കോ ആവശ്യമില്ലാത്തതും ചീത്തയായതുമായ സംസാരത്തില്‍ ഖത്വീബ് ഏര്‍പ്പെടുന്നത് ഞാന്‍ഇഷ്ടപ്പെടുന്നില്ല. (ഇമാമിന്) സംസാരിക്കാന്‍ അനുവദിച്ചതോ വെറുത്തതോ ആയ സംസാരങ്ങള്‍ സംഭവിച്ചാല്‍ അതുകൊണ്ട് ഖുതുബയോ നമസ്‌കാരമോ തകരാറാവുകയില്ല'' (അല്‍ഉമ്മ് 1:201).
ഖുതുബ അവസാനിപ്പിക്കുമ്പോള്‍ സത്യവിശ്വാസികള്‍ക്കുവേണ്ടി പ്രാര്‍ഥിക്കേണ്ടതാണ്. ഐഹികവും പാരത്രികവുമായ പ്രശ്‌നങ്ങള്‍ പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്താം. മുസ്‌ലിംകളുടെ പൊതുനന്മക്കായി പ്രാര്‍ഥിക്കുന്നതും നല്ലതാണ്.