Skip to main content

ഖുത്വ് ബയുടെ ഭാഷ

നബി(സ്വ) ജുമുഅ ഖുതുബ നിര്‍വഹിച്ചിട്ടുള്ളത് ശ്രോതാക്കളുടെ ഭാഷയിലാണ്. അത് അറബിയായിരുന്നു. കാരണം നബിയും ശ്രോതാക്കളും അറബികളായിരുന്നു. ഖുത്വ് ബയുടെ മുഖ്യ ഉദ്ദേശ്യം ശ്രോതാക്കള്‍ക്ക് മതം പഠിപ്പിക്കലാണ്. ഇമാം നവവി ശര്‍ഹുല്‍ മുഹദ്ദബില്‍ പറയുന്നു: '' ഖുത്വ് ബയുടെ ഉദ്ദേശ്യം ഉപദേശമാകുന്നു.'' ആ ഉപദേശം ഭാഷാപരമായി എങ്ങനെയാവണമെന്ന് അദ്ദേഹം വിവരിക്കുന്നു:

'' ഖുത്വ് ബ തപ്പിത്തടയുന്നതോ കൂടുതല്‍ ആലോചിക്കേണ്ടതോ ആവാതെ സ്പഷ്ടവും വ്യക്തവും വിശദമായി ഗ്രഹിക്കുന്നതുമാകല്‍ അഭികാമ്യമാണ്. വളരെ താഴ്ന്ന പദപ്രയോഗങ്ങളായാല്‍ അതു മനസ്സില്‍ പൂര്‍ണമായി പതിക്കുകയില്ലെന്നതിനാല്‍ അത് ഒഴിവാക്കണം. ഖുത്വ് ബയുടെ ഉദ്ദേശ്യം സഫലമാകാത്ത വിധത്തില്‍ 'കാടന്‍' പ്രയോഗങ്ങളുമരുത്. സരളവും ലളിതവുമായ പദങ്ങള്‍ തെരഞ്ഞെടുക്കണം.''

ഇസ്‌ലാം അറബികളില്‍ പരിമിതമല്ല. അത് സാര്‍വകാലികവും സാര്‍വജനീനവുമാണ്. അറബികളോട് സംസാരിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളാണ് നവവി(റ) പറഞ്ഞത്. അപ്പോള്‍ അറബിഭാഷ തീരെ മനസ്സിലാകാത്തവരോട് അറബിയില്‍ സംസാരിച്ചിട്ട് കാര്യമില്ല.

നബി(സ്വ) ഖുത്വ് ബയില്‍ 'ഖുര്‍ആന്‍ ഓതുകയും ജനങ്ങളെ ഉദ്‌ബോധിപ്പിക്കുകയും ചെയ്തിരുന്നു'വെന്ന് ഹദീസിലുണ്ട്. ഏതു കാലത്തെ ഖുതുബയും അങ്ങനെയായിരിക്കണം. വെള്ളിയാഴ്ച പൊതുജനങ്ങള്‍ പള്ളിയില്‍ സമ്മേളിക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്ന് ജുമുഅ ഖുത്വ് ബ ശ്രവിക്കുകയും അതില്‍നിന്ന് മത ജ്ഞാനവും ദൈവബോധവും ലഭിക്കുകയുമാകുന്നു. ഈ ഉദ്ദേശ്യത്തില്‍ നിന്നുള്ള വ്യതിയാനം ജുമുഅയുടെ ഫലം നഷ്ടപ്പെടുത്തുന്നു.

ഇസ്‌ലാമിലെ ആരാധനകള്‍ രണ്ടു വിധമുണ്ട്. തനി അനുഷ്ഠാനപരമായ കാര്യങ്ങള്‍. നമസ്‌കാരം, ബാങ്ക് എന്നിവ ഉദാഹരണം. ഇതിലെ പദങ്ങളും രൂപങ്ങളുമൊക്കെ നിശ്ചിത അനുഷ്ഠാനത്തിന്റെ ഭാഗമാകുന്നു. അതിനാല്‍ പ്രവാചകന്‍ പഠിപ്പിച്ചുതന്ന രൂപത്തിനും ക്രമത്തിനും മാറ്റം പാടില്ല. ആരാധനയാണെങ്കിലും ആശയപ്രാധാന്യമുള്ള കാര്യങ്ങളാണ് രണ്ടാമത്തേത്; സകാത്ത് പോലെ. പ്രവാചകന്റെ കാലത്ത് സകാത്തായി എന്തു സാധനം കൊടുത്തുവോ അതുതന്നെ ഇപ്പോഴും സകാത്തായി കൊടുക്കണം എന്ന് ശഠിക്കാവതല്ല. സമൂഹത്തിന് ഗുണകരമായ ഫലം സകാത്ത് കൊണ്ടുണ്ടാവണമെന്നേയുള്ളൂ. അതിനാല്‍ ചേമ്പും ചേനയും അടക്കയും തേങ്ങയും സകാത്തായി നല്കണം. അതുപോലെ ഖുതുബ കൊണ്ടുള്ള ഉദ്ദേശ്യം 'വഅദ്', 'തദ്കീര്‍' (ഉദ്‌ബോധനം) ആണെന്ന തത്ത്വം കര്‍മശാസ്ത്ര പണ്ഡിതര്‍ മനസ്സിലാക്കി. അതുകൊണ്ട് വിവക്ഷിക്കപ്പെട്ടത് ജനങ്ങള്‍ക്ക് ഫലപ്രദമായ അറിവ് സിദ്ധിക്കലാണ്. ഭാഷയോ അതിലെ വാക്കുകളോ അല്ല ഖുത്വ് ബയില്‍ പ്രാധാന്യമുള്ള കാര്യം. അങ്ങനെയായിരുന്നുവെങ്കില്‍ നബി(സ്വ) നടത്തിയ ഖുതുബ തന്നെയാവണം അബൂബക്‌റും ഉമറും ഉസ്മാനും അലിയും(റ) നടത്തേണ്ടിയിരുന്നത്. അങ്ങനെ ചെയ്തില്ല. അവരെല്ലാം സ്വന്തമായ ഖുതുബകള്‍ നടത്തി. അതെല്ലാം അവരുടെ ഭാഷയിലായിരുന്നെന്നു മാത്രം.

കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പ്രവാചകന്റെ ഖുതുബയെ അപഗ്രഥിച്ച് ഖുത്വ് ബയെ രണ്ടായി തിരിച്ചു; 'റുക്‌നു'കള്‍ എന്നും 'തവാബിഉ'കള്‍ എന്നും. എപ്പോഴും പറയുന്ന ഹംദ്, സ്വലാത്ത്, തഖ്‌വകൊണ്ടുള്ള ഉപദേശം, ഖുര്‍ആന്‍ ആയത്ത്, പ്രാര്‍ഥന എന്നിവക്ക് അനിവാര്യഘടകങ്ങള്‍ അഥവാ റുക്‌നെന്നും അവയല്ലാത്ത മറ്റു വാചകങ്ങള്‍ക്ക് തവാബിഉകള്‍ അഥവാ അനുബന്ധങ്ങള്‍ എന്നും പറഞ്ഞു. വാസ്തവത്തില്‍ നബി(സ്വ) അപ്രകാരം തിരിച്ചിട്ടില്ല. ദീനീസമ്പ്രദായപ്രകാരം പ്രസംഗത്തിന്റെ ആമുഖം പറഞ്ഞു. പിന്നെ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു.

ശാഫിഈ കര്‍മശാസ്ത്രപ്രകാരം റുക്‌നുകള്‍ അറബിയിലായിരിക്കണമെന്ന് നിബന്ധന വെച്ചിട്ടുണ്ട്. റുക്‌നല്ലാത്തവ ഏതു ഭാഷയിലുമാവാമെന്നും അവര്‍ പറഞ്ഞു. പ്രാഥമിക ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ ഖുത്വ് ബ   അറബിയിലാവണമെന്ന് എഴുതപ്പെട്ടപ്പോള്‍ അതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടത് റുക്ന്‍ മാത്രമാണെന്നും തവാബിഉകള്‍ അനറബിയിലുമാവാമെന്നും ആ ഗ്രന്ഥങ്ങളുടെ വിവരണ ഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിട്ടുണ്ട്. റുക്‌നുകള്‍ മാത്രം പറഞ്ഞാല്‍ ഖുതുബയായി എന്ന കര്‍മശാസ്ത്രത്തിന്റെ ചിന്ത പ്രകാരമാണ് അപ്രകാരം എഴുതിയത്. അതു ശരിയല്ല. ഒരു പ്രദേശത്തെ ജനങ്ങളെ ഒരുമിച്ചുകൂട്ടി ഒരു ഖത്വീബ് മിമ്പറില്‍ കയറി വെറും ഹംദും സ്വലാത്തും ഒരായത്തും പ്രാര്‍ഥനയും 'ഇത്തഖുല്ലാ' എന്ന ആഹ്വാനവും മാത്രം നിര്‍വഹിച്ച് ഇറങ്ങുന്നതിന്റെ അനൗചിത്യം ഓര്‍ത്തു നോക്കൂ. ചുരുങ്ങിയ സമയമെങ്കിലും ഒരു ഉപദേശം ലഭിക്കാതിരുന്നാല്‍ അതിന് ഖുത്വ് ബ എന്നു പറയില്ല.

''അത്, അതായത് ഖുത്വ് ബ എന്നു പറഞ്ഞാല്‍, അതിലെ റുക്‌നുകള്‍ മുന്‍ഗാമികളെയും പിന്‍ഗാമികളെയും അനുധാവനം ചെയ്തുകൊണ്ട് അറബിയിലായിരിക്കല്‍ നിബന്ധനയാണ്. കാരണം അത് നിര്‍ബന്ധമായ ദിക്‌റാണ് എന്നതിനാല്‍ തക്ബീറത്തുല്‍ ഇഹ്‌റാം പോലെ അതും അറബിയിലായിരിക്കല്‍ നിബന്ധനയാണ്'' (മുഗ്‌നി 1:283).

എല്ലാ ഫിഖ്ഹ് ഗ്രന്ഥങ്ങളിലും കാണാവുന്ന ഒരു പദപ്രയോഗമാണിത്. അതായത് ''ഖുത്വ് ബ അറബിയിലായിരിക്കണമെന്നു പറഞ്ഞാല്‍ അതിന്റെ റുക്‌നുകള്‍ എന്നര്‍ഥം. അത് ഒഴികെയുള്ളതൊന്നും അറബിയാകണമെന്നില്ല.''

''ഖുത്വ് ബ അറബിയിലാവണമെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ കാണുന്നത് മുഴുവന്‍ ഫര്‍ദ് അറബിയിലാവണമെന്ന അര്‍ഥത്തില്‍ മാത്രമാണ്'' (തുഹ്ഫ 2:251, നിഹായ 2:53, ജമല്‍ 2:28, ശര്‍വാനി 2: 451, ശിബ്‌റാമുല്ലസി 2:53, കുര്‍ദി 1:40, ഖല്‍യൂബി 1: 277).

''ചിലരുടെ അഭിപ്രായത്തില്‍ അറബിയാവുകയെന്നത് ഖുത്വ് ബയുടെ ശര്‍ത്വല്ല; സുന്നത്താണ്. കാരണം ഖുത്വ് ബയുടെ ഉദ്ദേശ്യം ഉപദേശമാണ്. അത് ഏതു ഭാഷയിലുമാകാം (ശര്‍ഹുല്‍ മുഹദ്ദബ് 4: 522).

ഖുത്വ് ബ രണ്ടുറക്അത്തിന്റെ സ്ഥാനത്താണെന്നും അതിനാല്‍ നമസ്‌കാരംപോലെ ഖുത്വ് ബയും അറബിയിലായിരിക്കണമെന്നും ഒരു വാദമുണ്ട്. പക്ഷേ, അതിന് യാതൊരു അടിസ്ഥാനവുമില്ല.

മിമ്പറില്‍ വെച്ച് ചോദ്യോത്തരങ്ങള്‍ നടത്താമെന്ന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ സമ്മതിക്കുന്നു. അലിയ്യി(റ)നോട് അനന്തരാവകാശ സംബന്ധമായ സംശയങ്ങള്‍ ചോദിച്ചതിന് മിമ്പറില്‍നിന്ന് അദ്ദേഹം മറുപടി നല്കിയത് അവര്‍ ചൂണ്ടിക്കാട്ടുന്നു. 'മിമ്പര്‍ മസ്അല' അഥവാ 'ഔല്‍ മസ്അല' എന്ന പേരിലാണ് അത് അറിയപ്പെടുന്നത്. ചുരുക്കത്തില്‍ ശ്രോതാക്കളുടെ ഭാഷയില്‍ ഖുത്വ് ബ നിര്‍വഹിക്കുകയാണ് നബിചര്യ. അങ്ങനെ ചെയ്‌തെങ്കിലേ ഖുത്വ് ബയുടെ ഉദ്ദേശ്യം നിറവേറുകയുള്ളൂ.

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446