വെള്ളിയാഴ്ച ദ്വുഹ്‌റിന്റെ സമയത്ത് ഒരു പ്രദേശത്തെ മുസ്‌ലിംകള്‍ മുഴുവന്‍ പള്ളിയില്‍ ഒരുമിച്ചുകൂടുകയും ഇമാം അവരോട് വിശുദ്ധ ഖുര്‍ആനിന്റെയും നബിചര്യയുടെയും വെളിച്ചത്തില്‍ കാലികമായ പ്രശ്‌നങ്ങളെ ക്കുറിച്ച് ഉപദേശിക്കുകയും തദനന്തരം ജമാഅത്തായി രണ്ടു റക്അത്ത് നമസ്‌കരിക്കുകയും ചെയ്യുക. ഇതാണ് ജുമുഅ നമസ്‌കാരം. ഇതിനുവേണ്ടി വെള്ളിയാഴ്ച പള്ളിയില്‍ സമ്മേളിക്കല്‍ പ്രായപൂര്‍ത്തിയായ രോഗിയോ യാത്രക്കാരനോ അല്ലാത്ത ഓരോ മുസ്‌ലിം പുരുഷനും നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു:
''സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്‌കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവിനെപ്പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്കുത്തമം'' (62: 9).
യാത്രക്കാരനും ജുമുഅ നിര്‍ബന്ധമാണെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. തടസ്സമില്ലെങ്കില്‍ ജുമുഅ നിര്‍വഹിക്കുന്നത് തന്നെയാണ് കുട്ടികള്‍, സ്ത്രീകള്‍ എന്നിങ്ങനെ ജുമുഅ നിര്‍ബന്ധമില്ലാത്തവര്‍ക്കും ഉത്തമം. ജുമുഅയില്‍ പങ്കെടുത്താല്‍ അതാണ് കൂടുതല്‍ പുണ്യകരമാവുക. നബി(സ)യുടെ കാലത്ത് തന്നെ ഇതിന് ധാരാളം തെളിവുകള്‍ കാണാവുന്നതാണ്.
വളരെയേറെ പുണ്യമുള്ള ദിവസമാണ് ജുമുഅ ദിനം. അബൂഹുറയ്‌റ(റ) നിവേദനം. നബി(സ) പറഞ്ഞു, സൂര്യനുദിക്കുന്ന ദിവസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ ദിവസമാണ് ജുമുഅ ദിനം.(മുസ്‌ലിം) ആ ദിവസത്തില്‍ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന ഒരു സമയമുണ്ടെന്നും നബി(സ) ഉണര്‍ത്തുകയുണ്ടായി. അതുപോലെ ജുമുഅ നമസ്‌കാരവും ഏറെ പുണ്യകരമാണ്. പതിവായി ജുമുഅ ഉപേക്ഷിക്കുന്നത്, നന്മകള്‍ മനസ്സിലാക്കാന്‍ കഴിയാത്തവിധം ഹൃദയം മുദ്രവെക്കപ്പെടാന്‍ കാരണമാകുമെന്ന് റസൂല്‍(സ) മുന്നറിയിപ്പു നല്കുകയുണ്ടായി. എണ്ണ തേച്ച് കുളിച്ച്, മുടി ചീക,ി വൃത്തിയുള്ള വസ്ത്രം ധരിച്ച്, സുഗന്ധം പൂശി നേരത്തെ ജുമുഅക്ക് ഹാജരാവുകയും മൗനമായിരുന്ന് ഖുതുബ ശ്രദ്ധിക്കുകയും ചെയ്താല്‍ അടുത്ത ജുമുഅവരെയും അതിനു ശേഷമുള്ള മൂന്നു ദിവസത്തിന്റെയും പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് റസൂല്‍ പഠിപ്പിച്ചു.
ജുമുഅ നമസ്‌കാരം നിര്‍വഹിക്കാന്‍ പള്ളി തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. തുറസ്സായ പൊതുസ്ഥലങ്ങളിലും നിര്‍വഹിക്കാവുന്നതാണ്. ദ്വുഹ്‌റിന്റെ സമയം തന്നെയാണ് ജുമുഅയുടെ സമയം. ഒരു പ്രദേശത്ത് ഒരു ജുമുഅയാണ് വേണ്ടത്. എന്നാല്‍ നിര്‍ബന്ധ സാഹചര്യത്തില്‍ കൂടുതല്‍ ജുമുഅകള്‍ ആകാവുന്നതാണ്.